Thursday - 23 April, 2026 5-Dhu al-Qadah-1447

ഖുര്‍ആന്‍ പാരായണത്തിന്റെ മര്യാദകള്‍

ഖുര്‍ആനിനെ അനാദരിക്കല്‍ വലിയപാപമാണ്. വായയില്‍ നജസ്സുള്ള സമയത്ത് ഖുര്‍ആന്‍ ഓതല്‍, ഖുര്‍ആന്‍ എഴുതിയ വസ്തുക്കളില്‍ ചവിട്ടല്‍, ഖുര്‍ആനില്‍ പണംപോലുള്ള വസ്തുക്കള്‍ സൂക്ഷിക്കല്‍, ഖുര്‍ആന്‍ അമുസ്‌ലിമിന്റെ പക്കല്‍ കൊടുക്കല്‍, മുസ്ഹഫിന് നേരെ കാല്‍നീട്ടല്‍ തുടങ്ങിയവയെല്ലാം ഹറാമാണ്.

അനാവശ്യമായി ഖുര്‍ആന്‍ കരിച്ചുകളയല്‍ ഹറാമാണ്. നിന്ദ്യമാകുന്ന രീതിയിലാണെങ്കില്‍ അത് ഇസ്‌ലാമില്‍ നിന്ന് പുറത്തുപോകുന്ന സംഗതിയാണ്. ഖുര്‍ആന്‍ എഴുതിയ കടലാസ്സുകളും മറ്റും കരിച്ചുകളയല്‍ കറാഹത്താണ്. നജസുപോലുള്ള മലിന വസ്തുക്കള്‍ വീഴുന്നതില്‍ നിന്നും നിന്ദ്യസ്ഥലങ്ങളില്‍ അകപ്പെടുന്നതില്‍ നിന്നും സൂക്ഷിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ലെങ്കില്‍ കരിച്ചുകളയല്‍ നിര്‍ബന്ധമായിവരും (തുഹ്ഫ 1/55,56)...


പള്ളിയുടെയും മറ്റു ഭിത്തികളിലും ഖുര്‍ആന്‍ വചനങ്ങള്‍ എഴുതല്‍ കറാഹത്താണ്. (റൗള അസ്‌നല്‍ മത്വാലിബ് 1/62)

ചെറിയ അശുദ്ധിയുള്ളവരോ വലിയ അശുദ്ധിയുള്ളവരോ വിശുദ്ധ ഖുര്‍ആന്‍ തൊടലും ചുമക്കലും ഹറാമാണ്. വിശുദ്ധ ഖുര്‍ആന്‍ എഴുതപ്പെട്ട പലക സൂക്ഷിക്കുന്നപെട്ടി, ഖുര്‍ആനിന്റെ എഴുത്തില്ലാത്ത ഭാഗങ്ങള്‍ എന്നിവയെല്ലാം സ്പര്‍ശിക്കല്‍ ഹറാമാണ്. എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്നും വേര്‍പിരിയാത്ത അവസ്ഥയില്‍ അതിലെ താളുകള്‍ വുളൂഇല്ലാതെ വടികൊണ്ട് മാറ്റുന്നതിനും മറ്റുചരക്കുകളുടെ കൂട്ടത്തില്‍ വിശുദ്ധ ഖുര്‍ആന്‍ വുളൂഇല്ലാതെ ചുമക്കുന്നതിനും വിരോധമില്ല. (ഫത്ഹുല്‍ മുഈന്‍-19)...


വിശുദ്ധ ഖുര്‍ആന്‍ അറബിയല്ലാത്ത ഭാഷയില്‍ എഴുതലും അതുവായിക്കലും കടുത്ത തെറ്റാണ്. അങ്ങനെ വായിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ ഓതിയ പ്രതിഫലത്തിനുപകരം തെറ്റുചെയ്ത ശിക്ഷ ലഭിക്കാന്‍ കാരണമാകും. ഇതര ഭാഷകളില്‍ എഴുതുമ്പോള്‍ ഖുര്‍ആനിന്റെ അക്ഷരങ്ങളോ ഉദാഹരണങ്ങളോ തീര്‍ത്തും തെറ്റായ രീതിയിലാണ് ഉണ്ടാവുക... 


ഖുര്‍ആന്‍ പഠിക്കാന്‍ താത്പര്യമുള്ളവര്‍ അറബി അക്ഷരങ്ങള്‍ പഠിക്കാനുള്ള വഴി കണ്ടെത്തുകയും പടിപടിയായി ഖുര്‍ആന്‍ വായിക്കുവാന്‍ പ്രപ്തി നേടുകയും ചെയ്യുക. ഖുര്‍ആന്‍ വരികളില്‍ പേന സ്പര്‍ശിച്ചാല്‍ പേന ഖുര്‍ആന്‍ ഓതുന്ന പുതിയ രീതിയിലുള്ള സംവിധാനങ്ങള്‍ ആധുനിക കാലത്ത് വ്യാപകമായും ലഭിക്കുന്നത്. അത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്...