"വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ..."
എവിടെ നിന്നോ കേട്ട വരികൾ... സിനിമാ പാട്ടെങ്കിലും അർത്ഥ സമ്പുഷ്ടം. നമ്മുടെ സഹോദരിമാരുടെ കാര്യമെടുക്കൂ, അവരെക്കുറിച്ചാണതെന്ന് തോന്നും...
വസ്ത്ര സാമ്രാജ്യങ്ങൾ, അതാണിന്ന് അവരുടെ വിഹാര കേന്ദ്രങ്ങൾ...
വർണ വൈവിധ്യങ്ങളടങ്ങിയ വസ്ത്രാലങ്കാരം അതവർക്ക് ഹരമാണിന്ന്. ഫാഷനുകൾ ദിനംപ്രതി മാറുന്നു. അതിനനുസരിച്ച് നമ്മുടെ സഹോദരിമാരും ഇടക്കിടെ ഷോപ്പിംഗ്. അതും ആഴ്ചയിൽ രണ്ടും മൂന്നും തവണ. ഇഷ്ടപ്പെട്ടതെല്ലാം വാരിക്കൂട്ടുന്നു. ആവശ്യത്തിനുമപ്പുറം. എല്ലാം ലേറ്റസ്റ്റ് മോഡൽ...
ആഘോഷദിനങ്ങളിലാണെങ്കിലോ..?ഷോപ്പിംഗ് പൊടിപൊടിക്കും. പണം വാരിയെറിയും. പകരം മാനം പണയംവെക്കും. ഇവിടെ യാതൊരു വിവേചനവുമില്ല. ലവലേശം പോലും. ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ...
പുതിയ ലോകത്തെ സ്ത്രീക്ക് നാണം നഷ്ടപ്പെട്ടിരിക്കുന്നു. അവളുടെ മാനം വിലപേശപ്പെടുന്നു. അദബും അച്ചടക്കവും അവൾ വലിച്ചെറിഞ്ഞു. പഴയ നാണംകുണുങ്ങികളല്ല അവർ. നാടും നാഗരവും നാണമില്ലാതെ തെണ്ടുന്നവരായിരിക്കുന്നു. ലജ്ജ അവൾക്ക് അന്തസിന്റെ ചിഹ്നമല്ല. പാതിവ്രത്യം പ്രതാപത്തിന്റെ ലക്ഷണവുമല്ല. പകരമോ..?
പ്രദർശന പരത സ്റ്റാറ്റസിന്റെ സിംബലായി. ഉപഭോഗം സംസ്കാരമായി. സ്വയം നിയന്ത്രിക്കേണ്ടവളാണ് സ്ത്രീകൾ. എന്നാൽ മറ്റാരോ അവരെ നിയന്ത്രിക്കുന്നു. വർണപ്പകിട്ടുള്ള വസ്ത്രങ്ങൾ അവളുടെ ഏറ്റവും വലിയ ബലഹീനതയാണിന്ന്. വസ്ത്രമാളികകൾ സ്ത്രീകളെക്കൊണ്ട് നിറയുന്നു. വസ്ത്രങ്ങളെക്കുറിച്ചുള്ള അവരുടെ പരിജ്ഞാനം കടക്കാരെവരെ അത്ഭുതപ്പെടുത്തുന്നു. മാറുന്ന ഫാഷനുകൾക്ക് പിന്നാലെ നെട്ടോട്ടമോടുകയാണവർ...
ചില വൻകിട വസ്ത്ര നിർമാതാക്കളുടെ ഏറ്റവും വലിയ ഇര സ്ത്രീയാണ്. അവർ പരമാവധി ചൂഷണം ചെയ്യപ്പെടുന്നു. അവളുടെ ഇഷ്ടങ്ങളിൽ അവർ കൈകടത്തുന്നു. സ്ത്രീ ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് കോർപറേറ്റ് കമ്പനികളാണ്. സ്ത്രീയുടേത് ലോല മനസാണ്. അത് മുതലെടുത്ത് പണം ഊറ്റിക്കുടിക്കുന്നു. മഹത്തായ സംസ്കാരം കുഴിച്ചു മൂടുന്നു...
മാന്യതയും അന്തസുമുള്ള വസ്ത്രമായിരുന്നു നമ്മുടെ വേഷം. അത് നാമിന്ന് വലിച്ചെറിഞ്ഞു. അല്ല, നമ്മളെക്കൊണ്ട് വലിച്ചെറിയിച്ചു. പകരം കിട്ടിയതോ..? പാശ്ചാത്യന്റെ ചീഞ്ഞളിഞ്ഞ വേഷവിധാനവും. അവർക്കാവട്ടെ ഒരു വെടിക്ക് രണ്ടു പക്ഷി. ഒന്നാമതായി തങ്ങളുടെ ഉൽപന്നങ്ങൾക്ക് ഉയർന്ന മാർക്കറ്റ്. രണ്ടാമതായി മഹത്തായ ഒരു സംസ്കാരത്തിന്റെ ശവദാഹം. ഇതിലുമപ്പുറം അവർക്കെന്തുവേണം..?
1929 ൽ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും വിപണന വിദഗ്ധനുമായ ക്രിസ്റ്റിൻ ഫ്രെഡറിക് മിസ്സിസ് കൺസ്യൂമർ എന്നൊരു പുസ്തകമെഴുതി. അതായത് ശ്രീമതി, ഉപഭോക്താവ് വൻകിട കമ്പനികൾ അവരുടെ വിപണന തന്ത്രങ്ങൾ എങ്ങനെ ആവിഷ്കരിക്കുന്നു എന്ന് അതിൽ തുറന്നു കാട്ടുന്നു. Born to shop (വാങ്ങാനായി ജനിച്ചവർ) ഇങ്ങനെയാണ് സ്ത്രീകളെ അദ്ദേഹം പരിചയപ്പെടുത്തുന്നത്. എത്രമാത്രം അനുയോജ്യമാണീ വിശേഷണം. കടം വാങ്ങിയും കണ്ണിൽ കണ്ടതൊക്കെ നമ്മുടെ സഹോദരിമാർ വാങ്ങിക്കൂട്ടുന്നു. പണം സൂക്ഷിച്ചുവെക്കുന്നതിലും വലിയ അസ്വസ്ഥത അവർക്കെന്തുണ്ട്..?
ഗൾഫ് ഭാര്യമാരുടെ കാര്യമാണ് പരമ ദയനീയം. ഭർത്താവ് ചോര നീരാക്കി അദ്ധ്വാനിക്കുന്നു. മണലാരണ്യത്തിൽ ഉരുകിത്തീരുന്നു. കാണാക്കാട്ടിൽ ഒട്ടകത്തെ തെളിക്കുന്നു. അങ്ങനെ കിട്ടുന്ന ധനമൊക്കെയും നാട്ടിലേക്ക് അയക്കുന്നു തന്നിൽ പ്രതീക്ഷയർപ്പിക്കുന്നവർക്കുവേണ്ടി. അതുകൊണ്ടാണ് ഭാര്യമാർ വീട്ടിൽ വസ്ത്രങ്ങളുടെ പെരുമഴ പെയ്യിക്കുന്നത്. അതും യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ...
ഷോപ്പിംഗിന്റെ പേരിലാണ് സ്ത്രീ അധികവും ഇന്ന് പുറത്തിറങ്ങുന്നത്. യാത്ര പലപ്പോഴും ഒറ്റക്കുതന്നെ. അതും നിർഭയം. ഏത് വാഹനത്തിലും ആരുടെ കൂടെയും സഞ്ചരിക്കും. ഷോപ്പിംഗ് മാളുകളിലെയും നഗരങ്ങളിലെയും അവസ്ഥയോ..? അന്യപുരുഷന്മാരെ തൊട്ടുരുമ്മാനും തിക്കിത്തിരക്കാനും യാതൊരു മടിയുമില്ല. യാത്രക്കുള്ള സമയം, സന്ദർഭം ഇതൊന്നും ഇന്ന് ഒരു പ്രശ്നമല്ല. അങ്ങാടികളിൽ ഏത് സമയത്തും അലഞ്ഞുതിരിയുന്നു. നട്ടുച്ചയും നട്ടപ്പാതിരയും ഒന്നു തന്നെ പ്രശ്നമല്ല. വീട്ടിൽ തിരിച്ചെത്തുന്നതും പലപ്പോഴും അസമയത്ത്. ചോദ്യം ചെയ്യാനും ശ്രദ്ധിക്കാനും ആളില്ലെങ്കിൽ എങ്ങനെയുമാവാമല്ലോ.. അണുകുടുംബം നൽകിയ ഓരോരോ സൗകര്യങ്ങൾ...
വാനിറ്റി ബാഗുമായി പടിയിറങ്ങി ഊരു ചുറ്റുന്ന ഈ സമ്പ്രദായം സ്ത്രീകൾക്ക് ഗുണകരമല്ല. വിശുദ്ധ ഇസ്ലാം അതിന്റെ ഭവിഷ്യത്തുകൾ മുൻകൂട്ടി കണ്ടിട്ടുണ്ട്. നബി ﷺ പറഞ്ഞു: "സ്ത്രീ മുഴുവനും ഔറത്താണ് അവൾ പുറത്തിറങ്ങിയാൽ പിശാച് അവളിൽ കണ്ണുവെക്കും"
(തുർമുദി)
വളരുന്ന തലമുറ മുമ്പേ പറഞ്ഞതിൽ നിന്നൊട്ടും പിറകിലല്ല. കാലത്തിനൊപ്പം കോലം കെട്ടാൻ അവരും മിടുക്കികൾ തന്നെ. മുതിർന്നവർ തന്നെയാണല്ലോ അവരുടെ വലിയ മാതൃക. എന്നാൽ ഇതിലൊന്നും താൽപര്യമില്ലാത്ത മക്കളാണെങ്കിലോ..? അഥവാ, ഫാഷനോട് അറപ്പും വെറുപ്പുമുള്ളവർ... ഉമ്മയും വല്യുമ്മയും കൂടി അവളെ ആക്ഷേപിക്കും. ആ കിറുക്കൻ വസ്ത്രം ധരിക്കാൻ നിർബന്ധിക്കും. പാവം അവൾ ധരിക്കുകയല്ലാതെ എന്തു ചെയ്യാൻ..?
മാതാപിതാക്കൾ മക്കൾക്ക് അദബ് പഠിപ്പിക്കണം. അവരുടെ വഴിവിട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കണം. അങ്ങനെ മക്കൾ ഇരുവീട്ടിലും ഉപകരിക്കണം. ഈ വഴിക്കാണ് സഹോദരിമാരുടെ ശ്രദ്ധ തിരിയേണ്ടത്...
നമ്മുടെ വസ്ത്രധാരണം ഇസ്ലാമികമാവണം. അല്ലാത്തവ ആപത്ത് ക്ഷണിച്ചു വരുത്തും. ചെറിയ കുട്ടികളുടെ കാര്യത്തിൽവരെ ഇതുണ്ടാവണം. അതുപോലെത്തന്നെ അഴിഞ്ഞാട്ടവും നിയന്ത്രിക്കണം. അങ്ങാടികൾ തെണ്ടുന്നത് ഭൂഷണമല്ല...
അബൂഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്നു. നബി ﷺ പറഞ്ഞു: "രണ്ടു വിഭാഗം നരകവാസികളുണ്ട്. ഞാൻ അവരെ കണ്ടിട്ടില്ല. പശുവിന്റെ വാലുപോലെയുള്ള ചാട്ടവാറുകൾ കൊണ്ട് ജനങ്ങളെ അടിക്കുന്നവരാണ് ഒരു വിഭാഗം. മറ്റേ വിഭാഗം ഒട്ടകങ്ങളുടെ പൂഞ്ഞ പോലേ തങ്ങളുടെ ശിരസ്സുകളെ അങ്ങോട്ടുമിങ്ങോട്ടും ചായ്ക്കുന്നവരും, അന്യരെ ആകർഷിക്കുന്നവരുമായ വസ്ത്ര ധാരികളും. എന്നാൽ നഗ്നകളുമായ സ്ത്രീകളാണ് അവർ. സ്വർഗത്തിൽ കടക്കുകയോ, നാഴികകളോളം അടിച്ചുവീശുന്ന സ്വർഗത്തിന്റെ പരിമളം പോലും അവർക്ക് ലഭിക്കുകയോ ഇല്ല..."
(മുസ്ലിം)
മോഡേൺ വേഷങ്ങളിൽ അന്തസ് കാണേണ്ടവരല്ല നാം. മാന്യമായ വസ്ത്രങ്ങളാണ് നമുക്ക് അഭികാമ്യം. അതിലാണ് നമ്മുടെ അന്തസ്. മുന്തിയ വസ്ത്രം ധരിക്കാൻ കഴിവുള്ളതോടുകൂടി, വിനയത്തോടെ മിതമായ നിലയിലുള്ള വസ്ത്രം ധരിച്ചവനെ, ഇഷ്ടമുള്ളവ ധരിക്കാൻ അല്ലാഹു ﷻ അന്ത്യനാളിൽ വിളിക്കുന്നതാണ്...
(തുർമുദി)
റഹ്മാനായ റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ