Wednesday - 22 April, 2026 4-Dhu al-Qadah-1447

പുതുനാരിയുടെ വ്യാകുലതകൾ

എനിക്കിവിടെ സുഖം തന്നെയാണ് എന്ന് പറയുമ്പോഴും  അസ്വസ്ഥ കലുഷമായിരുന്നു നജ്മയുടെ മനസ്സ്... 


 വലിയ പ്രതീക്ഷയോടെയാണാ വീട്ടിലേക്ക് കാലെടുത്ത് വെച്ചത്. ഏതൊരു പെണ്ണിനെയും പോലെ തന്നെ വർഷങ്ങളുടെ കാത്തിരിപ്പ്. അതിനൊടുവിലാണ്  സ്വപ്നസാഫല്യമുണ്ടായത്. പിന്നെ ഭാവി ജീവിതത്തെ കുറിച്ചുള്ള ചിന്തകളായിരുന്നു. മനസ്സ് നിറയെ പ്രതീക്ഷകളുടെ ചിറകിലേറി പ്രത്യാശകളുടെയും. ഭർത്താവിന്റെ സ്നേഹലോകത്തെ സിംഹാസനം, ഭർതൃവീട്ടിലെ മഹാറാണി പട്ടം, അങ്ങനെ മോഹങ്ങൾ മനോമുകരത്തിൽ കൂടുകൂട്ടി... 


 എന്നാൽ പുതിയ ലോകത്ത് പ്രവേശിച്ചപ്പോൾ അവൾക്ക് മനംപുരട്ടി. സ്വപ്നക്കൂടുകൾ തകർന്നു. ചിന്തകളുടെ സ്വപ്നാടനം അവസാനിച്ചു. അങ്ങനെ പറന്നുയരാൻ വെമ്പിയ പക്ഷി ചിറകറ്റ് വീണു.  ഇത് ഒറ്റപ്പെട്ട സംഭവമല്ല. തളർന്ന് വീണ ഇണക്കുരുവികളുടെ ഗദ്ഗദങ്ങൾ നമുക്കെവിടെയും കേൾക്കാം. അവയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ പാടുപെടുന്നവരുടെ വനരോദനങ്ങളും... 


 ദാമ്പത്യ ജീവിതത്തിന്റെ സുന്ദരവല്ലരികൾ അതിത്രപെട്ടെന്ന് കരിഞ്ഞ് പോകുന്നതെന്ത് കൊണ്ടാണ്..? ഭർതൃവീട്ടിലെ രാജകുമാരിയായ പുതുപെണ്ണ് അവളിത്ര വേഗം തന്റെ കിരീടവും അലങ്കാരങ്ങളും അഴിച്ചുവെക്കുന്നതെന്ത്കൊണ്ട്..? വിടരുന്നതിന് മുമ്പെ കൊഴിഞ്ഞു വീഴുക, എത്ര ദയനീയമാണത്..? ഭർത്താവ്, കുടുംബങ്ങൾ തുടങ്ങി പലരേയും അവൾക്ക് പ്രതിചേർക്കാം അവർക്ക് തിരിച്ചും, എന്നാൽ അടർന്ന് വീഴുന്നത് തന്റെ ജീവിതമാണെന്ന് മനസ്സിലാക്കണം. ഉരുകിയൊലിക്കുന്നത് തന്റെ മാനസാന്തരമാണെന്നും. തുടങ്ങുന്നതിന് മുമ്പെ ജീവിതം മടുക്കരുത്. കൊഴിഞ്ഞു വീണ പൂക്കളിൽ മധുനുകരാനും എത്തണമെന്നില്ല...


 വിവാഹാനന്തരം പെണ്ണിന്റെ ലോകം ഭർതൃ വീടാണ്. ഭർത്താവ്, അവൾ, ഭർതൃസഹോദരിമാർ, മാതാപിതാക്കൾ തുടങ്ങി പലരുമടങ്ങുന്ന വലിയൊരു സാമ്രാജ്യമാണത്. ആദ്യനാളുകളിൽ പരിചിതമല്ലാത്ത മുഖങ്ങളാണ് ഇവിടെ. പിടികിട്ടാത്ത പല വ്യക്തിത്വങ്ങളും ചിര പരിചിതമായ ലോകത്ത് നിന്ന് ഒരു പറിച്ചു നടൽ. തീർത്തും അപരിചിതമായ മറ്റൊരു ലോകത്തേക്ക് വിവാഹത്തോടെ സംഭവിക്കന്നതിതാണ്. ഇവിടെ സങ്കീർണ്ണതകളുടെ കുരുക്കഴിക്കണം. അതിന് ബുദ്ധിയും വിവേകവും ഉപയോഗിക്കണം. ശ്രദ്ധയോടെ കാര്യങ്ങൾ നടത്തണം. എന്നാൽ പലർക്കും ഇതിനാവുന്നില്ല...


 പുതുപെണ്ണിന്റെ നടപ്പ്, ഇരിപ്പ്, വേഷം, ഭാഷ, പെരുമാറ്റം എല്ലാം ശ്രദ്ധിക്കപ്പെടുന്ന വേളയാണിത്. കുറ്റങ്ങളും കുറവുകളും കണ്ടെത്താനായിരിക്കും പലരും ശ്രമിക്കുക. ഗുണകാംക്ഷികളും കൂട്ടത്തിലുണ്ടാവാം...


 ഇന്നലെ കേറിവന്ന പെണ്ണ് അവൾക്ക് വീട്ടിൽ സ്ഥാനം ലഭിക്കുക, വീട്ടിലെ മറ്റു പെണ്ണുങ്ങൾക്ക് പലപ്പോഴും സഹിക്കാവുന്നതിലുമപ്പുറമായിരിക്കും. അപ്പോഴാണ് പെണ്ണുങ്ങളുടെ വീറും വാശിയും കുരുട്ടും പ്രകടമാവുക. സഹികെട്ട് പുതുപെണ്ണ് തിരിച്ചടിച്ചാലോ..? അവൾ അഹങ്കാരിയായി. കെങ്കേമമായി. തറവാട് മുടിക്കാൻ വന്നവളായി. ഈ പോരടിക്കൽ സഹചമായ സ്ത്രീ സ്വഭാവമാണ്. ഇവിടെ മാന്യതയും അന്തസ്സും കൈവിടാതെ സൂക്ഷിക്കണം.  അതാണ് ബുദ്ധിയുള്ള പെണ്ണിന്റെ ധർമ്മം...


 സ്വന്തം ജന്മവീട്ടിലല്ല താൻ ആ ബോധം അവൾക്കുണ്ടാവണം. വീടൊന്ന് ഓർത്ത് നോക്കൂ, അവിടെ തന്റേതായ ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കാം, അഭിപ്രായങ്ങൾ തുറന്ന് പറയാം, സ്വച്ഛന്ദമായി പ്രവർത്തിക്കാം, സ്വൈര്യമായി കഴിഞ്ഞു കൂടാം, എന്നാൽ ഇതൊക്കെ മറ്റൊരു വീട്ടിലായാലോ..? അതുൾക്കൊള്ളാൻ ആ വീട്ടുകാർ തയ്യാറാകുമോ..?  ഇല്ലെന്ന് തന്നെയല്ലേ ഉത്തരം. സ്വന്തം വീട്ടിൽ  കേറി വന്ന ഒരുവൾ ഇങ്ങനെയൊക്കെയായാൽ നാം അതുൾക്കൊള്ളുമോ..?


 അമ്മായുമ്മ - മരുമകൾ ദ്വന്ദയുദ്ധങ്ങൾ അതാണ് ചില ഭർതൃ വീടുകളിലെ മറ്റൊരു വില്ലൻ. ഇന്നലെ വരെ മകന്റെ പൂർണ്ണ സ്നേഹം ഉമ്മാക്ക് ലഭിച്ചു. ഇന്ന് ഭാര്യ അത് പകുത്തെടുത്തിരിക്കുന്നു. ഒരുമ്മയ്ക്ക് ഇതിലുമപ്പുറം ഈർഷ്യതക്ക് എന്തുവേണം..? ഇവിടെ ഉമ്മയുടെ തെറ്റിദ്ധാരണ നീക്കണം. മകനും മരുമകൾക്കും തന്നെയാണിതിന് കഴിയുക. സ്നേഹം കൊണ്ട് ഉമ്മയെ കീഴടക്കണം...


 എന്നാൽ മരുമകളായിരിക്കെ താനനുഭവിച്ച പീഡനങ്ങൾക്ക് പ്രതികാരമെന്നോളം തന്റെ മരുമകൾക്കു നേരെ വാളെടുക്കുന്ന അമ്മായുമ്മമാരുണ്ട്. ബുദ്ധിപരമായി കരുക്കൾ നീക്കി നോക്കൂ എങ്കിൽ ആരെയും നമുക്ക് കീഴടക്കാം. ഏത് പ്രശ്നവും അതിജയിക്കാം. മറിച്ചാണെങ്കിലോ..? പൊട്ടിത്തെറിയായിരിക്കും അനന്തരഫലം...    


 പെൺകുട്ടികൾ വളർന്ന് വരുമ്പോൾ മാതാപിതാക്കളുടെ മനസ്സിൽ ആധിയാണ്. മക്കളെ എങ്ങനെ കെട്ടിച്ചയക്കുമെന്ന ചിന്ത. നല്ലൊരുത്തന് പിടിച്ചു കൊടുക്കാൻ അനുഭവിക്കുന്ന പെടാപാട് ചില്ലറയല്ല. ഇങ്ങനെ കഷ്ടപ്പെട്ട് കെട്ടിച്ചയയ്ക്കുന്ന മകൾ ഒരു ദിനം തിരിച്ചു വന്നാലോ..? ആ രക്ഷിതാക്കളുടെ വേദന എന്തായിരിക്കും..?  ഭർതൃ വീട്ടിൽ കുറച്ചൊക്കെ കഷ്ടപ്പെടണം. പ്രയാസങ്ങൾ സഹിക്കണം. ക്ഷമ കൈകൊള്ളണം. ചെറിയൊരു പ്രശ്നമുണ്ടാകുമ്പോഴേക്ക് എല്ലാം ഇട്ടേച്ച് തിരിച്ചു പോരുന്നത് ഭൂഷണമല്ല. ഈ ചിന്ത രക്ഷിതാക്കൾക്കുമുണ്ടാവണം. മകളുടെ സുഖസൗകര്യങ്ങൾ മാത്രം കണ്ണ് വെക്കരുത്. സഹിക്കാനും കഷ്ടപ


്പെടാനും അവരെ പഠിപ്പിക്കണം. എന്നാൽ ദൗർഭാഗ്യകരമെന്ന്  പറയട്ടെ മിക്ക രക്ഷിതാക്കളുടെയും സ്ഥിതി മറിച്ചാണ്. മകൾ ഭർതൃ വീട് തൃപ്തിപ്പെട്ടാലും മാതാപിതാക്കൾ തൃപ്തരാകുന്നില്ല. മകൾ  ഭർതൃവീട്ടിൽ വെള്ളം ചുമക്കുന്നത് മാതാവിന് ഇഷ്ടപ്പെടുന്നില്ല. പ്രിയ പുത്രി വീട്ടുവേലകൾ ചെയ്യുന്നത് പിതാവിന് സഹിക്കുന്നില്ല. ഇതേക്കുറിച്ച് ചൂഴ്ന്നന്വേഷിച്ച് മക്കളിൽ സമ്മർദ്ദമുണ്ടാക്കുന്നു. മാതാപിതാക്കളുടെ ഈ രീതിശാസ്ത്രം നന്നല്ല. ഗുണത്തേക്കാൾ ദോഷമാണത് വരുത്തിവെക്കുക. ഒരുപക്ഷെ മകളുടെ ഭാവി നഷ്ടപ്പെടുകയായിരിക്കും അന്തരഫലം. ഇഹത്തിൽ മാത്രമല്ല പരത്തിലും മക്കൾക്ക് ഗുണകരമായ വിദ്യയും വിവേകവും പകർന്നു കൊടുക്കുക. സഹനവും ക്ഷമാശീലവും പഠിപ്പിക്കുക. മാതൃകാ മഹിളകളുടെ പാത പിന്തുടരാൻ പ്രോത്സാഹിപ്പിക്കുക. ഇതൊക്കെയാണ് ബുദ്ധിയുള്ള രക്ഷിതാവിന് കരണീയം...


 ഭർതൃവീട്ടിൽ കഷ്ടപ്പെടുന്ന ഭാര്യക്ക് പ്രതിഫലത്തിന്റെ കൂമ്പാരങ്ങൾ തന്നെ പ്രവാചകൻ ﷺ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യാൻ അവൾ പാത്രം അടുപ്പത്ത് വെച്ചാൽ ഭൂമുഖത്തുള്ളവരുടെ എണ്ണം കണ്ട് അവൾക്ക് പ്രതിഫലം കിട്ടും. ഉള്ളിമുറിക്കുമ്പോൾ പൊടിയുന്ന കണ്ണീർകണങ്ങൾ നിമിത്തം അല്ലാഹുﷻവിനെ ഭയപ്പെട്ടു കരഞ്ഞവരുടെ പ്രതിഫലം ലഭിക്കും എന്നെല്ലാം ഹദീസുകളിൽ വന്നിട്ടുണ്ട്. പ്രവാചകന്റെ പ്രിയ പുത്രിയാണല്ലോ ഫാത്വിമ  (റ) അവർ ആസുകല്ല് തിരിച്ച് കൈയിൽ തഴമ്പ് പൊട്ടിയിരുന്നു. തീ ഊതിക്കത്തിച്ചതിനാൽ വസ്ത്രങ്ങളിൽ പുക പിടിച്ചിരുന്നു. തോൽപാത്രത്തിൽ വെള്ളം ചുമന്നത് കാരണം നെഞ്ചിൽ തഴമ്പ് വന്നിരുന്നു. ഇമാം ഗസ്സാലി (റ)യുടെ ഇഹ്യാ ഉലുമുദ്ദീനിൽ രേഖപ്പെടുത്തപ്പെട്ട ചരിത്ര വസ്തുതയാണിവയെല്ലാം...


 ഭർത്താവിന് ഭാര്യ ചെയ്തു കൊടുക്കേണ്ട കടമകളും കുറവല്ല. അവന്റെ ഭക്ഷണം, വസ്ത്രം, ഉറക്കം തുടങ്ങിയ ദൈനംദിന കാര്യങ്ങളിൽ ഭാര്യയുടെ ശ്രദ്ധയുണ്ടാവണം. ഭർത്താവിനെ പരിചരിക്കുന്നതിലാണവളുടെ വിജയം. പ്രവാചകൻ ﷺ പറഞ്ഞു:  ഏതെങ്കിലും ഒരു സ്ത്രീ മരണപ്പെട്ടാൽ, ഭർത്താവ് അവളെക്കുറിച്ച് സംതൃപ്തനാണെങ്കിൽ അവൾ സ്വർഗത്തിൽ പ്രവേശിച്ചു. ഭർത്താവിനോടുള്ള അനുസരണയില്ലായ്മയും അവൻ ചെയ്ത ഉപകാരങ്ങൾക്ക് നന്ദി കാണിക്കാതിരിക്കുകയും ചെയ്യുന്ന സ്ത്രീകൾ നരകവാസികളായിരിക്കും... 

  (ഹദീസ്)


 ഉമാമ ബിൻത് ഹാരിസ് എന്ന അറബ് വനിത തന്റെ മകൾക്ക് നൽകിയ ദീർഘമായ ഉപദേശം ആരംഭിക്കുന്നതിങ്ങനെയാണ്...


എന്റെ പ്രിയപ്പെട്ട മകളേ.... നീ വളർന്ന, നീ നടക്കാൻ പഠിച്ച വീട്ടിൽ നിന്ന് നീ അറിയാത്ത, നിനക്ക് പരിചയമില്ലാത്ത ഒരു കൂട്ടുകാരനിലേക്ക് നീ പോവുകയാണ്. ആ കൂട്ടുകാരനെ ഇണയാക്കുന്നതിലൂടെ അദ്ദേഹം നിന്റെ യജമാനനായി മാറുകയാണ്. അതുകൊണ്ട് ഭർത്താവിന് വേണ്ടവിധം നീ സേവനം ചെയ്യുക. അപ്പോൾ അദ്ദേഹം നിനക്ക് വേണ്ടിയും സേവനം ചെയ്യും. ഇത് ഇന്നത്തെ മാതാപിതാക്കൾക്ക് പാഠമാണ്...