നിസ്കാരത്തിന്റെ എട്ടാമത്തെ ഫർള് സുജൂദ്കൾക്കിടയിലുള്ള ഇരുത്തമാകുന്നു. ഈ ഇരുത്തം ഇഅ്തിദാലിനെ പോലെ ദൈർഘ്യം കുറഞ്ഞ റുക്നാകുന്നു. അവ രണ്ടും ദീർഘിക്കാൻ പാടില്ല.
(فتح المعين)
സുജൂദിൽ നിന്ന് ഉയരുമ്പോൾ ഈ ഇരുത്തം അല്ലാത്ത മറ്റൊന്നിനെയും ഉദ്ദേശിക്കാതിരിക്കൽ നിർബന്ധമാണ്. ഒരാൾ എന്തെങ്കിലും കണ്ട് പേടിച്ച കാരണം സുജൂദിൽ നിന്ന് തല ഉയർത്തിയാൽ അതിനെ ഫർളായ ഇരുത്തമായി പരിഗണിക്കുകയില്ല. അപ്പോൾ സുജൂദിലേക്ക് മടങ്ങൽ അവന് നിർബന്ധമാണ്...
ഒരാൾ ഒന്നാം സുജൂദിലേക്ക് പോയി. അവിടെയുണ്ടായിരുന്ന ഒരു മുള്ള് നെറ്റിയിൽ തറച്ച കാരണം പെട്ടെന്ന് തല പൊക്കേണ്ടിവന്നു. എഴുന്നേറ്റിരുന്ന് മുള്ള് എടുത്തുമാറ്റി. ഈ ഇരുത്തം രണ്ടു സുജൂദുകൾക്കിടയിലെ ഇരുത്തം ആയി പരിഗണിക്കുമോ..?
ഗണിക്കാവതല്ല. വീണ്ടും സുജൂദിലേക്ക് പോയി തിരിച്ചു വരണം. കാരണം ഇരുത്തത്തിലേക്കുള്ള വരവ് മറ്റൊരു ഉദ്ദേശത്തിനുവേണ്ടി മാത്രമുള്ളതായിരുന്നു...
ഈ ഇരുത്തത്തിൽ ശ്രദ്ധിക്കേണ്ട സുന്നത്തുകൾ:
1) സുജൂദിൽ നിന്ന് ഉയരുമ്പോൾ തക്ബീർ ചൊല്ലുക.
2) ഇഫ്തിറാശിന്റെ രൂപത്തിൽ ഇരിക്കുക. ഇടത് കാലിന്റെ മടമ്പ്ഭാഗത്ത് ഇരുന്നു കൊണ്ട് വലതുകാലിന്റെ വിരലറ്റങ്ങൾ ഖിബ് ലയിലേക്ക് മുന്നിടുന്ന രീതിയിൽ നാട്ടി വെക്കുക. ഇതാണ് ഇഫ്തിറാശിന്റെ ഇരുത്തം.
3) രണ്ട് കൈപ്പടകളും കാൽതുടകളുടെ മേൽ വെക്കുക. കൈവിരലുകൾ ഖിബ് ലയിൽ നിന്ന് തെറ്റാത്ത രൂപത്തിൽ അല്പം ചേർത്തുവെക്കണം.
4) ഇരുത്തത്തിൽ താഴെ പറയും പ്രകാരം ചൊല്ലുക.
رَبِّ اغْفِرْ لِي وارْحَمْنِي واجْبُرْنِي وارْفَعْني وارْزُقْنِي واهْدِني وعَافِني
രണ്ട് സുജൂദുകൾക്കിടയിലെ ഇരുത്തം قصير (ദൈർഘ്യം കുറഞ്ഞ) ആയ റുക്നാണ്. അതിനെ ദീർഘിപ്പിക്കാൻ പാടില്ല. പ്രസ്തുത കാര്യം അറിയുന്ന ഒരാൾ മനഃപ്പൂർവ്വം, ഏറ്റവും ചുരുങ്ങിയ രൂപത്തിൽ അത്തഹിയ്യാത്ത് ഓതാനുള്ള സമയത്തേക്കാൾ കൂടുതൽ നേരം, രണ്ട് സുജൂദുകൾക്കിടയിൽ ഇരുന്നാൽ അവന്റെ നിസ്കാരം ബാത്വിലാകും. അറിവില്ലായ്മ, മറവി എന്നീ കാരണത്താൽ ആ ഇരുത്തം നീണ്ടു പോയാൽ നിസ്കാരം ബാത്വിലാകുകയില്ല. അവസാനം സഹ് വിന്റെ രണ്ടു സുജൂദുകൾ നിർവഹിക്കണം...
എല്ലാ നിസ്കാരങ്ങളിലും സുജൂദിൽ നിന്നും നേരെ നിർത്തത്തിലേക്ക് പോകുന്ന അവസരത്തിൽ (സാധാരണ ഒറ്റയൊറ്റ റക്അത്തുകളിൽ) നിൽകുന്നതിനു മുമ്പ്
ഒരല്പനേരം ഇരിക്കൽ സുന്നത്താണ്. ഇതിന് ഇസ്തിറാഹത്തിന്റെ ഇരുത്തം (جلسة الإستراحة) എന്നാണ് പറയുക. سبحان الله എന്ന് പറയാനുള്ള സമയമാണ് ഇവിടെ ഇരിക്കേണ്ടത്. അതിലും കൂടുതൽ ഇരിക്കൽ കറാഹത്താകുന്നു. എന്നാൽ രണ്ട് സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിന്റെ സമയത്തെകാൾ കൂടുതൽ നേരം ഇവിടെ ഇരുന്നാൽ നിസ്കാരം ബാത്വിലാകും...
എന്നാൽ തിലാവത്തിന്റെ സുജൂദിൽ നിന്ന് ഉയരുമ്പോൾ ഈ ഇരുത്തം സുന്നത്ത് ഇല്ല. ഇരുത്തത്തിൽ നിന്നും സുജൂദിൽ നിന്നുമെല്ലാം ഉയരുമ്പോൾ രണ്ട് കൈകളും നിലത്തൂന്നി കൊണ്ട് എഴുന്നേൽക്കൽ സുന്നത്താകുന്നു.
ഇസ്തിറാഹത്തിന്റെ ഇരുത്തത്തിലും സുജൂദുകൾക്കിടയിലുള്ള ഇരുത്തം പോലെ ഇഫ്തിറാശിന്റെ (إفتراش) രൂപത്തിലാണ് ഇരിക്കേണ്ടത്. അഥവാ ഇടത് കാലിന്റെ മടമ്പ് ഭാഗത്ത് ഇരുന്നുകൊണ്ട് വലത്തെ കാൽവിരലുകളുടെ അറ്റം ഖിബ് ലയിലേക്ക് മുന്നിടുന്ന രീതിയിൽ നാട്ടിവെക്കണം. ഇവിടെയും ഇൻതികാലിന്റെ തക്ബീർ (تكبيرة الإنتقال) സുന്നത്താണ്. സുജൂദിൽ നിന്നും ഉയരുമ്പോൾ തക്ബീർ ചൊല്ലാൻ തുടങ്ങണം. ഇടയിൽ ഇസ്തിറാഹത്തിന്റെ ഇരുത്തം ഉണ്ടെങ്കിൽപോലും നേരെ നിൽക്കും വരെ ആ തക്ബീർ നീണ്ടു നിൽക്കണം.
(فتح المعين)