Thursday - 23 April, 2026 5-Dhu al-Qadah-1447

കുട്ടികളില്‍ എങ്ങനെ പ്രവാചക സ്‌നേഹം വളര്‍ത്താം

കുട്ടി ജനിച്ചതു മുതല്‍ ഏകദേശം 2 വയസ്സു വരെയുള്ള കാലഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. ഈ ഘട്ടത്തില്‍ മാതാപിതാക്കള്‍ നബിﷺയുടെ പേര് കേള്‍ക്കുമ്പോഴും സ്മരിക്കുമ്പോഴുമൊക്കെ നബിﷺയുടെ പേരില്‍ സ്വലാത്ത് ചൊല്ലുന്നത് കേള്‍ക്കുകയും മാതാപിതാക്കളില്‍ നിന്ന് നബി സ്‌നേഹം കുട്ടികളിലേക്ക് പകര്‍ന്നൊഴുകുകയും ചെയ്യും. മാതാപിതാക്കളുടെ പ്രവാചക സ്‌നേഹം കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ അവരില്‍ നബിസ്‌നേഹം വളരാന്‍ ഇടവരുത്തും...


◉ 3 വയസ്സു മുതല്‍ 6 വരെ

   കുട്ടികള്‍ കഥകള്‍ കേള്‍ക്കാന്‍ വലിയ താല്‍പര്യം കാണിക്കുന്ന ഒരു പ്രായമാണിത്. ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തി കുട്ടികള്‍ക്ക് നബിﷺയുടെ ചരിത്രം രസകരമായി അവതരിപ്പിച്ച് കൊടുക്കുക. അങ്ങനെ നബിﷺയെ അവര്‍ക്ക് പരിചയപ്പെടുത്തുക. അവരുടെ മനസ്സില്‍ പ്രവാചകനോട് (ﷺ) സ്‌നേഹവും ആദരവും ബഹുമാനവും ഉണ്ടാവും വിധമാണ് നബിﷺയെ പരിചയപ്പെടുത്തേണ്ടത്. അവരുമായി ചര്‍ച്ച ചെയ്യുകയും അവര്‍ക്ക് മനസ്സിലായ കാര്യങ്ങള്‍ പറയിപ്പിക്കുകയും ചെയ്യുക...


◉ 7 വയസ്സുമുതല്‍ 10 വരെ

   ഈ പ്രായത്തില്‍ കുട്ടികള്‍ക്ക് നബിﷺയുടെ കുട്ടികളോടുള്ള സമീപനത്തെ കുറിച്ചുള്ള കഥകള്‍ വിവരിച്ചു കൊടുക്കാം. അവരോടുള്ള നബിﷺയുടെ സ്‌നേഹം, കുട്ടികളോടു പ്രവാചകന്‍ (ﷺ) കാണിച്ച വാത്സല്യം, അവര്‍ക്ക് നല്‍കിയ പരിഗണന തുടങ്ങിയവ പറഞ്ഞു കൊടുത്ത് പ്രവാചകനു (ﷺ) വേണ്ടി സ്വലാത്തു ചൊല്ലാന്‍ അവരെ പ്രേരിപ്പിക്കുക... 


◉ 11 വയസ്സു മുതല്‍ 13 വരെ

   പ്രവാചകന്റെ (ﷺ) സ്വഭാവ സവിശേഷതകളും പെരുമാറ്റ രീതികളും പറഞ്ഞു കൊടുക്കേണ്ട ഘട്ടമാണിത്. കുടുംബാന്തരീക്ഷത്തില്‍ എല്ലാവരും ഒരുമിച്ച് കൂടുമ്പോള്‍, ഭക്ഷണം കഴിക്കുമ്പോള്‍, യാത്ര പോകുമ്പോള്‍ തുടങ്ങിയ ജീവിത ചുറ്റുപാടുകളില്‍ നബിﷺയുടെ ഉല്‍കൃഷ്ഠ ഗുണങ്ങള്‍ സന്ദര്‍ഭാനുസാരം കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുക. നബി കഥകളുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കുക...


◉ 14 മുതല്‍ 17 വരെയുള്ള പ്രായത്തില്‍ 

   സ്വന്തം മക്കള്‍ക്കും സമപ്രായക്കാരായ മറ്റു കുട്ടികള്‍ക്കും വേണ്ടി പ്രവാചക ജീവിതത്തെക്കുറിച്ചും നബി വചനങ്ങളെക്കുറിച്ചുമുള്ള ചെറിയ മത്സരങ്ങള്‍ നടത്തുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യാം.

ഇതോടൊപ്പം കുട്ടികള്‍ക്ക് ഉത്സാഹവും സന്തോഷവും ആനന്ദവും നല്‍കുന്ന ഒരു അന്തരീക്ഷവും ചുറ്റുപാടും ഉണ്ടാക്കാനും മറക്കരുത്. അവരുടെ പങ്കാളിത്തവും താല്‍പര്യവും വര്‍ദ്ധിപ്പിക്കുന്ന തരത്തിലായിരിക്കണം നമ്മുടെ ശിക്ഷണ രീതി...


ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ :


1) ചര്‍ച്ചകള്‍ നടത്താനും ചോദ്യങ്ങള്‍ ചോദിക്കാനും വിശദീകരിക്കാനും ആവശ്യപ്പെടാനുമുള്ള താല്‍പര്യം കുട്ടികളില്‍ ഉണ്ടാക്കണം. എല്ലാം കുട്ടിയുടെ തലയില്‍ കെട്ടിവെക്കുന്ന രീതി പാടില്ല...


2) കുട്ടികളില്‍ താല്‍പര്യം നിലനിര്‍ത്താന്‍ ചില സമ്മാനങ്ങളും പ്രോത്സാഹനങ്ങളും നല്‍കണം. ഹദീസ് മനഃപാഠമാക്കുന്നവര്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കാം...


3) കുട്ടികളിലെ സര്‍ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും പ്രവാചക സ്‌നേഹം കുട്ടികളില്‍ വളര്‍ത്തിയെടുക്കാം. നബിﷺയെ കുറിച്ച് കഥകള്‍, ലേഖനങ്ങള്‍, കവിതകള്‍ തുടങ്ങിയവ എഴുതാന്‍ പ്രേരിപ്പിക്കുക. നബിﷺയെ കുറിച്ചുള്ള രസകരമായ പല തരം മത്സരങ്ങള്‍ സംഘടിപ്പിക്കുക...


എല്ലാറ്റിലുമുപരി നബിﷺയുടെ ഉത്തമ മാതൃക പിന്‍പറ്റി ജീവിക്കല്‍ നമ്മുടെ ബാധ്യതയാണെന്ന് മനസ്സിലാക്കുക. കുട്ടികളിലും ആ ബോധം വളര്‍ത്തിയെടുക്കുക. അവരുടെ ഹൃദയങ്ങളില്‍ നബിസ്‌നേഹം ഊട്ടിയുറപ്പിക്കുക. ഒപ്പം പ്രവാചക ശിഷ്യന്‍മാരെയും നബി കുടുംബത്തെയും പണ്ഡിതന്‍മാരെയും ഇഷ്ടപ്പെടാനും ആദരിക്കാനും അവരെ പരിശീലിപ്പിക്കുക.