നാലാം ക്ലാസ്സിൽ നിന്ന് ഫസ്റ്റ് റാങ്കോടെയാണ് സുമയ്യക്ക് അഞ്ചിലേക്ക് ക്ലാസ് കയറ്റം കിട്ടിയത്. അഞ്ചിലെത്തിയെങ്കിലും പുതുവർഷത്തിൽ അവൾ ഹാജറായില്ല. കാരണം അന്വേഷിച്ച ഉസ്താദിന് കിട്ടിയ മറുപടി അത്യന്തം അത്ഭുതമുളവാക്കുന്നതായിരുന്നു...
"അവൾ വലുതായില്ലേ ഇനി മദ്റസയിലയക്കുന്നില്ല. അത്യാവശ്യമൊക്കെ പഠിച്ചില്ലേ അത് മതി..."
കേവലം നാലാം ക്ലാസിലോ, അഞ്ചാം ക്ലാസിലോ ഒക്കെ എത്തുമ്പോഴേക്ക് ഇങ്ങനെ പഠനം നിർത്തുന്ന സുമയ്യമാരും അതിനവർക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുന്ന രക്ഷിതാക്കളും നമുക്ക് ചുറ്റും ധാരളമുണ്ടെന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കാൻ പോന്നതാണ്. ഇതിനവർ നിരത്തുന്ന ന്യായങ്ങൾ ദീനിൽ നിന്നുള്ള സമൂഹത്തിന്റെ പിറകോട്ടുള്ള പോക്കിനെയാണ് വരച്ച് കാട്ടുന്നത്...
ഭൗതികതയുടെ അതിപ്രസരത്തിൽ ആർത്തരായി മതത്തെയും മതവിജ്ഞാനത്തെയും അവഗണിച്ചും അവമതിച്ചും മുന്നേറുന്ന പരിതാപകരമായ ഒരവസ്ഥയാണ് ആധുനിക രക്ഷിതാക്കൾ വേദിയൊരുക്കുന്നത്. പരമാവധി ഭൗതികതയിലൂന്നിയ ജീവിതം നയിക്കാൻ വെമ്പൽ കൊള്ളുന്നവർക്ക് മതത്തെ കുറിച്ച് ചിന്തിക്കാൻ നേരമില്ലെന്നതാണ് വാസ്തവം. എന്നാൽ ഭൗതിക വിജ്ഞാനത്തോടുള്ള അമിതമായ ആർത്തിയും മതവിജ്ഞാനത്തോടുള്ള വിരക്തിയും നമ്മെ കൊണ്ടെത്തിക്കുന്നത് പരലോക ജീവിതം പരാജയപ്പെട്ടവരുടെ കൂട്ടത്തിലായിരിക്കും എന്ന വസ്തുത നാം മറന്ന് പോകുന്നു. ഒരു വിചിന്തനത്തിന് തയ്യാറാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
ആകാര വലുപ്പമാണ് പെൺകുട്ടികളെ മദ്റസയിലയക്കുന്നതിന് തടസ്സമായി പല രക്ഷിതാക്കളും എടുത്ത് കാട്ടുന്നത്. ഇതിലശേഷവും ആത്മാർത്ഥതയില്ലെന്നത് സുതരാം വ്യക്തമാണ്. ആകാര വലിപ്പമുള്ള പെൺകുട്ടികൾക്ക് മദ്റസയിൽ വരാൻ മാത്രമാണീ തടസ്സം നിലനിൽക്കുന്നത്. മറിച്ച് ഭൗതിക വിദ്യാകേന്ദ്രങ്ങളിലേക്ക് അത് വളരെയകലെയാണെങ്കിൽ പോലും തനിച്ച് പറഞ്ഞു വിടാൻ യാതൊരു തടസ്സവും നിരത്തുന്നില്ല. ഇവിടെ അങ്ങനെ ആകാരത്തിന്റെയെന്നല്ല ഒരു പ്രശ്നവും അവരെ അലട്ടുന്നില്ല എന്നത് വിചിത്രമാണ്. ഇത്തരക്കാർ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട് ...
ഒരു പെൺകുട്ടി മദ്റസയിൽ വരുമ്പോഴും മദ്റസയുടെ അകത്തളങ്ങളിൽ അവൾ കഴിഞ്ഞുകൂടുമ്പോഴുള്ള അനുഭവസാക്ഷ്യങ്ങളും, ഭൗതിക വിദ്യാലയങ്ങളിലേക്ക് പോകുമ്പോഴും അവിടെ നിന്നുള്ള അനുഭവങ്ങളും തമ്മിലുള്ള അന്തരമാണത്. അടുത്തുള്ള മദ്റസയിലേക്ക് പോകുമ്പോഴാണോ അതോ അകലെയുള്ള ഭൗതിക വിദ്യാകേന്ദ്രങ്ങളിലേക്ക് പോകുമ്പോഴാണോ കൂടുതൽ അപകടം പതിയിരിക്കുന്നത്..?
സ്കൂളിലേക്ക് അല്ലെങ്കിൽ കോളേജിലേക്ക് പോകുമ്പോഴുള്ള സ്വാഭാവിക വസ്ത്രധാരണ രീതിയാണോ അതോ, മദ്റസയിലേക്ക് വരുമ്പോഴുള്ള വസ്ത്രധാരണാ രീതിയാണോ നമ്മുടെ മക്കൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്നത്..? ആത്മീയതയിലധിഷ്ഠിതമായ ജീവിതം നയിക്കുന്ന മദ്റസാ മുഅല്ലിംകൾക്ക് മുമ്പിലേക്കാണോ അതോ, ആത്മീയത പോകട്ടെ പലപ്പോഴും മാനുഷികതക്ക് തന്നെ പരിഗണന കൽപ്പിക്കാത്ത ചില ഭൗതികാധ്യാപകർക്ക് മുമ്പിലേക്കാണോ നമ്മുടെ പെൺമക്കളെ ധൈര്യമായി നമുക്ക് അയക്കാൻ കഴിയുക..? ഇതിന് ഉത്തരം തേടി മറ്റെങ്ങും പോകേണ്ടതില്ല സ്വമനസ്സിൽ നിന്ന് തന്നെ വ്യക്തമായ ഉത്തരം കിട്ടുന്നുണ്ട്. പക്ഷെ, നാം അറിവില്ലായ്മ നടിക്കുന്നുവെന്ന് മാത്രം...
ഭൗതിക കലാലയങ്ങളിലേക്ക് പോകുമ്പോഴുള്ള അനുഭവങ്ങളല്ല മദ്റസയിലേക്ക് വരുമ്പോൾ ഉണ്ടാകുന്നത്. നൂറ് നൂറ് പൂവാലന്മാരുടെ കമന്റും കിഞ്ചന വർത്തമാനങ്ങളുമാണ് ഭൗതിക കലാലയങ്ങളിലേക്ക് പോകുന്ന ഒരു പെൺകുട്ടിയെ വഴിയിലുടനീളം കാത്തിരിക്കുന്നത്. ബസിൽ യാത്ര ചെയ്യുന്നവർക്കാകട്ടെ ബസ് ജീവനക്കാരുടെയും മറ്റും തോണ്ടലുകളും തള്ളലുകളും വേറെയും. ഇതിനായി കാത്തിരിക്കുന്നവരെ നാം നിത്യവും കാണുന്നു. ഇവിടെ ഈ പൂവാലന്മാരുടെ കിളിക്കൊഞ്ചലുകൾ കേട്ട് ഹൃദയത്തിനൽപം താളഭംഗം സംഭവിച്ചാൽ സ്നേഹത്തിന്റെ മലർ വല്ലരിയിൽ കുസുമങ്ങൾ വിടരുകയായി. പിന്നെ ജീവിതത്തിന് പുത്തൻ അർത്ഥങ്ങൾ തേടിയുള്ള യാത്രയിൽ ജീവിതം ഒരു ട്രാജഡിയായി എവിടെയെങ്കിലും അവസാനിക്കുന്നു. എന്നാൽ മദ്റസയിലേക്ക് വരുന്ന പെൺകുട്ടിക്ക് ഇത്തരം കമന്റടികളും മറ്റും കേൾക്കേണ്ടി വരുന്നില്ല. സ്കൂളിലേക്ക് പോകുന്ന പെൺകുട്ടികളെ കമന്റടിക്കുന്നതും മറ്റും ആരാലും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ഒരു ലിഖിത നിയമമാണെന്നും മദ്റസയിലേക്ക് വരുന്നവരോട് അത്തരം നടപടികൾ പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുമെന്നുള്ള വ്യത്യസ്ഥ മനോഗതികൾ ഇവിടെ സൃഷ്ടിക്കപ്പെടുന്നതാണിതിന് പ്രധാന കാരണം...
ഇനി മത-ഭൗതിക വിദ്യാകേന്ദ്രങ്ങളിൽ നിന്ന് ഒരു പെൺകുട്ടിക്ക് ലഭിക്കുന്ന അനുഭവ സാക്ഷ്യങ്ങൾ നോക്കുക. സ്ത്രീ-പുരുഷ സങ്കലനവും, അദ്ധ്യാപക വിദ്യാർത്ഥി അവിഹിത ബന്ധങ്ങളും ഭൗതിക വിദ്യാഭ്യാസത്തിന്റെ ഭാഗമായിരിക്കുന്നു എന്നതാണ് സമീപകാലങ്ങളിൽ കാണാൻ കഴിയുന്നത്. ആധുനിക കാമ്പസുകളിൽ നിന്ന് നാം ദിനംപ്രതി കേൾക്കുന്നതും അതു തന്നെയാണല്ലോ..? വൃത്തിഹീനമായ പെരുമാറ്റങ്ങൾ കൊണ്ട് മലീമസമായ അന്തരീക്ഷത്തിലെ മലിനവായുവാണ് ആധുനിക ക്യാമ്പസുകളിൽ നിന്ന് നമ്മുടെ വിദ്യാർത്ഥികൾ ശ്വസിക്കുന്നത്...
അൽപവസ്ത്രങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശവും, മേനിയഴക് പ്രകടമാക്കാനുള്ള ത്വരയും വർദ്ധിക്കുന്നത് ആധുനിക കാമ്പസുകളുടെയും അദ്ധ്യാപകരുടെയും അവിഹിത താത്പര്യങ്ങൾ മൂലമാണെന്ന് പറയാതെ വയ്യ. അടുത്ത കാലത്ത് ഫ്രാൻസിലെ സ്കൂളിലുണ്ടായ ഒരു നിയമം മറ്റൊന്നുമല്ല നമുക്ക് പറഞ്ഞു തരുന്നത്. അവിടത്തെ സ്കൂളുകളിൽ മിനിസ്കർട്ട് നിരോധിച്ച് കൊണ്ടാണ് ഫ്രഞ്ച് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വർദ്ധിച്ചു വരുന്ന എയ്ഡ്സിന് തടയിടാനാണ് നിയമം കൊണ്ട് വന്നത്. വിദ്യാർത്ഥികളുടെ മേനിയഴക് അദ്ധ്യാപകരെ വശീകരിക്കുന്നുവെന്നതാണത്രെ പുതിയ നിയമത്തിന് കാരണം. ഇത് ഭൗതിക കലാലയങ്ങളിലെ അവസ്ഥയാണെങ്കിൽ മദ്റസകളിലേക്ക് നമ്മുടെ പെൺകുട്ടികൾ വരുന്നത് പർദ്ദയണിഞ്ഞ് കൊണ്ടാണ്. അവിടെയുള്ള അധ്യാപകരാവട്ടെ ആത്മീയ ജീവിതം നയിക്കുന്നവരും. അത്കൊണ്ട് തന്നെ മദ്റസകളിൽ ഇത്തരത്തിലുള്ള യാതൊരു പ്രശ്നങ്ങളും ഉടലെടുക്കുന്നില്ല. സാമാന്യബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാൽ മനസ്സിലാകും ഇവിടെ നമുക്കും നമ്മുടെ പെൺമക്കൾക്കും ഏതാണ് കരണീയമെന്ന്...
മതവിദ്യയോട് പുറംതിരിഞ്ഞ് ഭൗതിക സ്ഥാപനങ്ങളിലേക്കയക്കാൻ വെമ്പൽ കൊള്ളുന്ന രക്ഷിതാക്കൾ, വാസ്തവത്തിൽ പെൺകുട്ടികളെ തെണ്ടാൻ വിട്ടിരിക്കുകയാണെന്ന് പറഞ്ഞാൽ തെറ്റുണ്ടാവുമെന്ന് തോന്നുന്നില്ല. ബ്യൂട്ടിപാർലറുകളും ഇന്റർനെറ്റ് കഫേകളുമെല്ലാം നമ്മുടെ മക്കളുടെ വിഹാര കേന്ദ്രങ്ങളാണിന്ന്. മതവിദ്യാഭ്യാസത്തിന്റെ അഭാവം തന്നെയാണ് ഒരുപരിധി വരെ ഈ അഴിഞ്ഞാട്ടങ്ങൾക്ക് കാരണമെന്നതിൽ സംശയമില്ല. പെൺമക്കളുടെ ഇത്തരം നടപടികളെ കുറിച്ച് ചോദിക്കുമ്പോൾ തനിക്കൊന്നുമറിയില്ലേ; രാമനാരായണ യെന്നു പറഞ്ഞ് തടിതപ്പുന്ന രക്ഷിതാക്കൾക്ക് തന്നെയാണ് ഇതിന്റെ മുഴുവൻ ഉത്തരവാദിത്തങ്ങളും എന്നത് വിസ്മരിക്കരുത്...
നമ്മുടെ പെൺമക്കൾക്ക് മതത്തിന്റെ ബാലപാഠമെങ്കിലും സ്വസ്ഥമായി പഠിക്കാനുള്ള അവസരം രക്ഷിതാക്കൾ സൃഷ്ടിക്കേണ്ടതുണ്ട്. അതവരോടുള്ള നമ്മുടെ ഒഴിച്ചുകൂടാനാവാത്ത ബാധ്യതയാണ്. അവർ നന്നായാലേ നമുക്ക് സമാധാനിക്കാൻ വകയുള്ളൂ. മതത്തെവിട്ടുള്ള ഒരു വിദ്യാഭ്യാസവും നമുക്ക് ഭൂഷണമല്ലെന്നോർക്കുക...
നമ്മുടെ ആൺമക്കൾക്ക് മതവിദ്യ നേടാൻ താരതമ്യേന അവസരങ്ങൾ കൂടുതലാണ്. പെൺകുട്ടികൾക്കാകട്ടെ പരിമിതമായ അവസരങ്ങൾ മാത്രമാണുള്ളത്. ഇതൊക്കെ മനസ്സിലാക്കികൊണ്ട് തന്നെയാണ് മദ്റസകളിൽ പ്ലസ്ടുവരെ ഏർപ്പാട് ചെയ്യപ്പെട്ടത്. നമ്മുടെ പെൺമക്കൾക്ക് അതുവരെയെങ്കിലും മതവിദ്യാഭ്യാസം നൽകാൻ നമുക്ക് കഴിയണം. മതവിദ്യയുടെ കാര്യത്തിൽ നാം പെൺമക്കളോട് ഒരിക്കലും അനീതി കാട്ടരുത്. മതവിദ്യകൂടിയത് കൊണ്ട് നമ്മുടെ പെൺമക്കൾക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. മറിച്ച്, അതവരുടെയും സന്താനങ്ങളുടെയും ഭാവിജീവിതത്തിന് ഗുണകരമായിരിക്കും...
പെൺകുട്ടികൾക്ക് നല്ല നിലയിൽ വിദ്യാഭ്യാസം നേടികൊടുക്കുകയും, നല്ലരീതിയിൽ വിവാഹം ചെയ്തയക്കുകയും ചെയ്യുന്നവർക്ക് സ്വർഗം പ്രതിഫലമായുണ്ടെന്നർത്ഥം വരുന്ന ഹദീസ് ഇവിടെ സ്മരിക്കുക...