നിസ്കാരത്തിന്റെ പതിമൂന്നാമത്തെ ഫർള് ആദ്യ സലാം പറയുക എന്നതാണ്. രണ്ടാമത്തെ സലാം പറയൽ സുന്നത്താകുന്നു. സലാം പറയൽ (قولي) വാചകമായ ഫർളാണ്. അഥവാ, നാവുകൊണ്ട് സലാമിനെ പറയണം. സലാം പറയുമ്പോൾ ഇരുവശങ്ങളിലേക്കും തല തിരിക്കൽ സുന്നത്താകുന്നു...
ഒരാൾ നാവുകൊണ്ട് സലാം പറയാതെ കേവലം തല തിരിച്ചതു കൊണ്ടു മാത്രം ഫർള് വീടൂല്ല. മറിച്ച് തല ഇരുവശങ്ങളിലേക്കും തെറ്റിക്കാതെ സലാം പറഞ്ഞാൽ അത് മതിയാകുന്നതാണ്...
സലാം പറയുന്നതിന്റെ ചുരുങ്ങിയ രൂപം السلام عليكم എന്നാണ്. ഈ ചുരുങ്ങിയ രൂപത്തിൽ നിന്നും ഒരു അക്ഷരത്തെ ഒഴിവാക്കാനോ മറ്റൊരു അക്ഷരംകൊണ്ട് പകരമാക്കാനോ പറ്റുകയില്ല.
ഇവിടെ عليكم السلام എന്നു പറയൽ കറാഹത്താണ്. അപ്രകാരം سلام عليكم، سلام الله عليكم، سلامي عليكم തുടങ്ങിയ രൂപങ്ങൾ മതിയാവുകയില്ല. മറിച്ച് ഈ കാര്യം അറിയുന്ന ഒരാൾ മനപ്പൂർവ്വം ഈ പദങ്ങളെ കൊണ്ടുവന്നാൽ നിസ്കാരം ബാത്വിലാകുന്നതാണ്.
സലാം പറയുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1) സലാം പറയുമ്പോൾ നിസ്കാരത്തിൽ നിന്നും ഒഴിവാകുകയല്ലാത്ത മറ്റൊന്നിനെയും ഉദ്ദേശിക്കാതിരിക്കുക.
2) മറ്റ് തടസ്സങ്ങൾ ഇല്ലാത്ത സ്ഥിതിയിൽ സ്വന്തം ശരീരത്തെ കേൾപ്പിക്കുക.
3) ഖിബ് ലയിൽ നിന്ന് നെഞ്ചിനെ തെറ്റിക്കാതിരിക്കുക.
4) സലാമിന്റെ വാക്കുകൾക്കിടയിൽ തുടർച്ച ഉണ്ടാവുക.
5) അർത്ഥത്തെ മാറ്റുന്ന ഏറ്റക്കുറച്ചിലുകൾ സലാമിന്റെ പദങ്ങളിൽ ഇല്ലാതിരിക്കുക.
സലാം പറയുന്നതിന്റെ സുന്നത്തുകൾ:
1) ആദ്യ സലാം പറയുമ്പോൾ നിസ്കാരത്തിൽ നിന്നും ഒഴിവാകുന്നതിനെ കരുതുക.
2) ആദ്യ സലാമിനുശേഷം നിസ്കാരത്തിനോട് എതിരായ കാര്യങ്ങൾ ഉണ്ടായിട്ടില്ലെങ്കിൽ രണ്ടാം സലാം പറയുക. മറിച്ച്, അതിനുശേഷം നിസ്കാരത്തിനോട് എതിരായ കാര്യങ്ങൾ ഉണ്ടായാൽ രണ്ടാം സലാം പറയൽ ഹറാമാകുന്നു.
3) ആദ്യ സലാം പറയുമ്പോൾ വലത്തോട്ടും രണ്ടാം സലാം പറയുമ്പോൾ ഇടത്തോട്ടും മുഖം തിരിക്കുക. സലാം പറയുന്നവന്റെ കവിൾത്തടം പിന്നിലുള്ളവർ കാണും വിധത്തിലാണ് മുഖം വലത്-ഇടത് വശങ്ങളിലേക്ക് തിരിക്കേണ്ടത്...
4) സലാം പറയുമ്പോൾ ورحمة الله എന്നു കൂട്ടിചേർത്ത് പറയുക.
5) മുഖം ഖിബ് ലയിലേക്ക് മുന്നിട്ടു കൊണ്ടാണ് ഇരു സലാമുകളും പറയാൻ തുടങ്ങേണ്ടത്. ഇരു വശങ്ങളിലേക്കുമുള്ള തലതിരിക്കൽ പൂർണമാകലോടെയാണ് ഓരോ സലാമും അവസാനിക്കേണ്ടത്.
6) നീട്ടി പരത്താതെ സലാം വേഗത്തിൽ പറയുക.
7) ഇമാം ഇരുസലാമുകളും പറഞ്ഞശേഷം മഅ്മൂം സലാം പറയുക.
സലാം പറയുമ്പോൾ മനുഷ്യ - ജിന്ന് സമൂഹങ്ങളിലെ മുഅ്മിനീങ്ങൾ, മലക്കുകൾ എന്നിവരുടെ മേൽ സലാമിനെ കരുതൽ സുന്നത്താണ്. അപ്രകാരം ഇമാം, മഅ്മൂം പോലെയുള്ള സലാം പറഞ്ഞവർക്കുള്ള മറുപടിയും ഉദ്ദേശിക്കാം. ആദ്യ സലാം പറയുമ്പോൾ വലത് ഭാഗത്തുള്ളവർക്കു വേണ്ടിയും രണ്ടാം സലാം പറയുമ്പോൾ ഇടത് ഭാഗത്തുള്ളവർക്കു വേണ്ടിയും സലാമിനെ കരുതണം. മുൻ-പിൻ ഭാഗങ്ങളിലുള്ളവർക്ക് ആദ്യത്തേത് കൊണ്ട് സലാമിനെ കരുതലാണ് നല്ലത്.
നിസ്കാരത്തിന്റെ പുറത്തുള്ളവർക്ക് നിസ്കരിക്കുന്നവന്റെ സലാം മടക്കൽ നിർബന്ധമില്ല, എങ്കിലും സുന്നത്താണ്...
നിസ്കാരത്തിൽ നിന്ന് വിരമിക്കുന്നവൻ ചൊല്ലുന്ന വിരാമ സലാം മടക്കൽ നിർബന്ധമില്ല. എന്നാൽ കണ്ടുമുട്ടുന്നവർ ചൊല്ലുന്ന അഭിമുഖ സലാം മടക്കൽ നിർബന്ധമാണ്. എന്താണ് അന്തരം..?
അഭിമുഖം കൊണ്ടുള്ള ഉദ്ദേശ്യം നിർഭയത്വമാണ്. അത് സലാം മടക്കുന്നത് കൊണ്ടുമാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ, നിസ്കാരത്തിലെ വിരാമ സലാം കൊണ്ടുള്ള ഉദ്ദേശ്യം അവിടെ ഹാജരായവന് ആ സലാമിന്റെ ബറക്കത്ത് ലഭിക്കുവാൻ വേണ്ടി അവനെ സലാം കൊണ്ട് ഉദ്ദേശിക്കുന്നതിനോടൊപ്പം നിസ്കാരത്തിൽ നിന്ന് വിരമിക്കുക എന്നതാണ്. അവന് ബറക്കത്ത് ലഭിക്കുക എന്നത് സലാം മടക്കിയിട്ടില്ലെങ്കിലും ലഭിക്കുന്നതാണ്.
ഇമാമിന്റെ ഇരു സലാമിന് ശേഷം മസ്ബൂഖ്, അത് തന്റെ ഇരുത്തത്തിന്റെ സ്ഥാനമല്ലെങ്കിൽ, ഉടനെ എഴുന്നേൽക്കണം. അപ്പോൾ ഇസ്തിറാഹത്ത് ഇരുത്തത്തിന്റെ അളവിനേക്കാൾ കൂടുതൽ അവിടെ താമസിക്കൽ ഹറാമാണ്. അങ്ങനെ ഹറാമാണെന്ന് അറിഞ്ഞുകൊണ്ട് മനപ്പൂർവ്വം ഇരുന്നാൽ അത് കാരണമായി അവന്റെ നിസ്കാരം അസാധുവാകും. മനപ്പൂർവമോ അറിഞ്ഞുകൊണ്ടോ അല്ലെങ്കിൽ അവസാനം സഹ് വിന്റെ സുജൂദ് ചെയ്യണം.
ഇമാം ഇരുസലാമുകളും വീട്ടിയശേഷം എഴുന്നേൽക്കുന്നതാണ് മസ്ബൂഖിന് സുന്നത്ത്. എന്നാൽ ഒന്നാം സലാമിന് ശേഷം എഴുന്നേൽക്കൽ അനുവദനീയമാണ്.
പക്ഷേ ഇമാമിന്റെ ഒന്നാം സലാമിനു മുമ്പ് മസ്ബൂഖ് എഴുന്നേൽക്കാൻ പാടില്ല. ഇമാമിനെ വിട്ടുപിരിയുന്നു എന്ന ഉദ്ദേശ്യം കൂടാതെ മനപൂർവ്വം അങ്ങനെ എഴുന്നേറ്റാൽ ഇരുത്തത്തിന്റെ അതിർത്തി വിട്ടുപിരിയുന്നതോടെ അവന്റെ നിസ്കാരം ബാത്വിലാകും...
ഇമാമിന്റെ ഒന്നാം സലാമിനു മുമ്പ് ഒരു മസ്ബൂഖ് മറന്നുകൊണ്ടോ അറിവില്ലായ്മ കൊണ്ടോ എഴുന്നേറ്റാൽ അവൻ ഇരുത്തത്തിലേക്ക് തന്നെ തിരിച്ചുവരണം. അതിനിടയിൽ അവൻ ചെയ്ത കർമ്മങ്ങളെയൊന്നും പരിഗണിക്കപ്പെടുകയില്ല. പിന്നീട് ഇമാം സലാം വീട്ടിയ ശേഷം അവൻ എഴുന്നേൽക്കണം.
എന്നാൽ, അറിഞ്ഞിട്ടും ഇരുത്തത്തിലേക്ക് തിരിച്ചു വരാതിരുന്നാൽ അവന്റെ നിസ്കാരം ബാത്വിലാകുന്നതാണ്...
ഇമാം സലാം വീട്ടും മുമ്പ് മറന്ന് കൊണ്ടോ, വിവരമില്ലായ്മ കൊണ്ടോ മസ്ബൂഖ് എഴുന്നേറ്റു. പിന്നീട് ഇമാം സലാം വീട്ടുന്നതു വരെ സംഗതി അവൻ അറിഞ്ഞില്ല. എന്നാൽ ഇനി അവനെന്തു ചെയ്യണം..?
ഇമാം സലാം വീട്ടിക്കഴിഞ്ഞിട്ടുണ്ടെങ്കിലും മസ്ബൂഖ് ഇരിക്കുന്നതു വരെ കൊണ്ടുവന്ന കർമ്മങ്ങളൊന്നും പരിഗണിക്കപ്പെടുകയില്ല. പിന്നീട് ഇരുന്ന ശേഷം അത് അവന്റെ ഇരുത്തത്തിന്റെ സ്ഥാനമല്ലെങ്കിൽ ഉടനെ എഴുന്നേൽക്കണം. അവന്റെ ഇരുത്തത്തിന്റെ സ്ഥാനമാണെങ്കിൽ ഉടനെ എഴുന്നേൽക്കൽ നിർബന്ധമില്ല.