ഒരിക്കല്‍ നബി (സ) സ്വഹാബികളോട് ചോദിച്ചു. ഓരോ രാത്രിയിലും ഖുര്‍ആന്റെ മൂന്നിലൊരു ഭാഗം പാരായണം ചെയ്യാന്‍ നിങ്ങളിലാര്‍ക്കെങ്കിലും കഴിയാതിരിക്കുമോ? സ്വഹാബികള്‍ ചോദിച്ചു. ”എല്ലാ രാത്രിയിലും പതിവായി ഖുര്‍ആന്‍ മൂന്നിലൊരു ഭാഗം എങ്ങനെ പാരായണം ചെയ്യും?”. നബി (സ) പറഞ്ഞു. ”ഖുല്‍ ഹുവല്ലഹു എന്നു തുടങ്ങുന്ന സൂറത്ത് ഖുര്‍ആന്റെ മൂന്നിലൊരു ഭാഗത്തിന് സമമാണ്... (മുസ്‌ലിം, മിശ്കാത്ത്)
നബി (സ)പറഞ്ഞു. ”വിശ്വാസി ആയിരിക്കെ ഒരാള്‍ മൂന്നുകാര്യങ്ങള്‍ ചെയ്താല്‍ അവന് സ്വര്‍ഗത്തിലെ ഉദ്ദേശിക്കുന്ന കവാടത്തിലൂടെ പ്രവേശിക്കാന്‍ അനുമതി ലഭിക്കുന്നതാണ്. ഹുറുല്‍ഈനില്‍ നിന്ന് ഇഷ്ടമുള്ള അപ്‌സര സുന്ദരികളെ ഇണയായി സ്വീകരിക്കാന്‍ അനുവാദം നല്‍കുന്നതാണ്.”
1) കൊലയാളിക്കു മാപ്പു നല്‍കുക
2) ആരും അറിയാത്ത കടം വീട്ടുക
3) എല്ലാ ഫര്‍ളു നിസ്‌ക്കാരങ്ങള്‍ക്കു ശേഷവും സൂറത്തുല്‍ ഇഖ്‌ലാസ് പത്തുതവണ പാരായണം ചെയ്യുക. ഇവയാണ് മൂന്ന് കാര്യങ്ങള്‍.
അപ്പോള്‍ അബൂബക്കര്‍ സിദ്ദീഖ് (റ) ചോദിച്ചു. ഇവയില്‍ ഏതെങ്കിലും ഒരു കാര്യം ചെയ്തവര്‍ക്കും അത് ലഭിക്കുമോ? അവിടുന്നു പറഞ്ഞു ഏതെങ്കിലും ഒന്നു ചെയ്തവര്‍ക്കും അതു ലഭിക്കുന്നതാണ്... (ഇബ്‌നു കസീര്‍ 4- 112 )
മറ്റൊരു ഹദീസ് കാണുക. നബി (സ) പറഞ്ഞു: ഒരാള്‍ ഖുല്‍ഹുവള്ളാഹു എന്ന സൂറത്ത് പത്തു പ്രാവശ്യം ഓതിയാല്‍ അവനു വേണ്ടി സ്വര്‍ഗത്തില്‍ ഒരു കൊട്ടാരം നിര്‍മിക്കും. ഇരുപത് തവണ ഓതിയാല്‍ രണ്ടു മാളികകളും മുപ്പതു തവണ ഓതിയാല്‍ മൂന്ന് മാളികകളും നിര്‍മ്മിക്കപ്പെടും. ഇത് കേട്ട ഉമര്‍ (റ) പറഞ്ഞു എങ്കില്‍ ഞങ്ങളുടെ സ്വര്‍ഗീയ മാളികകള്‍ ഞങ്ങള്‍ വര്‍ദ്ധിപ്പിക്കും. അപ്പോള്‍ നബി (സ) പറഞ്ഞു. നിങ്ങളെത്ര വര്‍ദ്ധിപ്പിച്ചാലും അത് അല്ലാഹു നല്‍കാന്‍ കഴിവുള്ളവനാണ്. (ദാരിമി മിശ്കാത്ത്-190).
അബൂഹുറൈറ(റ) പറയുന്നു. ഞാന്‍ നബി (സ)യോടൊപ്പം വരികയായിരുന്നു. അപ്പോള്‍ ഒരു വ്യക്തി സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം ചെയ്യുന്നതായി കേട്ടു. നബി (സ) പറഞ്ഞു. നിര്‍ബന്ധമായിക്കഴിഞ്ഞു. ഞാന്‍ ചോദിച്ചു എന്താണ് നബിയെ നിര്‍ബന്ധമായത്...? ( ആ സൂറത്ത് പാരായണം ചെയ്യുന്നവന്) സ്വര്‍ഗം നിര്‍ബന്ധമായി (ഇബനു കസീര്‍ 4-518)
ഉറങ്ങാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ തന്റെ വിരിപ്പില്‍ വലതു വശം ചരിഞ്ഞു കിടന്നുകൊണ്ട് സൂറത്തുല്‍ ഇഖ്‌ലാസ് ഓതിയാല്‍ അന്ത്യ നാളില്‍ അല്ലാഹു അവനോട് പറയും നീ വലതു ഭാഗത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക... (തുര്‍മുദി- മിശ്കാത്ത് 188)
നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന അതിമഹത്തായ സൂറത്താണ് സൂറത്തുല്‍ ഇഖ്‌ലാസ്. ഖുര്‍ആനിലെ 112-ാം അധ്യായമാണിത്. നാലു വാക്യങ്ങള്‍ മാത്രമെ ഒള്ളൂവെങ്കിലും അതിന്റെ മഹത്വവും പ്രാധാന്യവും അനേകം ഇരട്ടിയാണ്...
അല്ലാഹുവിന്റെ പരിശുദ്ധ ഗുണവിശേഷണങ്ങള്‍ പ്രതിപാദിക്കുന്ന സൂറത്തുല്‍ ഇഖ്‌ലാസിന് ഇരുപതോളം പേരുകളുണ്ട്...