പ്രയാസങ്ങൾ സഹിക്കലും ക്ഷമ അവലംബിക്കലും സത്യവിശ്വാസിയുടെ ലക്ഷണമാണ്. അതുവഴി അവന് അളവറ്റ പ്രതിഫലമാണ് കരഗതമാകുന്നത്. ഒരു മുസ്ലിമിനെ ബാധിക്കുന്ന ഏതു ക്ഷീണവും, രോഗവും, ദുഃഖവും, സങ്കടവും, പീഡനവും, മനഃപ്രയാസവും, കാലിൽ തറച്ചു പോകുന്ന ഒരു മുള്ളുപോലുമുണ്ടല്ലോ അവ മുഖേനെ അവന്റെ പാപകൃത്യങ്ങളിൽനിന്ന് അല്ലാഹു ﷻ വിട്ടു പൊറുത്തു കൊടുക്കാതിരിക്കില്ല...
മാത്രമല്ല; ഇത്തരം വിപത്തുകൾ മുഖേന ക്ഷമാശീലരായ സത്യവിശ്വാസികൾക്ക് ഉന്നത പദവികളും ശ്രേഷ്ഠ സ്ഥാനങ്ങളും നേടിയെടുക്കാൻ സാധിക്കും. ഹത്വാഇബ്നുറബാഹ് (റ) ഉദ്ധരിക്കുന്നു : അദ്ദേഹത്തോട് അബ്ബാസ് (റ) ചോദിച്ചു: താങ്കൾക്ക് സ്വർഗാവകാശിയായ ഒരു സ്ത്രീയെ കാണിച്ച് തരട്ടെയോ..? അദ്ദേഹം പറഞ്ഞു: അതെ അപ്പോൾ ഒരു സ്ത്രീയെ ചൂണ്ടിക്കൊണ്ട് അബ്ബാസ് (റ) പറഞ്ഞു: ഈ കറുത്ത സ്ത്രീയാണ് ...
അവർ ഒരിക്കൽ പ്രവാചക സന്നിധിയിൽ വന്നു പറഞ്ഞു: നബിയേ, എനിക്ക് ചില ഘട്ടങ്ങളിൽ ബോധക്ഷയം സംഭവിക്കാറുണ്ട്. തദവസരത്തിൽ എന്റെ ഔറത്ത് വെളിവാകുന്നു. അതിനാൽ താങ്കൾ എനിക്കുവേണ്ടി അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുക പ്രസ്തുത സന്ദർഭത്തിൽ നബി ﷺ പറഞ്ഞു: നീ ക്ഷമിക്കുക അതാണ് ഉത്തമം. എന്നാൽ നിനക്ക് സ്വർഗമുണ്ട്. നിനക്ക് വേണമെങ്കിൽ രോഗം ശിഫയാവാൻ ഞാൻ പ്രാർത്ഥിക്കാം അപ്പോൾ ആ സ്ത്രീ പറഞ്ഞു: ഞാൻ ക്ഷമിക്കാം എന്റെ ഔറത്ത് വെളിവാകാതിരിക്കാൻ താങ്കൾ പ്രാർത്ഥിക്കുക നബി ﷺ അവരുടെ നിർദേശം പോലെ ദുആ ചെയ്തു...
(ബുഖാരി,മുസ്ലിം)
അർശസിന്റെ അസുഖമുള്ള ഒരാളോട് നബി ﷺ നിന്ന് നിസ്കരിക്കാൻ കൽപിച്ചു. അദ്ദേഹം നബിﷺയോട് പ്രാർത്ഥിക്കാനാവശ്യപ്പെട്ടു. നബി ﷺ പ്രാർത്ഥിച്ചു. അതുവരെ മലക്കുകൾ അദ്ദേഹത്തിനുവേണ്ടി പൊറുക്കലിനെ തേടിയിരുന്നു. രോഗം ശിഫയായപ്പോൾ മലക്കുകൾ അദ്ദേഹത്തെ വിട്ട് അകന്നുപോയി...
നബിﷺക്ക് ശക്തിയായി പനിക്കുന്ന സന്ദർഭത്തിൽ ഇബ്നു മസ്ഊദ് (റ) നബിﷺയുടെ സന്നിധിയിൽ വന്നു പറഞ്ഞു: നബിയെ, താങ്കൾക്ക് നല്ല പനിയുണ്ടല്ലോ നബി ﷺ പറഞ്ഞു: അതെ നിങ്ങൾക്ക് രണ്ടുപേർക്ക് പനിക്കുന്ന പനി എനിക്കുണ്ട് അപ്പോൾ ഇബ്നു മസ്ഊദ് (റ) ചോദിച്ചു: നബിയേ, താങ്കൾ പറഞ്ഞതുപോലെയാണ് കാര്യമെങ്കിൽ താങ്കൾക്ക് രണ്ടു പ്രതിഫലമുണ്ടാകുമോ..? നബി ﷺ പറഞ്ഞു: അതെ, കാര്യം അപ്രകാരമാണ്. ഒരു മുസ്ലിമിന് മുള്ള് തറക്കലോ, അതിലുപരിയായി രോഗമോ ബാധിച്ചാൽ അതുവഴി അവന്റെ പാപങ്ങൾ വൃക്ഷത്തിൽ നിന്ന് ഇലകൾ കൊഴിയുംപ്രകാരം കൊഴിഞ്ഞ് പോവുകയും ചെയ്തിട്ടില്ലാതെയില്ല
(ബുഖാരി,മുസ്ലിം )
ചെറിയ പനി മുതൽ ശരീരത്തിനനുഭവപ്പെടുന്ന ഏതു പ്രയാസങ്ങൾക്കും തക്കതായ പ്രതിഫലമുണ്ടെന്നതാണ് യാഥാർത്ഥ്യം. നബി ﷺ തങ്ങളോട് പ്ലേഗ് രോഗത്തെ സംബന്ധിച്ച് ആഇശ (റ) ചോദിച്ചു: നബിﷺതങ്ങൾ പറഞ്ഞു: നിശ്ചയം അതൊരു രോഗമാണ്. അല്ലാഹു ﷻ ഉദ്ദേശിച്ചവരുടെ മേൽ അവനത് നിയോഗിക്കും. സത്യവിശ്വാസികളുടെ മേൽ അത് അനുഗ്രഹമാണ്. ഒരു നാട്ടിൽ പ്ലേഗ് രോഗമുണ്ടായാൽ ക്ഷമിച്ചും അല്ലാഹുﷻവിന്റെ വിധിയിൽ വിശ്വസിച്ച് കഴിഞ്ഞുകൂടുകയും ചെയ്തവന് നൂറ് രക്തസാക്ഷിയുടെ കൂലിയുണ്ട് ...
(ബുഖാരി)
സുഖം നൽകപ്പെട്ടവർ പരീക്ഷണത്തിന് വിധേയമാക്കപ്പെട്ടവർക്ക് പ്രതിഫലം നൽകപ്പെടുന്നത് കാണുമ്പോൾ അന്ത്യനാളിൽ ഇങ്ങനെ ആശിച്ചു പോകും. അവരുടെ ചർമങ്ങൾ മുഴുക്കെ ഇരുമ്പിന്റെ കൊളുത്തുകൾ കൊണ്ട് കൊളുത്തിവലിക്കപ്പെട്ടിരുന്നെങ്കിൽ...
(തുർമുദി)
ഭൗതിക ലോകത്തെ ദുഃഖം, രോഗം, വിപത്ത് എന്നിവ പ്രതിഫലാർഹമാകുന്നു
(സഈദ് ബ്നു മൻസ്വൂർ)
ആപത്ത് സംഭവിക്കുമ്പോൾ വിധിയാണെന്ന് കരുതി സമാധാനിക്കുകയാണ് വേണ്ടത്. നബി ﷺ പറഞ്ഞു: അല്ലാഹു ﷻ വിധിച്ചതുകൊണ്ട് തൃപ്തിപ്പെടൽ മനുഷ്യന്റെ വിജയത്തിൽ പെട്ടതാണ്. അല്ലാഹുﷻവിന്റെ വിധിയിൽ അമർഷം പ്രകടിപ്പിക്കൽ പരാജയത്തിൽ പെട്ടതുമാകുന്നു...
(തുർമുദി)
മറ്റൊരു ഹദീസിൽ കാണാം : തന്റെ ആത്മമിത്രത്തെ ദുൻയാവാസികളിൽ നിന്ന് പിടിക്കപ്പെടുകയും പിന്നീടവൻ പ്രതിഫലം ആഗ്രഹിക്കുകയും ചെയ്തെങ്കിൽ അവന് സ്വർഗമല്ലാതെ പ്രതിഫലമില്ല
(ബുഖാരി)
പ്രയാസങ്ങളെക്കുറിച്ച് പരാതി പറഞ്ഞവരോട് തിരുനബി ﷺ പറഞ്ഞത് ഇപ്രകാരമാണ് എനിക്ക് മുമ്പേ വന്ന പ്രവാചകന്മാർ ഈർച്ച വാൾകൊണ്ട് ഈർന്നു മുറിക്കപ്പെട്ടിട്ടുണ്ട്
എന്നാൽ ഇന്ന് അൽപം മനഃപ്രയാസമോ ശാരീരിക ബുദ്ധിമുട്ടുകളോ മറ്റോ വരുമ്പോഴേക്ക് തളർന്നു പോവുകയാണ് മനുഷ്യൻ. ക്ഷമിക്കാനും സഹിക്കാനുമുള്ള ആർജവം ഇല്ലാതെ പോയിരിക്കുന്നു. വിധിയെ പഴിച്ച് അസ്വസ്ഥത പ്രകടിപ്പിക്കുകയാണ് മിക്കവരും. മനസ്സിന്റെ പിടിവള്ളി നഷ്ടപ്പെട്ട് ആത്മഹത്യയിൽ വരെ അഭയം തേടുന്നവരുണ്ട്. നിസാര പ്രശ്നങ്ങളുടെ പേരിൽ ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നവർ ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇവരിൽ സ്ത്രീകളും യുവാക്കളും വൃദ്ധന്മാരുമൊക്കെയുണ്ട്...
ദയാവധം അനുവദിക്കപ്പെടുന്നതിനു വേണ്ടിയുള്ള മുറവിളികളും ലോകത്ത് നടന്നു കൊണ്ടിരിക്കുന്നുണ്ട്. താലോലിച്ചു വളർത്തിയ സ്വപ്നങ്ങൾ തകരുമ്പോൾ പിടിച്ചു നിൽക്കാൻ കഴിയാതെ തളർന്നു വീഴുന്ന മനുഷ്യർ, അപ്രതീക്ഷിത ദുരന്തങ്ങൾ വേട്ടയാടുമ്പോൾ എല്ലാം ഇട്ടെറിയുന്നവർ, നമ്മുടെ ചുറ്റുപാടിൽ പോലും എത്രയോ നമുക്ക് കാണാനാകും. വിഷമ സന്ധികളിൽ അകപ്പെടുമ്പോൾ ചില വലിയ മനുഷ്യർ പോലും ദുഃഖഭാരം താങ്ങാനാവാതെ വിലപിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ അക്രമിക്കപ്പെട്ട സ്ഥലങ്ങളെയോർത്ത് വിൻസ്റ്റൻ ചർച്ചിൽ കരഞ്ഞുവത്രെ. നെപ്പോളിയൻ ഓർസ്റ്റേർ ലിസ്റ്റിസ് യുദ്ധം ജയിച്ചു എന്നറിഞ്ഞപ്പോൾ വില്യം പിറ്റ് വിലപിച്ചു. മൃതിയടഞ്ഞ തന്റെ സ്നേഹനിധിയായ ഭാര്യയെ ഓർത്ത് തോമസ് കാർലൈൻ കരയുമായിരുന്നത്രെ. ഇരുപതാം നൂറ്റാണ്ടിലെ വീര വിപ്ലവകാരി വി.ഐ ലെനിൻ താൻ വാത രോഗത്തിനടിമപ്പെട്ടപ്പോൾ ആത്മമിത്രമായ സ്റ്റാലിനോട് സയനൈഡ് ആവശ്യപ്പെട്ടുവെന്ന് ചരിത്രം...
നബി ﷺ പറഞ്ഞു: നിങ്ങൾക്കെത്തിയ വിഷമം മൂലം നിങ്ങൾ മരണത്തെ അഭിലഷിക്കരുത്. നിങ്ങൾക്ക് ഒഴിച്ചുകൂടാനാവില്ലെങ്കിൽ നിങ്ങൾ പ്രാർത്ഥിക്കുക അല്ലാഹുവേ, ജീവിതമാണ് ഖൈറെങ്കിൽ നീ എന്നെ ജീവിപ്പിക്കേണമേ.. മരണമാണ് ഖൈറെങ്കിൽ നീ എന്നെ മരിപ്പിക്കേണമേ ...
വിപത്തുകൊണ്ട് പരീക്ഷിക്കപ്പെടുന്നവൻ വിധിയെ പഴിക്കുകയല്ല, അതംഗീകരിക്കുകയാണ് വേണ്ടത്. കാരണം വിധിയെ പ്രതിരോധിക്കാൻ നമുക്കാവില്ല. ക്ഷമിച്ചിലും ഇല്ലെങ്കിലും സംഭവിക്കേണ്ടതൊക്കെ സംഭവിക്കും...
ആപത്ത് ബാധിച്ചവൻ (നിശ്ചയം നാം അല്ലാഹുﷻവിനുള്ളവരാകുന്നു നാം അല്ലാഹുﷻവിലേക്ക് മടങ്ങുന്നവരുമാണ് എന്റെ വിപത്തിൽ എനിക്ക് നീ പ്രതിഫലം നൽകുകയും ഇതിനേക്കാൾ ഉത്തമമായത് എനിക്ക് പകരം നൽകുകയും ചെയ്യേണമേ...) എന്ന് പ്രാർത്ഥിക്കണമെന്നാണ് തിരുനബി ﷺ പഠിപ്പിച്ചിട്ടുള്ളത്...
വിശുദ്ധ ഖുർആൻ പറയുന്നു: തങ്ങൾക്ക് വല്ല ആപത്തും ബാധിച്ചാൽ അവർ (ആ ക്ഷമാശീലർ) പറയുന്നത്, ഞങ്ങൾ അല്ലാഹുവിന്റെ അധീനത്തിലാണ് അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും...
(സൂറത്തുൽ:ബഖറ:156)
ഒരു സത്യവിശ്വാസിയുടെ അന്തരാളങ്ങളിൽ നിന്നും വരുന്ന വിധേയത്വത്തിന്റെയും സഹനത്തിന്റെയും ശബ്ദമാണിത്. സത്യവിശ്വാസിക്ക് മാത്രമേ പ്രസ്തുത വചനങ്ങൾ ആത്മാർത്ഥതയോടെ ഉരുവിടാനാകൂ.. ഏത് ചെറിയ വിപത്തിലും മേൽ ദിക്ർ ചൊല്ലൽ ഉത്തമമാണ്. ഒരു വിളക്ക് കെട്ടാൽ പോലും ഇത് ചൊല്ലണമെന്നാണ് പ്രവാചക പാഠം. പ്രസിദ്ധ പണ്ഡിതനായ ഇമാം ശാഫിഈ (റ) ഒരു കവിതയിൽ വ്യക്തമാക്കുന്നു കാലത്തെ തോന്നിയതൊക്കെ / ചെയ്യാൻ നീ വിട്ടേക്കൂ/ വിധിയുടെ തീരുമാനം സംതൃപ്തിയോടെ സ്വീകരിക്കൂ ...