Wednesday - 22 April, 2026 4-Dhu al-Qadah-1447

നിസ്കാരത്തിന്റെ ഫർളുകൾ - അത്തഹിയ്യാത്ത്, സ്വലാത്ത്, സലാം എന്നിവയ്ക്കു വേണ്ടി ഇരിക്കുക

   നിസ്കാരത്തിന്റെ പന്ത്രണ്ടാമത്തെ ഫർളാണ് അത്തഹിയ്യാത്ത്, സ്വലാത്ത്, സലാം എന്നിവയ്ക്കുവേണ്ടി ഇരിക്കുക എന്നുള്ളത്...


 അവസാന അത്തഹിയ്യാത്തിൽ തവറുക്കിന്റെ ഇരുത്തവും ഒന്നാം അത്തഹിയ്യത്തിൽ ഇഫ്തിറാശിന്റെ ഇരുത്തവുമാണ് സുന്നത്ത്...


 സഹ് വിന്റെ സുജൂദ് ചെയ്യാനുള്ളവനും ഇമാമിന്റെ സലാമിന് ശേഷം തുടർന്നു നിസ്കരിക്കാനുള്ള മസ്ബൂഖും ഇഫ്തിറാശിന്റെ രൂപത്തിലാണ് ഇരിക്കേണ്ടത്... 


 അവസാന അത്തഹിയ്യാത്തിലെ സ്വലാത്ത്, ദുആ എന്നിവയിൽ ഇമാമിനോട് യോജിക്കൽ സുന്നത്ത് ഉണ്ടെങ്കിലും ഇരുത്തരൂപത്തിൽ ഇമാമിനോട് യോജിക്കൽ സുന്നത്ത് ഇല്ല.



   തന്നോട് തുടർന്ന് നിസ്കരിക്കാൻ ഉദ്ദേശിച്ചുകൊണ്ട് നിസ്കാര സ്ഥലത്ത് പ്രവേശിച്ച മസ്ബൂഖിന് വേണ്ടി അത്തഹിയാത്തിൽ കാത്തിരിക്കൽ ഇമാമിന് സുന്നത്താണ്. പക്ഷേ രണ്ടു ഉപാധികളോടെ മാത്രമാണ് അപ്രകാരം പ്രതീക്ഷിക്കൽ സുന്നത്താകുക...


1) പ്രതീക്ഷയിൽ അമിതത്വം കാണിക്കരുത്.

2) ആഗതരുടെ ഇടയിൽ വിവേചനം കാണിക്കരുത്. ചങ്ങാത്തം, പാണ്ഡിത്യം, നേതൃത്വം തുടങ്ങിയ കാര്യങ്ങളൊന്നും പരിഗണിച്ച് വിവേചനം കാണിക്കരുത്.

പ്രത്യുത മനുഷ്യന് ഉപകാരം ചെയ്യുക എന്ന നിലക്ക് അല്ലാഹുﷻവിന്റെ പൊരുത്തം പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിപ്പിൽ തുല്യത കാണിക്കണം...


 അപ്രകാരം നിസ്കാര സ്ഥലത്ത് പ്രവേശിച്ച മസ്ബൂഖിന് റകഅത്ത് കരസ്ഥമാകുവാൻ വേണ്ടി റുകൂഇൽ കാത്തുനിൽക്കലും ഇമാമിന് മേൽ പറഞ്ഞ ഉപാധികളോടെ സുന്നത്താണ്...


   നിസ്കാര സ്ഥലത്ത് പ്രവേശിച്ച മസ്ബൂഖിനെ അത്തഹിയ്യാത്തിൽ കാത്തിരിക്കൽ ഇമാമിന് സുന്നത്താണല്ലോ. എന്നാൽ ആഗതനെ പ്രതീക്ഷിക്കുന്നതിൽ അമിതത്വം കാണിക്കുന്നത് കറാഹത്താകുന്നു. കാരണം നിസ്കരിക്കാൻ ഹാജരായവർക്ക് അത് വിഷമം  വരുത്തുന്നതാണ്...


 അപ്രകാരം അല്ലാഹുﷻവിന്റെ പൊരുത്തത്തിനു വേണ്ടിയല്ലാതെ ജനങ്ങളോടുള്ള സ്നേഹ പ്രകടനത്തിന് വേണ്ടി കാത്തുനിൽക്കുന്ന വിഷയത്തിൽ അവരിൽ ചിലർക്ക് ഇമാം പ്രത്യേകത നൽകിയാൽ അതും കറാഹത്താണ്. അല്ലാമ ഫൂറാനി അത് ഹറാമാണെന്നാണ് പറഞ്ഞിട്ടുള്ളത്...


   ഒറ്റയ്ക്ക് നിസ്കരിക്കുന്നവന് തന്നോട് തുടരാൻ ഉദ്ദേശിച്ച ആഗതനെ പ്രതീക്ഷിക്കൽ സുന്നത്താണ്. ആ പ്രതീക്ഷ ദീർഘിച്ചാലും കുഴപ്പമില്ല. കാരണം ഇവിടെ പ്രതീക്ഷ ദീർഘിപ്പിക്കൽ കൊണ്ട് ആർക്കും ഉപദ്രവം ഉണ്ടാകുന്നില്ല. അവൻ ഒറ്റക്ക് ആണല്ലോ നിസ്കരിക്കുന്നത്, അവൻ ദീർഘിപ്പിക്കൽ കൊണ്ട് ഉപദ്രവമേൽക്കാൻ അവനോടൊപ്പം മറ്റാരുമില്ലല്ലോ...


 അപ്രകാരം നിസ്കാരം ദീർഘിപ്പിക്കാൻ സമ്മതം നൽകിയ പരിമിതമായ മഅ്മൂമികളുടെ ഇമാമിനും പ്രതീക്ഷ ദീർഘിപ്പിക്കാതിരിക്കണം എന്ന ഉപാധിയില്ല. പ്രതീക്ഷ നീണ്ടുപോകുന്നതിൽ അവിടെ വിരോധമില്ല.


   ജമാഅത്ത് സ്ഥലത്തിന് പുറത്തുള്ള ഒരാളെ കുറിച്ച് അയാൾ പ്രവേശിക്കുന്നതിനു മുമ്പ് അറിയാൻ സാധിച്ചാൽ ഇമാമിന് അയാളെ പ്രതീക്ഷിക്കൽ സുന്നത്തില്ല. പ്രത്യുത, അത് കറാഹത്താണ്. അയാൾ നിസ്കാര സ്ഥലത്ത് പ്രവേശിക്കാത്ത കാരണത്താൽ പ്രതീക്ഷയ്ക്കുള്ള അവകാശം അയാൾക്ക് സ്ഥിരപ്പെട്ടിട്ടില്ല. ഒരാൾ പതിവായി പിന്തുന്നവനാണെങ്കിൽ അയാളെ അതിൽ നിന്നും തടയുവാൻ വേണ്ടി പ്രതീക്ഷിക്കാതിരിക്കലാണ് സുന്നത്ത്...


   ഇമാമിന്റെ സലാമിന് ശേഷം നിസ്കാരത്തിന്റെ ബാക്കി റക്അത്തുകൾ നിർവഹിക്കുവാൻ വേണ്ടി എഴുന്നേൽക്കുന്ന മസ്ബൂഖ്, അവന്റെ സ്വന്തം ഇരുത്തത്തിന്റെ അവസരത്തിൽ നിന്നാണ് (അഥവാ തന്റെ മൂന്നാം റക്അത്തിലേക്കാണ്) എഴുന്നേൽക്കുന്നതെങ്കിൽ തക്ബീർ ചൊല്ലൽ സുന്നത്താണ്. അവന്റെ ഇരുത്തത്തിലെ അവസരത്തിൽ അല്ലെങ്കിൽ തക്ബീർ ചൊല്ലാതെയാണ് ഖിയാമിലേക്ക് പോകേണ്ടത്.


 എന്നാൽ ഇമാമിന്റെ ഒന്നാം അത്തഹിയാത്ത് നിന്നും എഴുന്നേൽക്കുമ്പോൾ ഇമാമിനോട് യോജിച്ചുകൊണ്ട് രണ്ട് കൈകളും ചുമലിനു നേരെ ഉയർത്തൽ മസ്ബൂഖിന് സുന്നത്താണ്...


Similar Posts

നിസ്കാരത്തിന്റെ ഫർളുകൾ
മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
ലാമക് - ശംഹാ ദമ്പതികൾ
നിസ്കാരത്തിന്റെ ഫർളുകൾ - നിയ്യത്ത്
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
നിസ്കാരത്തിന്റെ ഫർളുകൾ - തക്ബീറത്തുൽ ഇഹ്റാം
നിസ്കാരത്തിന്റെ ഫർളുകൾ - നിൽക്കാൻ കഴിയുന്നവൻ നിന്ന് നിസ്കരിക്കുക
നിസ്കാരത്തിന്റെ ഫർളുകൾ - ഫാത്തിഹ ഓതുക
നിസ്കാരത്തിന്റെ ഫർളുകൾ - റുകൂഅ്‌ ചെയ്യുക