وَالْوَالِدَاتُ يُرْضِعْنَ أَوْلَادَهُنَّ حَوْلَيْنِ كَامِلَيْنِ لِمَنْ أَرَادَ أَنْ يُتِمَّ الرَّضَاعَةَ ( البقرة : 233 )
അല്ലാഹുതആല പറയുന്നു :
മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കാണ് ഇത്...
മുലപ്പാല്‍ നല്‍കുന്നതിനെ സംബന്ധിച്ചുള്ള വികലമായ ചിന്താധാരകളെ കുറിച്ച് നാം അറിയുകയുണ്ടായി. മുലപ്പാല്‍ നല്‍കുന്നതിലെ പ്രാധാന്യം ഉയര്‍ത്തി കാട്ടിയ മതമാണ് ഇസ്‌ലാം. മഹാനായ ഇബ്‌നു ഹജറുല്‍ ഹൈതമി (റ) രേഖപ്പെടുത്തുന്നതായി കാണാം, മുലകൊടുക്കാന്‍ വേറെ പെണ്ണുണ്ടെങ്കിലും ശരി മാതാവിനെ സംബന്ധിച്ചിടത്തോളം കുട്ടിക്ക് ലബഅ് (പ്രസവിച്ച ഉടനെ ഉണ്ടാകുന്ന പാല്‍) കൊടുക്കല്‍ നിര്‍ബന്ധമാണ്. സാധാരണയില്‍ കുട്ടിക്ക് ലബഅ് കൊടുത്തില്ലെങ്കില്‍ ആ കുട്ടിക്ക് ശക്തി ലഭിക്കുകയില്ല. ആ പാലിന്റെ സമയം കുറച്ച് സമയം മാത്രമേ ഉള്ളൂ. അതിന്റെ സമയ പരിധിയെ കുറിച്ച് അറിയുന്ന ആളുകള്‍ പറയുന്നതാണ് കൂടുതല്‍ പരിഗണിക്കേണ്ടത്...
( الفتاوي الكبري / ابن حجر الهيتمي )
ഫത്ഹുല്‍ മുഈനില്‍ രേഖപ്പെടുത്തുന്നു :
മാതാപിതാക്കള്‍ ഇരുവരും തൃപ്തിപ്പെട്ടല്ലാതെ രണ്ട് വയസ്സ് തികയുന്നതിനു മുമ്പ് കുട്ടിയുടെ മുലകുടി നിര്‍ത്താന്‍ പാടില്ല. കുട്ടിക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ രണ്ട് വയസ്സിനു മുമ്പും ഇരുവരുടെയും തൃപ്തിയോടെ മുലയൂട്ടല്‍ നിര്‍ത്താം. രണ്ട് വയസ്സിന് ശേഷം ഏകപക്ഷീയമായി തന്നെ നിര്‍ത്താം. കുട്ടിക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ രണ്ട് വര്‍ഷത്തിലേറെയും മുലകൊടുക്കാവുന്നതാണ്. എന്നാല്‍ ആവശ്യമില്ലാതെ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ മുലകൊടുക്കാതിരിക്കലാണ് സുന്നത്ത് എന്നാണ് ഇമാം ഹന്ന്വാത്വി (റ) ഫത്വ നല്‍കിയിട്ടുള്ളത്...
ആയത് കൊണ്ട് രണ്ട് വയസ്സ് വരെ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കല്‍ ഒരു മാതാവിന് അനിവാര്യമായ കാര്യമാണ്...
സ്തനങ്ങളിൽ പാമ്പ് കൊത്തിയ ചരിത്രം :
ഇബ്‌നു ഖുസൈമ, ഇബ്‌നു ഹിബ്ബാന്‍ എന്നീ രണ്ടു പേര്‍ തങ്ങളുടെ സ്വഹീഹില്‍ അബീ ഉമാമത്ത് (റ)നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം...
ഒരിക്കല്‍ മുത്ത്‌നബി ﷺ ഉറക്കത്തിലായിരുന്നു. അപ്പോഴതാ രണ്ട് യുവാക്കള്‍ നബിﷺയുടെ അടുത്ത് വന്ന്, രണ്ട് തോളും കൈയ്യും പിടിച്ചുയര്‍ത്തി. എന്നിട്ട് അവര്‍ നബിﷺയെ കയറാന്‍ പ്രയാസമുള്ള ഒരു പര്‍വ്വതത്തിന്റെ അരികിലെത്തിച്ചു. നബിﷺയോടവര്‍ ആ ചെങ്കുത്തായ പര്‍വ്വതമുകളില്‍ കയറുവാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ നബി ﷺ അശക്തത പ്രകടിപ്പിച്ചു. പര്‍വ്വതം കയറാന്‍ തങ്ങളും സഹകരിക്കുമെന്ന് ആ യുവാക്കള്‍ നബിﷺയെ അറിയച്ചപ്പോള്‍ നബി ﷺ പര്‍വ്വതമുകളിലേക്ക് പതിയെ കയറാന്‍ തുടങ്ങി. ഏകദേശം പകുതിയോളം കയറിപ്പോഴാതാ ഘോരമായ ശബ്ദം നബിﷺയുടെ കര്‍ണ്ണപുടങ്ങളിലേക്ക് ഇരച്ചു കയറി. ആവലാതി പൂണ്ട് നബി ﷺ കാര്യം ചികഞ്ഞു. അത് നരകവാസികള്‍ ശിക്ഷകളേറ്റ് ആര്‍ത്തട്ടഹസിക്കുന്ന ശബ്ദമാണെന്നവര്‍ നബിﷺയെ അറിയിച്ചു...
വീണ്ടും നബിﷺയെ മുകളിലേക്ക് ആനയിക്കപ്പെട്ടു. അപ്പോഴതാ.., വായകള്‍ കീറി മുറിച്ചു രക്തം ഒലിക്കുന്ന ആശ്ചര്യജനകമായ ഒരു ജനവിഭാഗത്തെ നബിﷺയുടെ ദൃഷ്ടിയില്‍ പതിയുകയാണ്... നബി ﷺ ചോദിച്ചു: "ഇവര്‍ ആരാണ്..?" അവര്‍ പറഞ്ഞു: "സമയമാകുന്നതിന്റെ മുമ്പ് നോമ്പ് തുറന്നവരാണ്."
വീണ്ടും നബി ﷺ മുകളിലേക്ക് നടക്കുകയാണ്. അപ്പോഴതാ..., ദുര്‍ഗന്ധം വമിക്കുന്ന കണ്ടാല്‍ വെറുപ്പുളവാക്കുന്ന വികൃത മുഖങ്ങളുള്ള ഒരു ജനതയെ നബി ﷺ കാണുന്നു. ചോദിച്ചു; "ഇവര്‍ ആരാണ്..?" പറഞ്ഞു: "ഇവര്‍ നിഷേധികളില്‍ നിന്ന് കൊല്ലപ്പെട്ടവരാണ്..."
വീണ്ടും നബി ﷺ മറ്റൊരു ജനവിഭാഗത്തെ സമീപിക്കുന്നു, കുപ്പത്തൊട്ടിയോട് സാദൃശ്യമുള്ള ചീഞ്ഞളിഞ്ഞ ദുര്‍ഗന്ധം വമിക്കുന്ന വാസനയാണ് അവര്‍ക്കുണ്ടായിരുന്നത്. ഇവര്‍ വ്യഭിചരിക്കുന്ന സ്ത്രീകളും പുരുഷന്മാരുമാരുമാണെന്ന് നബിﷺക്ക് അറിയാന്‍ സാധിച്ചു...
പിന്നീട് ഒരു പറ്റം സ്ത്രീകളെയാണ് കാണാന്‍ കഴിഞ്ഞത്...
അവരുടെ സ്തനങ്ങളെ പാമ്പുകള്‍ കൊത്തുന്നുണ്ട്. ഇക്കൂട്ടരെ കുറിച്ച് നബി ﷺ ആരാഞ്ഞപ്പോള്‍ ആ യുവാക്കള്‍ പറഞ്ഞു: * "മക്കള്‍ക്ക് മുലപ്പാല് തടഞ്ഞവരാണിവര്‍..."*
(الزواجر عن اقتراف الكبائر /ابن حجر المكي الهيتمي )
ചുരുക്കത്തില്‍, സൗന്ദര്യം നഷ്ടപ്പെടുമെന്ന് കരുതി കുട്ടികൾക്കു മുലപ്പാല്‍ നൽകുന്നത് തടയുന്നവർ ഈ ചരിത്രം ഉൾകൊള്ളണം. മുലപ്പാൽ നല്‍കുന്നതിന് വലിയ മഹത്വമാണ് ഇസ്‌ലാം കല്‍പ്പിച്ചിട്ടുള്ളത്. മുലയൂട്ടുന്ന കുട്ടികള്‍ക്ക് ബുദ്ധി ശക്തി കൂടുതലാകുമെന്നും മദ്ധ്യകര്‍ണ്ണത്തിലെ അണുബാധയും ജലദോഷവും കുട്ടിക്കാലത്ത് തുടങ്ങുന്ന പ്രമേഹവും ആസ്തമയും എക്‌സീമ എന്ന ത്വക്ക് രോഗവും മുലയൂട്ടപ്പെടുന്ന കുട്ടികളില്‍ കുറവായിരിക്കുമെന്നും മറ്റു നേട്ടങ്ങളും ശാസ്ത്രം ഇതിനകം തെളിയക്കപ്പെട്ടത്, 1400 വര്‍ഷങ്ങള്‍ക്കപ്പുറം ഇസ്‌ലാം പറഞ്ഞുവെച്ചത് അക്ഷരാര്‍ത്ഥത്തില്‍ ലോകം അംഗീകരിക്കുകയായിരുന്നെന്ന് പറയാം...
അല്ലാഹു ﷻ നമ്മുടെ മക്കൾക്ക് ശക്തിയും ബുദ്ധിയും തന്റേടവും നൽകട്ടെ-
ആമീൻ യാ റബ്ബൽ ആലമീൻ