Wednesday - 22 April, 2026 4-Dhu al-Qadah-1447

നമ്മുടെ പെൺമക്കൾ എങ്ങനെ പുരനിറയാതിരിക്കും ..?

നട്ടുച്ച സമയം കത്തിനിൽക്കുന്ന സൂര്യൻ, പൊള്ളുന്ന മീനച്ചൂടിനെ വകവെക്കാതെയാണ് സുഹൃത്തുമൊത്ത് ആ വീട്ടിൽ കയറി ചെല്ലുന്നത്. സങ്കൽപ്പത്തിനുമപ്പുറം വളരെ ചെറിയൊരു വീട്. ഇടിഞ്ഞു പൊളിഞ്ഞ മൺ ഭിത്തികൾ... 


 പാതി തുറന്നിട്ട വാതിൽ തള്ളിമാറ്റി അകത്ത് കയറി. ഉദ്ദേശ്യം മറ്റൊന്നുമായിരുന്നില്ല, സുഹൃത്തിന് പെണ്ണ് കാണാൻ തന്നെ. ചടങ്ങ് തീർത്ത് പുറത്തിറങ്ങുന്ന സുഹൃത്തിന്റെ മുഖത്ത് നിറഞ്ഞ സംതൃപ്തി. യാത്ര പറഞ്ഞ് പുറപ്പെടാൻ നേരം വല്യുമ്മയുടെ പതിഞ്ഞ സ്വരം 

 "ഞങ്ങളിനി ഓളെ ആർക്കും കാണിച്ചൊട്ക്ക്ണില്ലാന്ന് വിചാരിച്ചതാ ഒക്കെ പെരപറ്റാഞ്ഞിട്ട് പോവ്വ്വാണ് " 

 കടുത്ത നിരാശ കലർന്നിരുന്നു അവരുടെ സ്വരത്തിൽ. ദിനം പ്രതിയെന്നോളം വിവാഹാന്വേഷകരെത്തുന്നുണ്ടവിടെ. പക്ഷെ കൊച്ചുവീട് വിനയാകുന്നു. അവൾക്കൊരു ജീവിതം നൽകണമെന്ന സുഹൃത്തിന്റെ ഉറച്ച തീരുമാനത്തോടെയാണ് ഞങ്ങളവിടം വിട്ടത്...


 അന്വേഷണങ്ങൾ നടന്നു. എല്ലാം ശുഭം. എന്നാൽ പെട്ടെന്നാണ് കാര്യങ്ങൾ കുഴഞ്ഞ് മറിഞ്ഞത് "ചെക്കന്റെ വീട്ടിൽ വേണ്ടത്ര വെള്ള സൗകര്യമില്ലത്രെ" അതോടെ പറന്നുയരാൻ വെമ്പിയ ഒരു സ്വപ്ന പക്ഷി ഒരിക്കൽ കൂടി ചിറകറ്റു വീണു...


 ഇത് ഒറ്റപ്പെട്ട സംഗതിയല്ല. നമ്മുടെ ചുറ്റുവട്ടത്തേക്കൊന്ന് കണ്ണോടിച്ച് നോക്കൂ, ഇത്തരത്തിൽ നിരവധി സംഭവങ്ങൾ കാണാം. എത്രയെത്ര വിവാഹാലോചനകളാണ് പാതിവഴിയിൽ അവസാനിക്കുന്നത്..? അതും ചില്ലറ പ്രശ്നങ്ങളുടെ പേരിൽ. കെട്ടാൻ പോകുന്നവന്റെ വീട്ടിലെ പോരായ്മകൾ അല്ലെങ്കിൽ പെൺവീട്ടിലെ പോരിശക്കുറവ്...


 കാണാൻ ചെല്ലുന്ന പെണ്ണുങ്ങളുണ്ടാക്കുന്ന പൊല്ലാപ്പാണധികവും. പെണ്ണിന്റെ അടിമുടി ഇവിടെ പരിശോധനയ്ക്ക് വിധേയമാക്കും. പല്ലിന്റെ ഏറ്റക്കുറച്ചിൽ മുതൽ കാലിന്റടിയിലെ വെളുപ്പ് വരെ ചികഞ്ഞ് നോക്കും. കണ്ടു പിടിക്കും കുറ്റങ്ങളും കുറവുകളും. കുഴപ്പങ്ങളൊന്നുമില്ല എന്നിരിക്കട്ടെ, തങ്ങളെ മെരുക്കാൻ പോന്ന പെൺകൊടിയല്ല അവളെന്ന് തികച്ചും ബോധ്യപ്പെടുക കൂടി വേണം... പെണ്ണുങ്ങളുടെ കുശാഗ്രബുദ്ധി വൈഭവവും കുടില മനസ്കതയും ഒരേ സമയം പ്രകടമാകുന്ന സമയമാണിത്... 


ചെക്ക ന്റെ വീട്ടിലേത്തുന്ന പെണ്ണുങ്ങളുടെ അവസ്ഥയോ..? വീട്ടിലെ സൗകര്യങ്ങളാണവർക്ക് പ്രധാനം. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മോട്ടോർ തുടങ്ങി അടുക്കളയിലെ പപ്പടക്കോലിൽ വരെ ഇവരുടെ ശ്രദ്ധ പതിയും. മെയ്യനങ്ങാതെ സുഖിച്ചിരിക്കണം. അതിനുതകുന്ന എന്തെല്ലാമുണ്ടോ അതൊക്കെയും വേണം. കൂടാതെ വിവാഹ പ്രായമെത്തിയ  നാത്തൂന്മാരുടെ ലിസ്റ്റ്, മാറിത്താമസിക്കുന്ന ജ്വേഷ്ഠാനുജന്മാരുടെ കണക്ക്, തുടങ്ങി എന്തെല്ലാം പട്ടികയാണ് ഇവർക്ക് കിട്ടേണ്ടത്. ഒന്ന് പിഴച്ചാൽ മതി സംഗതി കുളമാകാൻ... ഇവ്വിധമാണ് പോക്കെങ്കിൽ നമ്മുടെ പെൺമക്കളുടെ കാര്യം കഷ്ടം തന്നെ...


 പെൺകുട്ടികൾ വളർന്നു വരുമ്പോൾ ഏതൊരു രക്ഷിതാവിന്റെയും മനസ്സിൽ തീക്കനലാണ്. അടിക്കടി വർദ്ധിച്ച് വരുന്ന സ്ത്രീധന തുകയോർത്ത് വേവലാതിപ്പെടുകയാണ്. സ്ത്രീധന തുകയെല്ലാം ഒരുക്കി കാത്തിരിക്കുന്നവരുമുണ്ട്. അവരും ഈ മനുഃക്ലേശത്തിൽ നിന്ന് മുക്തരല്ല. അനുയോജ്യമായ ഒരാളെ കിട്ടണമെങ്കിലുള്ള ഗതികേട് തന്നെ...


 അല്ലാഹുﷻവിന്റെ കൃപയും ഭാഗ്യവും തന്നെ  വേണം. ധനവും മറ്റെല്ലാമുണ്ടെങ്കിൽ തന്നെ നല്ലൊരുത്തനെ കിട്ടണമെങ്കിൽ. ചുരുക്കത്തിൽ പെൺമക്കൾ കുടിയിറങ്ങുന്നത് വരെ മാതാപിതാക്കളുടെ നെഞ്ചിൽ നെരിപ്പോട് തന്നെ. ഇങ്ങനെയൊക്കെയാണെങ്കിലും ഈ മാതാപിതാക്കൾ തന്നെ പലപ്പോഴും വിവാഹത്തിന് വിലങ്ങു തടിയാകുന്നു. അതും വളരെ ചെറിയ കുറവുകളുടെ പേരിൽ. അതൊരിക്കലും നീതീകരിക്കാനാവില്ല...


 തങ്ങളുടെ പെൺ മക്കൾ ഒരിക്കലും ബുദ്ധിമുട്ടരുത്. അവർ കയറിച്ചെല്ലുന്നിടം സുഖ സമ്പൂർണ്ണമായിരിക്കണം ഏതൊരു രക്ഷിതാവിന്റെയും ആഗ്രഹമാണിത്. തികച്ചും സ്വാഭാവികമാണീ ആഗ്രഹം. " മൂത്ത പെൺകുട്ടി തന്നെ ഏറെ അനുഭവിച്ചു. ഇളയതിനെങ്കിലും ആ ഗതി വരരുത് " - ഒരുമ്മയുടെ മോനോഗതമാണിത്. എന്നാൽ സ്വാഭാവിക അഭിലാഷണത്തിനപ്പുറമുള്ള യാഥാർത്ഥ്യങ്ങളെ വിസ്മരിക്കരുതല്ലോ, കഷ്ടപ്പാടുകളും പ്രയാസങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. എന്നും സുഖസന്തോഷത്തോടെ ജീവിക്കുക എന്നത് ആർക്കും സാധ്യമല്ല. സുഖ-ദുഃഖ സമ്മിശ്രമാണ് ജീവിതം. ഏറ്റക്കുറച്ചിലുകളുണ്ടാവാം. മാത്രമല്ല; സ്വന്തം വീട്ടിലെ സുഖവും സന്തോഷവും മറ്റൊരു വീട്ടിൽ ലഭിക്കണമെന്നില്ല. സ്വഭവനത്തിന്റെ ഗൃഹാതുരത്വം മറ്റെവിടെയും ലഭ്യമല്ല.


 കളിച്ചുല്ലസിച്ച വീട്, പരിസരം, വിവാഹത്തോടെ ഒരുവളെ ഇതിൽ നിന്നെല്ലാം പറിച്ചു നടപ്പെടുകയാണ്. അൽപം നോവും വേവും അപ്പോൾ സ്വാഭാവികമാണ്. എത്ര വലിയ സൗകര്യങ്ങൾ ലഭിച്ചാലും സ്വന്തം വീട്ടിലെ അനുഭൂതിയും ആശ്വാസവും ലഭിച്ചുകൊള്ളണമെന്നില്ല. ഇവിടെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാണ് ഒരുവൾ പഠിക്കേണ്ടത്. രക്ഷിതാക്കൾ പറഞ്ഞു കൊടുക്കേണ്ടതും അതാണ്...

ഉമാമ ബിൻത് അൽഹാരിസ് എന്ന അറബ് വനിത തന്റെ പ്രിയപ്പെട്ട മകൾ ഉമ്മു ഇയാസ് ബിൻത് ഔഫിന് നൽകിയ ഉപദേശങ്ങൾ നമുക്ക് പാഠമാണ്. ഭർതൃ ഗൃഹത്തിൽ ചെയ്യേണ്ട സേവനങ്ങളെക്കുറിച്ച് തന്റെ പ്രിയമകളെ ബോധവതിയാക്കുകയാണാ മാതാവ്...


 അല്ലാതെ ഭർതൃവീട്ടിലെ പോരായ്മകളിൽ അതൃപ്തി പൂണ്ട് വിവാഹത്തിന് വിലങ്ങ് തീർക്കുന്നത് തികച്ചും അപരാധമാണ്. സ്വന്തം പെൺകുട്ടികളോട് കാണിക്കുന്ന അനീതി പെൺകുട്ടികൾ പലപ്പോഴും നിസ്സഹായരായിരിക്കും ഇവിടെ. അവരുടെ അഭിപ്രായം ആരായുക പോലുമില്ല ചില രക്ഷിതാക്കൾ. എന്നാൽ, "എനിക്കാവീട് തന്നെ മതിയെന്ന് " പറയാൻ ചങ്കൂറ്റം കാണിക്കുന്ന ചില പെൺകുട്ടികളുണ്ട്. അവരെ അഭിനന്ദിക്കുക തന്നെ വേണം...


 സ്ത്രീധനം മൂലം പെൺകുട്ടികൾ കണ്ണീര് കുടിക്കുന്നുവെന്നത് നേരാണ്. എന്നാൽ മറ്റുവഴിയിലൂടെ നോവനുഭവിക്കുന്നത് ഇതിന്റെ നാലിരട്ടിയെങ്കിലും വരും. സ്ത്രീധനം പെരുപ്പിച്ച് കാട്ടി പുരുഷന്മാരെ ക്രൂശിക്കാൻ നൂറ് നാവാണ് നമ്മുടെ ചില പെണ്ണുങ്ങൾക്ക്. അത്തരക്കാരുടെ നാക്കുകൾ ഇത്തരം വിഷയങ്ങൾ വരുമ്പോൾ ഉൾ വലിയുന്നത് കാണാം. സ്ത്രീധനത്തേക്കാൾ വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുകയാണിത്. പരസ്പരം ഇഷ്ടപ്പെട്ട രണ്ട് മനസ്സുകളെ പച്ചയിൽ പറിച്ച് മാറ്റപ്പെടുകയാണിവിടെ. ഒരു കന്നി പ്രസവത്തിന്റെ നോവെങ്കിലും അതിനുണ്ടെന്ന് പറഞ്ഞാൽ മങ്കമാർ അതു പുഛിച്ചു തള്ളുമായിരിക്കും. ഒന്നല്ല; ഒരായിരം പെൺകുട്ടികൾ ഇത്തരം നിസ്സാര പ്രശ്നങ്ങളുടെ പേരിൽ ഇടനെഞ്ച് പൊട്ടിക്കഴിയുന്നുണ്ട്. അത് ബന്ധപ്പെട്ടവർ മനസ്സിലാക്കിയാൽ നന്ന്. ഒളിച്ചോടുന്ന പെൺമക്കളിൽ ഇത്തരക്കാരില്ലെന്ന് ആർക്ക് പറയാനാകും.


 ഭർതൃവീട്ടിലെ ചില്ലറ പോരായ്മകളൊക്കെ സഹിച്ച് ജീവിക്കുക അതാണ് ഭാര്യക്ക് കരണീയം. അതിന് വമ്പിച്ച പ്രതിഫലമാണുള്ളത്. സ്വഹാബി വനിതകളും മറ്റും കഷ്ടപ്പാടുകൾക്ക് നടുവിലാണ് ജീവിതം നയിച്ചത്. ഫാത്വിമ (റ) ആസ്കല്ല് തിരിച്ച് കൈയിൽ തഴമ്പ് പിടിച്ചിരുന്നതായും, തീ ഊതിക്കത്തിച്ചതിനാൽ വസ്ത്രങ്ങൾ പുക പിടിച്ചിരുന്നതായും, തോൽപാത്രത്തിൽ വെള്ളം ചുമന്ന് വന്നത് നിമിത്തം നെഞ്ച് തഴമ്പ് പിടിച്ചതായും ഇമാം ഗസ്സാലി (റ) തന്റെ ഇഹ് യാ ഉലൂമുദ്ദീനിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


 ഭക്ഷണം പാകം ചെയ്യാൻ അവൾ പാത്രം അടുപ്പത്ത് വെച്ചാൽ ഭൂമുഖത്തുള്ളവരുടെ എണ്ണം കണ്ട് അവൾക്ക് പ്രതിഫലം കിട്ടുന്നതും, ഉള്ളി മുറിക്കുമ്പോൾ പൊടിയുന്ന കണ്ണീർ കണങ്ങൾ നിമിത്തം അല്ലാഹുﷻവിനെ ഭയപ്പെട്ട് കരഞ്ഞവരുടെ പ്രതിഫലം കിട്ടുമെന്നും ഹദീസുകളിൽ വന്നിട്ടുണ്ട്...


മറ്റൊരു ഹദീസിൽ കാണാം:  "കുറഞ്ഞതായാലും ഭർത്താവ് നൽകുന്നത് കൊണ്ട് തൃപ്തിപ്പെടാത്തവളെ അവൾ ഒരു നബിയുടെ മകളായിരുന്നാലും അല്ലാഹു ﷻ തൃപ്തിപ്പെടുകയില്ല..."


 ഭർത്താവിന്റെ മൂർദ്ദാവ് മുതൽ പാദം വരെ ചീഞ്ഞളിഞ്ഞ് ചലം വരികയും അതവൾ ഊമ്പിക്കുടിക്കുകയും ചെയ്താൽ പോലും ഭർത്താവിനോടുള്ള കടമ അവൾ നിർവ്വഹിച്ചവളാവുകയില്ല എന്ന് പ്രവാചകൻ ﷺ അരുളിയിട്ടുണ്ട് ...


 രക്ഷിതാക്കൾ ഉണർന്ന് ചിന്തിക്കേണ്ട സമയമാണിത്. തങ്ങളുടെ പെൺകുട്ടികൾ സുഖാഢംബരങ്ങളുടെ നടുവിലേക്ക് കയറിച്ചെല്ലണമെന്ന പിടിവാശി ഒരിക്കലും ഭൂഷണമല്ല. പ്രവാചകൻ ﷺ യുടെ ഉപരിസൂചിത വാക്യങ്ങൾ ശ്രദ്ധിച്ച് ഒരാവർത്തി കൂടി വായിക്കുക. ഭർത്താവിനെ പരിചരിക്കുകയും വേണ്ടുന്നതെല്ലാം തത്സമയം നിറവേറ്റിക്കൊടുക്കേണ്ടവളുമാണവൾ. ചടഞ്ഞിരുന്ന് സ്വപ്നം കാണാനല്ല ഭർതൃ വീട്ടിലേക്കവൾ കയറിച്ചെല്ലുന്നത്. പിന്നെന്തിന് നിസ്സാര സൗകര്യക്കുറവുകളുടെ പേരിൽ കൂടിച്ചേരുന്ന ബന്ധങ്ങളെ വേണ്ടെന്ന് വെക്കണം..? 


ഒരു വീണ്ടുവിചാരത്തിന് നാം തയ്യാറാവുക...


Similar Posts

മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
രഹസ്യങ്ങള്‍ രഹസ്യമായിരിക്കട്ടെ
നമ്മുടെ നബി മുഹമ്മദ് മുസ്തഫ ﷺ ചരിത്രം : മുഖവുര
നമ്മുടെ ഉമ്മ, ഉമ്മുൽ മുഹ്മിനീൻ
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
വേലക്കാരിയല്ല, സഹധര്‍മിണിയാവണം ഭാര്യ
മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?
വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍
ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ ..?