Wednesday - 22 April, 2026 4-Dhu al-Qadah-1447

ജീവിതത്തിലാണ് A+ ലഭിക്കേണ്ടത്

എസ്.എസ്.എൽ.സി യുടെയും അനുബന്ധ പരീക്ഷകളുടെയും ഫലം പുറത്തുവരുന്നു. ജയപരാജയങ്ങളെക്കുറിച്ച് പതിവിലും കവിഞ്ഞ ചർച്ചകൾ നടക്കുന്നു. വലിയൊരളവോളം മുസ്ലിം രക്ഷിതാക്കളും ഈ ചർച്ചയിൽ പങ്കുകൊള്ളുന്നു. ഇവരിൽ വിദ്യാ സമ്പന്നരുണ്ട്. കൂട്ടത്തിൽ വിദ്യാലയത്തിന്റെ പടികാണാത്തവരുമുണ്ട്.

  നിന്റെ മോൾക്ക്, അല്ലെങ്കിൽ മോന് എത്ര എ പ്ലസ് കിട്ടി..? ചുരുങ്ങിയത് ഇങ്ങനെയെങ്കിലും അവർ പരസ്പരം ചോദിച്ചു. എ പ്ലസ് കിട്ടിയവരെ അഭിന്ദനം കൊണ്ട് പൊതിഞ്ഞു. അല്ലാത്തവരെ ചിലരെങ്കിലും ശാസിച്ചു. ചുരുക്കത്തിൽ മക്കളുടെ ഭൗതിക വിദ്യാഭ്യാസത്തിൽ മിക്ക രക്ഷിതാക്കളും അമിത ശ്രദ്ധ പുലർത്തിക്കാണുന്നു...


 സ്വന്തം മക്കൾ നന്നാവണം. ജീവിതത്തിന്റെ ഉയരങ്ങളിലെത്തണം. അതുവഴി തങ്ങൾക്കും കുടുംബത്തിനും അവർ താങ്ങാവണം. തണലാവണം. നാട്ടിനും നാട്ടാർക്കും അവരെക്കൊണ്ട് ഉപകാരം കിട്ടണം. ഏതൊരു രക്ഷിതാവിന്റെയും മിനിമം ആഗ്രഹങ്ങളാണിവ...


 മക്കൾ വിദ്യാസമ്പന്നരാകണം. അതിലൂടെ മാത്രമേ ഈ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കപ്പെടുകയുള്ളൂ.. അതുകൊണ്ട് തന്നെ മക്കളുടെ വിദ്യാഭ്യാസത്തിൽ മിക്കരക്ഷിതാക്കളും ശ്രദ്ധ പതിപ്പിക്കുന്നു. സ്വന്തം മക്കൾ ആരാന്റെ പാടത്തും പറമ്പിലും പണിയെടുക്കുക, ഏതു രക്ഷിതാവിനാണിത് സഹിക്കാനാവുക. മകൾ അന്യന്റെ വീട്ടുജോലിക്കാരിയും അടുക്കളപ്പണിക്കാരിയുമാവുക ഒരു രക്ഷിതാവും അതിഷ്ടപ്പെടുന്നില്ല...


 പ്രത്യേകിച്ചും ഇക്കാലത്ത് വിദ്യ നേടാനാവാത്തതിൽ തങ്ങളനുഭവിക്കുന്ന ദുരിതങ്ങൾ മക്കൾക്കെങ്കിലും വരാതിരിക്കണം ഇതാണ് രക്ഷിതാക്കൾ ആഗ്രഹിക്കുന്നത്. ഇവിടെ അവർ അഭിലാഷിക്കുന്നതൊക്കെയും ന്യായമാണ്. എന്നാൽ ഭൗതിക വിദ്യാഭ്യാസം കൊണ്ട് മാത്രം ഇതൊക്കെ നേടാനാവുമോ..? ഇല്ല എന്നതാണ് അനുഭവ യാഥാർത്ഥ്യം... 


 ചുറ്റുപാടും വീക്ഷിച്ചാൽ തന്നെ അതു ബോധ്യമാവും. പണവും പത്രാസും വിദ്യാഭ്യാസമുള്ളവർ മാതാപിതാക്കളെ കൈയ്യൊഴിയുന്ന കാലമാണിത്. അത്തരക്കാരുടെ ഉമ്മറപ്പടിയിൽ നിന്ന് മുറുക്കിത്തുപ്പിയ വെറ്റിലച്ചുവപ്പ് അദൃശ്യമായിക്കൊണ്ടിരിക്കുന്നു. വല്യുമ്മമാർ വൃദ്ധ സദനങ്ങളിലേക്ക് പറിച്ചു നടപ്പെട്ടു. വല്യുപ്പയുടെ ചാരുകസേരക്ക് ഇടം നഷ്ടപ്പെട്ടു. രക്ഷിതാക്കൾ മക്കളെ ഭൗതിക വിദ്യപഠിപ്പിക്കുന്നു. അതും ധാരാളം പണമൊഴുക്കിക്കൊണ്ട്, കിടപ്പാടം വിറ്റും കാതിൽ തൂങ്ങിയ കമ്മൽ പണയം വെച്ചും, അങ്ങനെയാണവർ വലിയ ഡോക്ടർമാരും എഞ്ചിനീയർമാരുമായത്. അതോടെ സമൂഹത്തിനിടയിൽ സ്ഥാനം വർദ്ധിച്ചു. പിന്നെ നൊന്തു പെറ്റ ഉമ്മ അനഭിമതയായി. കഷ്ടപ്പെട്ട് വളർത്തിയ പിതാവ് അധികപ്പറ്റായി. സ്റ്റാറ്റസ് കീപ് ചെയ്യാൻ അവരെ ഏതോ വൃദ്ധമന്ദിരത്തിൽ കൊണ്ടുപോയി തള്ളി. അമിത ഭൗതികവിദ്യയുടെ അനന്തരഫലം.


 മതപഠനം പലർക്കും അരോചകമാണിന്ന്. മദ്റസയിലേക്ക് മക്കളെ പറഞ്ഞയക്കുന്നത് ലജ്ജാകരമാണ്. പാതി വഴിയിൽ മദ്റസ നിർത്താൻ മക്കളെ പ്രേരിപ്പിക്കുന്നു. അതിനവർക്ക് നൂറുന്യായങ്ങളുണ്ട് താനും. ഒരു വഴി പാടുപോലെ മക്കളെ മദ്റസയിൽ പറഞ്ഞയക്കുന്നവരും കുറവല്ല. ഭൗതിക പഠനത്തിലാണ് എല്ലാവർക്കും താൽപര്യം. നമ്മുടെ മക്കൾ പരീക്ഷയിൽ മാത്രം എ പ്ലസ് നേടി അതുകൊണ്ട് എന്ത് കാര്യം..?


 ജീവിതത്തിലാണ് എ പ്ലസ് നിലനിർത്തേണ്ടത്. ഭൗതികത മാത്രം ലക്ഷ്യം വെച്ചാൽ അതുസാധ്യമല്ല. നാം ദുഃഖിക്കേണ്ടിവരും. പരലോകത്ത് അതുകൊണ്ട് ഉപകാരം ലഭിക്കുകയില്ല. നാം മരണപ്പെട്ടാൽ നമുക്കെന്തെങ്കിലും ഉപകാരം കിട്ടണം. മതവിദ്യനേടാത്ത മക്കൾ അപ്പോൾ നമുക്കെന്ത് തിരിച്ചു നൽകും..? മരണാനന്തര കർമങ്ങൾ പോലും ചെയ്യാനാവാതെ അവർക്ക് പകച്ചു നിൽക്കേണ്ടി വരും...


ആദിത്യനും രാധയും മറ്റു ചിലരും എന്ന നോവലിലെ എം മുകുന്ദന്റെ വരികൾ കാണുക അമ്മയുടെ മൃതദേഹത്തിന് മുമ്പിൽ ഒരു പട്ടാളക്കാരനെ പോലെ അയാൾ അറ്റൻഷനായി  നിന്നു. അറ്റൻഷനായി നിൽക്കുന്ന അയാളുടെ ശരീരം ചെറുതായി ഒന്നനങ്ങി. അയാൾ തന്റെ ബാഗിൽ നിന്ന് ചില രേഖകൾ പുറത്തെടുത്തു. തന്റെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകൾ, ഡോക്ടറേറ്റ് സർട്ടിഫിക്കറ്റ് തുടങ്ങി എല്ലാ പ്രശംസാപത്രങ്ങളും, ഉറക്കമിളിച്ചിരുന്ന് വായിച്ചും ചിന്തിച്ചും ഞാനിതെല്ലാം നേടിയത് അമ്മയ്ക്ക് വേണ്ടിയാണ്. അമ്മയുടെ സന്തോഷത്തിന് വേണ്ടി മാത്രം  


മതവിദ്യയോട് പുറം തിരിഞ്ഞ് നിൽക്കുന്ന രക്ഷിതാക്കൾക്ക് പാഠമാണീ വരികൾ...