Wednesday - 22 April, 2026 4-Dhu al-Qadah-1447

നിസ്കാരത്തിന്റെ ഫർളുകൾ - ഇഅ്തിദാൽ


   നിസ്കാരത്തിന്റെ ആറാമത്തെ ഫർളാണ് ഇഅ്തിദാൽ. റുകൂഇന് ശേഷം മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് മടങ്ങുന്നതിനാണ് ഇഅ്തിദാൽ എന്ന് പറയുന്നത്.


 നിസ്കാരത്തിന്റെ മൂന്നാമത്തെ ഫർളായ നിൽക്കുക എന്നതിലെ കാര്യങ്ങൾ ഇവിടെയും ബാധകമാണ്. അഥവാ ഇഅ്തിദാലിൽ നിൽക്കാൻ കഴിയുന്നവൻ നിൽക്കുകയും അതിനു കഴിവില്ലാത്തവൻ ഇരിക്കുകയും അതിനും കഴിയാത്തവൻ ചരിഞ്ഞു കിടക്കുകയും അതിനും സാധിക്കാത്തവൻ മലർന്ന് കിടക്കുകയും ചെയ്യണം.


 റുകൂഇൽ നിന്ന് ഉയരുമ്പോൾ ഇഅ്തിദാൽ അല്ലാത്ത മറ്റൊന്നിനെ ഉദ്ദേശിക്കാതിരിക്കൽ നിർബന്ധമാണ്.


ഇഅ്തിദാലിന്റെ സുന്നത്തുകൾ:


1) റുകൂഅ്ൽ നിന്നു ഉയരുന്ന അവസരത്തിൽ

سَمِعَ اللهُ لِمَنْ حَمِدَه

എന്ന് പറഞ്ഞു കൊണ്ട് രണ്ട് കൈകളും ചുമലിനു നേരെ ഉയർത്തുക.


കൈകളും തലയും  ഒരുമിച്ച് ഉയർത്താൻ തുടങ്ങുകയും നിവർന്നു നിൽക്കുമ്പോഴേക്കും കൈ ഉയർത്തൽ അവസാനിക്കുകയും വേണം. ശേഷം കൈകൾ താഴ്ത്തി ഇടണം. ഇതാണ് ഇഅ്തിദാലിന്റെ ഏറ്റവും പൂർണ്ണമായ രൂപം.


2) നിവർന്നു നിന്നതിനുശേഷം 

رَبَّنَا لَكَ الْحَمْدُ، مِلْءَ السَّموَاتِ وَمِلْءَ الْأَرْضِ،وَمِلْءَ مَا شِئْتَ مِنْ شَيْءٍ بَعْدُ.

എന്ന് പറയുക. 


3)  വഴിവക്കിൽ അല്ലാത്ത പള്ളിയിലെ, എണ്ണം ക്ലിപ്തമായ മഅ്മൂമീങ്ങൾ വാക്കാൽ സമ്മതം (നിസ്കാരം ദീർഘിപ്പിക്കാൻ) നൽകിയ ഇമാമും ഒറ്റക്ക് നിസ്കരിക്കുന്നവനും താഴെപ്പറയുന്ന ദിക്റുംകൂടി വർദ്ധിപ്പിക്കുക.


أَهْلَ الثَّنَاءِ وَالْمَجْدِ، أَحَقُّ مَا قَالَ الْعَبْدُ، وَكُلُّنَا لَكَ عَبْدٌ لَا مَانِعَ لِمَا أَعْطَيْتَ، وَلَا مُعْطِيَ لِمَا مَنَعْتَ، وَلَا يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ "


4) സുബഹി നിസ്കാരത്തിന്റെയും റമളാൻ അവസാന പകുതിയിലെ വിത്റ് നിസ്കാരത്തിന്റെയും അവസാനം ഇഅ്തിദാലിൽ ഖുനൂത് ഓതുക.


   ഇഅ്തിദാലിൽ

  سَمِعَ اللهُ لِمَنْ حَمِدَه 

എന്നു പറയൽ സുന്നത്താകാൻ കാരണം..?


 നബി ﷺ  തങ്ങളുടെ കൂടെയുള്ള നിസ്കാരം തീരെ നഷ്ടപ്പെടുത്താത്ത സഹാബി ആയിരുന്നു അബൂബക്കർ സിദ്ദീഖ് (റ). ഒരു ദിവസം അസ്വറിന് നബി ﷺ തങ്ങളുടെ കൂടെയുള്ള നിസ്കാരം നഷ്ടപ്പെട്ടു എന്ന  ധാരണയിൽ അബൂബക്കർ സിദ്ദീഖ് (റ) ദുഃഖിതനായി ധൃതിയിൽ പള്ളിയിലേക്ക് കടന്നുവന്നു. അപ്പോൾ നബി ﷺ റുകൂഇലായിരുന്നു ഉണ്ടായിരുന്നത്. അബൂബക്കർ സിദ്ദീഖ് (റ) അൽഹംദുലില്ലാ എന്നു പറഞ്ഞു കൊണ്ട് നബി ﷺ തങ്ങൾക്കു പിന്നിൽ നിസ്കരിച്ചു.


അപ്പോൾത്തന്നെ  ജിബിരീൽ(അ) നബിയുടെ അടുക്കൽ വന്ന് 

سَمِعَ اللهُ لِمَنْ حَمِدَه

 (അല്ലാഹുﷻവിനെ സ്തുതിച്ചനെ അവൻ സ്വീകരിച്ചു) എന്നു പറഞ്ഞു. ആ സമയം മുതൽ ഇഅ്തിദാലിലേക്ക് ഉയരുമ്പോൾ 

سَمِعَ اللهُ لِمَنْ حَمِدَه

 എന്ന് പറയൽ സുന്നത്തായി. അതിന് മുമ്പ് വരെ ഇവിടെയും തക്ബീറായിരുന്നു ചൊല്ലിയിരുന്നത്.


ഖുനൂത്ത്


   സുബഹി നിസ്ക്കാരത്തിന്റെ അവസാന ഇഅ്തിദാലിലും, റമളാൻ അവസാന പകുതിയിലുള്ള വിതറിലെ ഒടുവിലത്തെ ഇഅ്തിദാലിലും ഖുനൂത്ത് ഓതൽ സുന്നത്താണ്...


 അപ്രകാരം തന്നെ മുസ്ലിമീങ്ങളെ ബാധിച്ച വിപത്തുകളെ തടുക്കുവാൻ വേണ്ടി ഫർളു നിസ്കാരങ്ങളിൽ നാസിലത്തിന്റ ഖുനൂത്ത് ഓതൽ സുന്നത്താണ്...


 ഖുനൂത്ത് ഓതുമ്പോൾ രണ്ട് കൈകളും ചുമലിനു നേരെ ഉയർത്തണം.

നാസിലത്തിന്റെ ഖുനൂത്ത് ഓതുമ്പോൾ ഒരു കാര്യം കരസ്ഥമാകുവാൻ വേണ്ടിയാണെങ്കിൽ കൈപ്പടം ആകാശത്തേക്ക് നേരെയാക്കൽ സുന്നത്താണ്. ഒരു വിപത്ത് ഉയർന്നുപോകുവാൻ വേണ്ടിയാണെങ്കിൽ കൈയുടെ പുറംഭാഗം ആകാശത്തിന് നേരെയാക്കണം. കുനൂത്തിന്  ശേഷം മുഖം തടവൽ സുന്നത്തില്ല, രണ്ട് കൈകളും താഴ്ത്തി ഇടണം...


   ഖുനൂത്തിൽ ഏതു ദുആയും കൊണ്ടുവരാം. എന്നാലും നബി ﷺ യിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ദുആയാണ് ഏറ്റവും ശ്രേഷ്ഠമായത്. അത് താഴെ പറയും പ്രകാരമാണ് :


 اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ، وَعَافِنِي فِيمَنْ عَافَيْتَ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ، وَبَارِكْ لِي فِيمَا أَعْطَيْتَ، وَقِنِي شَرَّمَا قْضَيْتَ،فَإِنَّكَ تَقْضِيْ وَلاَ يُقْضَی عَلَيْكَ، وَإِنَّهُ لاَ يَذِلُّ مَنْ وَالَيْتَ، وَلاَ يَعِزُّ مَنْ عَادَيْتَ، تَبَارَكْتَ رَبَّنَا وَتَعَالَيْتَ، فَلَكَ الْحَمْدُ عَلَى مَا قَضَيْتَ أَسْتَغْفِرُكَ وَأَتُوْبُ إِلَيْكَ  


 ഖുനൂത്തിന് ശേഷം നബി ﷺ യുടെയും അവരുടെ കുടുംബങ്ങളുടെയും അനുചരന്മാരുടെയും മേൽ സ്വലാത്തും സലാമും ചൊല്ലണം.


وَصَلَّی اللّٰهُ عَلَى سَيِّدِنَا مُحَمَّدِ وَعَلَی آلِهِ وَصَحْبِهِ وَسَلِّمْ


അതിന് ശേഷം 

رَّبِّ اغْفِرْ وَارْحَمْ وَأَنتَ خَيْرُ الرَّاحِمِينَ 

 എന്നും കൂടി പറയുന്നത് നല്ലതാണ്.


ഇമാം ഖുനൂത്ത് ബഹുവചനത്തിൽ (اهْدِنا, وَعَافِنَا പോലെ) ഉച്ചത്തിൽ ആക്കുകയും  ഇമാമിന്റെ ദുആയിനും സ്വലാത്തിനും മഅ്മൂം ആമീൻ പറയുകയും വേണം. ദുആ അല്ലാത്ത ثناء ന്റെ സമയം (فَإِنَّكَ تَقْضِيْ മുതൽ وَأَتُوْبُ إِلَيْكَ വരെ) മഅ്മും ഇമാമിന്റെ കൂടെ ശബ്ദം താഴ്ത്തി ഓതണം.


 നാസിലത്തിന്റെ ഖുനൂത്ത് ഓതുന്നവൻ സാധാരണ ഖുനൂത്ത് ഓതിയ ശേഷം വിപത്ത് ഉയർന്നുപോകുവാൻ ദുആ ചെയ്യണം.


   ഖുനൂത്തും, ശേഷം നബി ﷺ യുടെയും കുടുംബത്തിന്റെയും മേൽ ചൊല്ലുന്ന സ്വലാത്തും നിസ്കാരത്തിലെ അബ്ആള് (أبعاض) സുന്നത്തിൽ പെട്ടതാണ്. സഹ് വിന്റെ രണ്ടു സുജൂദുകൾ കൊണ്ട് പരിഹരിക്കപ്പെടുന്ന സുന്നത്തുകളാണ് അബ്ആള് സുന്നത്തുകൾ...  


 ഒറ്റക്ക് നിസ്കരിക്കുന്നവനും, ഇമാമും മനപ്പൂർവ്വം ഖുനൂത്തിനെ ഉപേക്ഷിച്ച്, സുജൂദിന് വേണ്ടി കുനിഞ്ഞു, റുകൂഇന്റെ പരിധി എത്തിയശേഷം ഖുനൂത്തിലേക്ക് മടങ്ങിയാൽ നിസ്കാരം ബാത്വിലാകും. 


 എന്നാൽ.., അവർ മറന്നുകൊണ്ടാണ് ഉപേക്ഷിച്ചതെങ്കിൽ, സുജൂദിൽ ബന്ധപ്പെടും മുമ്പ് ഓർമ വന്നാൽ ഖുനൂത്ത് ഓതാൻ വേണ്ടി  മടങ്ങൽ സുന്നത്താണ്. റുകൂഇന്റെ പരിധി വരെ കുനിഞ്ഞെങ്കിൽ അവസാനം സഹ് വിന്റെ രണ്ടു സുജൂദ് നിർവഹിക്കുകയും വേണം...


 സുജൂദിൽ എത്തിയശേഷമാണ് (നെറ്റി സുജൂദിൽ വെച്ചശേഷം) ഓർമ്മ വന്നതെങ്കിൽ മടങ്ങാൻ പറ്റുകയില്ല. മനപ്പൂർവ്വം, ഹറാമാണെന്ന് അറിവോടുകൂടി മടങ്ങിയാൽ നിസ്കാരം ബാത്വിലാകും. മറന്നു കൊണ്ടോ ഹറാമാണെന്ന അറിവില്ലായ്മ കൊണ്ടോ സുജൂദിൽ നിന്ന് ഖുനൂത്തിലേക്ക് മടങ്ങിയാൽ നിസ്കാരം ബാത്വിലാകൂല. ഓർമ വരുമ്പോൾ അല്ലെങ്കിൽ അറിയുമ്പോൾ പെട്ടെന്ന് തന്നെ സുജൂദിലേക്ക് പോകണം. അവസാനം സഹ് വിന്റെ സുജൂദും ചെയ്യണം...


   ഒരു മഅ്മൂം മനപ്പൂർവം ഖുനൂത്തിനെ ഉപേക്ഷിച്ചാൽ ഒന്നുകിൽ ഇഅ്തിദാലിലേക്ക്  തിരിച്ചുപോയി ഇമാമിനെ തുടരണം, അല്ലെങ്കിൽ ഇമാമിനെ വിട്ടു പിരിയണം, അല്ലെങ്കിൽ ഇമാമിനെ കാത്തുനിൽക്കണം. ഇഅ്തിദാലിലേക്ക് തിരിച്ചുപോകുന്നതാണ് ഏറ്റവും നല്ലത്...


 മഅ്മൂമായി നിസ്കരിക്കുന്നവന് ഖുനൂത്ത് മറന്നുപോയാൽ ഇമാമിനെ പിന്തുടരൽ നിർബന്ധമാകുന്നു. (സുജൂദ് ചെയ്താലും ചെയ്തില്ലെങ്കിലും) അല്ലെങ്കിൽ ഇമാമിനെ വിട്ടു പിരിയണം ഇത് രണ്ടും ചെയ്യാത്തപക്ഷം നിസ്കാരം ബാത്വിലാകും...


 ഖുനൂത്ത് മറന്നുപോയ മഅ്മൂം ആ കാര്യം ഓർത്തപ്പോൾ ഇമാം ഖുനൂത്തിലോ ഒന്നാം സുജൂദിലോ ആണെങ്കിൽ ഇഅ്തിദാലിലേക്ക് മടങ്ങൽ അവന് നിർബന്ധമാണ്. ഇമാം ഒന്നാം സുജൂദും ചെയ്തതിനുശേഷമാണ് മഅ്മൂമിന്  മറന്നുപോയ ഖുനൂത്തിന്റെ കാര്യം ഓർമ്മ വന്നതെങ്കിൽ ഇമാമിനെ ഇപ്പോഴുള്ള അവസ്ഥയിൽ പിന്തുടർന്നു, ഇമാം സലാം വീട്ടിയതിനു ശേഷം ഒരു റകഅത്ത് കൊണ്ട് വരണം.

Similar Posts

നിസ്കാരത്തിന്റെ ഫർളുകൾ
മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
ലാമക് - ശംഹാ ദമ്പതികൾ
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
നിസ്കാരത്തിന്റെ ഫർളുകൾ - നിയ്യത്ത്
നിസ്കാരത്തിന്റെ ഫർളുകൾ - തക്ബീറത്തുൽ ഇഹ്റാം
നിസ്കാരത്തിന്റെ ഫർളുകൾ - നിൽക്കാൻ കഴിയുന്നവൻ നിന്ന് നിസ്കരിക്കുക
നിസ്കാരത്തിന്റെ ഫർളുകൾ - ഫാത്തിഹ ഓതുക
നിസ്കാരത്തിന്റെ ഫർളുകൾ - റുകൂഅ്‌ ചെയ്യുക