സുവെെദ് ബ്നു ആമിർ (റ)നെ തൊട്ട് റിപ്പോർട്ട് ചെയ്ത ഹദീസിൽ നബി ﷺ പറയുന്നു: "സലാം കൊണ്ടെങ്കിലും നിങ്ങൾ നിങ്ങളുടെ കുടുംബ ബന്ധം നനക്കണം"
ഇതിനെ വിശദീകരിച്ച് ഇമാം ബെെഹഖി തങ്ങൾ വിവരിക്കുന്നു: "നനക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ചൂടിനെ വെള്ളം കൊണ്ട് തണുപ്പിക്കുന്നത് പോലെ കുടുംബ ബന്ധം ചേർക്കണം എന്നാണ്. ( شعب الإيمان)
മൂന്ന് കാര്യം ചെയ്യുന്നതിൽ മുസ്ലിമും കാഫിറും സമമാണ്...
▪1) ഏറ്റെടുത്ത കരാർ പൂർത്തിയാക്കുക അത് മുസ്ലിമിനോടാകട്ടേ കാഫിറിനോടാകട്ടേ.
▪2) മുസ്ലിമാകട്ടേ കാഫിറാകട്ടേ നിന്റെയും മറ്റൊരാളുടെയും ഇടയിലുള്ള കുടുംബ ബന്ധം ചേർക്കുക.
▪3) മുസ്ലിമാകട്ടേ കാഫിറാകട്ടേ നിന്നെ വിശ്വസിച്ചു ഏൽപ്പിച്ച മുതൽ തിരിച്ചേൽപ്പിക്കുക...
( شعب الإيمان / الإمام البيهقي )
ഹിസാബൻ യസീറ എന്ന വമ്പിച്ച ഓഫർ...
അബൂഹുറെെറ (റ) തൊട്ട് റിപ്പോർട്ട് ചെയ്ത ഹദീസിൽ പറയുന്നത് കാണാം, നബി ﷺ പറയുന്നു: ആരിലെങ്കിലും മൂന്ന് കാര്യങ്ങൾ ഉണ്ടായാൽ അവന് حسابا يسيرا ഉണ്ടാകുകയും അല്ലാഹുﷻവിന്റെ റഹ്മത്ത് കൊണ്ട് സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും. (അവന്റെ തെറ്റുകൾ സമ്മതിപ്പിക്കുകയും ശിക്ഷ കൂടാതെ അല്ലാഹുﷻവിന്റെ റഹ്മത്ത് കൊണ്ട് സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന അവസ്ഥ) അവ...
▪1) നിനക്ക് തടഞ്ഞവന് നീ നൽകുക.
▪2) നിന്നെ അക്രമിച്ചവന് മാപ്പു നൽകുക.
▪3) നിന്നോട് ബന്ധം മുറിച്ചവനോട് ബന്ധം ചേർക്കുക.
(مكارم الأخلاق / الحافظ ابن أبي الدنيا )
(അവൻ തെറ്റിയതല്ലേ ഇങ്ങോട്ടു മിണ്ടട്ടേ എന്ന ധാരണയിൽ കുടുംബ ബന്ധം വിച്ഛേദിക്കുന്നവർക്ക് അതിന്റെ വിപത്ത് നേരിടുക മാത്രമല്ല നബി ﷺ പറഞ്ഞ ഹിസാബൻ യസീറ എന്ന വമ്പിച്ച ഓഫർ നഷ്ടപ്പെടുക കൂടി ചെയ്യും)
ഇരു ലോകത്തിന്റെയും ആളുകളുടെ ഏറ്റവും നല്ല പ്രവർത്തനം...
മുകളിലെത്തേതിനു സമാനമായ മറ്റൊരു ഹദീസിൽ കാണാം. ഉഖ്ബത്തു ബ്നു ആമിർ (റ)പറയുന്നു: "ഒരിക്കൽ ഞാൻ നബിﷺയെ കണ്ടപ്പോൾ കെെ പിടിച്ചു. അല്ലെങ്കിൽ നബി ﷺ എന്റെ കെെ പിടിച്ചു. എന്നിട്ട് പറഞ്ഞു:
"ഓ..ഉഖ്ബത്തേ.., നിനക്ക് ദുനിയാവിന്റെയും ആഖിറത്തിന്റെയും ആളുകളുടെ ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനങ്ങൾ പറഞ്ഞു തരട്ടെയോ..?"
▪1) നിന്നോട് ഇങ്ങോട്ടു ബന്ധം മുറിച്ചവനുണ്ടെങ്കിൽ നീ അങ്ങോട്ടു ചേർക്കുക.
▪2) നിനക്ക് ഇങ്ങോട്ട് തടഞ്ഞവന് നീ അങ്ങോട്ട് നൽകുക.
▪3) നിന്നെ ഇങ്ങോട്ട് അക്രമിച്ചവന് പൊറുത്തു കൊടുക്കുക.
(مكارم الأخلاق / الحافظ ابن أبي الدنيا )
കുടുംബ ബന്ധം ചേർക്കുക എന്ന് പറഞ്ഞാൽ...
ഇങ്ങോട്ട് ബന്ധം ചേർത്തിയെന്ന പരിഗണനയിൽ അങ്ങോട്ട് ബന്ധം ചേർക്കുന്നതിനെ ചേർക്കുക എന്നു പറയില്ലെന്നും മുറിഞ്ഞ ബന്ധങ്ങളെ അങ്ങോട്ട് ചെന്ന് ചേർക്കുന്നതിനെയാണ് ചേർക്കുക എന്നു പറയുന്നതെന്ന് നബി ﷺ പറഞ്ഞതായി ഇമാം ബുഖാരി തന്റെ സ്വഹീഹിൽ റിപ്പോർട്ട് ചെയ്തതായി കാണാം.
അതായത്, കുടുംബ ബന്ധം അങ്ങോട്ട് ചേർക്കുന്നവർക്കെ കുടുംബ ബന്ധം ചേർക്കൽ കൊണ്ട് ലഭിക്കുന്ന നേട്ടങ്ങൾ ലഭിക്കുകയുള്ളൂ..!!
കുടുംബ ബന്ധം ചേർക്കുന്നതിനെ തൊട്ട് അനിഷ്ടം കാണിക്കുന്നവരിൽ ഞങ്ങളെ നീ ഉൾപ്പെടുത്തല്ലേ നാഥാ...
ആമീൻ യാ റബ്ബൽ ആലമീൻ