വിശുദ്ധ പ്രേമത്തെ ഇസ്ലാം വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. അവിശുദ്ധ പ്രേമബന്ധങ്ങളെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നു. പ്രണയം ഒരു മാനസിക വികാരമാണ്. നമ്മുടെ നിയന്ത്രണത്തിന് പലപ്പോഴും അത് വിധേയമാകണമെന്നില്ല. ഹൃദയാന്തരങ്ങളിൽ ഏത് നിമിഷവും അത് മുളപൊട്ടാം. അത് ആരോടുമാവുകയും ചെയ്യാം. ഈ അവസ്ഥയെ ഇസ്ലാം ഒറ്റയടിക്ക് വിമർശിക്കുന്നില്ല...
മുഹമ്മദ് നബി ﷺ തങ്ങൾ സൃഷ്ടികളിൽ അത്യുന്നതനാണല്ലോ.. പുണ്യ റസൂലിന് (ﷺ) തന്റെ ഭാര്യമാരിൽ ആഇശ (റ) യോട് പ്രത്യേകം സ്നേഹമുണ്ടായിരുന്നത് സുവിദിതമാണ്. ഭാര്യമാരോടൊക്കെ തുല്യ സ്ഥാനം കാണിക്കേണ്ടതല്ലേ..? പിന്നെന്തുകൊണ്ടാണ് മാതൃകാപുരുഷനായ പ്രവാചകൻ ﷺ യിൽ നിന്ന് തന്നെ അങ്ങനെയുണ്ടായത്..?
ഇങ്ങനെയൊക്കെ ചിലർ ചോദിച്ചെന്ന് വരും എന്നാൽ ഇവിടെ ഈ എക്സ്ട്രാ സ്നേഹത്തെ പിടിച്ചു കെട്ടാൻ നബി ﷺ ഒരിക്കലും തുനിഞ്ഞില്ല. മനസ്സിന്റെ ചായ് വാണത്. ഈ മുഹബ്ബത്ത് സ്വന്തം പത്നിമാരോടാണെന്നതിൽ എതിർക്കപ്പെടേണ്ടതുമില്ല. അപ്പോൾ പ്രേമമല്ല പ്രശ്നം. അത് ആരോട് എന്നതിലാണ് കാര്യം...
വിവാഹാനന്തര പ്രേമത്തെയാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത്. വിവാഹപൂർവ പ്രേമം ഇസ്ലാമികമല്ല. അത് തെറ്റുകളിലേക്കാണ് നമ്മെ നയിക്കുന്നത്.
നിഷിദ്ധമായതൊക്കെ അത് അനുവദനീയമായി കണക്കാക്കും. അതിനാൽ ഒരുത്തിയോട് ഒരാൾക്ക് പ്രേമം തോന്നിയാൽ ആദ്യം അവളെ വിവാഹാലോചന നടത്താനാണ് ഇസ്ലാം കൽപിക്കുന്നത്. നിഷിദ്ധതയിലേക്കുള്ള കവാടം അടക്കുകയാണ് ഇതുകൊണ്ടുള്ള ലക്ഷ്യം...
ഇബ്നു അബ്ബാസ് (റ) പറയുന്നു: ഒരിക്കൽ തിരുദൂതരെയടുത്ത് (ﷺ) ഒരു വ്യക്തി വന്നു പറഞ്ഞു: തിരുദൂതരേ, (ﷺ) എന്റെ സംരക്ഷണത്തിൽ ഒരു അനാഥ പെൺകുട്ടിയുണ്ട്. അവൾക്ക് ഇതിനകം രണ്ട് ചെറുപ്പകാർ വിവാഹാലോചനയുമായി വന്നു. അവരിൽ ഒരാൾ സമ്പന്നനാണ്, അപരൻ ദരിദ്രനും. ഞങ്ങൾക്ക് താൽപര്യം സമ്പന്നനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനാണ്. അവൾക്കാകട്ടെ ഇഷ്ടപ്പെട്ടത് പാവപ്പെട്ടവനെയും. ഇതുകേട്ട് തിരുനബി ﷺ പറഞ്ഞു: പ്രണയബദ്ധർക്ക് വിവാഹത്തെപ്പോലെ മറ്റൊന്നും അഭിപ്രായപ്പെടാനാകില്ല
(ഇബ്നുമാജ, ഹാകിം)
പ്രേമത്തിന്റെ പേരിൽ ഇന്ന് നടക്കുന്ന പേക്കൂത്തുകൾ അറപ്പുളവാക്കുന്നതാണ്. എന്തെല്ലാം ഹറാമുകൾ അതിന്റെ പേരിൽ നടമാടുന്നു.. പ്രേമഭാവത്തോടെ പരസ്പരം ദർശിക്കുന്നു. സ്പർശിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. ഇവയെല്ലാം നിഷിദ്ധം തന്നെയല്ലേ..? അന്യ സ്ത്രീ-പുരുഷന്മാർ തമ്മിൽ സലാം പറയൽ പോലും ഇസ്ലാം വിലക്കിയിട്ടുണ്ട്. സ്നേഹം ഉണ്ടാവാനുളള ഒറ്റമൂലിയായി പ്രവാചകൻ ﷺ പരിചയപ്പെടുത്തിയതാണ് സലാം പറച്ചിൽ. പ്രേമത്തിന്റെ നേരിയ സാധ്യതകളെപ്പോലും ഇല്ലാതാക്കുകയാണ് ഇസ്ലാം. പരസ്ത്രീ സ്പർശനവും ദർശനവും ഇസ്ലാം കർക്കശമായി വിലക്കിയിട്ടുണ്ട്. വികാരത്തോടുകൂടിയല്ലെങ്കിലും നാശത്തെ തൊട്ട് നിർഭയമാണെങ്കിലും അന്യസ്ത്രീയുടെ ശരീര ദർശനം നിഷിദ്ധമാണെന്നാണ് പണ്ഡിത പ്രബലാഭിപ്രായം...
(ഫത്ഹുൽ മുഈൻ, തുഹ്ഫ)
ഇബ്നു അബ്ബാസ് (റ)വിൽ നിന്ന് നബി ﷺ: ഫള്ലുബ്നു അബ്ബാസ് (റ)വിനെ ഒരു പെരുന്നാൾ ദിനത്തിൽ യാത്രക്കായ് വാഹനത്തിന്റെ പിന്നിലിരുത്തി. അദ്ദേഹം ഭംഗിയുള്ള രോമവും വെളുത്ത ശരീരവുമുള്ള സുന്ദരനായിരുന്നു. ഉടനെ ഖശ്അം ഗോത്രത്തിൽ പെട്ട ഒരു സ്ത്രീ നബിﷺയോട് ഫത് വ തേടി വന്നു. ഫള്ലും ഈ സ്ത്രീയും പരസ്പരം നോക്കുന്നത് കണ്ട നബി ﷺ ഫള്ലിന്റെ മുഖം മറുവശത്തേക്ക് തിരിച്ചു കൊണ്ടിരുന്നു...
(ബുഖാരി, മുസ്ലിം)
ആകസ്മിക നോട്ടം തെറ്റല്ല. എന്നാൽ അത് പോലും ശ്രദ്ധിക്കേണ്ടതാണെന്നാണ് ഇസ്ലാമിക പക്ഷം. ജംരീരിബ്നു അബ്ദില്ലാ(റ) പറയുന്നു: ഞാൻ നബിﷺയോട് ആകസ്മികമായുള്ള നോട്ടത്തെക്കുറിച്ച് ചോദിച്ചപ്പോൾ നബി ﷺ പ്രതിവചിച്ചു: നീ കണ്ണ് തിരിക്കുക...
(മുസ്ലിം,അഹ്മദ്)
പുരുഷൻ സ്ത്രീയെ നോക്കുന്നതിനെ സംബന്ധിച്ചാണ് മേൽ പരാമർശങ്ങളൊക്കെ. എന്നാൽ അന്യ പുരുഷന് സ്ത്രീയുടെ ശരീരം മുഴുവൻ ദർശിക്കൽ നിഷിദ്ധമാണെന്നപോലെ തിരിച്ചും ഹറാമാണെന്ന് ഇമാം നവവി (റ) പ്രബലമാക്കിയിരിക്കുന്നു. അന്ധനായ ഉമ്മുമക്തൂം (റ), മൈമൂന (റ), ഉമ്മുസലമ (റ) എന്നിവരുടെ അടുത്തേക്ക് വന്നപ്പോൾ അവർ അദ്ദേഹത്തെ നോക്കി. ഇത് കണ്ട് നബി ﷺ അവരോട് മറഞ്ഞു നിൽക്കാനാവശ്യപ്പെട്ടു. അദ്ദേഹം അന്ധനല്ലേ..? അവർ ചോദിച്ചു...
നിങ്ങൾ അന്ധരല്ലല്ലോ..? എന്ന് നബി ﷺ തിരിച്ചു ചോദിച്ചു. ഈ സംഭവമാണ് ഇമാം നവവി (റ)വിന്റെ അഭിപ്രായത്തിനു പിൻബലം നകുന്നത്...
വിവാഹാവശ്യാർത്ഥം വധുവരന്മാർ തമ്മിൽ കാണുന്നത് കുഴപ്പമില്ല. എന്നാൽ അതിനും മൂന്ന് നിബന്ധനകൾ പാലിക്കണം.
ഒന്ന്, വിവാഹത്തിന് തീരുമാനിച്ച ശേഷമായിരിക്കുക,
രണ്ട്, വധു ഇദ്ദയുടെ കാലാവധി കഴിഞ്ഞവളും മറ്റൊരാളുടെ ഭാര്യയുമല്ലാതിരിക്കുക.
മൂന്ന്, കല്യാണം കഴിക്കാൻ പറ്റില്ല എന്ന ഭാവന വർധിക്കാതിരിക്കുക.
ഈ നിബന്ധനകൾ പാലിച്ചുകൊണ്ടേ പരസ്പരം കാണുക എന്നിടത്തേക്കെത്താനാവുകയുള്ളൂ...
(ഫത്ഹുൽ മുഈൻ, ഇആനത്തുത്ത്വാലിബീൻ വാള്യം:3 പേജ് 257, തുഹ്ഫ)
ഇവിടെ കാണുന്നതിന് പ്രത്യക പരിധിയൊന്നുമില്ല. പരസ്പരം അറിയാൻ മതിയാകുന്ന അത്ര എന്നതാണ് കണക്ക്. നോട്ടം ആവർത്തിക്കൽ കൊണ്ടോ, വികാരത്തോടുകൂടി ആയാൽ തന്നെയോ , ഫിത്നയെ ഭയപ്പെട്ട് കൊണ്ടായാലും കുഴപ്പമില്ല എന്നതാണ് ഭൂരിപക്ഷ പണ്ഡിതാഭിപ്രായം. എന്നാൽ ആവശ്യം മതിയായിട്ടും നോക്കൽ ഹറാമുമാണ്...
(ഇആനത്തുത്ത്വാലിബീൻ വാള്യം :3,പേജ്:257)
വ്യഭിചാരത്തിലേക്ക് നിങ്ങൾ അടുക്കുക പോലും ചെയ്യരുത് എന്നാണ് വിശുദ്ധ ഖുർആന്റെ ആഹ്വാനം. ദർശനം വ്യഭിചാരത്തിലേക്കുള്ള പ്രഥമ കവാടമാണെന്നതിൽ സംശയമില്ല. അതിനാലാണ് എല്ലാ പഴുതുകളും അടച്ചുകൊണ്ട് ദർശനത്തെ ഇസ്ലാം കർശനമായി നിരോധിക്കുന്നത്. എത്ര ഇച്ഛാശക്തിയുള്ളവരെയും വഴിതെറ്റിക്കാൻ പോന്നതാണ് ദർശനം. അതിൽ ഒളിഞ്ഞുകിടക്കുന്ന ഒരു മാസ്മരികതയുണ്ട്. കയറുപൊട്ടിക്കാൻ അതെപ്പോഴും നമ്മെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും...
ഭൂമുഖത്ത് ഉണ്ടായതും ഉണ്ടാവാനിരിക്കുന്നതുമായ എല്ലാ ആപത്തുകളും നോട്ടത്തിൽനിന്ന് ഉടലെടുക്കുന്നതാണ് എന്ന് ദാവൂദ് (അ) ഒരിക്കൽ പറയുകയുണ്ടായി...
ദർശനംപോലെ സ്പർശനവും നിഷിദ്ധം തന്നെ. വ്യഭിചാരത്തിന്റെ പ്രഥമ പടിതന്നെയാണതും. നബി ﷺ ഇക്കാര്യത്തിൽ വ്യക്തമായ മാതൃക കാണിച്ചു തന്നിട്ടുണ്ട്. കയ്യിന്റെ വ്യഭിചാരം ഹറാം പിടിക്കലാണ് എന്ന് ഹദീസിൽ കാണാം അന്യസ്ത്രീ-പുരുഷന്മാർ പരസ്പരം വികാരത്തോടെ ശബ്ദം ശ്രവിക്കലും ഹറാമാണെന്ന് പണ്ഡിതൻമാർ വ്യക്തമാക്കിയിട്ടുണ്ട്. അവിശുദ്ധ പ്രണയ ബന്ധങ്ങളിൽ ഇവ മുഴുവനും കടന്നുവരുന്നുണ്ട്. എന്നതിനാൽ പ്രേമത്തിന് ഇസ്ലാമിന്റെ യാതൊരു പിൻബലവുമില്ല...