റഹീമ... അവൾക്ക് പ്രത്യേകിച്ച് ഗൃഹജോലികളൊന്നുമില്ല. അടിക്കലും തുടക്കലും അതൊക്കെ അതിരാവിലെ മക്കൾ ചെയ്തുകൊള്ളും. പിന്നെ ഒരിത്തിരി ചായ ഉണ്ടാക്കണം. അൽപം ചോറും. അവളെ സംബന്ധിച്ചിടത്തോളം അതൊരു പണിയല്ല. പാചകക്കൂട്ടുകൾ തയ്യാറാക്കി ഗ്യാസ് സ്റ്റൗ ഓൺ ചെയ്യണം അത്രയേ വേണ്ടൂ... എല്ലാം റെഡി. അവൾക്കവളുടെ പണി നോക്കാം.
രണ്ട് പെൺമക്കളും സ്കൂളിൽ പോകുന്നവരാണ്. ഇനി അവർ ഒറ്റയ്ക്കാണ്. എങ്ങനെയെങ്കിലും സമയം തള്ളിനീക്കണം. അതിനുള്ള വഴിയോ..? ടി.വിയും കണ്ടങ്ങനെ കിടക്കും. അതും വൈകുന്നേരം വരെ. മക്കൾ വന്നാലും ഇതുതന്നെ അവസ്ഥ. കാരണം കാര്യമായ ജോലികളൊന്നുമില്ല. എല്ലാം മക്കൾ ചെയ്യും. പ്രിയതമൻ അക്കരക്ക് പറന്നത് ഒരു മാസം മുമ്പാണ്. ഇനി അവളുടെ ജീവിതം ഇങ്ങനെയൊക്കെത്തന്നെയാണ്...
നമ്മുടെ മങ്കമാർ അവരിന്ന് പണ്ടെത്തെപ്പോലെയല്ല. തീരെ മെയ്യനങ്ങുന്നില്ല. സദാ നിഷ്ക്രിയരാണ്. അണുകുടുംബമാണല്ലോ മിക്കതും, അതിനാൽ ആളുകൾ കുറവ് ജോലികളും. ഉള്ള ജോലികളാണെങ്കിലോ..? അധ്വാനമില്ലാത്തവയും. കരിങ്കല്ലിൽ തീർത്ത പഴയ അമ്മികൾ എവിടെ..? അവയോടിന്ന് മല്ലിടേണ്ട. വെള്ളക്കുടം ഒക്കത്തുവെച്ച് അയൽപക്കത്തെ പടി കടക്കേണ്ട. വിറക് തേടാനാണെങ്കിലോ..? ആരും ഇന്ന് കുന്നും മലയും കയറിയിറങ്ങുന്നില്ല. ചുള്ളൽ പെറുക്കാൻ പോയ കാലം മറന്നു. വിറക് വീടിന്റെ ഉമ്മറത്തെത്തുന്നു. അത് കീറാൻ ജോലിക്കാരും... ഇപ്പൊ അതും വേണ്ട.. എല്ലാ വീട്ടിലും ഗ്യാസ് ആണല്ലോ... അതും അടുക്കളയിൽ കൊണ്ടുവന്ന് ഫിറ്റ് ചെയ്ത് തരുന്നു...
അരി ഇടിക്കുന്നതോ..? അതിനൊരു ഉലക്കയും മണ്ണാങ്കട്ടയും വേണ്ട. അപ്പോൾ പിന്നെ തീറ്റ, കുടി, കിടത്തം, ഉറക്കം, വിനോദം ഇതൊക്കെ തന്നെ മിക്ക സ്ത്രീകളുടെയും പ്രധാന ഹോബി. അനന്തര ഫലമോ..? പെണ്ണുങ്ങളുടെ ചുറുചുറുക്കും ഉന്മേഷവും നഷ്ടപ്പെട്ടു. പഴയ ഊക്കും ചങ്കൂറ്റവും ഇല്ലാതായി. ഒരു ഗ്ലാസ് വെള്ളം എടുത്താൽ മതി കൈ നീര് കെട്ടി വേദനിക്കുന്ന അവസ്ഥയാണിന്ന്. ഒന്ന് തൊട്ടാൽ മതി അപ്പോഴേക്ക് ആകെ പൊട്ടിപ്പോകുന്ന മനസും ശരീരവുമാണിന്നവർക്ക്...
ആരോഗ്യം അതാഗ്രഹിക്കാത്തവരുണ്ടാവില്ല. ആയുർദൈർഘ്യം അതിനുവേണ്ടി പ്രാർത്ഥിക്കാത്തവർ കുറവായിരിക്കും നേർച്ചകൾ നേരാത്തവരും. എന്നാൽ ആഗ്രഹം മാത്രം മതിയോ..? ആരോഗ്യം നേടിയെടുക്കാൻ പരിശ്രമം വേണം. നിലനിർത്താൻ അടിയന്തിര ശ്രദ്ധയും വേണം അതാണത്യാവശ്യം. അപ്പോൾ ദൈവഹിതവും കൂടെയുണ്ടാവും.
യന്ത്രങ്ങളുടേതാണ് പുതിയ ലോകം. സാങ്കേതിക വിദ്യകൾ ഏറെ പുരോഗമിച്ചു. അത് നമുക്ക് സൗകര്യങ്ങൾ സംവിധാനിച്ചു. എന്നാൽ അതിന്റെ ദുരന്ത ഫലങ്ങൾ അവ ഏറെ ബാധിച്ച ഒരു വിഭാഗം സ്ത്രീകളാണ്. അവരുടെ ശരീരം, മുമ്പ് എണ്ണയിട്ട യന്ത്രം പോലെ അത് പ്രവർത്തിച്ചിരുന്നു. ഇന്നോ..? അവർ യന്ത്രങ്ങൾക്ക് വഴിമാറിക്കൊടുത്തു. തടി തീരെയിളകാത്തവരായി. അവർ ഇന്ന് വിരൽതുമ്പിന്റെ ചെറിയ അധ്വാനം, അതു മതി ഏതു കടുത്ത ജോലിയും എളുപ്പത്തിൽ ചെയ്തു തീർക്കാൻ. എത്ര ഭാരിച്ച ജോലിയാണെങ്കിലും വീട്ടിൽ ഒരു അതിഥി വന്നുവെന്നിരിക്കട്ടെ, മുമ്പ് നമ്മുടെ സ്ത്രീകളുടെ വേവും ചൂടുമെന്തായിരുന്നു..?
ചായ തിളപ്പിക്കണം അതിനുതന്നെ എന്തൊരു പെടാപാട് അടുപ്പിലൂതി കണ്ണുപൊട്ടും, മുഖം കരിവാളിക്കും. ഇന്നതൊരു പ്രശ്നമല്ല. കുശലം പറച്ചിലിനിടയിൽ വിഭവങ്ങൾ റെഡി. തടികേടാകുന്ന പ്രശ്നമില്ല. അധ്വാനവും കുറവ്...
യന്ത്രങ്ങൾ സ്ത്രീകളെ മൂലക്കിരുത്തി. കൂടെ വിഡ്ഢിപ്പെട്ടിയും. ഒഴിവ് വേളകൾ എന്ന ഒന്ന് ഇന്നില്ല. ടി.വിക്ക് മുമ്പിലാണ് സകല സ്ത്രീകളും. അത് അവരെ അലസരും നിഷ്ക്രിയരുമാക്കി. അതവരുടെ ആരോഗ്യത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. കർമശേഷിയും ആരോഗ്യ ക്ഷയവും സംഭവിക്കുന്നതിന്റെ കാരണങ്ങൾ പ്രധാനമായും രണ്ടെണ്ണമാണ്. വാർദ്ധക്യവും രോഗവും. ആദ്യത്തേത് നിയന്ത്രണവിധേയമല്ല. എന്നാൽ രണ്ടാമത്തേത് ഏറെക്കുറെ നിയന്ത്രണ വിധേയമാണ്. രോഗം നമ്മുടെ ചിട്ടയില്ലാത്ത ജീവിതത്തിന്റെ സന്തതിയാണ്, അധ്വാനക്കുറവിന്റെയും...
മങ്കമാർ പരമാവധി ജോലി ചെയ്യണം. യന്ത്രങ്ങളുടെ സഹായമില്ലാതെത്തന്നെ. അതൊരു ശീലമാക്കണം. അലക്കലും അരയ്ക്കലും കൈകൊണ്ടാകാം. വിറക് സ്വയം വെട്ടാം. അൽപാൽപമായി ചെയ്തു തീർക്കാം. എന്നാൽ വലിയ നേട്ടങ്ങളുണ്ട്. സാമ്പത്തിക സുരക്ഷിതത്വം സാധ്യമാകും. വലിയൊരു സംഖ്യ തന്നെ അതുവഴി ലാഭിക്കാം. കറന്റ് ചാർജ്, പണിക്കൂലി എന്നീ ഇനങ്ങളിലൊക്കെയായി...
മറ്റൊന്ന് ആരോഗ്യ വളർച്ചയിലൂടെ രോഗങ്ങളെ പമ്പകടത്താം. അതോടെ ഭീമമായ ചികിത്സാ ചെലവും കുറയും. ഒന്നു ശ്രദ്ധവെച്ചാൽ മതി ഇനി വീട്ടിലേക്ക് വേണ്ട അടുക്കളത്തോട്ടം നിർമിക്കാം. നിത്യവും പരിചരിക്കാം. കോഴി, ആട് എന്നീ ജീവികളെ വളർത്താം. അവയെ പരിപാലിക്കാം. ഒരു വെടിക്ക് രണ്ടല്ല ഒരുപാട് പക്ഷികൾ. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും...
ഇതൊക്കെ സ്വയം ചെയ്യാൻ തയ്യാറാകുമ്പോൾ നമ്മൾ അറുപഴഞ്ചരായിപ്പോകില്ലേ..? ഇങ്ങനെ ചിന്തിക്കുന്നവരാണ് ഏറെയും. രോഗങ്ങൾ അതാണവർക്ക് സ്റ്റാറ്റസ് നൽകുന്നത്. ഷുഗറും പ്രഷറും മാന്യതയുടെ അടയാളമാണ്. പരിഷ്കാരത്തിന്റെയും. ഓ.പിയും ഐ.പിയും അവർക്ക് സുപരിചിതം. സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ അതാണവരുടെ നോട്ടം. വാനിറ്റി ബേഗുമായി അവ കയറിയിറങ്ങണം. അതും ഇടക്കിടെ...
ചിലർക്കതില്ലെങ്കിലോ ? ഒരുതരം പൊറുതികേടാണ്. അതിനാൽതന്നെ ഏത് ആശുപത്രികളിലും നോക്കൂ, അവിടെയൊക്കെ നീണ്ട ക്യൂകൾ കാണാം പർദ്ദയും മഫ്തയും ഇട്ടവരുടെ. ഇത്തരക്കാരോട് എന്ത് പറയാൻ..? അവ പഴഞ്ചനല്ലെന്ന് പറയാം. ഏതായാലും ഈ ശീലം മാറണം, മാറ്റിയെടുക്കണം. ഈമാനുള്ള സ്ത്രീകൾ അതിനു ശ്രമിക്കുക തന്നെ വേണം.
ചികിത്സകളുടെ കാര്യം പറയാതിരിക്കലാണ് ഭേദം. മിക്ക ഹോസ്പിറ്റലുകളും ഒരുതരം ബ്ലേഡ് കമ്പനികളാണ്. തൊട്ടാൽ പൊള്ളുന്നവ. ഇല്ലാത്ത രോഗത്തിന് വേണ്ടാത്ത മരുന്നുകൾ. നമ്മെ വഞ്ചിക്കുന്നു. സാധാരണക്കാരന്റെ നടുവൊടിക്കുന്നു. മുമ്പ് ഐ.സി.യു എന്ന് കേട്ടാൽ പേടിയാണ്. മരണദൂതന്റെ കാലൊച്ച കേൾക്കുന്നവരായിരുന്നു ഐസി.യു നിവാസികൾ... ഇന്നോ..?
ഒരു ജലദോഷമുണ്ടായാൽ മതി ഐ.സി.യു തന്നെ പാർപ്പിടം. ഇങ്ങനെ പരമാവധി പണം പിടുങ്ങുന്നു. കഴിയുന്ന വിധത്തിലൊക്കെ കഴുകക്കണ്ണുമായാണ് അധികൃതരുടെ നടപ്പ്. ആതുര സേവനം അത് വെറും പുകമറ മാത്രം. എന്നാൽ നേരത്തെ പറഞ്ഞതുപോലെ നമ്മിൽ ചിലരുണ്ട് അവർക്ക് വേണ്ടത് ഇതൊക്കെത്തന്നെയാണ്. ഡിച്ചാർജ് സോറി ഡിസ്ചാർജ് (വല്യുമ്മമാർവരെ ഈ പദം സ്ഫുടമായി ഉച്ചരിക്കുന്നു ) ചെയ്യുമ്പോഴേക്ക് ആയിരങ്ങളുടെ കണക്ക് പറയണം. ഭീമമായ ബില്ല് വരണം. അപ്പോഴെ സ്റ്റാറ്റസ് കീപ്പ് ചെയ്യാനാവൂ... ഉയർന്ന കാറ്റഗറിയിലുള്ള രോഗിയാകാനൊക്കൂ... നൂറിന്റെയും അഞ്ഞൂറിന്റെയും രോഗങ്ങൾ പുറത്തു പറയാൻ കൊള്ളുന്നതല്ലല്ലോ. പ്രത്യേകിച്ച് ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കുമിടയിൽ...
നമ്മുടെ ജീവിതത്തിലെ ആർഭാടം, പൊങ്ങച്ചം, ഫാഷൻ ഇവ രോഗത്തിൽ വരെ നുഴഞ്ഞുകയറിയിട്ടുണ്ട്. വല്ലാത്തൊരു ഗതികേട് തന്നെ. ആശുപത്രികൾ കൂണുപോലെ മുളച്ചുപൊന്തുന്നു. അത് നിസാരമായി കാണാനാവില്ല...
നാം മുസ്ലിംകളാണ്. നമ്മൾ രോഗങ്ങൾക്കടിമപ്പെട്ട് ജീവിതം തള്ളിനീക്കേണ്ടവരല്ല. നിരന്തരം ആശുപത്രികൾ കയറിയിറങ്ങേണ്ടവരുമല്ല. ആശുപത്രികളിലെ നീണ്ട ക്യൂകൾ അവ ഇല്ലാതാക്കാൻ നാം മുൻകൈയെടുക്കണം. പ്രത്യേകിച്ച് മങ്കമാർ. രോഗങ്ങളെ നാടുകടത്താൻ നമുക്കാവും...
ആർക്കോവേണ്ടി വീട് ഭരിക്കേണ്ടവളല്ല സ്ത്രീ. അവൾ ഉറക്കം തൂങ്ങിയാവാൻ പറ്റുമോ..? അലസമായി കഴിഞ്ഞുകൂടാമോ..? അങ്ങനെ വന്നാലോ..? കുടുംബം പ്രതിസന്ധിയിലാവും. കുട്ടികളുടെ ഭാവി അവതാളത്തിലാകും. സിനിമ, സീരിയലുകൾക്കടിമപ്പെട്ട് കൂനിക്കൂടിയിരിക്കേണ്ടവളുമല്ല അവൾ. സ്ത്രീ ആരോഗ്യമുള്ളവളാകണം പ്രസന്നയും. അതിന് മതത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങി ജീവിക്കണം. ചടഞ്ഞിരുന്ന് രോഗിയാവുന്നത് മുസൽമാന്റെ രീതിയല്ല. അത് മതം അനുവദിക്കുന്നുമില്ല. നമ്മുടെ പാരമ്പര്യം ആരോഗ്യത്തിന്റെതാണ്.
ഒരു സംഭവം കാണുക ...
റോമൻ രാജാവ് ഒരിക്കൽ പ്രവാചകന് (ﷺ) കുറേ പാരിതോഷികങ്ങൾ കൊടുത്തയക്കുകയുണ്ടായി. കൂട്ടത്തിൽ വിദഗ്ധനായ ഒരു ഭിഷഗ്വരനുമുണ്ടായിരുന്നു. രോഗമുള്ള മുസ്ലിംകളെ ശുശ്രൂഷിച്ച് പരിഹാരം നിർദേശിക്കുകയാണ് ലക്ഷ്യം. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരൊറ്റ രോഗിയെ പോലും കണ്ടെത്താൻ പ്രഗത്ഭനായ ഡോക്ടർക്ക് കഴിഞ്ഞില്ല. ഒടുവിൽ നബി ﷺ അയാളെ റോമിലേക്ക് തന്നെ തിരിച്ചയച്ചു. ഇത് മുൻഗാമികളുടെ അവസ്ഥ ...
ശാരീരകവും മാനസികവുമായി ഇസ്ലാം വിഭാവനം ചെയ്യുന്നത് സമ്പൂർണ ആരോഗ്യമാണ്. ഇസ്ലാമിലെ ആരാധനകൾ അവ അല്ലാഹു ﷻ സംവിധാനിച്ചതും. അങ്ങനെത്തന്നെ അവ ഇരു ആരോഗ്യവും പ്രധാനം ചെയ്യുന്നുണ്ട്...
വുളൂഅ്, മിസ്വാക്ക്, നോമ്പ്, നിസ്കാരം എല്ലാം ആരോഗ്യപ്രദമാണ്. നിസ്കാരമാണതിൽ ഏറ്റവും പ്രധാനം. ഹാർവേഡ് മെഡിക്കൽ സ്കൂളിലെ ഗവേഷണ സംഘത്തെ നയിക്കുന്ന ഡോ. ഹാർബർട്ട് ബൈൻസൻ പ്രഖ്യാപിക്കുന്നത് കാണുക:
"ഏകാഗ്രമായ മാനസികാവസ്ഥ നൂറുകണക്കിന് ഗുളികകളേക്കാൾ ഫല പ്രദമാണ്. ഭൗതിക മാറ്റങ്ങളും കുറയ്ക്കുവാൻ ഏകാഗ്ര ധ്യാനത്തിന് കഴിവുണ്ട്. നിസ്കാരം ഏകാഗ്ര ധ്യാനത്തിന്റെ സമ്പൂർണ രൂപമാണല്ലോ..."
ആരോഗ്യ സംരക്ഷണത്തിലെ മറ്റൊരു പ്രധാന ഘടകം ശുദ്ധിയാണ്. ശരീര ശുദ്ധിയും മാനസിക ശുദ്ധിയും വേണം. " ശുദ്ധി വിശ്വാസത്തിന്റെ അർദ്ധ ഭാഗമാണ് എന്നാണ് പ്രവാചകൻ ﷺ പറഞ്ഞിട്ടുള്ളത് " "ശുദ്ധിയുള്ളവരെ അല്ലാഹു ﷻ ഇഷ്ടപ്പെടുമെന്ന് വിശുദ്ധ ഖുർആനും (അൽബഖറ :222) പറയുന്നു "
പ്രസന്നാത്മേന്ദ്രിയ മനഃസ്വസ്ഥ ഇത്യ ദീധിയത്രെ ആത്മാവ്, ഇന്ദ്രിയം, മനസ് എന്നിവ പ്രസന്നമായിരിക്കൽ ആരോഗ്യത്തിനാവശ്യമാണെന്ന് ഈ ആയുർവേദ സൂക്തം പറയുന്നു. അപ്പോൾ ശരീരവും മനസും പ്രസന്നമാവണം, ശുദ്ധവും...
വീടും പരിസരവുമൊക്കെ വെടിപ്പും വൃത്തിയുമുള്ളതാവണം. അലസമായി കിടക്കുന്ന സാധനസാമഗ്രികൾ ചപ്പുചവറുകൂനകൾ ഒന്നും വീട്ടിലോ പരിസരത്തോ ഉണ്ടാവരുത്. സമ്പൂർണ ശുദ്ധിയാണ് വേണ്ടത്. ചടഞ്ഞിരുന്നാലോ..? അശുഭ ചിന്തകളുണ്ടാവും. അതും വൃത്തികേട് തന്നെ. മനസിന്റേതാണെന്ന് മാത്രം. അതും വർജിക്കേണ്ടതാണ്. എപ്പോഴും കർമനിരതരാവണം. എത്ര ചെറുതായിക്കൊള്ളട്ടെ എന്തെങ്കിലും ജോലി ചെയ്തു കൊണ്ടിരിക്കണം...
അധിക നേരം ടി.വി കാണുന്നത് വലിയ അപകടമാണ്. പൊണ്ണത്തടിയാണത് സമ്മാനിക്കുക. ചത്ത മനസും മെയ്യനക്കാൻ കിട്ടുന്ന അവസരങ്ങളൊക്കെ ഉപയോഗപ്പെടുത്തണം. ഒഴിവ് വേളകളിൽ ദിക്ർ ഔറാദുകളിൽ വ്യാപൃതരാവണം. അതുവഴി മനസിന്റെ ആരോഗ്യം വീണ്ടെടുക്കാം. ആത്മീയോന്നതിയും...
അതുപോലെ ഭക്ഷണകാര്യം.. അതിലും ചില അടിയന്തിര നിയന്ത്രണങ്ങൾ ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണം അനുവദനീയവും നല്ലതുമാണെന്നാണ് ആദ്യം ഉറപ്പുവരുത്തേണ്ടത്. ഭക്ഷണത്തിൽ മിതത്വം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിശക്കുമ്പോൾ മാത്രം ഭക്ഷിക്കുന്ന രീതി അതാണ് അവലംബനീയം. മായം കലരാത്ത വീട്ടിലുണ്ടാക്കുന്ന പച്ചക്കറികൾ ഉപയോഗപ്പെടുത്തുക...
നബി ﷺ പറയുന്നു: മനുഷ്യന് അവന്റെ മുതുകെല്ല് നിവർത്താനാവശ്യമായ ഭക്ഷണം മതി. അത്യാവശ്യമെങ്കിൽ ഉദര ഭാഗം. മൂന്നിലൊന്ന് ആഹരത്തിനും മൂന്നിലൊന്ന് പാനിയത്തിനും മൂന്നിലൊന്ന് ശ്വാസോച്ഛാസത്തിനും ആവട്ടെ ... (ഹദീസ്) മറ്റൊരിക്കൽ അവിടുന്ന് (ﷺ) പറയുകയുണ്ടായി: "ഞങ്ങൾ വിശക്കുമ്പോഴല്ലാതെ ഭക്ഷിക്കാത്ത ഒരു ജനതയാണ്. ഭക്ഷിക്കുമ്പോഴാകട്ടെ വയറ് നിറക്കുകയുമില്ല..."
രോഗങ്ങൾ ഏറെയാണ്. പക്ഷെ എല്ലാറ്റിനും അല്ലാഹു ചികിത്സ നിശ്ചയിച്ചിട്ടുണ്ട്. നബി ﷺ പറയുന്നു: "എല്ലാ രോഗത്തിനും മരുന്നുണ്ട്. അനുയോജ്യമായ ചികിത്സ ലഭിച്ചാൽ അല്ലാഹുﷻവിന്റെ അനുമതിയോടെ രോഗം ശമിക്കുന്നതാണ്...
(മുസ്ലിം)
ആത്മീയ ചികിത്സകൾ ഏറെ അഭികാമ്യമാണ്. തിരു നബി ﷺ അതിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. നിസാര രോഗങ്ങൾക്ക് ആശുപത്രികൾ കയറിയിറങ്ങുന്നത് അവസാനിപ്പിക്കുക. പകരം ആത്മീയ ചികിത്സാമുറകൾ പരമാവധി സ്വീകരിക്കുക...
മുമ്പ് സുഖപ്രസവത്തിന് നഫീസത്ത് മാലയായിരുന്നു മരുന്ന്. പിഞ്ഞാണമെഴുതി കുടിക്കൽ ചികിത്സ വ്യാപകമായിരുന്നു. എന്തിന് ഉപ്പ് ഊതാൻ അടുത്ത വീട്ടിലെ വല്യുമ്മായുടെ അടുത്തേക്ക് പോയത് മറന്നിട്ടില്ലല്ലോ നാം... ഉപ്പും മുളകും ഉഴിഞ്ഞ് അടുപ്പിലിട്ടതും ഓർമയുണ്ടല്ലോ... ഔഷധ ഉപയോഗവും മന്ത്രവും വേണം. ഏറെ ശക്തിയുണ്ടവയ്ക്ക്. വിശ്വാസത്തോടെ ചെയ്താൽ തീർച്ചയായും രോഗം മാറിക്കിട്ടും. നമുക്കതിൽ വിശ്വാസമുണ്ട്. പക്ഷേ എല്ലാം പരീക്ഷിച്ച് പരിജയപ്പെടുമ്പോഴുള്ള അവസാന അത്താണി മാത്രമാണ് നമുക്കിന്നവ...
സ്വശരീരത്തെ നിങ്ങൾ നാശത്തിലേക്ക് വലിച്ചിഴക്കരുത് (സൂറത്തുൽ:ബഖറ :195) എന്ന ആയത്ത് ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വരച്ചുകാട്ടുന്നുണ്ട്. ആരോഗ്യമെന്നത് മൃതസഞ്ജീവനിയാണ്. അത് നിലനിൽക്കണം. ആരോഗ്യം ജീവിതത്തിന്റെ അനിവാര്യ ഘടകമാണ്. ഇബാദത്തുകൾക്ക് ജീവൻ വേണമെങ്കിൽ ആരോഗ്യം വേണം. അഞ്ചു കാര്യങ്ങൾക്ക് മുമ്പ് അഞ്ചുകാര്യങ്ങളെ ഉപയോഗപ്പെടുത്താൻ നബി ﷺ പറയുകയുണ്ടായി...
അതിലൊന്ന് നിനക്ക് രോഗം വരുന്നതിന് മുമ്പുള്ള ആരോഗ്യത്തെ എന്നാണ്. മറ്റൊരിക്കൽ അവിടുന്ന് (ﷺ) പറഞ്ഞു: "ആരോഗ്യ ദൃഢഗാത്രനായ വിശ്വാസി അതിശ്രേഷ്ഠനും ദുർബലനായ വിശ്വാസിയേക്കൾ അല്ലാഹുﷻവിന് അങ്ങേയറ്റം ഇഷ്ടമുള്ളവനുമാണ്. "
സ്ത്രീകൾ ഉണരണം. ആരോഗ്യം നമ്മുടെ സംസ്കാരമായിത്തീരണം. അങ്ങനെ മറ്റുള്ളവർ നമ്മെ മാതൃകയാക്കട്ടെ...