തെറ്റ് കുറ്റങ്ങളെ പരസ്പരം മറക്കുവാനുള്ള മനസ്സും പൊറുക്കുവാനുള്ള കരുത്തും ഭാര്യാ ഭർത്താക്കന്മാർക്ക് ഉണ്ടായിരിക്കുക എന്നത് ഭദ്രമായ കുടുംബജീവിതത്തിന്റെ സുസ്തിരതക്ക് ഉത്തേജനം പകരുന്ന ടോണിക്ക് ആണ്...
ചിന്തിക്കുവാൻ പോലുമാവാത്ത തെറ്റ് കുറ്റങ്ങൾ മനുഷ്യ സഹജമായ സാഹചര്യത്തിൽ ചിലരിൽ നിന്ന് ഒരുപക്ഷേ ഉണ്ടായെന്ന് വരാം..,
അത്തരം സാഹചര്യത്തിൽ സൗമ്യതയാണ് കൈക്കരുത്തായി കൊണ്ടുനടക്കേണ്ടത്.
അങ്ങനെയായാൽ വസ്തുനിഷ്ടമായി കാര്യങ്ങൾ അന്വേഷിച്ച് തെറ്റിന്റെ ആഴവും ദൈർഘ്യതയും ബോധ്യപ്പെട്ട്, വേണ്ടപ്പെട്ടവരെ ബോധ്യപ്പെടുത്തി കൂടിയാലോചിച്ച് നീതിപരമായ തീരുമാനമെടുക്കുവാൻ സാധിക്കും.
തിരുത്തപ്പെടാനാകുന്ന തെറ്റുകളാണെങ്കിൽ, അതിനിടയിൽ തെറ്റ് ബോധ്യപ്പെട്ട് സ്വയം തിരുത്തുവാനും മാപ്പ് ചോദിക്കുവാനും സഹകരണം വീണ്ടെടുത്ത് സന്തോഷത്തോടെ കുടുംബജീവിതം നയിക്കുവാനും സാധിക്കും.
പല കുടുംബങ്ങളും ശിഥിലമാകുന്നതിന് കാരണം സാഹചര്യത്തെ മനസ്സിലാക്കാതെ എടുത്തുചാടി ആക്രോഷിച്ച് കാര്യങ്ങൾ പൊതുസമുഹത്തിന്റെ മുന്നിലേക്ക് ഇട്ടുകൊടുത്ത് നിയന്ത്രണവിധേയമാക്കുവാൻ സാധിക്കാതെ വരുന്നതിലൂടെയാണ്...
നബിﷺതങ്ങളുടെ കുടുംബിനി ആഇശ ബീവി(റ)യെ ദുരാരോപണത്തിൽ കുടുക്കിയ സംഭവചരിത്രം വിശുദ്ധ ഖുർആൻ സൂറത്തുന്നൂറിൽ പരാമർശിക്കുന്നുണ്ട്. പ്രകോപനപരമായ പല അനാവശ്യ ചർച്ചകളും പുറത്ത് നടന്നപ്പോഴും അതിനൊന്നും ചെവികൊടുക്കാതെ നബിﷺതങ്ങൾ സ്വീകരിച്ച സൗമ്യമനസ്കതയാണ്, പിന്നീട് വഹ് യിന്റെ സന്ദേശത്തിലൂടെ സത്യം ബോധ്യപ്പെടുത്തി ആഇശ ബീവിയെ രക്ഷപെടുത്തിയത്...
ദിവ്യസന്ദേശത്തിന് കാത്തുനിൽക്കാതെ ജനങ്ങൾ പറയുന്നത് കേട്ട് നബിﷺതങ്ങൾ തീരുമാനം എടുത്തിരുന്നെങ്കിൽ..?!
മആദനല്ലാ.... പടച്ചവൻ കാക്കട്ടെ...
ജനങ്ങൾ പലതും പറയും, കാര്യം കഴിഞ്ഞാൽ തിരിച്ചും പറയും, നഷ്ടങ്ങൾ നമുക്ക് മാത്രം. നമ്മുടെ കുടുംബ പ്രശ്നങ്ങൾ നമ്മളിൽ മാത്രമൊതുങ്ങട്ടെ...
"പരിഹരിക്കാൻ കഴിയാത്തവരിലേക്ക് കാര്യങ്ങളെ ഇട്ട് കൊടുത്തിട്ട് പരിഹാസമെന്തിന് ചോദിച്ച് വാങ്ങണം..."