വിശുദ്ധ ഖുര്‍ആനിലെ പ്രഥമ സൂറത്തായ ഫാത്തിഹ സൂറത്തിന് ഒട്ടനവധി മഹത്വങ്ങളുണ്ട്. ദിനേനെ അഞ്ചുനേരങ്ങളിലെ നിസ്‌കാരങ്ങളില്‍ നിര്‍ബന്ധമായും ഇത് പാരായണം ചെയ്തിരിക്കണമെന്ന നിബന്ധന തന്നെ 7 ആയത്തുള്ള ഈ സൂറത്തിന്റെ പ്രാധാന്യത്തെ വിളിച്ചറിയിക്കുന്നു. ഉമ്മുല്‍ ഖുര്‍ആന്‍ എന്ന പേരിലാണ് റസൂല്‍ (സ്വ) പലപ്പോഴും പറയാറുള്ളത്...
സൂറത്തു ശിഫാഅ്, അര്‍റുഖിയ്യ തുടങ്ങിയ പേരുകള്‍ പറയപ്പെടുന്നതുതന്നെ ചികിത്സരംഗത്ത് ഫാത്തിഹ സൂറത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നതാണ്. ഇമാം ബുഖാരി റിപ്പോര്‍ട്ടുചെയ്യുന്ന ഒരു ഹദീസ് കാണുക. അബൂസഈദ് (റ) പറയുന്നു. നബി (സ്വ) എന്നോടുപറഞ്ഞു. നിങ്ങള്‍ പള്ളിയില്‍ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് ഖുര്‍ആനിലെ ഏറ്റവും മഹത്വമേറിയ അധ്യായം ഞാന്‍ പഠിപ്പിച്ചുതരാം. ശേഷം അവിടുന്ന് എന്റെ കരങ്ങല്‍ പിടിച്ചു. പള്ളിയില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ തിരുനബി (സ്വ) ഉദ്ദേശിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു. ഖുര്‍ആനിലെ ഏറ്റവും മഹത്വമുള്ള സൂറത്ത് എനിക്ക് പഠിപ്പിച്ചുതരാം എന്ന് അങ്ങ് പറഞ്ഞിരുന്നല്ലോ. അപ്പോള്‍ അവിടുന്ന് പറഞ്ഞു. അതെ, അത് അള്ളാഹു എനിക്ക് നല്‍കിയ ഹംദിന്റെ വചനം ഉള്‍ക്കൊള്ളുന്ന സബ്ഹുല്‍ മസാനീ എന്ന് പേരുള്ള ഫാത്തിഹ സൂറത്താകുന്നു. (ബുഖാരി)...
നബി (സ്വ) പറഞ്ഞു : സൂറത്തുല്‍ ഫാത്തിഹക്ക് തുല്യമായത് തൗറാത്തിലോ, ഇഞ്ചീലിലോ, സബൂറിലോ, ഖുര്‍ആനില്‍ തന്നെയോ അള്ളാഹു ഇറക്കിയിട്ടില്ല... (തുര്‍മുദി)
അഞ്ചു നേരത്തെ ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് ശേഷം സൂറത്തുല്‍ ഫാത്തിഹ 20 തവണ ഓതി അഞ്ചു വഖ്തിലുമായി 100 പൂര്‍ത്തിയാക്കിയാല്‍ മാനസിക വിഷമങ്ങള്‍ അകന്നുപോകും. ഭക്ഷണ വിശാലത ലഭിക്കും. കുടുംബസമേതം ഇഹപര സന്തോഷത്തിനുള്ള വഴി എളുപ്പമാകും. ഐശ്വര്യജീവിതം ഉണ്ടാവും.
313 തവണ ഒരാള്‍ ഓതിയാല്‍ അവന്റെ ആഗ്രഹം അല്ലാഹു പൂര്‍ത്തീകരിച്ചുകൊടുക്കും...
വിഷനിവാരണത്തിന്
സ്വഹാബികള്‍ യാത്രാമധ്യേ ഒരിടത്ത് തങ്ങാന്‍ ഉദ്ദേശിച്ചപ്പോള്‍ ചില അറബ് ഗോത്രക്കാരോട് ഞങ്ങളെ അതിഥിയായി സ്വീകരിക്കുമോ എന്ന് ചോദിച്ചു. പക്ഷെ അവര്‍ വിസമ്മതിച്ചു. അതിനിടെ അവരുടെ ഗോത്രതലവനെ വിഷത്തേള്‍ കുത്തി. പല ചികിത്സകള്‍ നടത്തിയെങ്കിലും വിഫലമായിരുന്നു. അവര്‍ ഞങ്ങളുടെ ഈ യാത്രാസംഗത്തെ സമീപിച്ച് ചോദിച്ചു. നിങ്ങളുടെ അടുക്കല്‍ തേള്‍ വിഷത്തിനുള്ള വല്ല മരുന്നുമുണ്ടോ?. അപ്പോള്‍ അബൂ സഈദിനില്‍ ഖുദ്‌രി (റ) പറഞ്ഞു. ഞാന്‍ മന്ത്രിക്കാം. പക്ഷെ നിങ്ങള്‍ ഞങ്ങളോട് ആതിഥ്യമര്യാദ കാണിക്കാനോ അതിഥിയായി സ്വീകരിക്കാനോ വിസമ്മതിച്ചവരാണ്. അതിനാല്‍ പ്രതിഫലമായി എന്തെങ്കിലും പാരിതോഷികം നല്‍കാതെ ഞാന്‍ മന്ത്രിക്കുകയില്ല. അങ്ങനെ 30 ആടുകളെ നല്‍കാമെന്ന് അവര്‍ സമ്മതിച്ചു. അബൂ സഈദിനില്‍ ഖുദ്‌രി (റ) ഫാത്വിഹ ഓതി മന്ത്രിച്ചപ്പോള്‍ ഗോത്രത്തലവന്റെ വിഷബാധ പൂര്‍ണ്ണമായും സുഖപ്പെട്ടു. അവര്‍ക്ക് അതിന് പാരിതോഷികം ലഭിച്ചപ്പോള്‍ സംഘത്തിലെ ചിലര്‍ അത് വീതിച്ച് നല്‍കണമെന്ന് അഭിപ്രായം പറഞ്ഞപ്പോള്‍ മന്ത്രിച്ചയാള്‍ പറഞ്ഞു. നമുക്ക് റസൂലുളളാഹിയുടെ നിര്‍ദ്ദേശം പോലെ ചെയ്യാം. അവര്‍ തിരുനബി (സ്വ) യെ സമീപിച്ച് സംഭവങ്ങള്‍ വിവരിച്ചു. ഇതുകേട്ട നബി (സ്വ) തങ്ങള്‍ ചോദിച്ചു. ഫാത്വിഹ മന്ത്രമാണെന്ന് നിങ്ങള്‍ എങ്ങനെ മനസ്സിലാക്കി...? നിങ്ങള്‍ ചെയ്തത് ശരിയാണ്. നിങ്ങള്‍ക്ക് ലഭിച്ച പാരിതോഷികം നിങ്ങള്‍ വീതിച്ചെടുക്കുക. ഒരു വിഹിതം എനിക്കും തരിക... (ബുഖാരി-മുസ്‌ലിം)
വിഷബാധ ഏറ്റവരെ നബി (സ്വ) തങ്ങള്‍ സൂറത്തുല്‍ ഫാത്വിഹ 7 തവണ ഓതി മന്ത്രിക്കാറുണ്ടായിരുന്നു. (തുര്‍മുദി)
നബി (സ്വ)യുടെ സ്വഹാബികളില്‍ ചിലര്‍ ഒരു യുദ്ധ യാത്രക്കിടയില്‍ ബോധക്ഷയം ബാധിച്ച് കിടക്കുന്ന ഒരാളെ കാണുന്നുണ്ടായിരുന്നു. അവരില്‍ ഒരാള്‍ അദ്ദേഹത്തെ ചെവിയില്‍ സൂറത്തുല്‍ ഫാത്വിഹ ഓതിയപ്പോള്‍ ബോധം തിരിച്ചുകിട്ടി. സംഭവം അറിഞ്ഞ നബി(സ്വ) പറഞ്ഞു. അത് ഉമ്മുല്‍ ഖുര്‍ആനാണ്. ഏത് രോഗത്തിനും ശമനം നല്‍കുന്നതാണ്... (ദുര്‍റുല്‍ മന്‍സൂര്‍ 1/4)