വിവാഹിതയാവുക ഏതൊരു സ്ത്രീയുടെയും സ്വപ്നമാണത്. ജീവിതത്തിന് ചൂടും ചൂരും പകരാൻ ഒരാൾ ഇല്ലാതെ പൊള്ളുന്ന ഹൃദയ വികാരങ്ങൾ മറ്റാരോട് പങ്കുവെക്കും..? നീറുന്ന മനോവ്യഥകൾ എവിടെ ഇറക്കിവെക്കും..? എല്ലാറ്റിനും ഒരത്താണി വേണം. ഇതിനൊന്നും ഭാഗ്യം ലഭിക്കാത്തവരില്ലേ നമുക്കിടയിൽ..?
വിധവകളാവാൻ വിധിക്കപ്പെട്ട അനേകം സഹോദരിമാർ. അവരുടെ ഗദ്ഗദങ്ങൾ നമുക്കെവിടെയും കേൾക്കാം. അവരുടെ അന്തരാത്മാവിൽ നിന്ന് പുകചുരുളായുയരുന്ന വ്യകുലതകൾ അതെവിടെയും കാണാം. വൈധവ്യത്തിന്റെനോവും നൊമ്പരവും അതെത്രമാത്രം അവരെ അലോസരപ്പെടുത്തുന്നുണ്ടാവും.. അതേക്കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ..?
ആകാശംകണക്കെ ആഗ്രഹങ്ങൾ അവൾക്കുമുണ്ട്, അഭിലാഷങ്ങളും. എന്നാൽ ഇന്നിന്റെ അവസ്ഥയെന്താണ്..? വിധവകൾ വല്ലാതെ അവഗണിക്കപ്പെടുന്നു. പുച്ഛത്തോടെയാണ് സമൂഹം അവരെ ഉറ്റുനോക്കുന്നത്. നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചുനോക്കൂ... ധാരാളം വിധവകളെ കാണാം. പ്രയാസത്തിന്റെ നടുക്കടലിൽ മുങ്ങിത്താഴുന്നവർ. മിക്കവരും ജീവിതത്തിനു മുമ്പിൽ പകച്ചുനിൽക്കുന്നു. ധാരാളം അവഗണനകൾ പേറേണ്ടിവരുന്നു. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ. എന്തുകൊണ്ടോ എന്നറിയില്ല സമൂഹം അവരെ പലപ്പോഴും രണ്ടാംതരക്കാരായിട്ടാണ് കാണുന്നത്. അവരും സമൂഹത്തിന്റെ അവിഭാജ്യ ഘടകം തന്നെ. പക്ഷേ അത്തരമൊരു സാമൂഹികാംഗീകാരം അവർക്ക് ലഭിക്കുന്നില്ല.സ്നേഹ സ്പർശം ഏൽക്കാൻ ഭാഗ്യം ലഭിക്കുന്നില്ല. ഉറ്റവരുടെ പോലും സാന്ത്വനത്തിന്റെ കരങ്ങൾ അവരിലേക്ക് നീളുന്നില്ല. ആശ്വാസത്തിന്റെ വചനങ്ങൾ ആരിൽനിന്നും ഉയരുന്നില്ല...
ആർക്ക് വേണ്ടിയാണ് വിധവകൾ ജീവിക്കുന്നത്..? അവർക്കുപോലും അതറിയുന്നില്ല. ഏറെക്കാലം അങ്ങനെ ജീവിക്കുന്നു ഇതേ അവസ്ഥയിൽ പ്രതീക്ഷകൾക്ക് വകപോലുമില്ലാതെ. ഇതിന് മാറ്റം വരണം. സാമൂഹികാനിവാര്യതയാണത്. അവരുടെ ജീവിതത്തിനും അർത്ഥം വേണം. സമൂഹത്തിന്റെ മനോഗതി മാറണം.
വിധവകൾ സമൂഹത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. എത്രയെത്ര ദാമ്പത്യ വല്ലരികൾ.. ദിനംപ്രതി അവ വാടിത്തളർന്നുകൊണ്ടിരിക്കുന്നു. വിവാഹത്തിന്റെ ആദ്യനാളുകൾ, അതിലെ തരളിതമായ നിമിഷങ്ങൾ, അതൊരു സ്വപ്നലോകമാണ്. പിന്നീട് അതിൽനിന്ന് യാഥാർത്ഥ്യത്തിലേക്ക് വരുന്നു. അപ്പോൾ പുതുമ നഷ്പ്പെടുന്നു. ഈ സമയം ആ മാറ്റത്തെക്കുറിച്ച് ബോധമില്ലാത്തവരോ..? ഉത്സാഹവും ഉണർവും നഷ്ടപ്പെട്ടവരാകും. തുടർന്ന് അധികം താമസിയാതെ എല്ലാം കലാശിക്കും...
കഴിഞ്ഞ പത്തു വർഷത്തിനിടക്ക് ക്രമാതീതമായ വർധനവാണ് വിവാഹ മോചനത്തിലുണ്ടാവുന്നത്. ഓരോ ദിവസവും 37 പേർ വേർപിരിയലിനായി കുടുംബ കോടതിയെ സമീപിക്കുന്നു. 2005 ജനുവരി മുതൽ 2009 ജൂൺ വരെയുള്ള നാലര വർഷത്തിൽ മാത്രം 52,525 വിവാഹ മോചനകേസുകൾ കുടുംബ കോടതിയിൽ ഫയൽ ചെയ്തു...
(മാതൃഭൂമി ആരോഗ്യ മാസിക)
അതുപോലെത്തന്നെ ജീവിതത്തെക്കുറിച്ച് സ്വപ്നഭംഗം വന്നവർ എത്രയാണ്..? വിവാഹ കമ്പോളത്തിൽ വിലപേശി പിടിച്ചു നിൽക്കാനാവാത്തവർ. വൈധവ്യത്തിന്റെ നിത്യനോവനുഭവിക്കുന്നവരിൽ അവരുമുണ്ട്. എന്നാൽ അവിചാരിതമായി വിധവകളായിത്തീർന്നവരുമുണ്ട്. അവരുടെ കാര്യമാണ് കൂടുതൽ ദയനീയം. ദിവസങ്ങൾ, അല്ലെങ്കിൽ മാസങ്ങൾ മാത്രം ഭർത്താവിനോടൊപ്പം കഴിഞ്ഞവർ. ഭർത്താവിന്റെ മരണത്തിലൂടെ വൈധവ്യത്തിന്റെ പിടിയിലായവർ...
ഒരു പക്ഷേ വിവാഹത്തിന്റെ നാലാം നാൾ തന്നെ ഗൾഫിലേക്ക് പറന്നതാവാം. പിന്നെ മയ്യിത്തായി നാട്ടിലെത്തിയവർ. അല്ലെങ്കിൽ ഒരു നോക്ക് കാണാൻ പോലുമാവാതെ മണലാരണ്യത്തിൽ ഖബറടക്കപ്പെട്ടവർ. ഇത്തരക്കാരാണ് വല്ലാതെ നോവും നൊമ്പരവും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പ്രശ്നങ്ങൾ വിധവകളിന്ന് അഭിമുഖീകരിക്കുന്നുണ്ട്. അസ്പൃശ്യതയുടെ ഇരകളാണവർ. മാത്രമല്ല ഇത്രമാത്രം തെറ്റിദ്ധരിക്കപ്പെട്ട വേറൊരു വിഭാഗമുണ്ടെന്ന് തോന്നുന്നില്ല. ഇവരിൽ പലരുടേയും അവസ്ഥയെന്താണ്..?
അന്നമൊപ്പിക്കാൻ പോലും പലപ്പോഴും പാടുപെടുന്നു. അതിനുവേണ്ടി പുറത്ത് ജോലിക്കു പോവുന്നവരുണ്ട്. എന്നാൽ ഈ നെട്ടോട്ടം അത് പലപ്പോഴും തെറ്റായി ചിത്രീകരിക്കപ്പെടുന്നു. വേശ്യയെന്നു പോലും മുദ്രകുത്തപ്പെടുന്നു. എന്തൊരു ദുര്യോഗമാണിത്. ഭർതൃമതിക്ക് എവിടെയും സഞ്ചരിക്കാം. എപ്പോഴും വീട്ടിൽ വന്ന് കയറാം. നട്ടുച്ചക്കും നട്ടപ്പാതിരക്കും ഷോപ്പിംഗിനും മറ്റും യഥേഷ്‌ടം വീടുവിട്ടിറങ്ങാം. അവരൊന്നും അതിനാൽ വേശ്യകളാവുന്നില്ല. വേണ്ടാവൃത്തിക്കാരും വിലസുന്നു. പക്ഷേ അവർക്ക് മാന്യത കൽപിക്കപ്പെടുന്നു. വിധവയൊന്ന് പുറത്തിറങ്ങിയാലോ..? അവൾ എന്തൊക്കെയോ ആയിപ്പോകുന്നു. അശുദ്ധയും അഭിശപ്തയുമാകുന്നു. എന്തൊരു ഗതികേട്...
സമൂഹത്തിൽ ഒരു വിഭാഗത്തിന്റെ ചൂഷണത്തിന്റെ ഇരകളാണ് വിധവകൾ. സാമ്പത്തികമായും ലൈംഗികമായുമൊക്കെ ഭർതൃരഹിതയുടെ മനഃശാസ്ത്രം നല്ലപോലെ അറിയുന്ന ചിലരുണ്ട്. അത്തരക്കാർ വിധവകളെ കെണിയിലകപ്പെടുത്തുന്നു...
ഭർത്താവ് ഇല്ലെന്നറിഞ്ഞാൽ പിന്നെ ചിലർക്ക് ഒരു അസുഖമുണ്ട് എങ്ങനെയെങ്കിലും അവളെ പാട്ടിലാക്കാൻ ശ്രമിക്കും. ചിലപ്പോൾ രക്ഷകന്റെ റോളണിയും. മിസ്കോളടിച്ചും വിളിച്ചും ശല്യപ്പെടുത്തുന്നവരുണ്ട്. കണ്ണിറുക്കിയും കമന്റടിച്ചും പരീക്ഷിക്കുന്നവരും. എന്നാൽ ചിലരെങ്കിലും ഈ കെണിയിൽ വീഴുന്നു. ദുഃഖത്തിന്റെ നെരിപ്പോടിൽ വീണുകിട്ടുന്ന ഒരു സാന്ത്വന സ്പർശം കപടമെങ്കിലും അതിൽ എല്ലാം മറക്കുന്നു. വിധവകൾ എന്നും അനഭിമതരാണ്. അവർ എക്കാലത്തും ചൂഷിതർ തന്നെ. വിവിധ സമുദായങ്ങൾ അവരോട് വെറുപ്പും പുച്ഛവും വെച്ചുപുലർത്തി. വിധവകൾ ഫലമൂലാദികൾ ഭക്ഷിച്ച് ശരീരത്തെ ക്ഷീണിപ്പിക്കണം. മരണംവരെ ബ്രഹ്മചര്യം പുലർത്തണം. മനുസ്മൃതിയുടെ ഉപദേശമാണിത്...
സതി സമ്പ്രദായവും കുപ്രസിദ്ധമാണല്ലോ. ഭർത്താവ് മരണപ്പെട്ടാൽ ആ ചിതയിൽ ഭാര്യയും ജീവനൊടുക്കണം ഇതാണതിന്റെ കാതൽ. ക്രിസ്തു മതത്തിന്റെ സമീപനവും വ്യത്യസ്തമല്ല. ക്രിസ്തു മതത്തിൽ വിധവകൾക്ക് സ്വത്തിനുള്ള അവകാശമില്ല. വിവാഹമോചിതയായ സ്ത്രീ മാത്രം വിധവയായിക്കാണുന്നു. വിശുദ്ധ ഇസ്ലാം മാത്രമാണ് വിധവസ്ത്രീക്ക് മഹനീയത നൽകിയത്. എല്ലാവരും സ്ത്രീയെ കൈവിട്ടു എന്നാൽ ഇസ്ലാം അവരെ ഉയിർത്തെഴുന്നേൽപിച്ചു. വിശുദ്ധ ഖുർആൻ പറയുന്നു; നിങ്ങളിൽ ഭർത്താവില്ലാത്ത സ്ത്രീക്ക് വിവാഹം നടത്തിക്കൊടുക്കുക (24:32)
സ്ത്രീ അബലയാണ്; ചപലയും... ചാപല്യമേ നിന്റെ പേരോ സ്ത്രീ എന്നാണ് ഷേക്സ്പിയർ ചോദിച്ചത് വികാരങ്ങളുടെ തിരതള്ളൽ അവളിൽ സ്വൽപം കൂടുതലാണ്. സാഹചര്യങ്ങൾ അനുകൂലമാണെങ്കിലോ..? ചിലപ്പോൾ അതിർവരമ്പുകൾ ഭേദിക്കപ്പെടും. പലപ്പോഴും അവൾക്ക് കടിഞ്ഞാൺ നഷ്ടപ്പെടുന്നു. സ്ത്രീയുടെ പ്രകൃതിയാണത്. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞപ്പോൾ അൻപത് ലക്ഷത്തോളം വനിതകൾ വിധവകളായി. അവരിൽ ചിലർ തങ്ങളുടെ ഗേറ്റിനു മുമ്പിൽ i want an evening guest (നിശയിൽ ഒരു അതിഥിയെ ആവശ്യമുണ്ട് ) എന്നെഴുതിവെച്ചുവെന്ന് ചരിത്രം...
കന്യാമഠങ്ങളിൽ വികാരം അടിച്ചൊതുക്കിക്കഴിയുന്നവർ എത്രയാണ്..? വിവാഹം നിഷേധിക്കപ്പെട്ടവർ. അതും വിശ്വാസത്തിന്റെ പേരിൽ. ദൈവമാണ് സ്ത്രീയിൽ വികാരം നിക്ഷേപിച്ചത്. ആ ദൈവത്തിന്റെ പേരിൽതന്നെ അവ വിലക്കപ്പെടുന്നു. വികാരത്താൽ അവൾ എരിപിരി കൊള്ളുന്നതു കാണാൻ പൗരോഹിത്യത്തിന് സാധിക്കുന്നില്ലേ..? വിടർന്നുനിൽക്കുന്ന യൗവനം ഇങ്ങനെ പാഴാക്കപ്പെടേണ്ടതാണോ..?
വിശ്വാസികൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവർ ഏത് സന്ദർഭത്തിലും പക്വതയാർജിക്കണം. മനസിന്റെ പിടിവള്ളി നഷ്ടപ്പെട്ടുകൂടാ. ചാരിത്ര്യം ഒരിക്കലും കളങ്കപ്പെടരുത്. കരുത്തോടെ യാഥാർത്ഥ്യങ്ങളിലേക്ക് കണ്ണ് തുറക്കണം. ജീവിതത്തിന്റെ നിമ്നോന്നതികൾ ഉൾക്കൊള്ളാൻ മനസ് പാകപ്പെടണം. അല്ലാഹുﷻവിൽ ഭരമേൽപിച്ച് പ്രത്യാശയോടെ കഴിയണം...
നബിﷺപറഞ്ഞു: സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ എല്ലാ കാര്യങ്ങളും അവന് ഗുണകരമാണ്. ഇത് സത്യവിശ്വാസിക്കല്ലാതെ മറ്റാർക്കുമില്ല. സന്തോഷമെത്തിയാൽ അല്ലാഹുﷻവിന് നന്ദികളർപ്പിക്കും. സന്താപമെത്തിയാൽ ക്ഷമ കാണിക്കും. അപ്പോൾ രണ്ടും അവന് ഗുണകരമാണ്...
(ഹദീസ് )