Wednesday - 22 April, 2026 4-Dhu al-Qadah-1447

അപകടം വിതയ്ക്കുന്ന സീരിയൽ ഭ്രമം

         സീരിയലുകളുടെ മായാലോകത്ത്  യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ  ചടഞ്ഞിരുന്ന് വിലയേറിയ സമയം നഷ്ടപ്പെടുത്തുകയാണിന്ന് മിക്ക സ്ത്രീകളും. വിലപ്പെട്ട എന്തു തന്നെ നഷ്ടപ്പെട്ടാലും സീരിയൽ കാണാതിരിക്കാനാവില്ല എന്ന ഒരു തരം മാനസിക ചിന്തയാണ് നമ്മുടെ സ്ത്രീ സമൂഹത്തെ കാർന്ന് തിന്ന് കൊണ്ടിരിക്കുന്നത്... 


 സന്താനപരിപാലനമെന്നല്ല, സ്വന്തം പ്രാഥമികാവശ്യങ്ങൾ പോലും ഈ സീരിയൽ ഭ്രമത്തിൽ നമ്മുടെ മങ്കമാർ മറന്നു പോകുന്നു. അടുത്ത കാലത്ത് മാത്രമുണ്ടായ ഈ സീരിയൽ വിപ്ലവം അക്ഷരാർത്ഥത്തിൽ നമ്മുടെ സ്ത്രീ സമൂഹത്തെ നിഷ്ക്രിയരും മൂല്യങ്ങളിൽ നിന്നകന്നവരും ചണ്ടികളുമാക്കിക്കൊണ്ടിരിക്കുന്നുവെന്നത് കാണാതിരുന്നുകൂടാ... 


 ചാനലുകളിലൂടെ അരിച്ചിറങ്ങുന്ന അശ്ലീലത നുകരുവാൻ ആർത്തികാട്ടുന്ന സഹോദരിമാരുടെ വഴിവിട്ട പോക്ക് അത്യന്തം അപകടകരമാണെന്നതിൽ സംശയമില്ല.   ആഭാസ സിനിമകളും സെക്സ് ചാനലുകളും ധാർമിക ബന്ധങ്ങളുടെ മതിൽ കെട്ടുകൾ ഭേദിച്ച് കുടുംബമായി ഒന്നിച്ചിരുന്ന് കാണുന്ന അവസ്ഥാ വിശേഷമാണിന്നെവിടെയും. തന്മൂലം കുടുംബത്തിലെ ധാർമികാന്തരീക്ഷം തകരുകയും വളരുന്ന തലമുറയിൽ പോലും അധാർമികതയുടെ വിത്ത് വിതക്കപ്പെടുകയും ചെയ്യുന്നു... 


 മാതാക്കൾ പോലും മക്കളുടെ കാമപൂർത്തീകരണത്തിന് ഇരയാകുന്ന വാർത്ത ആധുനികലോകത്ത് കേട്ടുവരുന്നു. നമ്മുടെ വീടുകൾ ഇത്തരത്തിലുള്ള അധാർമികതയുടെ പണിപ്പുരകളാകുമ്പോൾ ഇതിലും വലിയ നീചകൃത്യങ്ങൾ സമൂഹത്തിൽ ഉടലെടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. നമ്മുടെ സുന്ദരമായ സംസ്കാരത്തെ നാം അറുത്ത് മാറ്റുമ്പോൾ മറ്റേതോ നീച സംസ്കാരം നമ്മിൽ ആധിപത്യമുറപ്പിക്കുന്നു... 


 ഒരിക്കലും അവസാനിക്കാത്ത എപ്പിസോഡുകൾ കണ്ട് കണ്ണീർ വാർക്കുകയാണ് മിക്ക സോദരിമാരും. അവൻ അവളെ വേളി കഴിക്കുമോ..? ആണെന്ന് വെച്ചാൽ തന്നെ പിതാവ് സമ്മതം മൂളുമോ..? തുടങ്ങി പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി ഓരോ എപ്പിസോഡുകളും അവസാനിക്കുമ്പോൾ അടുത്ത എപ്പിസോഡിനായി അക്ഷമരായി കാത്തിരിക്കുകയാണീ പെൺവർഗ്ഗം...


 കുടുംബ കലഹങ്ങളും ദാമ്പത്യ തകർച്ചകളുമാണ് മിക്ക സീരിയലുകളുടെയും ഇതിവൃത്തം. അതുകൊണ്ട് തന്നെ ഈ അനുഭവങ്ങളെ സ്വന്തം ജീവിതാനുഭവങ്ങളിലേക്ക് പകർത്തപ്പെടുകയും തന്മൂലം കുടുംബ കലഹങ്ങളും ദാമ്പത്യ തകർച്ചകളും സീരിയൽ മോഡൽ നടക്കുകയും ചെയ്യുന്നു..!!


 ഇങ്ങനെ എത്രയെത്ര കുടുംബബന്ധങ്ങളാണ് തകർന്നടിയുന്നത്..? സീരിയലുകളിൽ ലയിച്ചിരിക്കുമ്പോൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന നടീനടന്മാരുടെ സന്തോഷവും സന്താപവും തന്റേതാക്കി മാറ്റുകയാണ്. അവരുടേത് യഥാർത്ഥ ജീവിതമാണെന്ന് തെറ്റിദ്ധരിക്കുകയും അതിനെ അനുകരിക്കാൻ വേണ്ടി നെട്ടോട്ടമോടുകയും ചെയ്യുന്നു. ഇതിൽ പരാജയപ്പെടുമ്പോൾ റെയിൽവെ ട്രാക്കുകളിലും ഫാനിൽ കെട്ടിയ സാരിത്തുമ്പിലും നിറകൂപങ്ങളിലുമൊക്കെ ജീവിതം അവസാനിപ്പിക്കുന്നു. സ്വയം ജീവിതമൊടുക്കുന്നുവെന്ന് മാത്രമല്ല;  മറ്റുള്ളവരുടെ ജീവിതവും ക്രൂരഹത്യക്കിരയാക്കുന്നു.


 അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ ഇരുപത്കാരനായ ജോസനും പതിനഞ്ചുകാരിയായ ജേൻമേരിയും 41 കാരിയായ സ്വന്തം അമ്മ  ബാറ്റിസ്റ്റയെ കൊലപ്പെടുത്തുകയുണ്ടായി. അമ്മയെ  കഷ്ണം കഷ്ണമാക്കി ഒരു എക്സിക്യൂട്ടീവ് ബാഗിൽ കുത്തി നിറച്ച് ഹൈവേക്ക് സമീപം കൊണ്ടുപോയി തള്ളുകയായിരുന്നവത്രെ. 2004ലാണീ സംഭവം അരങ്ങേറിയത്. ദി സോഹ്രനോസ് എന്ന ഹിറ്റ് സീരിയലിൽ നിന്നും പ്രചോദനമുൾക്കൊണ്ടായിരുന്നുവത്രെ ഇത് ചെയ്തത്. കുട്ടികൾക്ക് തെറ്റായ സന്ദേശങ്ങൾ നൽകുന്ന സീരിയലുകൾ കുരുന്നുജീവനുകൾ അപകടപ്പെടുത്തുകയാണ് ചെയ്യുന്നത്. ഹിന്ദി ടി.വി. പരമ്പരയിലെ സൂപ്പർ ഹീറോ ശക്തിമാൻ രക്ഷപ്പെടുത്തുമെന്ന് കരുതി ചൗധരി മെലാഗണിൽ വെന്തുമരിച്ച നാലാം ക്ലാസ് വിദ്യാർഥി ദിനേശ് പ്രഭാകറിന്റെ ദുരന്ത വാർത്ത മറ്റെന്താണ് നമുക്ക് പറഞ്ഞുതരുന്നത്...


 വെള്ളിയാഴ്ചകളിൽ റേഡിയോയിൽ നിന്നൊഴുകുന്ന ഖുർആൻ പരായണത്തിന് കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിന്ന് സീരിയൽ എപ്പിസോഡുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് വഴിമാറിയിരിക്കുന്നു. പൂർവ്വികർ നല്ലതെന്ന് കരുതി കൊണ്ട് നടന്നത് പരിഷ്കാരത്തിന്റെ പേരിൽ നാം അകറ്റിനിറുത്തി മുമ്പ് ഇശാമഗ്രിബിനിടയിൽ ഖുർആൻ പാരായണത്തിന്റെയും മാല മൗലീദുകളുടെയുമൊക്കെ മന്ത്രധ്വനികളാണുയർന്നിരുന്നതെങ്കിൽ ഇന്ന് നടി നടൻമാരുടെ ആശ്ലേഷണത്തിന്റെ ശീൽക്കാര ശബ്ദമാണ് മുഴങ്ങിക്കേൾക്കുന്നത്...


 അല്ലാഹുﷻവിനോട് അചഞ്ചലമായ ഭയഭക്തി ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന നമ്മുടെ വല്യുമ്മമാർ പോലും റിമോട്ടുമായി ടി.വി.ക്ക് മുമ്പിൽ ചമ്രം പടിഞ്ഞിരിക്കുമ്പോൾ പിന്നെന്ത് ചെയ്യും..? മഹാന്മാരുടെ ചരിത്രകഥകളും മറ്റും കേൾക്കാൻ വേണ്ടി വല്യുമ്മമാരുടെ അടുത്ത് ആകാംക്ഷയോടെ വട്ടമിട്ട് ഇരുന്നിരുന്ന കുട്ടികൾക്കിന്ന് ഇവരിൽ നിന്ന് പോലും കേൾക്കാനാവുന്നത് തിരക്കഥയാണ്...


 നായികാ - നായകന്മാരൊന്നും നാളെ നമ്മെ രക്ഷിക്കാനുണ്ടാവില്ലെന്ന് മനസ്സിലാക്കുക. അവരുടെ ആവിഷ്കാര തന്ത്രങ്ങളിൽ കുടുങ്ങി ജീവിതം പണയപ്പെടുത്തിയാൽ നാം ഖേദിക്കേണ്ടി വരും തീർച്ച ...


വിശുദ്ധ ഖുർആൻ പറയുന്നു : 


 ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല... 

  (സൂറത്തുൽ ദാരിയാത്ത്:56)