മഹാനായ അലിയാർ (റ) തങ്ങളുടെ അടുത്ത് ഒരാൾ വന്നു തന്റെ കലശലായ വയറു വേദനയെപറ്റി ആവലാതി പറഞ്ഞു.
മഹാനവർ ചോദിച്ചു: നിങ്ങൾക്കു ഭാര്യയില്ലേ..?
ആഗതൻ: ഉണ്ടല്ലോ തങ്ങളേ...
മറുപടി കേട്ട അലിയാർ തങ്ങൾ അയാളോട് ഇങ്ങനെ പറഞ്ഞു: എങ്കിൽ നീ വീട്ടിലേക്കു പോയി, നിന്റെ ഭാര്യയോട് അവളുടെ സ്വന്തം ധനത്തിൽ നിന്ന് എന്തെങ്കിലും ചെറിയ ഒന്നു നിനക്കു പൊരുത്തത്തോടെ പാരിതോഷികമായി തരാൻ പറയുക. അതു കിട്ടിയാൽ അതു കൊണ്ട് അല്പം തേൻ മേടിച്ച്, അതിൽ ഒരല്പം മഴ വെള്ളവും ചേർത്തു കഴിക്കുക. തുടർന്ന് ഇമാം അലി (റ) വിശുദ്ധ ഖുർആനിൽ നിന്നു മൂന്ന് ആയത്തുകൾ അയാളെ ഓതികേൾപ്പിച്ചു
അവ താഴെ പറയുന്നവയാണ്:-
സ്ത്രീകളുടെ സ്വത്തിനെ സംബന്ധിച്ച് അല്ലാഹു ﷻ പറഞ്ഞത്:
﴿فَإِن طِبْنَ لَڪُمْ عَن شَيْءٍ مِّنْهُ نَفْسًا فَڪُلُوهُ هَنٖيئًا مَّرٖيئًا﴾ سورة النساء 4
തേനിനെ പറ്റി അല്ലാഹു ﷻ പറഞ്ഞത്:
﴿يَخْرُجُ مِن بُطُونِـــهٰا شَرٰابٌ مُّخْتَلِفٌ أَلْوٰانُهُ فٖيهِ شِفٰۤاءٌ لِّلنّٰاسِ﴾ سورة النحل 69
മഴ വെള്ളത്തെ പറ്റി അല്ലാഹു ﷻ പറഞ്ഞത്:
﴿وَنَزَّلْنٰا مِنَ السَّمٰۤاءِ مٰۤاءً مُّبٰارَڪًا﴾ سورة ق 9
ബറകത്തും ശിഫായും ആരോഗ്യവും സൗഖ്യവും മേളിച്ചാൽ ശമനം ഉറപ്പു തന്നെ ഇൻശാ അല്ലാഹ്..!
ആഗതൻ തിരിച്ചു പോയി, അലിയാർ തങ്ങൾ പറഞ്ഞതു പോലെ പ്രവൃത്തിച്ചു, അയാളുടെ വേദനയ്ക്കു അല്ലാഹു ﷻ ശമനവും നൽകി.
(തഫ്സീർ റൂഹുൽ മആനി)
അല്ലാമാഃ ഇബ്നു കസീർ (റ) അവിടുത്തെ തഫ്സീറിൽ ഇമാം അലി (റ) തങ്ങളെ തൊട്ട് ഉദ്ധരിക്കുന്നു:
"നിങ്ങളിൽ ആർക്കെങ്കിലും വല്ല അസ്വാസ്ഥ്യവുമുണ്ടായാൽ തന്റെ ഭാര്യയിൽ നിന്നു മൂന്നു ദിർഹമോ മറ്റോ മേടിച്ച്, ആ തുക കൊണ്ടു തേൻ വാങ്ങി അതിൽ മഴവെള്ളവും ചേർത്താൽ അതിൽ ശിഫായും ബറകത്തും ആരോഗ്യവും സൗഖ്യവും സമ്മേളിക്കുകയായി"
ഇമാം ഖുർതുബി (റ) അവിടുത്തെ തഫ്സീറിലും ഇമാം സുയൂഥി (റ) അവിടുത്തെ തഫ്സീറായ ദുർറുൽ മൻസൂറിലും അല്ലാമാഃ ആലൂസി (റ) അവിടുത്തെ തഫ്സീറായ റൂഹുൽ മആനിയിലും ഇതുദ്ധരിക്കുന്നുണ്ട്...
താബിഈങ്ങളിൽ പ്രമുഖനായ അൽഖമഃ (റ) അവിടുത്തെ ഭാര്യയോടു പറയുമായിരുന്നുവത്രെ:
"ആ ഹനീഉം മരീഉം ആയതിൽ നിന്ന് എന്നെ ഭക്ഷിപ്പിക്കൂ" എന്ന്. അവിടുത്തെ ഭാര്യയുടെ സ്വത്താണ് ഉദ്ദേശം. സൂറത്തു നിസാഇലെ നാലാമത്തെ ആയത്ത് വ്യാഖ്യാനിച്ചു കൊണ്ടാണ് അദ്ദേഹം അങ്ങനെ പറയാറുണ്ടായിരുന്നത്.
നടേ പറഞ്ഞ അൽഖമഃ(റ) എന്തോ കഴിച്ചു കൊണ്ടിരിക്കുമ്പോൾ കടന്നു വന്ന ആഗതനെ അതിൽ പങ്കു ചേരാൻ ക്ഷണിച്ചു കൊണ്ട് ഇങ്ങനെ പറയുന്നതായി തഫ്സീറുൽ ഖുർതുബിയിൽ കാണാം.
"ഹനീഉം മരീഉം ആയ ഇതിൽ നിന്നു കഴിക്കൂ"
അവിടുത്തെ ഭാര്യ തന്റെ മഹ്‌റിൽ നിന്നു പാരിതോഷികമായി നൽകിയതിൽ നിന്നാണ് ഈ ഭക്ഷണം എന്നാണു മഹാൻ അർത്ഥമാക്കുന്നത്...
ഈ സംഭവം ഇമാം ത്വബ്‌രി (റ) അവിടുത്തെ തഫ്സീറിലും പറഞ്ഞിട്ടുണ്ട്.
ഭാര്യമാർക്കു മഹ്റായി നൽകിയതിൽ നിന്ന് അവർ സ്വഭീഷ്ടപ്രകാരം ഭർത്താവിനു വല്ലതും പാരിതോഷികമായി നൽകുകയാണെങ്കിൽ (ബലപ്രയോഗത്തിലൂടെയോ ചതിപ്രയോഗത്തിലൂടെയോ അല്ല) അതു സന്തോഷപൂർവ്വം സുഖമായി ഭക്ഷിച്ചു കൊള്ളാൻ അല്ലാഹു ﷻ ഭർത്താക്കന്മാർക്ക് അനുമതി കൊടുത്തിട്ടുണ്ട്...
ഇബ്‌നു അബ്ബാസ് (റ) തങ്ങൾ റിപ്പോർട്ടു ചെയ്ത ഹദീസു പ്രകാരം ദുനിയാവിലോ ആഖിറത്തിലോ സമാധാനം പറയേണ്ടതില്ലാത്ത ഒന്നാണു ഭാര്യമാരിൽ നിന്ന് ഇത്തരത്തിൽ കിട്ടുന്നത്.
മാത്രമല്ല അതു ഹനീഅൻ മരീഅൻ ആയി ഉപയോഗിച്ചു കൊള്ളാനും അല്ലാഹു ﷻ സമ്മതം നൽകി...
ചുരുക്കി പറഞ്ഞാൽ സ്ത്രീ മാത്രമല്ല, അവളുടെ സ്വത്തും സുഖദായകം തന്നെ. അൽഹംദുലില്ലാഹ്..!
അല്ലാഹു ﷻ നമ്മെയും നമ്മുടെ ഇണകളെയും സുഖസൗഖ്യങ്ങൾ കൊണ്ട് അനുഗ്രഹിക്കട്ടെ. സ്വർഗ്ഗത്തിലും അവരോടൊപ്പം സസുഖം വാഴാൻ അല്ലാഹു ﷻ നമുക്കു തൗഫീഖ് നൽകട്ടെ -
ആമീൻ യാ റബ്ബൽ ആലമീൻ
അൽനുഹാസി