ഭാര്യയും ഭർത്താവും മനപ്പൂർവ്വം നോമ്പ് മുറിച്ചതിന് ശേഷം ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ കഫ്ഫാറത്ത് നിർബ്ബന്ധമില്ല. കാരണം ലൈംഗിക ബന്ധത്തിലേർപ്പെട്ട് കൊണ്ട് റമളാൻ നോമ്പ് മുറിച്ചവർക്കാണ് കഫ്ഫാറത്ത് നിർബ്ബന്ധമാകുന്നത് ..
(ശർവാനി, ഹാശിയത്തുന്നിഹായ)
എന്നാൽ മനപ്പൂർവ്വം റമളാൻ നോമ്പ് മുറിക്കുന്നതും അതും ഇത്തരം കാര്യങ്ങൾക്കു വേണ്ടിയാകുന്നതും വൻ ദോശങ്ങളിൽ പെട്ടതാണ് (സവാജിർ). അല്ലാഹുവിന്റെ റസൂൽ ﷺ അരുൾ ചെയ്തു: “ഒരിക്കൽ ഞാൻ ഉറങ്ങിക്കൊണ്ടിരുന്നപ്പോൾ ഉറക്കത്തിൽ രണ്ടാളുകൾ വന്ന് എന്റെ കൈ പിടിച്ച് കയറാൻ പ്രയാസമുള്ള ഒരു പർവ്വതത്തിന്റെ അടുത്തേക്ക് കൊണ്ടു പോയി. അവരെന്നോട് കയറാൻ പറഞ്ഞപ്പോൾ എനിക്ക് കയറാൻ കഴിയില്ലെന്ന് ഞാൻ പ്രതിവചിച്ചു. ഞങ്ങൾ കയറാൻ സഹായിക്കാം എന്നവർ പറയുകയും ആ പർവ്വതം ഞാൻ കയറുകയും ചെയ്തു. അപ്പോൾ ശക്തമായ ശബ്ദങ്ങൾ കേട്ട് ഞാൻ ചോദിച്ചു: ‘എന്താണീ ശബ്ദങ്ങൾ..?’. അവർ പറഞ്ഞു: ‘ഇത് നരകത്തിലുള്ളവർ ഓരിയിടുകയാണ്’. അവർ എന്നെയും കൊണ്ട് വീണ്ടും നടന്നു. അങ്ങനെ ഞാനൊരു സമൂഹത്തെ കണ്ടു. അവരുടെ കാലുകൾ ബന്ധിച്ചിരിക്കുന്നു, അവരുടെ കവിളിന്റെ താഴ്ഭാഗം അതിലൂടെ രക്തം ഒഴുകിക്കൊണ്ടേയിരിക്കുന്നു. അപ്പോൾ ഞാൻ ചോദിച്ചു.: ‘ഇവർ ആരാണ്’. അവർ പറഞ്ഞൂ: ‘ഇവർ കാരണം കൂടാതെ സമയമാകുന്നതിന് മുമ്പ് റമളാൻ നോമ്പ് മുറിച്ചവരാണ്” ... (നസാഈ)
അമ്പിയാക്കളുടെ സ്വപ്നം വഹ് യ് ആണ്. അതിനാൽ ചോദ്യത്തിൽ പറയപ്പെട്ടതു പോലെ ആർക്കെങ്കിലും വല്ലതും സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ രണ്ട് മാസത്തെ തുടർച്ചയായ നോമ്പ് നിർബ്ബന്ധമില്ലെങ്കിലും അല്ലാഹുവിനോട് പൊറുക്കലിനെ തേടി ഖേദിച്ചു മടങ്ങിയും കൂടുതൽ സൽകർമ്മങ്ങൾ ചെയ്തും ചെയ്ത തെറ്റ് പൊറുക്കപ്പെടാൻ വേണ്ടി കിണഞ്ഞു ശ്രമിക്കേണ്ടതാണ് ...
മറുപടി നൽകിയത് : നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി