Wednesday - 22 April, 2026 4-Dhu al-Qadah-1447

ആത്മഹത്യ ചെയ്ത വ്യക്തിയുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കാമോ ..? വധശിക്ഷ നടപ്പിലാക്കിയ ആളുടെ പേരിലും നിസ്കരിക്കാമോ ..?



മറുപടി നൽകിയത് : സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി


ആത്മഹത്യ വലിയ പാപം തന്നെയാണ്. ആത്മഹത്യ ചെയ്തവന്‍ അത് പോലെ നരകത്തില്‍ ശിക്ഷിക്കപ്പെടുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. നബിﷺതങ്ങള്‍ ആത്മഹത്യ ചെയ്ത ആളുടെ മയ്യിത്ത് നമസ്കരിച്ചിട്ടില്ലെന്ന് ഹദീസുകളില്‍ കാണാം. ചില പണ്ഡിതര്‍ അങ്ങനെ അഭിപ്രായപ്പെട്ടിട്ടുമുണ്ട്...


 എന്നാല്‍, ആത്മഹത്യ ചെയ്തവനെ മുസ്‍ലിമായിതന്നെ പരിഗണിക്കേണ്ടതാണ്. മറ്റു മയ്യിത്തുകളെ പോലെ തന്നെ അവനെയും കുളിപ്പിക്കുകയും നിസ്കരിക്കുകയും മറവു ചെയ്യുകയും വേണം. മറ്റു ജനങ്ങളെ ആത്മഹത്യ ചെയ്യുന്നതില്‍ നിന്ന് തടയാന്‍ വേണ്ടിയാണ് നബി ﷺ നിസ്കാരം ഉപേക്ഷിച്ചത്. അവന് വേണ്ടി ദുആ ചെയ്യുകയും വേണം. ഇമാം നവവി (റ) പറയുന്നു: "ഒരാള്‍ ആത്മഹത്യ ചെയ്തുവെന്നത് കൊണ്ട് അവനു മഗ്ഫിറതിനായി ദുആ ചെയ്യുന്നത് ഒഴിവാക്കരുത്. മരണപ്പെട്ട മറ്റുള്ളവര്‍ക്ക് വേണ്ടി ദുആ ചെയ്യുന്നതിലേറെ പുണ്യം ഇവന് വേണ്ടി ദുആ ചെയ്യലാണ്. മറ്റുള്ളവരേക്കാള്‍ ദുആക്ക് ആവശ്യമുള്ളവന്‍ ആത്മഹത്യ ചെയ്തവനാണല്ലോ. അത് കൊണ്ട് അവനു വേണ്ടി ആത്മാര്‍ത്ഥമായിത്തന്നെ ദുആ ചെയ്യണം, അതില്‍ വിമുഖത കാണിക്കരുത്, ഈ ദുആ കാരണം അവന്റെ ദോഷം പൊറുക്കപ്പെട്ടേക്കാം". എന്നത് പോലെ വധശിക്ഷനടപ്പിലാക്കപ്പെട്ടവനു മേലിലും നിസ്കരിക്കുകയും  അവനെ കുളിപ്പിക്കുകയും മയ്യിത്തിനു മേല്‍ ചെയ്യുന്ന മറ്റു കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയും വേണം.