Tuesday - 14 July, 2026 27-Muharram-1448

മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?

എന്റെ ഉപ്പ മരണപ്പെട്ട് ഒരു മാസം തികയാറായി. ഗള്‍ഫില്‍ നിന്നുള്ള നാട്ടിലേക്കുള്ള യാത്രയാലും മയ്യിത്ത് ഖബറടക്കുന്നതിന് മുന്‍പ്‌ നാട്ടിലെത്തിപ്പെടാന്‍ കഴിയാത്തതിനാലും അവിടെയെത്തി ആ ചുറ്റുപാടില്‍ എന്റെ ഉപ്പാക്ക് വേണ്ടി ജനാസ നിസ്കരിക്കാന്‍ എനിക്ക് സാധിച്ചില്ല. എനിക്ക് ആ നിസ്കാരം ഒറ്റക്ക് നിര്‍വഹിക്കാന്‍ സാധിക്കുമോ..? മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?


മറുപടി നൽകിയത് : അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍


മറഞ്ഞ മയ്യിത്ത് നിസ്കാരത്തിനു അര്‍ഹനായവന് അത് നിസ്കരിക്കാന്‍ പ്രത്യേകമായി അവസാന പരിധിയില്ല. മയ്യിത്തിന്‍റെ മരണ സമയത്ത് മയ്യിത്ത് നിസ്കാരം നിര്‍ബന്ധമുള്ളവരില്‍ പെട്ടവനായിരിക്കല്‍ മറഞ്ഞു മയ്യിത്തു നിസ്കരിക്കുന്നതിന്‍റെ നിബന്ധനയാണ്. അഥവാ മയ്യിത്തിന്‍റെ മരണ സമയത്ത് മുസ്ലിമും പ്രായപൂര്‍ത്തിയും ബുദ്ധിയും (സ്ത്രീകള്‍ക്ക് ശുദ്ധിയും) ഉള്ളവരില്‍ നിന്നേ മറഞ്ഞ മയ്യിത്തു നിസ്കാരം ശരിയാകുകയുള്ളൂ. നമുക്ക് പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് മരണപ്പെട്ടവരുടെമേല്‍ മയ്യിത്തു നിസ്കരിച്ചാല്‍ അത് സ്വഹീഹാകുകയില്ല...


 ചോദ്യത്തില്‍ നിന്ന് പിതാവിന്‍റെ മരണ സമയത്ത് മയ്യിത്ത് നിസ്കാരം ഫര്‍ളാക്കപ്പെട്ടവരില്‍ താങ്കള്‍ പെട്ടിരുന്നു എന്നും  ഖബറടക്കുന്ന സമയത്ത്  താങ്കളാ നാട്ടിലുണ്ടായിരുന്നില്ലെന്നും മനസ്സിലാക്കുന്നു. അതിനാല്‍ ഒരു മാസത്തിനു ശേഷവും ഒറ്റക്കോ, ജമാഅത്തോ ആയി വാപ്പയുടെ മേല്‍ മയ്യിത്ത് നിസ്കരിക്കാവുന്നതാണ്.