പ്രസവിച്ച ഉടനെ കുഞ്ഞിന്റെ വലത്തെ ചെവിയില്‍ ബാങ്കും ഇടത്തെ ചെവിയില്‍ ഇഖാമത്തും കൊടുക്കല്‍ സുന്നത്താണ്...
ജനിച്ച കുഞ്ഞിന്‍റെ ചെവിയില്‍ ബാങ്ക് കൊടുക്കാവുന്നതാണ്.
അബു റാഫ് (റ) രേഖപ്പെടുത്തുന്നു. "പ്രവാചകന്‍ ﷺ ഫാത്തിമ (റ) ഹസ്സന്‍ (റ) ജന്മം നല്‍കിയപ്പോള്‍ ചെവിയില്‍ ബാങ്ക് കൊടുത്തത് ഞാന്‍ കണ്ടിരുന്നു"
▪️കുഞ്ഞിന് മധുരം നല്‍കല്‍:
അബു മൂസ രേഖപ്പെടുത്തുന്നു "എനിക്ക് ഒരു ആണ്‍ കുഞ്ഞ് പിറന്നപ്പോള്‍ ഞാന്‍ അവനുമായി പ്രവാചകന്‍റെ (ﷺ) അടുത്തേക്ക് ചെന്നു, പ്രവാചകന്‍ ﷺ അവനു ഇബ്രാഹീം എന്ന പേര്‍ നല്‍കി, തുടര്‍ന്നു ഒരു ചെറിയ കഷ്ണം ഈത്തപ്പഴം ചവച്ചത് അവന്‍റെ വായില്‍ വെച്ചു കൊടുത്തു, അവനുവേണ്ടി പ്രാര്‍ത്ഥിച്ചു, എന്നിട്ട് കുഞ്ഞിനെ തിരിച്ചുനല്‍കി "
ഇങ്ങനെ മധുരം നല്‍കുന്നതിനെ തഹ്നീക് എന്നാണ് പറയുക...
▪️കുഞ്ഞിന് വേണ്ടി പ്രാര്‍ത്ഥന:
ഹസ്സന്‍ (റ) ഹുസ്സന്‍ (റ) ജനിച്ചപ്പോള്‍ പ്രവാചകന്‍ ﷺ അവര്‍ക്ക് വേണ്ടി ഇങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നു .
"അഊതു ബികലിമാതില്‍ ലാഹിത് താമ്മാതി മിന്‍ കുല്ലില്‍ ശൈതാനിന്‍ വ ഹമ്മാതിന്‍, വ മിന്‍ കുല്ലി ഐനിന്‍ ലാമ്മതിന്‍ "
"എല്ലാ പിശാചുക്കളില്‍ നിന്നും ദുഷ്ടരില്‍ (മൃഗം) നിന്നും ദുഷ്ട കണ്ണുകളില്‍ നിന്നും നിന്നെ രക്ഷിക്കാന്‍, ഞാന്‍ അല്ലാഹുﷻവില്‍ സഹായം തേടുന്നു "
▪️മുടി കളയല്‍ (അഖീഖ):
ആയിഷ (റ) ഉദ്ധരിക്കുന്നു "പ്രവാചകന്‍ ﷺ ഞങ്ങള്‍ക്ക് ആണ്‍കുഞ്ഞിനു രണ്ട് ആടും, പെണ്‍ കുഞ്ഞിനു ഒരാടും ബലി നല്‍കണം എന്ന് നിര്‍ദേശിച്ചിരുന്നു...
(തിര്‍മിദി)
സമുറ ഇബ്നു ജുന്തുബ് രേഖപ്പെടുത്തുന്നു: പ്രവാചകന്‍ ﷺ പറഞ്ഞു "ഏഴാം ദിവസം അവന്‍റെ മുടി കളയുകയും, കുഞ്ഞിനു പേര് നല്‍കുകയും മൃഗത്തെ ബലി നല്‍കുകയും ചെയ്യട്ടെ "
ഹസ്രത് അലി (റ)രേഖപ്പെടുത്തുന്നു:
"പ്രവാചകന്‍ ﷺ ഫാത്തിമ (റ) ഹുസൈന്‍ (റ) ജന്മം നല്‍കിയപ്പോള്‍ ഒരു കുഞ്ഞാടിനെ ബലി നല്‍കി, എന്നിട്ട് മുടി കളയാന്‍ നിര്‍ദേശം നല്‍കുകയും ആ മുടിയുടെ തൂക്കത്തിന് വെള്ളി ദാനം നല്‍കാനും നിര്‍ദേശിച്ചു. തുടര്‍ന്ന് ഫാത്തിമ (റ) അതുപോലെ ചെയ്തു...
മുടികളയല്‍ ഏഴാം ദിവസം തന്നെ ആകുന്നതു സുന്നത്താണ്, അത് പറ്റാത്തവര്‍ പതിനാലിലോ ഇരുപതിഒന്നിലോ ചെയ്യട്ടെ...
▪️ പേര് ഇടല്‍:
ആയിഷ (റ) ഉദ്ധരിക്കുന്നു "പ്രവാചകൻ ﷺ ഹസ്സന്‍ (റ) ഹുസൈന്‍ (റ) എന്നിവര്‍ക്ക് ജനിച്ച ഏഴാം ദിവസം അകീക യും പേരിടലും നടത്തി "
▪️തലയില്‍ കുങ്കുമം പുരട്ടല്‍:
ആദ്യ കാലങ്ങളില്‍ മുടി കളഞ്ഞാല്‍ തലയില്‍ രക്തം പുരട്ടുന്ന ആചാരം ഉണ്ടായിരുന്നു, എന്നാല്‍ നിരോധിച്ചു കൊണ്ട് പ്രവാചകന്‍ ﷺ പറഞ്ഞു,
ആയിഷ (റ) രേഖപ്പെടുത്തുന്നു: പ്രവാചകന്‍ ﷺ പറഞ്ഞു "ഖലൂജ് കുഞ്ഞിന്‍റെ തലയില്‍ തേക്കുക രക്തത്തിന് പകരം "
ഖലൂജ് എന്നാല്‍ സുഗന്ധത്തിന്റെ പേരാണ്, കുങ്കുമവും മറ്റു ചിലതും ചേര്‍ത്ത് ഉണ്ടാക്കുന്നത്...
▪️ചേലാകര്‍മ്മം:
അബു ഹുറൈറ (റ) ഉദ്ധരിക്കുന്നു "ഫിത്ര ക്ക് അഞ്ചു കാര്യങ്ങളാണ്. ചേലാ കര്‍മ്മം, ലൈഗിക അവയവങ്ങളുടെ ഭാഗത്തുള്ള രോമം കളയല്‍, നഖം വെട്ടല്‍, കക്ഷത്തിലുള്ള രോമം കളയല്‍, താടി വെട്ടല്‍"
സല്‍മാന്‍ ഇബ്നു ആമിര്‍ രേഖപ്പെടുത്തുന്നു: "ആണ്‍ കുഞ്ഞു ജനിച്ചാല്‍ അവനു മൃഗത്തെ ബലി നല്‍കി ചേലാകര്‍മ്മം ചെയ്യട്ടെ "
അഖീഖയുടെ രൂപം വിവരിക്കാമോ ..?
ഒരു കുട്ടി ജനിച്ചാല്‍ ചെയ്യേണ്ട സുന്നത്തായ കാര്യങ്ങളില്‍ പ്രധാനമാണ് അഖീഖ അറുക്കല്‍. ജനിച്ചത് മുതല്‍ പ്രായപൂര്‍ത്തിയാവുന്നതുവരെ ഇത് രക്ഷിതാവിനാണ് സുന്നത്ത്. പ്രായപൂര്‍ത്തിയായാല്‍ അത് പിതാവില്‍നിന്ന് വ്യക്തിയിലേക്ക് നീങ്ങുന്നു. ഒരു മാടിന്റെ ഏഴിലൊരു ഭാഗമാണ് അഖീഖത്തിന്‍റെ ചുരുങ്ങിയ രൂപം. അപ്പോള്‍ ഏഴ് കുട്ടികള്‍ക്ക് വേണ്ടി ഒന്നിച്ച് ഒരു മാടിനെ അറുത്താലും ചുരുങ്ങിയ സുന്നത്തിന്‍റെ പ്രതിഫലം ലഭിക്കും.
പെണ്‍കുട്ടിക്ക് ഒരു ആടും ആണ്‍കുട്ടിക്ക് രണ്ട് ആടും അറുക്കലാണ് സുന്നത്തിന്റെ പൂര്‍ണ്ണമായ രൂപം. ഒരു മാടിന്റെ ഏഴിലൊരു ഭാഗവും അഖീഖതായി അറുക്കാവുന്നതാണ്. അതാണ് ഏറ്റവും ചുരുങ്ങിയ രൂപം...
അഖീഖത് ഉള്ഹിയ്യത്തിനോടൊപ്പം ചേര്‍ത്ത് ചെയ്യാവുന്നതുമാണ്. അഥവാ, ഉള്ഹിയ്യത്തായി അറുക്കപ്പെടുന്നത് ഏഴ് പേര്‍ക്ക് പങ്കുചേരാവുന്ന മാട് ആണെങ്കില്‍ അതിലെ ഒരു ഓഹരി അഖീഖത്തിനായി കരുതിയാലും സുന്നത്തിന്റെ ചുരുങ്ങിയ കൂലി ലഭിക്കും. ചോദ്യത്തില്‍ സൂചിപ്പിച്ച പോലെ, രണ്ട് പേരുടേത് ഒന്നിച്ച് ഒരു മാടിനെ അറുത്ത് നല്‍കിയാലും (മൂന്ന് ഓഹരികള്‍ ഒരാള്‍ക്കും നാല് ഓഹരികള്‍ക്കും മറ്റൊരാള്‍ക്കുമായി) രണ്ടുപേരുടെയും സുന്നത്ത് വീടുന്നതാണ്. അഖീഖതിന്റെ ഇറച്ചി വേവിച്ച് പാവങ്ങള്‍ക്ക് അവരുടെ വീടുകളില്‍ കൊണ്ടുപോയി കൊടുക്കുന്നതാണ് ഏറ്റവും ഉത്തമം.
അഖീഖയും പേരിടലും
പ്രസവിച്ച ഏഴാം ദിവസം കുട്ടികള്‍ക്ക് ‘അഖീഖ’ അറുക്കല്‍ സുന്നത്താകുന്നു. കുട്ടിക്ക് ചിലവ് കൊടുക്കാന്‍ ബാദ്ധ്യസ്ഥരാരോ അവരുടെ മേല്‍ തന്നെയാണ് ഇതിന്റെ ബാദ്ധ്യത. അവര്‍ക്കത് ബലമായ സുന്നത്താണ്. കുട്ടി ‘അഖീഖ’ക്ക് പണയം വെക്കപ്പെട്ടതാണ് എന്ന് ഒരു സ്വഹീഹായ ഹദീസില്‍ വന്നിരിക്കുന്നു.
ഈ ഹദീസിന്റെ വിശദീകരണത്തില്‍ അഖീഖ അറുത്ത കുട്ടികള്‍ വളരുന്നത് പോലെ അഖീഖ അറുക്കാത്ത കുട്ടികള്‍ വളരുകയില്ല എന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. അഖീഖ അറുക്കാത്ത കുട്ടികള്‍ മാതാപിതാക്കള്‍ക്ക് പരലോകത്തില്‍ വെച്ചു ശുപാര്‍ശ ചെയ്യുകയില്ലെന്നും പറയപ്പെട്ടിരിക്കുന്നു. പ്രസവിച്ചത് മുതല്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ ‘അഖീഖ’യുടെ ബാദ്ധ്യത മുന്‍പറഞ്ഞവര്‍ക്കാണ്. (പ്രായപൂര്‍ത്തിക്ക് ശേഷം ആ ബാദ്ധ്യത അവനിലേക്ക് തന്നെ നീങ്ങുന്നതാണ്.)
ആണ്‍കുഞ്ഞാണെങ്കില്‍ ‘ഉള്ഹിയ്യ’ത്തിന് മതിയാകുന്ന രണ്ടാടുകളേയും പെണ്‍കുഞ്ഞാണെങ്കില്‍ ഒരാടിനേയുമാണ് അറുക്കേണ്ടത്. (മറ്റ് മൃഗങ്ങളേയും അറുക്കല്‍ അനുവദനീയമാണ്.)
പ്രസവിച്ച ഏഴാം ദിവസം കുട്ടിയുടെ മുടികളയലും അന്നേ ദിവസം (മുടികളയുന്നതിന്ന് മുമ്പ്) അറുക്കലുമാണ് സുന്നത്ത്. ആ മുടിയുടെ തൂക്കം സ്വര്‍ണ്ണമോ വെള്ളിയോ ധര്‍മ്മം കൊടുക്കലും സുന്നത്താണ്. അറുക്കുമ്പോള്‍:
(അല്ലാഹുവിന്റെ നാമത്തില്‍ അല്ലാഹു മഹാനാണ്. അല്ലാഹുവേ! ഇത് നിനക്കും നിന്നിലേക്കുമുള്ളതാണ്. അല്ലാഹുവേ! ഇത് ഇന്നവന്റെ അഖീഖയാകുന്നു. ഇന്നവന്‍ എന്നു പറയുന്ന സ്ഥാനത്ത് പേര് പറയണം.) എന്ന് പറയല്‍ സുന്നത്താണ്.
എല്ലുകള്‍ പൊടിക്കാതെ കഷ്ണിച്ചുകൊടുക്കുന്നതും വയറ്റാട്ടിക്ക് ഒരു കൊറക് കൊടുക്കുന്നതും സുന്നത്താകുന്നു. അല്‍പം മധുരം ചേര്‍ത്തു വേവിച്ചു കൊടുക്കലാണ് പച്ച മാംസം കൊടുക്കുന്നതിലും ഉത്തമം.
സ്വന്തം എടുക്കലും, സാധുക്കള്‍ക്ക് വിതരണം ചെയ്യലും സൗജന്യമായി കൊടുക്കലും അനുവദനീയമാണ്- ഉള്ഹിയ്യത്തിന്റെ നിയമം തന്നെയാണ് ഇക്കാര്യത്തില്‍ അഖീഖക്കുള്ളത്. ഉള്ഹിയ്യത്തിന്റെ സുന്നത്തുകളെല്ലാം അഖീഖക്കും സുന്നത്താകുന്നു.
പ്രസവിച്ച ഏഴാം ദിവസം (അറവിന് മുമ്പ്) കുട്ടിക്ക് പേരിടല്‍ സുന്നത്താണ്.
ചാവ് കുട്ടിയായിരുന്നാലും പേരിടല്‍ സുന്നത്തുണ്ട്. അബ്ദുല്ല, അബ്ദുറഹ്മാന്‍ തുടങ്ങിയ പേരുകളാണ് ഉത്തമം. നബിമാരുടെ പേരും ആവാം. മാലിക്കുല്‍ മുലൂക്ക് (രാജാധിരാജന്‍) മുതലായ പേര് ഹറാമാകുന്നു...
പ്രസവിച്ച ഉടനെ കുഞ്ഞിന്റെ വലത്തെ ചെവിയില്‍ ബാങ്കും ഇടത്തെ ചെവിയില്‍ ഇഖാമത്തും കൊടുക്കല്‍ സുന്നത്താണ്. (പ്രസവിച്ച ഉടന്‍) കുട്ടിക്ക് മധുരം കൊടുക്കലും അത് തീ തൊടാത്ത സാധനമായിരിക്കലും മധുരം കൊടുക്കുന്നവര്‍ പുരുഷന്മാരില്‍ നിന്നുള്ള സദ്‌വൃത്തരോ പുരുഷന്മാരില്ലെങ്കില്‍ സ്ത്രീകളില്‍ നിന്നുള്ള സദ്‌വൃത്തരോ ആകലും സുന്നത്താണ്...