Wednesday - 22 April, 2026 4-Dhu al-Qadah-1447

വൈവാഹിക ജീവിതത്തിലെ വിവേക നേതൃത്വം

കൈകാര്യകര്‍തൃത്വം എന്നര്‍ത്ഥം വരുന്ന ഖവാമത്ത് എന്ന പദം യഥാവിധി മനസ്സിലാക്കുന്നതില്‍ സമൂഹത്തിന് സംഭവിച്ച വീഴ്ച നിരവധി കുടുംബ പ്രശ്‌നങ്ങള്‍ രൂപപ്പെടുന്നതിന് കാരണമായിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം... 


 സ്ത്രീകളുടെ മേല്‍ തങ്ങളുടെ ആധിപത്യം പ്രകടിപ്പിക്കാനും അവരുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുമുള്ള ഒരു മാര്‍ഗമായിട്ടാണ് മിക്ക പുരുഷന്മാരും അതിനെ കാണുന്നത്. സ്ത്രീയുടെ വ്യക്തിത്വവും അസ്ഥിത്വവും അഭിപ്രായ പ്രകടനങ്ങളും നിയന്ത്രണവിധേയമാക്കി അവളെ വീട്ടുജോലിക്കും സന്താനപരിപാലനത്തിനും മാത്രമുള്ളവളായി ഇവര്‍ വിലയിരുത്തുന്നു...


 എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഖവാമത്ത് യുക്തിഭദ്രമായ നേതൃത്വവും ഉത്തരവാദിത്തപൂര്‍ണമായ സംരക്ഷണവുമാണ്. പ്രവാചകന്‍ ﷺ പഠിപ്പിച്ചു. " സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുക..! കാരണം അവര്‍ നിങ്ങളുടെ സഹായികളാണ്. അവരുടെ ഭക്ഷണവും മാന്യമായ വസ്ത്രവും നിങ്ങളുടെ ബാധ്യതയാണ് "

  (മുസ്‌ലിം)


 ഭര്‍ത്താവില്‍ നിന്നും കൈകാര്യകര്‍തൃത്വ പദവി ഊരിയെടുക്കുന്നവര്‍ തങ്ങളുടെ സ്ത്രീത്വം വിസ്മരിച്ചവരാണ്. ഒടുവില്‍ ഭര്‍ത്താവിന്റെ പൗരുഷവും ഭാര്യയുടെ സ്‌ത്രൈണതയും നഷ്ടപ്പെട്ട് ഇരുവരും നിത്യനിരാശയിലകപ്പെടും. സ്ത്രീക്കും പുരുഷനും അല്ലാഹു ﷻ സവിശേഷമായ പ്രകൃതം നല്‍കിയിട്ടുണ്ട്. അവര്‍ തമ്മിലുള്ള ബന്ധം പരസ്പര പൂരണത്തിന്റേതാണ്, മറിച്ച് സംഘട്ടനത്തിന്റേതല്ല. ക്രിയാത്മത, സമര്‍പ്പണസന്നദ്ധത, ഇലാസ്തികത തുടങ്ങിയ സ്വഭാവഗുണങ്ങള്‍ സ്ത്രീ നേടിയെടുക്കണം. അപ്രകാരം തന്നെ പുരുഷന്‍ സ്ത്രീയെ തന്റെ ആധിപത്യത്തില്‍ കഴിയുന്നവളെന്ന നിഷേധാത്മകമായ സമീപനത്തിലൂടെ കാണരുത്. അല്ലാഹു ﷻ കൈകാര്യകര്‍തൃത്വപദവി പുരുഷനാണ് നല്‍കിയത്. ബുദ്ധിയും സഹനശേഷിയും ശക്തിയും നിര്‍ണായകമായ തീരുമാനമെടുക്കാനുള്ള ശേഷിയും കുടുംബത്തിന്റെ മേല്‍ ചിലവഴിക്കാനുള്ള ബാധ്യതയുമെല്ലാം അല്ലാഹു ﷻ പുരുഷന് നല്‍കിയിട്ടുണ്ട്. എന്നാല്‍ വൈകാരികമായ സ്വാധീനങ്ങളും അതനുസരിച്ചുള്ള വിധികര്‍തൃത്വവും തീരുമാനങ്ങളെടുക്കാനുള്ള ശേഷിയില്ലായ്മയുമെല്ലാം സ്ത്രീയുടെ പ്രകൃതത്തില്‍ പെട്ടതാണ്...

          

 വൈവാഹിക ബന്ധത്തില്‍ വിള്ളല്‍ വരാതിരിക്കാനുള്ള നിര്‍ദ്ദേശനടപടികള്‍ ഇസ്‌ലാം സ്വീകരിച്ചതായി കാണാം. കൈകാര്യകര്‍തൃത്വ പദവി പുരുഷന്റെ ബാധ്യതയായി നിശ്ചയിച്ചു. എന്നാല്‍ ഭാര്യമാരെ ബുദ്ധിമുട്ടിക്കുക, ഉപദ്രവിക്കുക, ധിക്കാരം പ്രവര്‍ത്തിക്കുക തുടങ്ങിയ കൈകാര്യകര്‍തൃപദവിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് പുരുഷനെ വിലക്കുകയും ചെയ്തു. കുടുംബ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും വൈവാഹിക പ്രശ്‌നങ്ങള്‍ക്കുള്ള ചികില്‍സയുമായി ഗൗരവതരമായ നിര്‍ദ്ദേശങ്ങള്‍ അല്ലാഹു ﷻ സൂറതുന്നിസാഇലൂടെ നല്‍കിയിട്ടുണ്ട്...


 "പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാണ്. അല്ലാഹു ﷻ മനുഷ്യരിലൊരു വിഭാഗത്തിന് മറ്റുള്ളവരെക്കാള്‍ കഴിവു കൊടുത്തതിനാലും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതിനാലുമാണിത്. അതിനാല്‍ സച്ചരിതരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരാണ്. പുരുഷന്മാരുടെ അഭാവത്തില്‍ അല്ലാഹു ﷻ സംരക്ഷിക്കാനാവശ്യപ്പെട്ടതെല്ലാം കാത്തുസൂക്ഷിക്കുന്നവരുമാണ്. എന്നാല്‍ ഏതെങ്കിലും സ്ത്രീ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ അവരെ ഗുണദോഷിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നുനില്‍ക്കുക. അടിക്കുകയും ചെയ്യുക. അങ്ങനെ അവര്‍ നിങ്ങളെ അനുസരിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങള്‍ അവര്‍ക്കെതിരായ നടപടികളൊന്നുമെടുക്കരുത്. അത്യുന്നതനും മഹാനുമാണ് അല്ലാഹു ﷻ... തീര്‍ച്ച. ദമ്പതികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അവന്റെ ആള്‍ക്കാരില്‍നിന്ന് ഒരു മാധ്യസ്ഥനെ നിയോഗിക്കുക. അവളുടെ ആള്‍ക്കാരില്‍നിന്നൊരാളെയും. ഇരുവരും അനുരഞ്ജനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അല്ലാഹു ﷻ അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. അല്ലാഹു ﷻ എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞനുമാണല്ലോ..." 

  (അന്നിസാഅ് 34,35)


 ഈ സൂക്തത്തിന്റെ അവതരണ പശ്ചാത്തലത്തില്‍ സഅ്ദ് ബിന്‍ റബീഇന്റെ ഒരു സംഭവം വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ അനുസരണക്കേട് കാണിച്ചപ്പോള്‍ അവളുടെ മുഖത്തദ്ദേഹം അടിക്കുകയുണ്ടായി. അവളുടെ പിതാവ് അവളെയും കൂട്ടി പ്രവാചക സവിദത്തിലെത്തി. നീ അവളോടൊപ്പം കിടപ്പറ പങ്കിടുകയും അവളുടെ മുഖത്തടിക്കുകയും ചെയ്യുകയോ എന്ന് പ്രവാചകന്‍ ﷺ സഅ്ദിനോട് ചോദിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനോട് പ്രതിക്രിയ ചെയ്യാന്‍ അവളോട് നിര്‍ദ്ദേശിച്ചു. അവള്‍ അതിന് തയ്യാറായി, ഉടന്‍ ജിബ് രീല്‍ (അ) ഈ സൂക്തവുമായി എത്തി. അപ്പോള്‍ പ്രവാചകന്‍ ﷺ പ്രതിവചിച്ചു. നിങ്ങള്‍ തിരിച്ചുപോകുക..! ജിബ് രീല്‍ ദിവ്യ സന്ദേശവുമായി ആഗതനായിട്ടുണ്ട്. അപ്പോള്‍ പ്രവാചകന്‍ ﷺ പറഞ്ഞു. "നാം ഒരു കാര്യം ഉദ്ദേശിച്ചു, അല്ലാഹു ﷻ മറ്റൊന്ന് ആഗ്രഹിച്ചു, അല്ലാഹുﷻവിന്റെ കല്‍പന തന്നെ അത്യുത്തമം" ...


 പ


ുരുഷന്റെ കൈകാര്യകര്‍തൃത്വ പദവി കുടുംബത്തിന്റെ  ജീവിതായോധനത്തിന് വിവിധങ്ങളായ പ്രയാസങ്ങളെ അഭിമുഖീകരിക്കുന്നതിലൂടെ ലഭ്യമായതാണെന്ന് ഈ സൂക്തത്തില്‍ നിന്നും മനസ്സിലാക്കാം. ഇത് കേവലമൊരു സവിശേഷതയല്ല; ഒരു ഉത്തരവാദിത്തമാണ്. കാരണം അല്ലാഹുﷻവിന്റെ നിര്‍ദ്ദേശ പ്രകാരം കുടുംബത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാലും ജീവിതായോധനം തേടി കുടുംബത്തിന്റെ ചിലവ് നിര്‍വഹിക്കുന്നതിനാലും ലഭ്യമായതാണ്...

                 

 സ്ത്രീക്ക് അവളുടെ സൃഷ്ടിപ്പും പ്രകൃതവും കാരണം ഭര്‍ത്താവിന്റെയോ കുടുംബത്തിന്റെയോ ചെലവ് നിര്‍വഹിക്കുന്നതിനായി ജോലിക്ക് പോകേണ്ട ബാധ്യതയില്ല. ഭര്‍ത്താവിന് സേവനം ചെയ്യുക, സന്താന പരിപാലനം തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് അവളുടെ മേല്‍ ബാധ്യതയായിട്ടുള്ളത്. ഒരു സ്ത്രീ ജോലിക്ക് പോകുന്നത് മൂലം അവളുടെ മേല്‍ കൈകാര്യകര്‍തൃത്വം ഒഴിവാകുകയില്ല. അവള്‍ക്ക് സംരക്ഷണത്തിനും കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും പുരുഷന്‍ ആവശ്യമാണ്. മാത്രമല്ല അവള്‍ക്ക് ജോലിയുണ്ടെങ്കിലും ചിലവഴിക്കേണ്ട ബാധ്യത അവള്‍ക്കില്ല, അത് പുരുഷന്നാണ്. അവളുടെ ധനത്തില്‍ നിന്ന് വല്ലതും അവള്‍ നല്‍കുകയാണെങ്കില്‍ അത് സംഭാവനയായിട്ടാണ് പരിഗണിക്കുക. ശാശ്വതമായ സൗഭാഗ്യത്തിനുള്ള പ്രകൃതിപരമായ ശരിയായ മാനദണ്ഡമാണിത്. ഇതില്‍ വരുന്ന ഇടര്‍ച്ചകളും വീഴ്ചകളും വൈവാഹിക കുടുംബ ബന്ധത്തിന്റെ തകര്‍ച്ചക്ക് വഴിയൊരുക്കുകയും ചെയ്യും.


 ഭാര്യയില്‍ നിന്നും സ്വഭാവദൂഷ്യങ്ങളും അനുസരണക്കേടും ധിക്കാരവുമെല്ലാം പ്രകടമാവുമ്പോള്‍ അവ ശരിപ്പെടുത്താന്‍ വേണ്ടിയുള്ള പരിശ്രമങ്ങള്‍ പുരുഷന്റെ കൈകാര്യകര്‍തൃത്വ പദവിയില്‍ പെട്ടതാണ്. ഉപദേശവും ഉല്‍ബോധനവുമാണ് അതിന്റെ തുടക്കം. ഭര്‍ത്താവില്‍ നിന്ന് ധിക്കാരപരമായ പ്രവര്‍ത്തനങ്ങള്‍ ഉടലെടുക്കുന്ന സന്ദര്‍ഭത്തില്‍ ഒഴികെ മറ്റു സന്ദര്‍ഭങ്ങളിലെല്ലാം ഭര്‍ത്താവിനെ അനുസരിക്കല്‍ സ്ത്രീയുടെ ബാധ്യതയാണ്...


 അനിവാര്യമായ ഘട്ടത്തില്‍ ആവശ്യമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിനുള്ള അവകാശവും ഭര്‍ത്താവില്‍ നിക്ഷിപ്തമാണ്. അതിന്റെ അവസാന ഘട്ടമാണ് നിബന്ധനകളോടുകൂടി അവരെ അടിക്കല്‍...


 പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇമാം ഖുര്‍ത്വുബി രേഖപ്പെടുത്തുന്നു. " ഈ വിഷയത്തിലും വന്‍പാപങ്ങള്‍ക്കുള്ള ശിക്ഷാനടപടിയിലുമല്ലാതെ അടിക്കുക എന്ന ശിക്ഷാവിധി അല്ലാഹു ﷻ വ്യക്തമായി മറ്റൊരിടത്തും പ്രതിപാദിച്ചിട്ടില്ല. കാരണം വന്‍പാപങ്ങള്‍ ചെയ്യുന്നതിന് സമമായിട്ടാണ് ഭര്‍ത്താവിനോടുള്ള അനുസരണക്കേടിനെ കണക്കാക്കുന്നത്. ഭരണാധികാരിയുടെയും ഖാളിയുടെയും ശിക്ഷാനടപടി നിര്‍വഹിക്കാനുള്ള ചുമതല പ്രസ്തുത വിഷയത്തില്‍ ഭര്‍ത്താക്കന്മാരെ ഏല്‍പിച്ചത് ഭര്‍ത്താക്കന്മാര്‍ക്ക് മേല്‍ അല്ലാഹുﷻവിന്റെ അമാനത്തിന്റെ ഭാഗമായിട്ടാണ്... "


 ഈ സൂക്തത്തിലെ അനുസരണക്കേട് ധിക്കാരം എന്ന അര്‍ത്ഥത്തിലാണ്. അല്ലാഹു ﷻ അവരുടെ മേല്‍ ബാധ്യതയാക്കിയിട്ടുള്ള ഭര്‍ത്താക്കന്മാരോടുള്ള അനുസരണത്തില്‍ വരുത്തുന്ന ധിക്കാരമാണ് വിവക്ഷ. നല്ലനടപ്പിനായി മൂന്ന് ഘട്ടങ്ങളാണ് അല്ലാഹു ﷻ കല്‍പിച്ചിട്ടുള്ളത്...


ഒന്നാം ഘട്ടം : കിടപ്പറ പങ്കിടുന്നതോടൊപ്പമുള്ള ഉപദേശനിര്‍ദ്ദേശങ്ങള്‍: ഈ ഘട്ടത്തില്‍ അവരെ അടിക്കരുത്. ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഊഷ്മള ബന്ധം നിലനില്‍ക്കാനായി അല്ലാഹു ﷻ നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ അവരെ ഉണര്‍ത്തുക. അതുപരിക്കുന്നില്ലെങ്കില്‍ സ്‌നേഹനൈര്‍മല്യത്തോടെ അവരെ ഉപദേശിക്കുകയും ഉല്‍ബോധിപ്പിക്കുകയും ചെയ്യുക...


കിടപ്പറയില്‍ നിന്ന് മാറ്റിനിര്‍ത്തലാണ് രണ്ടാമത്തെ ഘട്ടം : കിടപ്പറയില്‍ നിന്ന് മാറിയോ തിരിഞ്ഞോ കിടക്കലാണ് അതിന്റെ രീതി. അത് നാല് മാസത്തില്‍ കവിയാന്‍ പാടില്ല, ഇതിന് അല്ലാഹു ﷻ അനുവദിച്ച പരമാവധി സമയമാണ് അത്. കിടപ്പറയില്‍ നിന്നകന്ന് നില്‍ക്കുക എന്നത് കൊണ്ട് പ്രതികാരമല്ല, മറിച്ച് സംസ്‌കരണവും നല്ലനടപ്പുമാണ് ലക്ഷ്യം വെക്കേണ്ടത്...


ആഘാതമേല്‍ക്കാത്ത അടിയാണ് മൂന്നാമത്തെ ഘട്ടം : അടയാളമോ ഉപദ്രവമോ പ്രകടമാകാത്ത അടിയായിരിക്കണം അത്. ഇബ്‌നു അബ്ബാസ് (റ) വിശദീകരിക്കുന്നു:  "അവരെ കിടപ്പറയില്‍ നിന്നകറ്റിയിട്ടും ഫലമൊന്നുമില്ലെങ്കില്‍ ആഘാതമേല്‍ക്കാത്ത രീതിയില്‍ അടിക്കാന്‍ അല്ലാഹു ﷻ അനുമതി നല്‍കിയിട്ടുണ്ട്. മര്യാദപഠിപ്പിക്കലും ചികില്‍സ രീതിയായിട്ടുമാണ് ഭര്‍ത്താവ് അടിപ്രയോഗത്തെ പരിഗണിക്കേണ്ടത്. ഏറ്റവും ലഘുവായ രീതിയാണ് അതില്‍ സ്വീകരിക്കേണ്ടത്. ആഘാതമേല്‍ക്കാത്ത അടികൊണ്ട് എന്താണര്‍ത്ഥമാക്കുന്നത് എന്ന് അത്വാഅ്, ഇബ്‌നു അബ്ബാസിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. അത് മിസ്വാക്ക് പോലുള്ളതുകൊണ്ടുള്ള വസ്തുക്കള്‍ കൊണ്ടുള്ള അടിയാണ്...


 ജാബിര്‍ (റ) പറഞ്ഞു : മുഖത്തടിക്കുന്നതിനെ തിരുമേനി ﷺ നിരോധിച്ചിരിക്കുന്നു...

  (മുസ്‌ലിം)