Wednesday - 22 April, 2026 4-Dhu al-Qadah-1447

പെണ്ണുകാണലിന്റെ ഇസ്‌ലാം പാഠങ്ങൾ

ഞാന്‍ കരുതി അന്ന് നിങ്ങളുടെ കൂടെ വന്ന ആളാകും എന്ന്. അയാളാണല്ലോ എന്നോട് കൂടുതല്‍ സംസാരിച്ചതും എന്നെ കൂടുതല്‍ നോക്കിയതും... എനിക്കിഷ്ടമായതും അയാളെയായിരുന്നു.  


 മധുവിധുവിന്റെ പ്രഥമരാത്രി ഭാര്യ ഭര്‍ത്താവിന്റെ ചെവിയില്‍ മന്ത്രിച്ച വാക്കുകള്‍ കേട്ട ഭര്‍ത്താവ് തളര്‍ന്നുപോയി..!!


 സ്വന്തം കണ്ണില്‍ ഇരുട്ട് പടരുന്നതായി അയാള്‍ക്ക് തോന്നി. ഇറങ്ങിപ്പോവാന്‍ ആഗ്രഹിച്ചതെങ്കിലും അതിനും അയാള്‍ക്ക് ശക്തിയുണ്ടായില്ല. തന്നേക്കാള്‍ ഭാര്യക്ക് അന്ന് ഇഷ്ടപ്പെട്ടത് പെണ്ണുകാണാന്‍ കൂടെ വന്ന സ്‌നേഹിതനെയാണുപോല...


 ഇതുകേട്ടാല്‍ ഏതു ഭര്‍ത്താവാണ് തളരാതിരിക്കുക. പെണ്ണുകാണാന്‍ കൂടെ കൂട്ടുമ്പോള്‍ സൂക്ഷിക്കണമായിരുന്നു. ഏതാനും മാസത്തെ ദാമ്പത്യ ജീവിതത്തിനുശേഷം അയാള്‍ വിദേശത്തേക്കു തിരിച്ചുപോയി. അവിടെ എത്തിയപ്പോള്‍ അയാളുടെ മനസ്സ് കൂടുതല്‍ അസ്വസ്ഥമാവുകയാണുണ്ടായത്. അത്യാവശ്യം സമ്പാദിച്ചു മാന്യമായൊരു വീടും വെച്ചു. മോഹം പോലെ സ്ത്രീധനം വാങ്ങാതെ സുന്ദരിയായ ഒരുവളെ വിവാഹവും കഴിച്ചു... 


 സന്തോഷത്തിന്റെ നാളുകള്‍ കൊതിച്ച് സന്താപത്തിലായ ഒരു പ്രവാസി സമാധാനം തേടി എഴുതിയ കത്തിലെ വരികളില്‍ വായിക്കാനായതാണ് മുകളില്‍...


 പെണ്ണുകാണല്‍ ഇസ്‌ലാമിക ദൃഷ്ട്യാ സുന്നത്താണ്. മതം അത് പ്രോല്‍സാഹിപ്പിക്കുന്നു. മുഗീറത്ത്ബ്‌നു ശുഅ്ബ(റ)യോട് സ്ത്രീയെ കണ്ടതിനുശേഷം വിവാഹം കഴിക്കാന്‍ പ്രവാചകന്‍ ﷺ ആവശ്യപ്പെട്ടതും, ആ വിവാഹത്തിലൂടെ ലഭിച്ച സംതൃപ്തിയെക്കുറിച്ച് മുഗീറത്ത്ബ്‌നു ശുഅ്ബ (റ) പറഞ്ഞതും ഹദീസ് ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്...


 സ്ത്രീയുടെ മുഖവും മുന്‍കൈയും കാണലാണ് സുന്നത്ത്. നേരില്‍ കാണാന്‍ അസാധ്യമാകുന്ന സാഹചര്യത്തില്‍ യോഗ്യകളായ സ്ത്രീകളെ അയക്കലും അവരിലൂടെ വിവരങ്ങള്‍ അറിയലും സുന്നത്തുതന്നെ. ഉറപ്പിനു സ്ത്രീകളാല്‍ ആഭരണം അണിയിക്കലും ശരീഅത്തിന് എതിരല്ല. സ്ത്രീയെ കാണല്‍ മാത്രമല്ല, സ്ത്രീ പുരുഷന്മാര്‍ പരസ്പരം കാണലാണ് മതം ആവശ്യപ്പെടുന്ന കാഴ്ച...


 പെണ്ണുകാണല്‍ സുന്നത്താണെങ്കിലും ഇന്നതിന്റെ പേരില്‍ അരങ്ങുവാഴുന്നത് ഒരു തരം പേക്കൂത്താണ്. വരനാകാന്‍ പോകുന്നവനും കൂട്ടുകാരുമൊത്ത് സ്ത്രീയുടെ വീട്ടില്‍ എത്തുന്നു. അവര്‍ക്ക് മുന്നിലേക്ക് ചായയും പലഹാരങ്ങളുമായി പെണ്‍കുട്ടി കടന്നുവരുന്നു. അവളെ തുറിച്ചുനോക്കുന്ന അനേകം കണ്ണുകള്‍, ഒപ്പം കമന്റുകളും. പേരും വിദ്യാഭ്യാസവും ഹോബിയും കഴിഞ്ഞ് ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരത്തിന്റെ പേരും ആരുടെ ഫാന്‍സാണെന്നറിഞ്ഞാലും ചോദ്യമവസാനിക്കുന്നില്ല...


 ഇത് ഇന്നിന്റെ അവസ്ഥയില്‍ പലര്‍ക്കും ഒരു ഹോബിയാണ്. കുടുംബ, സാമ്പത്തിക, വിദ്യാഭ്യാസ യോജിപ്പുകളെക്കുറിച്ച് ധാരണയാകും മുമ്പുള്ള ഇന്നത്തെ പെണ്ണുകാണല്‍ ശറഅ് അനുവദിച്ചതാണോ..? 


 സ്ത്രീയും പുരുഷനും കാണല്‍ ഒഴികെ മറ്റെല്ലാരൂപത്തിലുമുള്ള യോജിപ്പുകളും ഉണ്ടായതിനുശേഷമല്ലേ പെണ്ണുകാണല്‍ ചടങ്ങ് നടക്കേണ്ടത്..? 


 ഒരു യുവാവിനെ കൊണ്ടുനടന്ന് ഒരു ദിവസം നാലും അതിലധികവും പെണ്ണുകാണല്‍ ഒപ്പിക്കുന്ന ബ്രോക്കര്‍ സംസ്‌കാരം നിരുത്സാഹപ്പെടുത്തേണ്ടതല്ലേ..?


 കാണുകയും ഇഷ്ടപ്പെടുകയും ചെയ്ത ശേഷം ഇതര കാരണങ്ങളാല്‍ വിവാഹം മുടങ്ങിയാല്‍ ആശിച്ചത് ലഭിക്കാതെ നിരാശ സൃഷ്ടിക്കുന്നതിന് ആരാണ് ഉത്തരവാദി..?


 അനേകം ആളുകള്‍ക്ക് മുന്നില്‍ അണിഞ്ഞൊരുങ്ങി ഇന്റര്‍വ്യൂ വിന് വിധേയമായി മനസ്സ് തളര്‍ന്ന പെണ്‍കുട്ടികള്‍ എത്ര..? 


  എനിക്കതിന് ഇനിയും വയ്യ എന്ന് പറയുന്ന സഹോദരിമാരുടെ എണ്ണം കൂടുകയല്ലേ..?


 സ്വന്തം ഭാര്യയെ തെരഞ്ഞെടുക്കാനുള്ള പക്വതപോലും പുരുഷന് നഷ്ടമാവുകയാണോ. തനിക്കിഷ്ടപ്പെട്ടിട്ടും കൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടാതിരുന്നാല്‍ ഉപേക്ഷിക്കേണ്ടി വരുന്നവരില്ലേ..? 


 എന്റെ മകളെ വിവാഹം കഴിക്കുന്നവന്‍ മാത്രം കണ്ടാല്‍ മതി എന്നുപറയാന്‍ രക്ഷിതാക്കള്‍ക്ക് തടസ്സമെന്താണ്..?


 ഭക്ഷണം നല്‍കി സലക്കരിച്ച് ഹറാമായ ദര്‍ശനത്തിനും സംഭാഷണത്തിനും നാം വേദി ഒരുക്കണോ..? 


വിവാഹം കഴിക്കുന്ന വ്യക്തി മാത്രം തന്നെ കണ്ടാമതി എന്ന് പറയാനുള്ള ആര്‍ജവം എന്നാണ് സഹോദരിമാര്‍ നേടുക ..?


 പെണ്ണിനെ ഇഷ്ടപ്പെട്ടാല്‍ പുരുഷന്റെ ഭാഗത്തുള്ള സ്ത്രീകള്‍ ആഭരണമണിയിക്കുന്ന സംസ്‌കാരം ഇന്ന് ഔട്ട് ഓഫ് ഫാഷനാണ്. പുരുഷന്‍ തന്നെ ആഭരണമണിയിക്കലാണത്രെ ഇന്നിന്റെ ഫാഷന്‍. വിവാഹം ആലോചിച്ച സ്ത്രീ അന്യവള്‍ തന്നെയാണല്ലോ..? അവളെ സ്പര്‍ശിക്കുന്നത് ഇസ്‌ലാമിക ദൃഷ്ട്യാ ഹറാമാണല്ലോ..?  


 നാം എന്തിന് കണ്ണടക്കണം. കാണാന്‍ വരുന്ന സ്ത്രീകള്‍ ഒന്നടങ്കം ആഭരണമണിയിക്കുന്ന ഗള്‍ഫ് സംസ്‌കാരം പലരേയും അനാവശ്യബാധ്യതയിലേക്ക് നയിക്കുകയാണ്. സ്ത്രീധനം ചോദിക്കാതെ പെണ്ണുകാണലിന് അധികം സ്വര്‍ണമിട്ട് അതിന്റെ എത്രയോ ഇരട്ടി തിരിച്ചുലഭിക്കാന്‍ കുറുക്കുവഴിതേടുന്നവരും കുറവല്ല...


 വിവാഹ നിശ്ചയ ദിവസം ഒരുമിച്ച് ഫോട്ടോക്ക് പോസ് ചെയ്യാന്‍വിധം സമുദായം പുരോഗതിനേടിയിട്ടും ഇനിയും ആരാണ് നമ്മെ പഴഞ്ചന്‍ എന്ന് മുദ്രകുത്തുന്നത്..?


 വിവാഹ നിശ്ചയശേഷം വരന്‍ വധുവിന്റെ വീടു സന്ദര്‍ശിക്കലും രണ്ടാളും ഒരു റൂമില്‍ തനിച്ചിരുന്ന് സംസാരിക്കലും പതിവായിത്തീര്‍ന്നിരിക്കുന്നു. മൊബൈൽ വഴിയുള്ള ശൃംഗാരവും. എന്തിനേറെ വിവാഹത്തിനു മുമ്പ് പാര്‍ക്കിലും ബീച്ചിലും ചുറ്റി നടക്കലും ഒരുമിച്ചു ടൂര്‍ പോകലും ഇന്ന് ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇതൊന്നും തെറ്റില്ലെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. കാമ്പസും പാര്‍ക്കും, ബീച്ചും ഐസ്‌ക്രീം പാര്‍ലറുമെല്ലാം പെണ്ണുകാണലിന്റെ പേരില്‍ അനുവദനീയമാക്കുന്ന ടി.വി. സംസ്‌കാരത്തിന്റെ പിന്നാലെയുള്ള ഈ പ്രയാണം എങ്ങോട്ടാണ്..? 


 എന്തും പറഞ്ഞും ചെയ്തും ലജ്ജയുടെ അവസാനത്തെ ആണിയും പറിച്ചു മണിയറയുടെ ജീവന്‍ നഷ്ടപ്പെടുത്തുന്ന നവസംസ്‌കാരം കാത്തിരിപ്പിന്റെ മാധുര്യം അപഹരിക്കുകയാണെന്ന മാനസികവശവും അനുവദനീയത്തിന്റെ ചാലുകളില്‍നിന്ന് ഹറാമിന്റെ ചാലുകളില്‍ എത്തുന്നുവെന്ന തിരിച്ചറിവും സമുദായത്തിനു നല്‍കേണ്ടതല്ലേ..? 


 നമുക്ക് എന്തിനും മറുപടിയുണ്ട്. നാട്ടാചാരം... ആചാരം ആഭാസമാകുമ്പോള്‍ പാലിക്കുന്ന മൗനത്തിനെ നാം എന്ത് വിളിക്കും..? 


 സമൂഹം ഉണരുക..! അല്ലാഹുﷻവും അവന്റെ പ്രവാചകനും (ﷺ) അനുവദിച്ചുതന്നതിലേക്ക് മടങ്ങുക... 

അതാണ് ഉത്തമ ഭാവിക്ക് ഉചിതം...


അബൂബക്കർ ഫൈസി ചെങ്ങമനാട്