നിസ്കാരത്തിന്റെ മൂന്നാമത്തെ ഫർളാണ് നിൽക്കാൻ കഴിയുന്നവൻ നിൽക്കുക എന്നത്. ഇത് ഫർള് നിസ്കാരങ്ങളിൽ മാത്രമാണ് നിർബന്ധം. സുന്നത്ത് നിസ്കാരം ഇരുന്ന് കൊണ്ടും ചരിഞ്ഞ് കിടന്നു കൊണ്ടും നിസ്കരിക്കാം...
നിൽക്കുക എന്നതാണ് നിസ്കാരത്തിന്റെ ഫർളുകളിൽ ഏറ്റവും ശ്രേഷ്ഠമായത്.
നബിﷺ പറഞ്ഞു : "ഒരാൾ നിന്ന് നിസ്ക്കരിച്ചാൽ അതാണ് ഏറ്റവും ശ്രേഷ്ഠമായത്. ഒരാൾ ഇരുന്നു നിസ്കരിച്ചാൽ നിന്ന് നിസ്കരിച്ചവന്റെ പകുതി കൂലി ലഭിക്കും. ഒരാൾ ചരിഞ്ഞുകിടന്നു നിസ്കരിച്ചാൽ ഇരുന്നു നിസ്കരിച്ചവന്റെ പകുതി കൂലിയെ ലഭിക്കുകയുള്ളൂ..."
നിൽക്കാൻ കഴിവില്ലാത്തവന് നിസ്കാരം ഒഴിവാക്കാൻ പറ്റുമോ..?
ഇല്ല. നിന്ന് നിസ്കരിക്കാൻ കഴിവില്ലാത്തവൻ ഇരുന്ന് നിസ്കരിക്കണം. ഇരുന്ന് നിസ്കരിക്കാൻ പറ്റാത്തവൻ ഒരു ഭാഗത്തിന് മേൽ ചരിഞ്ഞു കിടന്നു നിസ്കരിക്കണം. ചരിഞ്ഞുകിടന്നു നിസ്കരിക്കാൻ സാധിക്കാത്തവൻ മലർന്നുകിടന്ന് നിസ്കരിക്കണം...
അപ്പോൾ റുകൂഉം സുജൂദും തലകൊണ്ട് ആംഗ്യം കാണിച്ച് വേണം നിർവഹിക്കുവാൻ. അപ്രകാരം ചെയ്യാൻ കഴിയാത്തവൻ അവന്റെ കൺപോളകളെ കൊണ്ട് ആംഗ്യം കാണിക്കണം. അതിനും കഴിയാത്തവൻ അവന്റെ ഖൽബിൽ നിസ്കാരത്തിന്റെ പ്രവർത്തനങ്ങളെ കൊണ്ടുവരണം. ബുദ്ധിയുള്ള കാലത്തോളം നിസ്കാരം ഒഴിവാക്കാൻ പറ്റുകയില്ല...
(ഫത്ഹുൽ മുഈൻ)
നിൽക്കാൻ കഴിയാത്തവർ എങ്ങനെയാണ് ഇരുന്ന് നിസ്കരിക്കേണ്ടത്..?
ഇരുന്ന് നിസ്കരിക്കുന്നവൻ ഏറ്റവും ശ്രേഷ്ഠമായത് ഇഫ്തിറാശിന്റെ (ഒന്നാം അത്തഹിയ്യാത്തിലെ) ഇരുത്തമാണ്. പിന്നെ ഏറ്റവും നല്ലത് തറബ്ബുഅ് (ചമ്രം പടിഞ്ഞിരിക്കുക) ന്റെ ഇരുത്തവും അതിനുശേഷം നല്ലത് തവറുക്കിന്റെ (അവസാന അത്തഹിയ്യാത്തിലെ) ഇരുത്തവുമാണ്...
(ഫത്ഹുൽ മുഈൻ)
എന്നാൽ ഇന്ന് കസേരയിലിരുന്ന് നിസ്കരിക്കുന്നത് വ്യാപകമാണ്. ആ കസേര നിസ്കാരങ്ങൾ ശരിയാണോ..?
ഇഷ്ടംപോലെ ഇരിക്കാം എന്ന് ഫിഖ്ഹ് പണ്ഡിതന്മാർ പറഞ്ഞതിൽ കസേര ഇരുത്തവും പെടുമെന്ന് പറയാം. കസേര നിസ്കാരം പലതരമുണ്ട്. അവയെല്ലാം ഒറ്റയടിക്ക് ശരിയാണന്നോ ശരിയല്ലെന്നോ പറയാവതല്ല. വിശദീകരണം ആവശ്യമുണ്ട്...
എപ്പോഴാണ് ഇരുന്നു നിസ്കാരം അനുവദനീയമാകുക..?
നിർത്തം ഫർള് നിസ്കാരത്തിൽ നിർബന്ധം ആണല്ലോ. സ്വയം നിൽക്കാൻ കഴിയാതെ വന്നാൽ വടിയുടെയോ തൂണിന്റെയോ ചുമരിന്റെയോ സഹായത്തോടെ നിൽക്കണം. അല്ലെങ്കിൽ മറ്റൊരാളുടെ സഹായം (കൂലിക്ക് ആളെ നിശ്ചയിച്ചെങ്കിലും) ഉപയോഗിച്ച് നിൽക്കണം. കൂലിക്കു പോലും ഒരാളെ സഹായത്തിനു കിട്ടാതെ വരികയോ അല്ലെങ്കിൽ കൂലി കൊടുക്കാൻ കഴിയാതെ വരികയോ ചെയ്താൽ അവന് ഇരുന്നു നിസ്കരിക്കാവുന്നതാണ്...
ചുരുക്കത്തിൽ, സാധാരണ ഗതിയിൽ സഹിക്കാൻ പറ്റാത്ത വിഷമവും ബുദ്ധിമുട്ടും നിർത്തം മുഖേന ഉണ്ടായാൽ മാത്രമേ ഇരുന്നു നിസ്കരിക്കാൻ പറ്റുകയുള്ളു...
കസേര നിസ്കാരം പലതരമുണ്ട്...
കസേര നിസ്കാരം രൂപം : 1
നിൽക്കാൻ കഴിയും പക്ഷേ റുകൂഉം സുജൂദും മുറപോലെ നിർവഹിക്കാൻ കഴിയില്ല. ഈ വകുപ്പിൽ പെടുന്നവർ നിന്നു കൊണ്ട് തന്നെ നിസ്കരിക്കണം. റുകൂഉനും സുജൂദിനും വേണ്ടി ആംഗ്യം കാണിക്കണം...
റുകൂഇന് വേണ്ടിയുള്ള ആംഗ്യം നിന്നുകൊണ്ടും രണ്ട് സുജൂദ്കൾക്ക് വേണ്ടിയുള്ള ആംഗ്യം ഇരുന്നുകൊണ്ടും നിർവഹിക്കണം...
നട്ടെല്ല് പരമാവധി വളച്ചുകൊണ്ടാണ് ആംഗ്യം കാണിക്കേണ്ടത്. അതിനു കഴിയില്ലെങ്കിൽ തലയും പിരടിയും കുനിച്ചു കൊണ്ടും അതും പറ്റുന്നില്ലെങ്കിൽ തല മാത്രം കുനിച്ചുകൊണ്ട് അതിനും കഴിയുന്നില്ലെങ്കിൽ കൺപോളകളെ ചലിപ്പിച്ചുകൊണ്ട് അതിനും പറ്റുന്നില്ലെങ്കിൽ ഖൽബ് കൊണ്ടും ആംഗ്യം കാണിക്കണം...
നിൽക്കാൻ കഴിയില്ല. സാധാരണപോലെ റുകൂഅോ സുജൂദോ ചെയ്യാനും കഴിയില്ല. ഇതാണ് കസേര നിസ്കാരത്തിലെ രണ്ടാം രൂപം.
ഈ വിഭാഗത്തിൽ പെട്ടവർക്ക് ഇരുന്ന് നിസ്കരിക്കാം. നിസ്കാരത്തിലെ ഖിയാമും ഇഅ്തിദാലും തുടങ്ങി എല്ലാ പ്രവർത്തികളും ഇരുന്നുകൊണ്ടാണ് നിർവഹിക്കേണ്ടത്. റുകൂഇന് സുജൂദിന് വേണ്ടി ആംഗ്യം കാണിച്ചാൽ മതിയാകും...
നിൽക്കാൻ കഴിയും, റുകൂഅ് ചെയ്യാനും കഴിയും, പക്ഷേ സുജൂദ് ചെയ്യാൻ കഴിയില്ല. ഇതാണ് കസേര നിസ്കാരത്തിലെ മൂന്നാമത്തെ വിഭാഗം. ഈ വകുപ്പിൽ പെടുന്നവർ "നിന്നുതന്നെ നിസ്കരിക്കണം"...
റുകൂഅ് സാധാരണപോലെ ചെയ്യണം. പിന്നീട് എഴുന്നേറ്റുനിന്ന് ഇഅ്തിദാൽ ചെയ്തശേഷം സുജൂദിന് വേണ്ടി കുനിയണം. അപ്പോൾ റുകൂഅ്നേക്കാൾ കൂടുതൽ കുനിയാൻ സാധിക്കുമെങ്കിൽ അപ്രകാരം ചെയ്തു റുകൂഉം സുജൂദും തമ്മിൽ വിത്യാസം ഉണ്ടാക്കണം...
(നിസ്കാരം വിഷമഘട്ടങ്ങളിൽ: കോടമ്പുഴ ബാവ മുസ്‌ലിയാർ)
ഇരുന്നു നിസ്കരിക്കാൻ കഴിയാത്തവർ എങ്ങനെയാണ് നിസ്കരിക്കേണ്ടത്..?
ഇരിക്കാനും കഴിയാത്തവർ കിടന്ന് നിസ്കരിച്ചാൽ മതി. ചെരിഞ്ഞു കിടന്നാണ് നിസ്കരിക്കേണ്ടത്. വലതുവശം ചെരിഞ്ഞ് കിടന്ന് നിസ്കരിക്കാൻ പ്രയാസമുണ്ടെങ്കിലേ ഇടത് വശത്തേക്ക് ചെരിഞ്ഞു കിടക്കാവൂ...
വലതുവശം സാധ്യമായിരിക്കേ ഇടതുവശത്തേക്ക് ചെരിഞ്ഞ് കിടന്ന് നിസ്കരിക്കൽ കറാഹത്താകുന്നു.
ചെരിഞ്ഞ് കിടന്ന് നിസ്കരിക്കുമ്പോൾ മുഖവും ശരീരത്തിന്റെ മുൻഭാഗവും ഖിബിലക്ക് അഭിമുഖമാകണം...
ഇടത്തോട്ടോ വലത്തോട്ടോ ചെരിഞ്ഞ് കിടന്നു നിസ്കരിക്കാൻ സാധിക്കാത്തവൻ മലർന്നുകിടന്നാണ് നിസ്കരിക്കേണ്ടത്. തലയണയോ മറ്റോ ഉപയോഗിച്ച് തല അല്പം പൊക്കി വെച്ച് കൊണ്ട് മുഖം ഖിബിലക്ക് അഭിമുഖമാകണം. അതോടൊപ്പം തന്നെ രണ്ടു ഉള്ളം കാലുകളും ഖിബിലക്ക് അഭിമുഖമാകുന്നത് ഉത്തമമാണ്...
(നിസ്കാരം വിഷമഘട്ടങ്ങളിൽ: കോടമ്പുഴ ബാവ മുസ്‌ലിയാർ)
മലർന്നുകിടന്ന് നിസ്കരിക്കുന്നവൻ റുകൂഇനും സുജൂദിനും വേണ്ടി തല കൊണ്ട് ആംഗ്യം കാണിക്കണം. അതിന് കഴിയാത്തവൻ കൺപോളകൾ കൊണ്ടാണ് ആംഗ്യം കാണിക്കേണ്ടത്. അതിന് സാധിക്കാത്തവൻ നിസ്കാരത്തിന്റെ പ്രവർത്തികളെ മനസ്സിൽ കൊണ്ടുവരണം...
(ഫത്ഹുൽ മുഈൻ)
നിന്നും, ഇരുന്നും, ചെരിഞ്ഞു കിടന്നും, മലർന്നു കിടന്നും നിസ്കരിക്കുന്നവർക്കെല്ലാം ഖിബിലക്ക് മുന്നിടൽ നിർബന്ധം തന്നെയാണല്ലോ... എന്നാൽ
രോഗശയ്യയിൽ കിടക്കുന്ന ഒരാൾ രോഗമോ മറ്റോ കാരണത്താൽ ഖിബിലയിലേക്ക് തിരിയാൻ സാധിക്കാതെ വന്നാൽ, അതിന് അവൻ മറ്റൊരാളുടെ സഹായം തേടണം...
സഹായത്തിന് ആരെയും കിട്ടാതെ വന്നാൽ ഖിബിലക്ക് അഭിമുഖം ആകൽ നിർബന്ധമില്ല. അവൻ ഏതുവിധമാണോ കിടക്കുന്നത് ആവിധം നിസ്കരിക്കാം. എന്നാൽ തടസ്സം നീങ്ങി ശേഷം ഈ നിസ്കാരം മടക്കൽ നിർബന്ധമാണ്...
കൂനന്റെ നിസ്കാരം
നിവർന്നു നിൽക്കാൻ കഴിയാത്ത കൂനൻ, അവന്റെ നടുവ് വളഞ്ഞ് റുകൂഇന്റെ അതർത്തിയിൽ എത്തിയെങ്കിൽ പോലും അങ്ങനെ തന്നെ നിന്ന് കൊണ്ട് നിസ്കരിക്കണം. ഇരുന്ന് നിസ്കരിക്കാൻ പറ്റില്ല...
കഴിയുമെങ്കിൽ നിർത്തത്തെക്കാൾ അൽപം കൂടി കുനിഞ്ഞ് റുകൂഅ് ചെയ്യണം. കൂടുതലായി ഒട്ടും കുനിയാൻ കഴിയില്ലെങ്കിൽ മനസ്സ് കൊണ്ട് റുകൂഉം ഇഅ്തിദാലും ചെയ്യണം...
അതായത് നിർത്തത്തിന്റെ സമയം കഴിഞ്ഞാൽ കുറച്ചു സമയം റുകൂആയും പിന്നെ കുറച്ചു സമയം ഇഅ്തിദാലായും ഗണിക്കണം. അതിന് ആ റുകുനുകളെ പ്രത്യേകം മനസ്സിൽ കരുതൽ നിർബന്ധമാണ്...
ഒരാൾക്ക് കൂടുതൽ സമയം നിൽക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. അയാൾ ഒറ്റയ്ക്ക് നിസ്കരിക്കുയാണെങ്കിൽ നിന്ന് നിസ്കരിക്കാൻ കഴിയും. മറ്റുള്ളവരോടൊപ്പം ജമാഅത്തിൽ പങ്കെടുക്കുകയാണെങ്കിൽ ഇടയ്ക്ക് ഇരിക്കേണ്ടിവരും. ഇവിടെ ഏതാണ് ഉത്തമം..?
ഇടയ്ക്ക് ഇരിക്കേണ്ടി വന്നാലും ജമാഅത്തിൽ പങ്കെടുക്കാവുന്നതാണ്. പക്ഷേ, നിസ്കാരത്തിൽ മുഴുവൻ നിൽക്കാൻ കഴിയും എന്നതുകൊണ്ട് ഒറ്റയ്ക്ക് നിസ്കരിക്കുന്നതാണ് ഇവിടെ ഉത്തമം...
ഒരാൾ നിസ്കാരത്തിൽ ഫാത്തിഹ മാത്രം ഓതുകയാണെങ്കിൽ നിന്ന് നിസ്കരിക്കാൻ കഴിയും. എന്നാൽ സൂറത്തും കൂടി ഓതുകയാണെങ്കിൽ ഇടക്ക് ഇരിക്കേണ്ടിവരും. ഇവിടെ എങ്ങനെയാണ് നിസ്കരിക്കേണ്ടത്..?
ഇരുന്ന് സൂറത്ത് ഓതി നിസ്കാരം നിർവഹിക്കൽ അനുവദനീയമാണെങ്കിലും, നിസ്കാരം മുഴുവൻ നിന്നുകൊണ്ടുതന്നെ നിർവഹിക്കുവാൻ വേണ്ടി സൂറത്തിനെ ഉപേക്ഷിക്കലാണ് ഉത്തമം...
ഒരാൾ നിന്ന് നിസ്ക്കരിച്ചാൽ മൂത്ര സ്രാവം ഉണ്ടാകും. എന്നാൽ ഇരുന്ന് നിസ്കരിച്ചാൽ മൂത്ര സ്രാവം നിലയ്ക്കും. എങ്കിൽ അയാൾ നിന്നാണോ ഇരുന്നാണോ നിസ്കരിക്കേണ്ടത്..?
നിർബന്ധമായും അയാൾ ഇരുന്നു നിസ്കരിക്കണം. കാരണം മൂത്ര സ്രാവത്തോടെ അയാൾ നിന്ന് നിസ്കരിച്ചാൽ ആ നിസ്കാരം അസാധുവാകും...
ഒരാൾക്ക് ഇരുകാലിൽ നിൽക്കാൻ വയ്യ. പക്ഷേ കാൽമുട്ടുകളിൽ കുത്തി നിൽക്കാൻ കഴിയും. എങ്കിൽ മുട്ടുകുത്തി നിൽക്കണമോ അല്ലെങ്കിൽ ഇരുന്ന് നിസ്കരിക്കാമോ..?
കാൽപാദങ്ങളിൽ നിൽക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ കാൽമുട്ടുകളിൽ നിൽക്കാൻ സാധിക്കുമെങ്കിൽ അപ്രകാരം നിന്ന് നിസ്കരിക്കൽ നിർബന്ധമാണ്...
(നിസ്കാരം വിഷമഘട്ടങ്ങളിൽ: കോടമ്പുഴ ബാവ മുസ്ലിയാർ)
ഒരാൾ ആത്മഹത്യ ചെയ്യാൻ വേണ്ടി ഉയരത്തുനിന്ന് താഴോട്ട് ചാടി. ജീവൻ പോയില്ല. പക്ഷേ രണ്ട് കാലും ഒടിഞ്ഞു. ഒടിഞ്ഞ കാലുകൾ ശരിയാകുന്നതുവരെ അവൻ ഇരുന്നു നിസ്ക്കരിച്ചു. ഇനി, സുഖപ്പെട്ടു നിന്ന് നിസ്കരിക്കാൻ കഴിഞ്ഞാൽ ഈ നിസ്കാരങ്ങൾ ഖളാഅ് വീട്ടേണ്ടതുണ്ടോ..?
അതിക്രമം മൂലമാണ് കാലു നഷ്ടപ്പെട്ടത്. അതുകൊണ്ട് ആ പ്രവർത്തനം ഹറാമാണ്. പക്ഷേ മനപ്പൂർവം കാലൊടിക്കുക എന്ന തെറ്റ് അതോടെ അവസാനിച്ചു. അവൻ തെറ്റ് ചെയ്തവനാണെങ്കിലും ഇപ്പോൾ തെറ്റ് ചെയ്തു കൊണ്ടിരിക്കുന്നു എന്ന് പറയാവതല്ല. അതുകൊണ്ട് കാലൊടിഞ്ഞ കാലത്തെ നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല...