Wednesday - 22 April, 2026 4-Dhu al-Qadah-1447

സമയത്തിന്റെ വില


ജീവിതത്തിന്റെ വസന്തകാലം ഒരിക്കലേ അനുഭവിക്കാനാവൂ... കൊഴിഞ്ഞുപോയാൽ പിന്നെ അതൊരിക്കലും തിരിച്ചുവരികയില്ല. അതുകൊണ്ടു തന്നെ നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന ചിന്ത ഓരോരുത്തർക്കർക്കും അനിവാര്യമാണ്... 


 "ഈ മുറിക്കകത്ത് ആർക്കും പ്രവേശിച്ചുകൂടാ.. വരുന്നവനെ ഞാൻ വെടിവെക്കും"  വിശാലമായ തന്റെ റൂമിന്റെ വാതിലിൽ ഇറ്റിലിയിലെ സർവാധിപതി മുസ്സോളിനി തൂക്കിയിട്ട ബോർഡിലെ വാക്കുകളാണിത്. ജോലിസമയത്ത് ആരെങ്കിലും തന്നെ സമീപിച്ച് സമയ നഷ്ടം സംഭവിക്കാതിരിക്കാനാണ് ഇങ്ങനെ എഴുതിവെച്ചത്. മേശപ്പുറത്ത് ഇരുപത് തിരയുള്ള ഒരു കൈതോക്കും മൂർച്ചകൊണ്ട് തിളങ്ങുന്ന ഒരു കത്തിയും വെച്ചിട്ടുണ്ടാവുമത്രെ... 


 സർ.എം. വിശ്വേശരയ്യരുടെ ഒരു സംഭവമുണ്ട്. അദ്ദേഹം ഒരാളെ കാണാൻ മൂന്നര മണിക്ക് നിശ്ചയിച്ചിരുന്നുവത്രെ അയാൾ 3.35 - നാണ് വിശ്വേശരയ്യരുടെ ഭവനത്തിലെത്തിച്ചേർന്നത്. കണ്ടപാടെ വിശ്വേശരയ്യർ പറഞ്ഞുവത്രെ :

 "സുഹൃത്തേ, എന്റെ അഞ്ചുമിനിട്ട്   നിങ്ങളപഹരിച്ചുവല്ലോ" ...


 മഹാന്മാരൊക്കെയും ഉന്നത പദവികൾ കൈവരിച്ചത് ഈ സമയനിഷ്ഠകൊണ്ട് തന്നെയായിരുന്നു. പ്രശസ്ത ശാസ്ത്രജ്ഞനും പ്രസാധകനുമായിരുന്ന ബെഞ്ചമിൻ ഫ്രാങ്ക്ളിൻ ഒരിക്കൽ പറഞ്ഞു : 


 "ഏർപ്പെട്ടിരിക്കുന്ന ഓരോ പ്രവൃത്തിയും നിർവഹിക്കുന്നതിനു നിശ്ചിത സമയം ഉണ്ടായിരിക്കണം. ഇന്ന് എന്തെല്ലാം സദ് പ്രവർത്തനങ്ങൾ ചെയ്യണമെന്ന് എഴുന്നേൽക്കുന്നതിനു മുമ്പ് മനസ്സുകൊണ്ട്. തീർച്ചയായും, രാത്രി ഉറങ്ങുവാൻ പോകുന്നതിന് മുമ്പ് ഇന്ന് ഞാൻ എന്തു നല്ല കാര്യം ചെയ്തു എന്ന ചോദ്യത്തിനു സമാധാവും എനിക്കു കിട്ടണം. നിങ്ങൾ ജീവിതത്തെ സ്നേഹിക്കുന്നുവോ..? എങ്കിൽ സമയം പാഴാക്കാതിരിക്കുക. അതാണ് ജീവിതത്തിന്റെ മൂലധനം എന്നും അദ്ദേഹം പറയുകയുണ്ടായി..."


 ജീവിതത്തിന്റെ ഹ്രസ്വതയെ ഉണർത്തി അതിനെ മുതലെടുക്കണമെന്ന് പറയുന്ന ധാരാളം വചനങ്ങൾ മഹാന്മാരുടെതായിക്കാണാം. അവയൊക്കെയും ക്ഷമയോടെ വായിച്ച് ഉൾക്കൊള്ളുകയാണെങ്കിൽ ജീവിതത്തിൽ വലിയ മാറ്റം തന്നെയുണ്ടാക്കാൻ നമുക്ക് സാധിക്കും. കൊഴിഞ്ഞുപോകുന്ന ഓരോ വർഷങ്ങളും അപ്പോൾ ന്യൂഇയറിന്റെ ആഘോഷപ്പൊലിമയിൽ മാത്രം ഒതുക്കാതെ പിന്നിട്ട വഴികളെക്കുറിച്ച് ആലോചിക്കാനുള്ള സന്മനസ്സ് നാം നേടിയെടുക്കും... 


 ജീവിതം ഹ്രസ്വമാണ് അശ്രദ്ധരായി സമയം ചെലവഴിച്ച് നാം അതിനെ വീണ്ടും ഹ്രസ്വമാക്കുന്നു എന്ന് വിക്ടർ ഹ്യൂഗോയും ഒന്നും നാളത്തേക്ക് മാറ്റിവെക്കാതിരിക്കുന്നതാണ് ബുദ്ധി നാളെ നിങ്ങൾക്കായി ഒരു സൂര്യോദയം ഉണ്ടാകണമെന്നില്ല എന്ന് കോൺട്രൈവും സമയബോധമുള്ളവൻ ജ്ഞാനിയാണ് ; അതില്ലാത്തവൻ അജ്ഞനും എന്ന് ഹെന്റ് ഡേവിഡും പറഞ്ഞുവെച്ചിട്ടുണ്ട്...


 പ്രവാചകനും (ﷺ) അവിടുത്തെ അനുചരരും സമയത്തിന് കൽപിച്ചു നൽകിയ വില വലിയതാണ് " നിങ്ങളെ വിചാരണ ചെയ്യുപ്പെടുന്നതിന് മുമ്പ് നിങ്ങൾ സ്വയം വിചാരണ ചെയ്യുക " എന്ന് അവിടുന്ന് (ﷺ) പറഞ്ഞതിലെ ഉൾക്കാഴ്ച അപാരവും സമയത്തെ പരമാവധി ഉപയോഗപ്പെടുത്തണമെന്നതിലേക്കുള്ള സൂചനയുമാണ്... 


 ശരീരം കൊണ്ട് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമേതെന്ന ചോദ്യത്തിന് പ്രവാചകന്റെ (ﷺ) മറുപടി "സമയത്തിന്റെ ആദ്യത്തിൽ നിസ്കരിക്കലാണ് " എന്നാണ്. ആരാധനാകർമങ്ങൾ അതത് സമയത്ത് തന്നെ കൃത്യമായി ചെയ്യണമെന്നും അടുത്ത നിമിഷത്തേക്ക് നീട്ടിവെക്കുന്ന അലസതാമനോഭാവം പാടില്ലെന്നുമാണ് ഈ മറുപടി നമ്മെ പഠിപ്പിക്കുന്നത്. ഉമറുബ്നു അബ്ദിൽ അസീസിന്റെ അമിത ജോലിഭാരം കണ്ട ഒരാൾ ഇത് നാളത്തേക്ക് മാറ്റിവെച്ചുകൂടെ എന്ന് ചോദിച്ചപ്പോൾ "ഒരു ദിവസത്തെ ജോലി തന്നെ എന്നെ പ്രയാസപ്പെടുത്തുമ്പോൾ രണ്ടു ദിവസത്തേതുകൂടിയാകുമ്പോഴോ" എന്ന മറുചോദ്യമാണ് അദ്ദേഹമുതിർത്തത്...


 ഇമാം നവവി (റ) താൻ ജീവിച്ചു തീർത്ത ഓരോ ദിവസത്തിലും തന്റെ അധ്യായന, അധ്യാപന, ആരാധന തപസ്യകൾക്കു പുറമെ  ശരാശരി പതിനാറു പേജോളം ബൃഹത്തായ വിജ്ഞാനീയങ്ങളെകൊണ്ടു നിറച്ചെഴുതാൻ മഹാൻ കാണിച്ച സമയനിഷ്ഠ അപാരമാണ്. ഗ്രന്ഥമെഴുത്തിൽ നിർവൃതി കണ്ടെത്തിയ ഇമാം ജലാലുദ്ദീൻ സൂയൂത്വിയും വിജ്ഞാന പ്രസരണം ജനകർമമാക്കിയ ഇമാം ഗസ്സാലി (റ) യും കേവലം മൂന്നുനാല് പതിറ്റാണ്ടുകൾ കൊണ്ട് മാത്രമാണ് ചരിത്രത്തിനും മേലെ സ്ഥാനലബ്ദനായത്. ആയിരക്കണക്കിന് ബ്രഹദ് ഗ്രന്ഥങ്ങളുടെയും പതിനായിരക്കണക്കിനു പ്രതിഭാസമ്പന്നരായ വിദ്യാർത്ഥികളുടെയും ഉൽപാദകനായി വരികൾക്കിടയിലൂടെ അനശ്വര ജീവിതം നയിച്ച ഇമാം അഹ്മദ് റസാ (റ) തന്റെ മാസ്റ്റർപീസ് ഗ്രന്ഥം എഴുതിത്തീർത്തത് കേവലം നാല് മണിക്കൂറുകൊണ്ടാണത്രെ.


 വിശുദ്ധ ഖുർആൻ കാലമെന്ന യാഥാർത്ഥ്യത്തെ പിടിച്ചുകൊണ്ട് സത്യം ചെയ്തു പറയുന്നതിങ്ങനെ : കാലം തന്നെ സത്യം, തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാകുന്നു. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും, സത്യം കൊണ്ടും ക്ഷമ കൊണ്ടും അന്യോന്യം ഉപദേശിക്കുകയും സത്യം ചെയ്തവരൊഴികെ  അസ്വ്ർ :1-3)


 രണ്ട് കാര്യത്തിൽ ജനങ്ങളിലധികവും വഞ്ചിതരാണെന്നും, ആരോഗ്യവും ഒഴിവു സമയവുമാണതെന്നും പുണ്യറസൂൽ ﷺ പഠിപ്പിച്ചിട്ടുണ്ട്. അഞ്ചു കാര്യങ്ങൾക്ക് മുമ്പ് അഞ്ചുകാര്യങ്ങളെ മുതലെടുക്കണമെന്നും അവിടുന്ന് (ﷺ) പറയുകയുണ്ടായി. മരണത്തിനു മുമ്പുള്ള ജീവിതം, വാർദ്ധക്യത്തിനു മുമ്പുള്ള യുവത്വം, രോഗത്തിനു മുമ്പുള്ള ആരോഗ്യം, ജോലിത്തിരക്കിനു മുമ്പുള്ള ഒഴിവു സമയം, ദാരിദ്ര്യത്തിനു മുമ്പുള്ള ഐശ്വര്യം  എന്നിവയാണവ... സമയത്തിന്റെ ചാക്രികതയെക്കുറിച്ചുള്ള തികഞ്ഞ അവബോധമാണ് പുണ്യ നബി ﷺ ഇതിലൂടെ നമ്മിൽ ഉണ്ടാക്കുന്നത്...


 നന്മകൾ ചെയ്തു കൂട്ടാനുള്ള അവസരമാണ് മുസ്ലിംമിന് ആഘോഷങ്ങൾ. നശ്വരമായ ഈ ലോകത്തു നിന്നുതന്നെ പരലോകത്തേക്കുള്ളവ ഒരുക്കിവെക്കണം...


നബി ﷺ പറയുകയുണ്ടായി : 


"ദുൻയാവ് ആഖിറത്തിലേക്കുള്ള കൃഷിയിടമാണ് "

  (ഹദീസ്)