നിസ്കാരത്തിന്റെ ഏഴാമത്തെ ഫർള് രണ്ടു സുജൂദ് ചെയ്യലാണ്. നിർത്തം എന്ന ഫർളിനു ശേഷം ഏറ്റവും ശ്രേഷ്ഠമായത് സുജൂദാണ്. നെറ്റിയും ഇരു കാൽമുട്ടുകളും രണ്ട് കൈപ്പടകളുടെയും കാൽവിരലുകളുടെയും പള്ളഭാഗവും നിലത്ത് വെക്കൽ കൊണ്ടാണ് സുജൂദ് കരസ്ഥമാക്കുന്നത്...
സുജൂദിൽ നിർബന്ധമാകുന്ന കാര്യങ്ങൾ:
1) കുനിയൽ കൊണ്ട് സുജൂദ് അല്ലാത്ത മറ്റൊന്നിനെയും ഉദ്ദേശിക്കാതിരിക്കുക.
2) അവന്റെ ചലനം അനുസരിച്ച് ചലിക്കുന്നതും അവൻ ചുമക്കുന്നതുമായ വസ്തുക്കളുടെ മേൽ സുജൂദ് ചെയ്യാതിരിക്കുക.
3) അവന്റെ അരഭാഗം തലഭാഗത്തെക്കാൾ ഉയർന്നു നിൽക്കുക.
4) നെറ്റിത്തടത്തെ വെളിവാക്കി അല്പം ഭാരം കൊടുത്തുകൊണ്ട് നിലത്തു വെക്കുക.
സുജൂദിന്റെ സുന്നത്തുകൾ:
1) സുജൂദിന് വേണ്ടി കുനിയുമ്പോൾ തക്ബീർ ചൊല്ലുക.
2) ആദ്യം രണ്ടു കാൽമുട്ടുകളെ നിലത്തു വെക്കുക. ശേഷം രണ്ടു കൈപ്പടം ചുമലിനു നേരെ വരും രീതിയിലും ഏറ്റവും ഒടുവിലായി നെറ്റിയും മൂക്കും സുജൂദിന്റെ സ്ഥാനത്ത് വെക്കുക.
3) രണ്ട് കൈപ്പത്തികൾക്കിടയിലും രണ്ടു കാൽമുട്ടുകൾക്കിടയിലും ഒരു ചാൺ അകലമിടുക.
4) രണ്ടു മുഴംകൈകളെ ഭൂമിയിൽ നിന്ന് ഉയർത്തി വെക്കുക.
5) രണ്ട് കൈപ്പത്തികളെയും വിടർത്തിപ്പിടിച്ച് കൊണ്ട് വിരലുകൾ ഖിബ് ലയിലേക്ക് മുന്നിടുന്ന രീതിയിൽ അല്പം ചേർത്തു വെക്കുക.
6) സുജൂദ് ചെയ്യുമ്പോൾ രണ്ട് ഉള്ളൻ കൈകളിലും ഭാരം കൊടുക്കുക.
7) രണ്ട് കാൽപാദങ്ങളും വിരലുകൾ ഖിബ് ലയിലേക്ക് മുന്നിടുന്ന രീതിയിൽ നാട്ടി വെക്കുക.
8) നെറ്റി അല്ലാത്ത അവയവങ്ങളിൽ ഭാരം കൊടുക്കുക.
9) പുരുഷൻ കാൽമുട്ട് അല്ലാത്ത അവയവങ്ങളെ വെളിവാക്കുക.
10) രണ്ട് കണ്ണുകളും തുറന്നു പിടിച്ചുകൊണ്ട് സുജൂദ് ചെയ്യുക.
11) പുരുഷൻ അവന്റെ കൈമുട്ടുകൾ ശരീരത്തിന്റെ ഇരു ഭാഗങ്ങളിൽ നിന്നും, അവന്റെ വയറ് ഭാഗം തുടഭാഗത്തിൽ നിന്നും അകറ്റിനിർത്തുക. പുരുഷൻ അല്ലാത്തവർ അവ പരസ്പരം ചേർത്തുവെക്കുക.
12)
سُبْحانَ رَبِّيَ ٱلاَعْلىٰ وَ بِحَمْدِهِ
എന്ന് പറയുക. കുറഞ്ഞത് ഒരു വട്ടമെങ്കിലും പറയണം. പൂർണതയിൽ ഏറ്റവും താഴത്തെ പടി മൂന്ന് പ്രാവശ്യം പറയലാണ്.
13) വഴിവക്കിൽ അല്ലാത്ത പള്ളിയിലെ, ക്ലിപ്തരായ മഅ്മൂമീങ്ങൾ വാക്കാൽ സമ്മതം നൽകിയ (ദീർഘിപ്പിച്ച് നിസ്കരിക്കാൻ) ഇമാമും, ഒറ്റക്ക് നിസ്കരിക്കുന്നവനും സുജൂദിൽ തസ്ബീഹിന്റെ പൂർണ്ണമായ രൂപത്തെ കൊണ്ടുവരണം.
سُبْحانَ رَبِّيَ ٱلاَعْلىٰ وَ بِحَمدهِ
എന്ന് 11 പ്രാവശ്യം പറഞ്ഞ ശേഷം താഴെ പറയുന്ന ദിക്റ് ചൊല്ലുക. ഇതാണ് സുജൂദിലെ തസ്ബീഹിന്റെ പൂർണ്ണരൂപം.
اللهم لَكَ سَجَدتُّ وبِكَ آمَنتُ ولَكَ اَسلَمْتُ سَجَدَ وَجْهِيَ لِلَّذِي خلَقَهُ وصَوَّرَهُ وشَقَّ سَمعَهُ وَبَصَرَهُ بِحَوْلِهِ وقُوَّتِهِ فَتَبَاركَ اللَّهُ اَحْسَنُ الخَالِقِين .
14) മേൽ പറയപ്പെട്ട ഇമാമും ഒറ്റക്ക് നിസ്കരിക്കുന്നവനും സുജൂദിൽ ദുആ വർദ്ധിപ്പിക്കുക. താഴെ കാണുന്ന ദുആ സുജൂദിൽ ഉദ്ധരിക്കപ്പെട്ടതാണ്.
اللهم إنِّي اَغُوذُ بِرِضَاكَ مِنْ سُخْطِكَ وبِمُعافَاتِكَ مِنْ عُقُوبَتِكَ واَغُوذُ بِكَ مِنْكَ لاَ نُحْصِي ثَنَاءً عَلَيكَ اَنتَ كَمَا اَثْنَيْتَ عَلي نَفْسِكَ, اللهم اغفِرْ لي ذَنْبِي كُلَّهُ دِقَّهُ وجِلَّهُ واَوَّلَهُ وآخِرَهُ وعَلانِيَتَهُ وسِرَّهُ
തലഭാഗം താണും പൃഷ്ഠഭാഗം പൊങ്ങിയും ആണല്ലോ സുജൂദ് ചെയ്യേണ്ടത്. എന്നാൽ ഒരാൾക്ക് അത്രത്തോളം കുനിയാൻ കഴിയില്ലെങ്കിൽ എങ്ങനെ സുജൂദ് നിർവഹിക്കും..?
തലയണ വെച്ച് അതിന്മേൽ സുജൂദ് ചെയ്യാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യണം. പക്ഷേ, തലയണയിൽ സുജൂദ് ചെയ്യുമ്പോൾ പൃഷ്ഠഭാഗം കൂടുതൽ ഉയർന്നു നിൽക്കുമെങ്കിൽ മാത്രമേ അങ്ങനെ ചെയ്യേണ്ടതുള്ളൂ. ഇല്ലെങ്കിൽ തലയണ വേണ്ട, കഴിയുന്നത്ര കുനിഞ്ഞാൽ മതി.
ഇഅ്തിദാലിൽ ഒരാൾ വീണാൽ എഴുന്നേറ്റ് ഇഅ്തിദാൽ ചെയ്യണമോ അല്ലെങ്കിൽ ആ വീഴ്ച സുജൂദാക്കി മാറ്റാമോ..?
ഇഅ്തിദാലിൽ നിന്ന് ഒരാൾ മുഖം കുത്തി വീണാൽ, അവിടെ മനഃപ്പൂർവ്വമുള്ള കുനിച്ചിൽ ഇല്ലാത്തതു കൊണ്ട്, ഇഅ്തിദാലിലേക്ക് മടങ്ങി, പിന്നീട് സുജൂദിലേക്ക് കുനിയണം.
ഇഅ്തിദാലിൽ നിന്ന് സുജൂദിലേക്ക് കുനിയുമ്പോഴാണ് വീണതെങ്കിൽ ഇഅ്തിദാലിലേക്ക് മടങ്ങേണ്ടതില്ല. അതു സുജൂദാക്കി മാറ്റാം...
ഒരാൾ ഇഅ്തിദാലിൽ നിന്നും സുജൂദിലേക്ക് പോകുംവഴി ചരിഞ്ഞു പാർശ്വത്തിൽ വീണാൽ അത് സുജൂദായി പരിഗണിക്കുമോ..?
ഒരാൾ പാർശ്വത്തിൽ വീണാൽ സുജൂദ് ചെയ്യുന്നു എന്ന ഉദ്ദേശത്തോടെ നിവർന്നു സുജൂദ് ചെയ്യണം. ഒന്നും കരുതാതെ നിവർന്നു സുജൂദിലേക്ക് വന്നാലും, നിവരുക എന്ന ഉദ്ദേശത്തോടൊപ്പം സുജൂദ് കൂടി കരുതിയാലും സുജൂദ് സാധുവാകുന്നതാണ്. വീഴ്ചയിൽ നിന്ന് നിവരുന്നുവെന്ന ഉദ്ദേശത്തോടെ മാത്രം നിവർന്നു സുജൂദിലേക്ക് വന്നാൽ സുജൂദ് സാധുവാകുകയില്ല. എഴുന്നേറ്റിരുന്നു സുജൂദിലേക്ക് തിരിക്കുക തന്നെ വേണം. എഴുന്നേറ്റ് നിന്ന് സുജൂദിലേക്ക് വരേണ്ടതില്ല. അങ്ങനെ എഴുന്നേൽക്കാൻ പാടില്ല. എഴുന്നേറ്റുനിന്നാൽ നിസ്കാരം അസാധുവാകും...
രോഗം കാരണത്താൽ ഒരാൾക്ക് തലഭാഗത്തെക്കാൾ പൃഷ്ഠം ഭാഗം ഉയർത്താൻ കഴിഞ്ഞില്ലെങ്കിൽ കഴിയുന്ന രീതിയിൽ സുജൂദ് ചെയ്യണം, ആ നിസ്കാരം മടക്കേണ്ടതില്ല. കപ്പലിന്റെ ഇളക്കം കാരണത്താലാണ് പൃഷ്ഠം ഭാഗം ഉയർത്താൻ കഴിയാത്തതെങ്കിൽ കഴിയും വിധം സുജൂദ് ചെയ്തു, പിന്നീട് മടക്കി നിസ്കരിക്കണം.
നെറ്റിഭാഗത്ത് നീക്കാൻ പ്രയാസമായ മറ ഉണ്ടെങ്കിൽ അതോടൊപ്പം സുജൂദ് ചെയ്യാം, നിസ്കാരം മടക്കേണ്ടതില്ല. പക്ഷേ ആ മറയിൽ പൊറുക്കപ്പെടാത്ത നജസുണ്ടെങ്കിൽ നിസ്കാരം മടക്കൽ നിർബന്ധമാണ്...