ഗൾഫ് നാടുകളിലും കേരളത്തിലും വ്രതം ആരംഭിക്കുന്ന കാര്യത്തിൽ പലപ്പോഴും ഒരു ദിവസത്തെ വ്യത്യാസമുണ്ടാവാറുണ്ടല്ലോ.. ഗൾഫിൽ ഒരു ദിവസം നേരത്തെ വ്രതം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ ഗൾഫിൽ മുപ്പത് വ്രതമെടുക്കുന്ന വ്യക്തി കേരളത്തിലേക്ക് യാത്ര പുറപ്പെടുന്നു. അവിടെയെത്തുമ്പോൾ മുപ്പതാമത് വ്രതത്തിന്റെ ദിവസമാണ്. അയാൾ എന്ത് ചെയ്യണം..? മുപ്പത്തി ഒന്നാമത്തെ വ്രതമനുഷ്ഠിക്കണമോ..?, അതോ സ്വന്തമായി പെരുന്നാൾ ആഘോഷിക്കാമോ..?
മുപ്പത് ദിവസം ഗൾഫിൽ വ്രതമനുഷ്ഠിച്ച ഒരാൾ കേരളത്തിലെത്തുമ്പോൾ വ്രതത്തിന്റെയും പെരുന്നാളിന്റെയും കാര്യത്തിൽ കേരള മുസ്ലിംകളെയാണ് പിന്തുടരേണ്ടത്. അവർക്ക് വ്രതമാണെങ്കിൽ അയാളും വ്രതമെടുക്കേണ്ടതാണ്. അവർ പെരുന്നാൾ ആഘോഷിക്കുമ്പോഴാണ് അയാളും പെരുന്നാൾ ആഘോഷിക്കേണ്ടത്...
കാരണം.., റമളാൻ വ്രതവും പെരുന്നാളാഘോഷവും സംഘടിത സ്വഭാവമുള്ള ആരാധനാകർമങ്ങളാണ്. ഈ വസ്തുതയിലേക്ക് വെളിച്ചം വീശി പ്രവാചകൻ ﷺ പ്രഖ്യാപിച്ചു: "നിങ്ങൾ (സമൂഹം) വ്രതമനുഷ്ഠിക്കുന്ന ദിവസമാണ് വ്രതം. അവസാനിപ്പിക്കേണ്ടത് നിങ്ങൾ അവസാനിപ്പിക്കുന്ന ദിവസവും."
നബി ﷺ പ്രസ്താവിച്ചതായി ആഇശ (റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്: "ഈദുൽഫിത്ർ ആഘോഷിക്കേണ്ടത് ജനങ്ങൾ ഈദുൽ ഫിത്ർ ആഘോഷിക്കുന്ന ദിവസമാണ്. ബലിപെരുന്നാൾ ആഘോഷിക്കേണ്ടത് ജനങ്ങൾ ബലിപെരുന്നാൾ ആഘോഷിക്കുന്ന ദിവസവും..." (തിർമിദി)
ഈ അവസ്ഥയിൽ ഒരു ദിവസത്തെ വ്രതം കൂടുതൽ അനുഷ്ഠിക്കേണ്ടി വരുന്ന വ്യക്തിക്ക് അല്ലാഹു അതിന്റെ പേരിൽ കൂടുതൽ പ്രതിഫലം നൽകുന്നതാണ്...