ഇണയെ തെരഞ്ഞെടുക്കുമ്പോൾ ആധാരമാക്കേണ്ട സവിശേഷ ഗുണങ്ങൾ ഇസ്‌ലാമിക ശരീഅത്ത് വ്യക്തമായി നിർദേശിച്ചിട്ടുണ്ട്...
മതനിഷ്ഠ, തറവാടിത്തം, കന്യകാത്വം, ഭർതൃസ്‌നേഹം, പ്രസവശേഷി, ബുദ്ധിവൈഭവം, സൽസ്വഭാവം, സൗന്ദര്യം തുടങ്ങിയവ കർമശാസ്ത്ര പണ്ഡിതർ പരിചയപ്പെടുത്തുന്നു. മേൽ പറഞ്ഞവയിൽ ചിലതെല്ലാം പുരുഷന്റേതുമാണ്. അതുകൊണ്ട് വരനെ അന്വേഷിക്കുമ്പോൾ വധുവും അവളുടെ രക്ഷിതാക്കളും പ്രസ്തുത ഗുണങ്ങൾ പരിഗണിച്ചുവേണം നീങ്ങാൻ...
(തുഹ്ഫ: 7/188-190)
വധുവിൽ ഉണ്ടായിരിക്കേണ്ട വിശേഷണങ്ങളെല്ലാം വധുവിൽ പരിഗണിക്കുംപ്രകാരം വരനിലുണ്ടോ എന്ന് ശ്രദ്ധിക്കൽ പെണ്ണിനും അവളുടെ രക്ഷിതാവിനും സുന്നത്താണ്. ദുഃസ്വഭാവിയോ വിരൂപിയോ മതഭക്തയില്ലാത്തവനോ കുടുംബപരമായ യോഗ്യതയിൽ അവളോട് യോജിക്കാത്തവനോ ആയ പുരുഷന് വിവാഹം ചെയ്തുകൊടുക്കരുത്.
വധൂവരന്മാരുടെ യോജിപ്പ് നികാഹിൽ പ്രത്യേകം പരിഗണിക്കേണ്ടതാണ്. സാധാരണഗതിയിൽ നികാഹ് സ്വീകാര്യമാകാൻ കുഫ്‌വ് (യോജിപ്പ്) നിർബന്ധമില്ലെങ്കിലും വധുവിന്റെയും അവളുടെ രക്ഷിതാവിന്റെയും അവകാശമാണത്. അതിനാൽ അത് വേണ്ടെന്ന് വെക്കാനും അവർക്ക് അവകാശമുണ്ട്...
മതം, വംശം, തൊഴിൽ, സ്വാതന്ത്ര്യം, മതചിട്ട എന്നിവയിലാണ് കക്ഷികൾ തമ്മിലുള്ള യോജിപ്പ് പരിഗണിക്കേണ്ടത്. ചാരിത്ര്യ ശുദ്ധിയുള്ളവൾക്ക് തെമ്മാടിയും സുന്നിയായവൾക്ക് പുത്തനാശയക്കാരനും അനുയോജ്യരല്ല. ഖുറൈശി, ഹാശിമി, മുത്തലിബി എന്നീ ഗോത്രവനിതകൾക്ക് അതേ ഗോത്രക്കാരല്ലാത്ത പുരുഷന്മാർ അനുയോജ്യമല്ല...
പണ്ഡിതയായ സ്ത്രീക്ക് പാമരൻ യോജിക്കില്ലെന്ന് ഇമാം റുഅ്‌യാനി (റ) പറഞ്ഞിട്ടുണ്ട്. സമ്പത്ത് യോജിപ്പിന്റെ കാര്യത്തിൽ പരിഗണനീയമല്ലെന്നാണ് ഏറ്റവും ശരിയായ അഭിപ്രായം. കാരണം, സമ്പത്ത് നീങ്ങിപ്പോകുന്ന നിഴലാണ്. മാന്യന്മാരും ഉൾക്കണ്ണുള്ളവരും സമ്പത്ത് ഒരു യോഗ്യതയായി കണക്കാക്കില്ല. കർമശാസ്ത്ര ജ്ഞാനികൾ ഏതെങ്കിലും ഒരു തൊഴിൽ താഴ്ന്ന ജോലിയാണെന്ന് പറഞ്ഞാൽ പിന്നെ ഏതെങ്കിലും നാടുകളിൽ അത് മാന്യമായ ജോലിയായി കണക്കാക്കുന്നുണ്ടെങ്കിലും അത് പരിഗണിക്കുകയില്ല. അത് താഴ്ന്ന തൊഴിൽ തന്നെയാണ്...
നിസ്‌കാരം ഉപേക്ഷിക്കൽ, മദ്യപാനം തുടങ്ങിയ ന്യൂനതകൾ ഒരു കാരണവശാലും അന്വേഷകർക്ക് മുമ്പിൽ മറച്ചുവെച്ചുകൂടാ. വരനോ അവന്റെ ഭാഗത്ത് നിന്നുള്ളവരോ വധുവിനെ സംബന്ധിച്ച് അന്വേഷിക്കുമ്പോഴും വിധി ഇതുതന്നെ. തന്റെ സഹോദരനെ സഹായിക്കുക, അവന് മാർഗനിർദേശം നൽകുക എന്ന സദുദ്ദേശ്യത്തോടെ ആയിരിക്കണം ന്യൂനതകൾ സൂചിപ്പിക്കേണ്ടത്. അല്ലാതെ അവരുടെ അന്തസിന് ക്ഷതമേൽപിക്കുക എന്ന ലക്ഷ്യമാകരുത്. അത്തരം ലക്ഷ്യങ്ങൾ പരദൂഷണത്തിന്റെ പരിധിയിൽ വരുന്നതും കുറ്റകരവുമാണ്...
(തുഹ്ഫ, ഫത്ഹുൽ മുഈൻ)