Saturday - 13 June, 2026 26-Dhu al-Hijjah-1447

നമ്മുടെ മതബോധം തകരുന്നുവോ ..?

    നാം കേരളീയരാണ്. ഇസ്ലാമിക മതാത്മക സംസ്കൃതിയെ ലോകത്ത് ഏറ്റവും കൂടുതൽ വാരിപ്പുണരുന്നവർ എന്നാണ് പറയപ്പെടാറുള്ളത്...


 പ്രവാചകൻ ﷺ യുടെ കാലത്ത് തന്നെ വിശുദ്ധ ഇസ്ലാമിന്റെ സുന്ദരമായ ആദർശം മാറ്റിത്തിരുത്തലുകൾ വിധേയമാകാതെ ഇവിടെ പ്രചരിപ്പിക്കപ്പെട്ടുവെന്നതാണ് ഇതിന് ഹേതുകമായി ഉയർത്തിക്കാട്ടുന്നത്. എന്നിട്ട് കേരളം ഖൈറുല്ല യാണെന്ന് നാമും ദൈവത്തിന്റെ സ്വന്തം നാടാണെന്ന് മറ്റുള്ളവരും ഉച്ചത്തിൽ ഊറ്റംകൊള്ളാറുണ്ട്... 


 ഇതര സംസ്ഥാനങ്ങളുടെ കണക്കുകൾ നിരത്തി നമ്മുടെ ഉയർച്ച ഉയർത്തിക്കാട്ടാൻ നാം പലപ്പോഴും ശ്രമിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ദീനീ പ്രബോധന പ്രവർത്തങ്ങളുടെയും ചാർട്ട് നിരത്തി നമ്മുടെ ആത്മീയ ബോധത്തെ നാം അളക്കുന്നു. മദ്റസയിൽ പോകുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ മുന്നിൽ നിർത്തി സമൂഹത്തിന്റെ മതസ്വീകരണത്തിന് വേറെ തെളിവുകൾ നിരത്താതെ നാം ചമ്രം പടിഞ്ഞിരുന്ന് അഭിമാനപുളകിതരാകുന്നു. വാസ്തവത്തിൽ ഉപരിപ്ലവങ്ങളായ  പ്രവർത്തനങ്ങൾ മുഴുവനും മതകീയ അക്കൗണ്ടിൽ ചേർത്തി സായൂജ്യമടയുകയല്ലേ നാം ചെയ്തുകൊണ്ടിരിക്കുന്നത്..?


 പാരമ്പര്യത്തെ യാന്ത്രികമായി പിന്തുടരുന്നുവെന്നതിലപ്പുറം നാം കാണുന്ന ഈ പ്രകടനങ്ങൾക്ക്  ആന്തരിക സൗന്ദര്യവും ആത്മാവുമുണ്ടോ..? അവയുടെ അകക്കാമ്പൊന്ന് ചികഞ്ഞു നോക്കാൻ ഈ നെട്ടോട്ടത്തിനിടെയിൽ ആരെങ്കിലും ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടോ..? ഒലിവെള്ളത്തിലെ പൊങ്ങുതടികൾ  കണക്കെയുള്ള ഈ പ്രയാണം എന്തുകൊണ്ട് നമ്മെ ഒരിക്കലെങ്കിലും വ്യാകുലപ്പെടുത്തുന്നില്ല..?  

ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണിവ... 


 മതവിദ്യയുടെ പ്രസരണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കിടക്ക് സമൂഹത്തിലേക്ക് ഒരു തവണയെങ്കിലും ഒന്നെത്തിനോക്കാൻ സമയം കണ്ടെത്തേണ്ടതുണ്ട്. നാം ചെലവിടുന്ന അധ്വാനത്തിനും വിഭവങ്ങൾക്കും അനുസൃതമായ ഫലം സമൂഹത്തിൽ പ്രതിഫലിക്കുന്നുണ്ടോ എന്നറിയാൻ... 


 മതവിദ്യ സമൂഹത്തിൽ എന്തുമാത്രം സ്വാധീനം ചെലുത്തുന്നുവെന്ന് ചെറുതായെങ്കിലും നിരീക്ഷിക്കപ്പെടേണ്ട  സന്ദർഭമാണിത്. മുന്നോട്ടുള്ള നമ്മുടെ പ്രയാണത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്താൻ അതു നമ്മെ സഹായിക്കുമെന്നത് തീർച്ചയാണ്. അത്തരം ഒരു എളിയ നിരീക്ഷണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്...  


 മോഷണം, പിടിച്ചുപറി, കൊലപാതകം തുടങ്ങി സകല വേണ്ടാ വൃത്തികളിലും മുസ്ലിംകൾ കൂടുതൽ സാന്നിധ്യമറിയിക്കുന്നതാണ് വർത്തമാന കാലത്ത് കാണാനാവുന്നത്. അരുതായ്മകളിൽ പിടിക്കപ്പെട്ട് പത്രത്തിൽ അച്ചടിച്ചു വരുന്ന ഫോട്ടോകളിൽ ഏറിയ പങ്കും സമുദായത്തിന്റെ വക്താക്കളാണ്...


 പിഞ്ചുബാലികയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊന്ന കാമപിശാചുക്കളുടെ വാർത്തകൾ ശ്രദ്ധിച്ചു നോക്കിയാൽ ഒരു മുസ്ലിം ടച്ച് അതിലും നമുക്ക് കാണാനാകും. മദ്യപാനം, ലഹരി ഉപയോഗം തുടങ്ങിയവയിൽ സമുദായാംഗങ്ങൾ അതിവേഗം റിക്കാർഡ് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വിശേഷ ദിനങ്ങളിൽ തൊട്ടടുത്ത വിദേശ മദ്യഷാപ്പുകളിൽ പോയി നോക്കൂ റോഡ് വരെ നീണ്ട ക്യൂവിൽ സമുദായാംഗങ്ങളുടെ നീണ്ട നിര തന്നെ നമുക്ക് കാണാനാകും. മുസ്ലിം മുഴുകുടിയനായി മാറുന്നതാണ് ഇന്നിന്റെ ചിത്രം...


 പ്രകൃതി വിരുദ്ധ ലൈംഗികതയും, പരസ്ത്രീ ബന്ധവും മുസ്ലിം ഏരിയകളിൽ നിന്നും കൂടുതൽ വാർത്തകൾ സൃഷ്ടിക്കുന്നുണ്ട്.  നട്ടപ്പാതിരാക്കും എന്തിനേറെ പട്ടാപ്പകൽ പോലും അന്യസ്ത്രീയോട് അഭിരമിക്കാൻ തെല്ലും ലജ്ജയോ കുറ്റബോധമോ തോന്നാത്ത ഒരു വിഭാഗം സദാ വിലസി നടക്കുന്നു. കാമുകനുമൊത്ത് ഒളിച്ചോടുന്ന മങ്കമാരിൽ ഒരു മഹാഭൂരിപക്ഷം നമ്മുടെ സഹോദരിമാണെന്നത് വിസ്മരിക്കാനാവില്ല. ചെറിയ ക്ലാസുകളിലെ പെൺകുട്ടികൾ മുതൽ മൂന്നും നാലും മക്കളുള്ള യുവതികളും മധ്യവയസ്കരുമൊക്കെയുണ്ട് ഈ ഒളിച്ചോടുന്നവരിൽ...  


 ഇക്കാലമത്രയും മഹാപാപമായി കരുതിപ്പോന്ന ആത്മഹത്യയിലും നാം ദ്രുതഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിസാര കാരണങ്ങൾ മതി ഇന്ന് വിലപ്പെട്ട ജീവൻ ത്യജിക്കാൻ. അല്ലാഹുﷻവിന്റെ  ഖദ്ർ ഖളാഇ ലുള്ള വിശ്വാസം നമുക്കെന്നോ നഷ്ടപ്പെട്ടു. മതകീയ സിംബലുകളോടും ആചാരങ്ങളോടും സമൂഹത്തിന് അറപ്പും വെറുപ്പും പുച്ഛവുമാണിന്ന്. പകരം പാശ്ചാത്യന്റെ ചീഞ്ഞളിഞ്ഞ സംസ്കാരത്തോട് ആഭിമുഖ്യം വർധിച്ചു. അനുകരണമെന്ന മഹാമാരി തലക്ക് പിടിച്ച് എന്തൊക്കെയോ സമൂഹം കാട്ടിക്കൂട്ടുന്നു. പാശ്ചാത്യന്റെ അരമനയിൽ ഒരുക്കുന്ന വ്യഗ്രതയാണ് നമുക്ക്.


 താരരാജാക്കന്മാർ ഉപയോഗിക്കുന്നുവെന്നതാണ് ഉൽപന്നങ്ങൾക്കുള്ള ഗുണമേന്മയിൽ നാം മാനദണ്ഡമാക്കുന്നത്. ജർമനിയിലോ, അർജന്റീനയിലോ, ഇംഗ്ലണ്ടിലോ പന്തുരുളുമ്പോഴേക്ക് രാവിനെ പകലാക്കുകയാണ് നമ്മുടെ യുവാക്കൾ.  വയലോലകളിൽ ഏതെങ്കിലും ഒരു കുട്ടി പന്തു തട്ടിയാൽ, സെവൻസിന്റെ മക്ക വീണ്ടും ഉണർന്നുവെന്നോ മറ്റോ പറഞ്ഞ് മാധ്യമങ്ങൾ നമ്മെ പുകഴ്ത്തുമ്പോൾ അഭിമാനം കൊണ്ട് നമ്മുടെ ശരീരം രോമാഞ്ചമണിയുന്നു. നമ്മെ അവമതിക്കാനും സാംസ്കാരികമായി നിഷ്കാസനം ചെയ്യാനുള്ള സമുദായ ശത്രുക്കളുടെ കുതന്ത്രമാണീ തൊട്ടുതലോടൽ എന്ന് തിരിച്ചറിയാനാവാത്തവിധം നാം മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ടിരിക്കുന്നു...


 മതവിദ്യാഭ്യാസ സംവിധായകൻ ദിനംപ്രതി പുഷ്കലമാവുമ്പോൾ നമ്മുടെ മതകീയാചാരാനുഷ്ഠാനങ്ങളുടെ ഗ്രാഫ് കുത്തനെ താഴോട്ട് പോയിക്കൊണ്ടിരിക്കുക തന്നെയാണ്. മറ്റുള്ളവർ അരുതായ്മകളിലേക്ക് നടന്നടുക്കുമ്പോൾ നാം ഓടിയടുക്കുകയാണ്. കുറ്റകൃത്യങ്ങളും വേണ്ടാത്തരങ്ങളും അനുദിനം സമൂഹത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ നാമും അതിൽ അറിഞ്ഞോ അറിയാതെയോ അകപ്പെടുകയാണ്...


 തെറ്റിൽ നിന്ന് പിന്തിരിയാനും ശരിയിൽ ഉറച്ചുനിൽക്കാനും റബ്ബ് തൗഫീഖ് നൽകട്ടെ.. റഹ്മാനായ റബ്ബിന്റെ പൊരുത്തത്തിൽ ജീവിച്ചുമരിക്കുന്ന മുത്തഖീങ്ങളിൽ റബ്ബ് സുബ്ഹാനഹുവതാല നാമേവരെയും ഉൾപെടുത്തട്ടെ..,

ആമീൻ യാ റബ്ബൽ ആലമീന്‍

Similar Posts

മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
രഹസ്യങ്ങള്‍ രഹസ്യമായിരിക്കട്ടെ
നമ്മുടെ നബി മുഹമ്മദ് മുസ്തഫ ﷺ ചരിത്രം : മുഖവുര
നമ്മുടെ ഉമ്മ, ഉമ്മുൽ മുഹ്മിനീൻ
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
വേലക്കാരിയല്ല, സഹധര്‍മിണിയാവണം ഭാര്യ
മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?
വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍
ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ ..?