Wednesday - 22 April, 2026 4-Dhu al-Qadah-1447

സ്ത്രീ: സ്വർഗ്ഗത്തിലേക്കുള്ള വഴി

വീടിന്റെ അകത്തളങ്ങളില്‍ പ്രകാശം ചൊരിയുന്ന നിറസാന്നിധ്യമാണു സ്ത്രീ...


 ഒരേ സമയം പ്രകാശത്തിന്റെ പ്രഫുല്ലത കൊണ്ട് വീടകങ്ങളെ സമ്പൂര്‍ണമാക്കാനും, ഒരു നിമിഷത്തെ അബദ്ധം കൊണ്ട് കത്തിയെരിയുന്ന സംഹാരിയാവാനും അവള്‍ക്കു കഴിയും. സമൂഹത്തിന്റെ അമൂല്യമായ പുരോയാനത്തെ ത്വരിതപ്പെടുത്താനും, പ്രപഞ്ച താളത്തെ തന്നെ അവതാളത്തിലാക്കാനും അവള്‍ക്ക് ശക്തിയുണ്ട്. സാംസ്‌കാരങ്ങൾ നിര്‍മിക്കപ്പെടുന്നതും നശിപ്പിക്കപ്പെടുന്നതും അവളുടെ മടിത്തട്ടിലാണ്. അവളുടെ സാന്നിധ്യമാണ് വിശ്വാസത്തെയും ത്യാഗത്തെയും കരുത്തുള്ളതാകുന്നത്...


 അതേസമയം, കാപട്യവും നാശവുമുളവാക്കി ഒരു ജനതയെത്തന്നെ നശിപ്പിക്കാനുള്ള അവളുടെ ശക്തിയും ശ്രദ്ധേയമാണ്. നരകവാസികളില്‍ ഭൂരിഭാഗവും സ്ത്രീ കൈവശപ്പെടുത്തിയിരിക്കുന്നുവല്ലോയെന്ന പ്രവാചകവചനം അവിസ്മരണീയമാണ്. അതുകൊണ്ട് സഹോദരീ ...

നേര്‍മാര്‍ഗത്തിന്റെ ലാളിത്യത്തിലേക്കും പ്രവാചക വചനങ്ങളുടെ  സൗന്ദര്യത്തിലേക്കും അടുക്കാന്‍ ശ്രമിക്കുക. അതു നിന്നെ ഉന്നതനായ നാഥന്റെ ആത്യന്തികമായ തൃപ്തിയിലേക്കും അതുവഴി ജീവിതവിജയത്തിലേക്കും നയിക്കും...


 സ്വര്‍ഗത്തിലൊരു വീട്  സഹോദരീ... നീ എപ്പോഴെങ്കിലും കിനാവ് കണ്ടിട്ടുണ്ടോ..!! സ്വര്‍ഗീയ ജീവിതത്തിന്റെ പരമാനന്ദത്തില്‍ മാണിക്യത്താലും മരതകത്താലും അലംകൃതമായ സ്വപ്നഭവനത്തില്‍ സന്തോഷകരമായി കഴിയുന്നതിനെ കുറിച്ച്..? ചുറ്റും വീശുന്ന നിത്യസുഗന്ധവാഹിയായ മന്ദമാരുതന്റെ തലോടലേറ്റ് മോഹനവസന്തം നല്‍കുന്ന അഭൗമമായ ആനന്ദത്തെ എപ്പോഴെങ്കിലും മനസ്സില്‍ ധ്യാനിച്ചിട്ടുണ്ടോ..? 

നിന്നോടു തന്നെ ചോദിച്ചു നോക്കൂ..!! ആ സ്വര്‍ഗത്തില്‍ എത്തിച്ചേരാനെന്ത് വഴിയുണ്ട്..? എങ്ങനെ അതിനു യോഗ്യയായിത്തീരുമെന്ന്..? 


 പേടിക്കേണ്ട... നിന്റെ ചോദ്യത്തിന് നമ്മുടെ ഹബീബ് ﷺ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്...

അവിടുന്ന് (ﷺ) പറഞ്ഞു: ഒരു സ്ത്രീ അവളുടെ നിസ്‌കാരത്തില്‍ കൃത്യത കാട്ടുകയും, വ്രതമനുഷ്ഠിക്കുകയും, ഗുഹ്യസ്ഥാനം സംരക്ഷിക്കുകയും, ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്താല്‍ സ്വര്‍ഗത്തില്‍ അവള്‍ ഉദ്ദേശിക്കുന്ന വാതിലിലൂടെ അവള്‍ക്കു പ്രവേശനം സാധ്യമാണ്...  


 ഒരുപക്ഷേ, നീ പറയുമായിരിക്കും. നാഥന് സ്തുതി..! നിസ്‌കാരവും നോമ്പുമൊക്കെ ഞാന്‍ കൃത്യമായി നിര്‍വഹിക്കുന്നു. നിഷിദ്ധമാക്കിയതിനെ തൊട്ട് എന്റെ ശരീരത്തെ ഞാന്‍ സംരക്ഷിക്കുന്നുമുണ്ട്. പക്ഷേ, എല്ലാത്തിനും കാരണം അയാളാണ്. അയാളാണ് എല്ലാത്തിനും തുടക്കമിടുന്നതെന്ന്...!!


 ഇതരരുടെ കുറ്റങ്ങളെ വിളിച്ചു പറയാനും, നമ്മുടെ തന്നെ തെറ്റുകളെ അവഗണിക്കാനും, ചെകുത്താന്‍ നമ്മുടെ മനസ്സുകളില്‍ അതിസുന്ദരമായി നിര്‍മിക്കുന്ന ജല്പനങ്ങളാണിതെന്ന് പലപ്പോഴും നാം അറിയാതെ പോവുന്നു...

 

 പ്രിയ സഹോദരീ... നീ ഒരു പ്രധാന കാര്യം മറന്നു പോയിരിക്കുകയാണ്. സമുദായത്തിന്റെ അഭിമാനകരമായ നിലനില്‍പ്പിന്റെ അര്‍ധ ശക്തിയാണു നീയെന്നുള്ള കാര്യം...  മാനവന്റെ മധുരപ്പാതിയാണു നീ...

പുതു യുഗത്തിലെ ഒരു മുസ്‌ലിം വീടിന്റെ ഭരണസാരഥ്യത്തിലിരിക്കുന്ന അനിഷേധ്യ ശക്തിയാണു നീ. ഈ സമൂഹം പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് നിന്നിലാണ്...


 നിന്റെ ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍ നിനക്കു കഴിഞ്ഞാല്‍, ഇലാഹീ സംതൃപ്തിയും അതു വഴി സ്വര്‍ഗവും കരഗതമാക്കാന്‍ കഴിയുന്നു. വിശുദ്ധ ഖുര്‍ആന്‍ ഐഹിക ജീവിതത്തിലെ നന്മ എന്നുദ്ദേശിക്കുന്നത് നീയെന്ന ഭാര്യയെയാണെന്നാണ് വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നത്...


 പ്രവാചകന്‍ ﷺ പറഞ്ഞു: ഐഹികത മുഴുവന്‍ സമ്പത്തുക്കളാണ്. അതില്‍ നല്ല സമ്പത്ത് സന്മാര്‍ഗിയായ ഭാര്യയാണ്.   (മുസ്‌ലിം) 

 അതിനാല്‍, അചഞ്ചലചിത്തയായൊരു വിശ്വാസിനിയാവുക. സ്വര്‍ഗീയ ഭവനമാഗ്രഹിക്കുന്ന നിനയ്ക്ക് ഈ വിശേഷണം ഒഴിച്ചുവക്കാന്‍ പറ്റാത്തതാണ്; 


അനസുബിന്‍ മാലികില്‍ (റ) നിന്നുള്ള നിവേദനം. പ്രവാചകര്‍ ﷺ പറഞ്ഞു: അല്ലയോ സ്വഹാബ: സ്വര്‍ഗസ്ഥരായ നിങ്ങളുടെ ഭാര്യമാരെ കുറിച്ച് നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ..? അങ്ങേയറ്റം സ്‌നേഹമുള്ളവളും കൂടുതല്‍ പ്രസവിക്കുന്നവളുമായിരിക്കും അവള്‍. അവളുടെ ഭര്‍ത്താവ് അവളോടെന്തെങ്കിലും മര്യാദക്കേട് ചെയ്താല്‍ അവള്‍ പറയും: എന്റെ കരം അങ്ങയുടെ കരത്തിലാണ്. നിങ്ങളുടെ തൃപ്തിയോടെയല്ലാതെ എനിക്ക് ഉറങ്ങാന്‍ കഴിയില്ല...  

  (ത്വബ്‌റാനി) 


 അതിനാല്‍, സഹോദരീ തിരിച്ചറിയുക, നീയാണവന്റെ ഏറ്റവും വലിയ മഹത്വമാര്‍ന്ന സമ്പത്ത്... സ്ഥാനമാനമോ, ധനമോ കുടുംബമോ, സന്താനമോ അല്ല...

സ്വഹാബാക്കള്‍ പ്രവാചകരോട് (ﷺ) അന്വേഷിക്കുന്നു: പ്രവാചകരേ...  അവിടുന്ന് അരുളിയാലും, എന്താണ് ജീവിതത്തില്‍ ലഭ്യമായ ഏറ്റവും വലിയ സമ്പത്തെന്ന്..?

 

 അവിടുന്ന് (ﷺ) പ്രവചിച്ചു: ഇലാഹീസ്മരണയില്‍ മുഴുകിയ നാവും, നന്ദി ബോധത്താല്‍ തുടിക്കുന്ന ഹൃദയവും, വിശ്വാസത്തില്‍ സഹായിക്കുന്ന സന്മാര്‍ഗിയായ ഭാര്യയുമാണ്...

  (തിര്‍മിദി )


 ഇസ്‌ലാമിക കാര്യങ്ങളില്‍ സഹായിക്കുന്ന ഉന്നതയായ ജീവിതപങ്കാളിയാവണം നീ. നിന്റെ ഭര്‍ത്താകുന്ന ഭാര്യയുടെ മാനസിക സംതൃപ്തി നിനക്കു ലഭിക്കണം...*