Wednesday - 22 April, 2026 4-Dhu al-Qadah-1447

ലജ്ജയില്ലാതാകുന്നുവോ നമ്മുടെ പെൺകുട്ടികൾക്ക്.

പുതിയ തലമുറക്ക് നാണവും മാനവും നഷ്ടപ്പെടുകയാണ്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക്. ലജ്ജ എപ്പോഴും കൂടെ കൊണ്ടു നടക്കേണ്ടവരാണ് പെൺകുട്ടികൾ. വളരെ അച്ചടക്കടത്തോടെ ജീവിക്കേണ്ടവരും അവരാണ്. അച്ചടക്കവും ഒതുക്കവുമില്ലാതെ പെരുമാറുന്ന നമ്മുടെ പെൺകുട്ടികളുടെ സമീപനം കണ്ടാൽ നാം ലജ്ജിച്ചു തലതാഴ്ത്തും. അത്രക്ക് അധോഗതിയിലാണ് അവർ ചെന്നെത്തിയിരിക്കുന്നത്... 


 കലാലയത്തിലേക്കുള്ള യാത്ര, കാമ്പസുകളുടെ ആകത്തളം ഇവയൊക്കെയാണ് ഈ പെരുമാറ്റ ദൂഷ്യത്തിന് പ്രത്യക്ഷ വേദിയൊരുക്കുന്നത്. ബസ് ജീവനക്കാരോടുള്ള കിന്നാരം പറച്ചിലുകളും, പരിധിവിട്ട സമീപനങ്ങളും നിത്യകാഴ്ചയാണ്. കലാലയത്തിനകത്തെ ഓപ്പൺ സംസ്കാരം വല്ലാതെ പരിധി ലംഘിക്കുന്നുണ്ട്. മതകീയ ചട്ടക്കൂടുകൾ ഈ പെൺകൊടികൾ മനപ്പൂർവം മറന്ന് കളയുന്നു. യാതൊരു മനഃപ്രയാസവും കൂടാതെ നിർദ്ദാക്ഷിണ്യം അവപൊട്ടിച്ചെറിയുന്നു... 


 ആൺകുട്ടികളോട് തൊട്ടുരുമ്മി നിർലജ്ജം കൊഞ്ചിക്കുഴയുക, അതിന് നമ്മുടെ പെൺകുട്ടികൾക്ക് വല്ലാത്തൊരു താൽപര്യമാണിന്ന്. സ്റ്റാറ്റസിന്റെ സിംബലായിട്ടാണ് പലരും അതിനെ കാണുന്നത്. പ്രായപൂർത്തി ആവാത്ത മക്കൾക്ക് പോലും ഇതിന് പ്രത്യേകമായൊരു ആവേശം കാണാം... 


 എതിർലിംഗത്തിൽപ്പെട്ട വിദ്യാർത്ഥികളോട് ഇടപഴകാത്തവർ കലാലങ്ങൾക്ക് അനഭിമതരാണ്. വസ്ത്ര ധാരണ രീതിയിലെ തെരെഞ്ഞെടുപ്പിന് ഇവിടെ വലിയ സ്ഥാനമുണ്ട്. സ്വയം പ്രദർശനത്തിന്റെ ഏറ്റക്കുറച്ചിലുകൾ ഈ സൗഹൃദത്തിന്റെ അളവിനെ ബാധിക്കും. നമ്മുടെ മുസ്ലിം പെൺകൊടികൾക്കാണ് ലജ്ജ കൂടുതൽ അന്യം നിൽക്കുന്നത്. നമ്മെപ്പോലെ സ്വയം പ്രദർശന വസ്തുവാകാൻ മറ്റുള്ളവർ മെനെക്കെടാറില്ല.


 ഫാൻസി കടകളിൽ വിളയാടാനും സി.ഡി ഗ്യാലറികൾക്ക് മുമ്പിൽ തിരക്ക് കൂട്ടാനും നമ്മുടെ പെൺമക്കളാണ് മുമ്പിൽ. ചെറിയ പ്രലോഭനങ്ങളിൽ വീണ്ടുവിചാരമില്ലാതെ എല്ലാം പെട്ടെന്ന് പണയം വെക്കുന്നതും നാം തന്നെ. മദ്റസകളിൽ പർദ്ദയും മഫ്തയുമണിഞ്ഞ് അച്ചടക്കത്തോടെ വരുന്നവരും ഇതിലുണ്ടെന്നത് വിരോധാഭാസമാണ്. ലജ്ജ നശിച്ചതിന്റെ ദുരന്ത ഫലം സമൂഹം ഇന്ന് വലിയ തോതിൽ അനുഭവിക്കുന്നുണ്ട്.


 ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശ പ്രകാരം ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ഇയ്യിടെ നടത്തിയ പഠനം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. പഠനത്തിന്  വിധേയരായ വിദ്യാർത്ഥികളിൽ  69 ശതമാനവും ആദ്യ തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് 18 വയസ്സിന്  മുമ്പായിരുന്നുവത്രെ. അതിൽ തന്നെ 41.35 ശതമാനം 16 വയസ്സിന് മുമ്പ് തന്നെ ലൈംഗിക ബന്ധത്തിൽ  ഏർപ്പെട്ടവരായിരുന്നുവെന്നാണ് കണക്ക്.


 നമ്മുടെ നാട്ടിൽ ഹൈസ്ക്കൂൾ തലത്തിൽ ഗർഭ നിരോധന ഉറകൾ വിതരണം വരുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചേരാനിടയുണ്ടെന്നാണ് എറണാകുളത്തെ മനോരോഗ വിധഗ്ധൻ ഡോ:സോമനാഥ് അഭിപ്രായപ്പെട്ടത്. രസത്തിന് വേണ്ടി സെക്സിൽ ഏർപ്പെടുന്നത് പ്രശ്നമല്ലെന്ന് കരുതുന്ന മനോഭാവം വളർന്നു വരികയാണെന്നും അദ്ദേഹം പറയുന്നു..!!


 രക്ഷിതാക്കൾ ഇവിടെ നിരുത്തരവാദപരമായ സമീപനമാണ് പലപ്പോഴും സ്വീകരിക്കുന്നത്. ഇത്തരം വിഷയങ്ങളിൽ അവർ അലംഭാവം കാട്ടുന്നു. സ്വാഭാവികതക്കപ്പുറം മറ്റൊന്നും അവരിതിൽ ദർശിക്കുന്നില്ല. അതിനാൽ പെൺമക്കൾക്ക് അപകടം പിണയാൻ ഏറെ സാധ്യത നിലനിൽക്കുന്നുണ്ട്...


 പെൺകുട്ടികളുടെ വഴിവിട്ട സഞ്ചാരം നിരീക്ഷിക്കണം. അരുതായ്മയുടെ നാമ്പുകൾ  മുളയിലേ നുള്ളിക്കളയണം. ഒരു മൂന്നാം കണ്ണ് രക്ഷിതാക്കൾക്ക് എപ്പോഴും ഉണ്ടായിരിക്കണം. സ്കൂളിലേക്കും തിരിച്ചുമുള്ള യാത്ര, കാമ്പസിനകത്തെ പെരുമാറ്റം തുടങ്ങിയവ ശ്രദ്ധിക്കണം. ബന്ധപ്പെട്ടവരോട് ഇടക്കിടെ അന്വേഷിക്കണം. തന്നെ നിരീക്ഷിക്കാൻ ആളുണ്ടെന്ന ഉത്തമബോധം മക്കൾക്ക് എപ്പോഴും ഉണ്ടായിരിക്കൽ അത്യന്താപേക്ഷിതമാണ്.


 ലജ്ജ പെൺകുട്ടികൾക്ക് അലങ്കാരമാണ്. അത് അവളുടെ വിശേഷപ്പെട്ട സംസ്കാരമാണ്. ജീവിതത്തോടത് അലിഞ്ഞു ചേരണം. പത്തരമാറ്റ് സൗന്ദര്യമാണ് അതവൾക്ക് നൽകുന്നത്. എന്നാൽ, ലജ്ജാവതികൾ സമൂഹത്തിൽ ഇല്ലാതാവുകയാണ്. പെണ്ണുകാണാൻ വന്നവന് മുമ്പിൽ പെരുവിരൽ കൊണ്ട് ഭൂമിയിൽ ചിത്രം വരച്ച് നിൽക്കുന്ന നാണം കുണുങ്ങികൾ നമുക്കന്യമാണിന്ന്. ലജ്ജ നമ്മുടെ പെൺകുട്ടികളിൽ നിന്ന് നിശേഷം അകന്നു പോവുന്ന ചിത്രം ദയനീയമാണ്. ലജ്ജ ഈമാനിന്റെ ഭാഗമാണെന്നാണ് പ്രവാചകൻ ﷺ പഠിപ്പിച്ചത്.


 സൈദ് ബ്നു ത്വൽഹ (റ) യിൽ നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: എല്ലാ മതങ്ങൾക്കും ഒരു സ്വഭാവ വൈശിഷ്ട്യമുണ്ട് എന്റെ മതത്തിന്റെ സ്വഭാവ വൈശിഷ്ട്യം ലജ്ജയാകുന്നു... 

  (ബൈഹഖി/ഇബ്നു മാജ) 


 മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം നബി ﷺ പറഞ്ഞു: "നിശ്ചയം ലജ്ജയിൽ ഒരു  ഒതുക്കമുണ്ട് "

  (ബുഖാരി)


 ചുരുക്കത്തിൽ വിശ്വാസിക്ക്  ലജ്ജ അനിവാര്യമാണ്. വിശ്വാസത്തിന്റെ പരിപൂർണത സാധ്യമാക്കണമെങ്കിൽ ലജ്ജ ആവശ്യമാണ്. അത്കൊണ്ട് നന്മയല്ലാതെ മറ്റൊന്നും ഉണ്ടാകുന്നില്ല. സ്ത്രീ പുരുഷ സങ്കലനം ലജ്ജയില്ലാതായതിന്റെ പരിണിതിയാണ് സകല വിപത്തുകളും ഈ സങ്കലനം വഴിയാണുണ്ടാകുന്നത്. യൂറോപ്പിനെ ബാധിച്ച ഈ വിപത്ത് എന്നോ ബാധിച്ചതാണ്, നമ്മുടെ നാടുകളിലേക്കും അവ ഇറക്കുമതി ചെയ്യപ്പെട്ടു. ലജ്ജ നഷ്ടപ്പെടുകയും സ്ത്രീ പുരുഷ സങ്കലനം വർദ്ധിക്കുകയും ചെയ്തു...


 ആംഗ്ലേയ ലേഖിക ലാഡി എഴുതുന്നു: സ്ത്രീ പുരുഷ സങ്കലനത്തിന്റെ വർദ്ധനവ് അനുസരിച്ച് ജാരസന്തതികളുടെ എണ്ണവും വർദ്ധിക്കുന്നു. ഇതാണ് സ്ത്രീയുടെ ഏറ്റവും വലിയ ദുരിതം. പാശ്ചാത്യ നാഗരികതക്കേറ്റ നാണക്കേട് ലഘൂകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനായില്ലേ? നിരപരാധികളായ നൂറുകണക്കിന് പിഞ്ചു പൈതങ്ങളെ കൊലപ്പെടുത്തുന്നത് തടയാൻ സമയമായില്ലേ..?  


 നമുക്ക് നമ്മെ നിയന്ത്രിക്കാനാവുന്നില്ല. അടക്കവും ഒതുക്കവും നമ്മുടെ ശീലമല്ല. ആർക്കും എപ്പോഴും കൊത്തിവലിക്കാമെന്ന അവസ്ഥയിലാണ് നമ്മുടെ ഇരിപ്പും നടപ്പും വേഷവിധാനവുമെല്ലാം. നമുക്ക് ചുറ്റും നടക്കുന്ന പീഢനങ്ങൾ നമ്മുടെ സൃഷ്ടികൾ തന്നെയാണ്.  എന്നിട്ട് പീഡിപ്പിക്കപ്പെട്ടതിന് ശേഷം നാം വിളിച്ചു കൂവും. മലബാർ ഹോസ്പിറ്റൽസ് ആൻഡ് യൂറോജി സെന്റർ എം.ഡി.യും ഇന്ത്യാ വിഷൻ ഡയറക്ടറുമായ ഡോ: പി.എ  ലളിത അഭിപ്രായപ്പെടുന്നത് കാണുക : ഈയൊരു ദുരവസ്ഥക്ക് കാരണം സ്ത്രീകൾ തന്നെയാണ്. സഭ്യതയുടെ അതിർ വരമ്പുകൾ ലംഘിക്കുന്ന വസ്ത്രധാരണ രീതിയും സ്റ്റേജ് ഷോകളും സ്ത്രീകളുടെ കൂടി  സഹകരണത്തോടെയല്ലേ നടക്കുന്നത്..? അവൾ സ്വയം കച്ചകെട്ടിയിറങ്ങിയാൽ മറ്റുള്ളവരെ കുറ്റം പറയുന്നതിലെന്തർത്ഥം..?


 ഡബ്ല്യൂ. എച്ച്. ഒ  യുടെ നിർവ്വചന പ്രകാരം സമൂഹത്തിന്റെ ശരിയെന്നത് അത് നിലനിൽക്കുന്ന ചുറ്റുപാടുകളുടെ ശരിയാണ്. അത്കൊണ്ട് തന്നെയാണ് യൂറോപ്യൻ രാജ്യങ്ങൾ മിനി സ്കർട്ട് ശരിയാകുമ്പോൾ നമുക്കത് നിഷിദ്ധമാകുന്നത്. ഇന്ന് നമ്മുടെ കുട്ടികളുടെ വസ്ത്ര ധാരണ രീതിയെന്താണ്, സഭ്യതയുടെ അതിരുകൾ ലംഘിക്കുന്ന ശരീര ഭാഷയുടെ വികലാവസ്ഥയിലാണ് എത്തി നിൽക്കുന്നത്. ഇത് ശരിയല്ല...

 (മഹിളാ ചന്ദ്രിക, 2009 മാർച്ച്,പു:14 ല :3)


 പെൺമക്കളെ ഒരിക്കലും കുരുതികൊടുത്തു കൂടാ... അവരുടെ ഭാവി സുരക്ഷിതമായിരിക്കണം. അന്തസ്സുള്ള ജീവിതം കെട്ടിപ്പടുക്കാൻ അവരെ സഹായിക്കണം. ആവശ്യമായ വസ്തുക്കൾ വാങ്ങി നൽകുന്നത് മാത്രമല്ല ഒരു  രക്ഷിതാവിന്റെ ബാധ്യത. അരുതായ്മകളിൽ അകപ്പെടാത്ത, കളങ്കമില്ലാത്ത ഒരു ജീവിതം അവർക്ക് സാധ്യമാകണം. ഈ പാതയിൽ അൽപം പ്രയാസങ്ങളും  ബുദ്ധിമുട്ടുകളുമൊക്കെ സ്വാഭാവികമാണ്. അതൊക്കെ സഹിച്ചും ക്ഷമിച്ചും അവരെ നല്ല രീതിയിൽ വളർത്തുക... 


 നബി ﷺ പറഞ്ഞു: "ഒരാൾക്ക് ഒരു മകളുണ്ടാവുകയും അയാൾ അവളെ നല്ലനിലയിൽ പരിപാലിക്കുകയും, ഭക്ഷിപ്പിക്കുകയും, അല്ലാഹു ﷻ തനിക്ക് നൽകിയ അനുഗ്രഹങ്ങൾ അവർക്ക് ചൊരിഞ്ഞുകൊടുക്കുകയും ചെയ്താൽ നരകത്തിൽ നിന്ന് സ്വർഗത്തിലേക്ക് ഇടതും വലതും അവൾ അവന് അകമ്പടി നൽകും..."     

  (ത്വബ്റാനി)