അനാഥത്വം ദയനീയമായ ഒരു അവസ്ഥയാണിത്. പ്രത്യേകിച്ചും കുഞ്ഞിളം പ്രായത്തിൽ മാതാവോ പിതാവോ മരണപ്പെട്ട ഒരു കുഞ്ഞിന്റെ അവസ്ഥ. ഭക്ഷണം നൽകാനോ വസ്ത്രം വാങ്ങിക്കൊടുക്കാനോ മാതാപിതാക്കൾ ഇല്ലാത്ത, അമ്മയുടെ മടിത്തട്ടിൽ ഉറങ്ങാനുള്ള ഭാഗ്യം ലഭിക്കാത്ത കുഞ്ഞുങ്ങൾ. ഉമ്മയുടെയോ ഉപ്പയുടെയോ അസാന്നിധ്യം കുരുന്നു മനസ്സുകളിൽ ഉണ്ടാകുന്ന മുറിവ് വളരെ വലുതാണ്...
1400 വർഷങ്ങൾക്ക് മുമ്പ് മക്കയിലും ഒരു കുഞ്ഞു പിറന്നു. ലോകം കാണുന്നതിന് മുമ്പ് പിതാവിനെ നഷ്ടപ്പെട്ട ആ കുഞ്ഞിനു ആറാം വയസ്സിൽ തന്നെ മാതാവിനെയും നഷ്ടമായി. അനാഥനായി വളർന്ന് ലോകത്തിന്റെ നായകനായി തീർന്ന നമ്മുടെ തിരുദൂതർ, മദീനയിലെ രാജകുമാരൻ, മുത്ത് നബി ﷺ...
മരുഭൂമിയിൽ ഉമ്മയുടെ മയ്യിത്ത് നോക്കി കരഞ്ഞ ആറുവയസ്സുകാരന്റെ അതേ മനസ്സോടെ അറുപതാം വയസ്സിലും പാതിരാത്രികളിൽ ആരും കാണാതെ ഉമ്മയുടെ ഖബറിനരികിൽ ചെന്ന് ഏങ്ങിക്കരയുമായിരുന്നു നബി ﷺ...
അനാഥത്തിന്റെ കൈപ്പുനീർ ബാല്യത്തിലെ നുകർന്ന നബി ﷺ അശരണരെയും യതീ മക്കളെയും വളരെയധികം സ്നേഹിച്ചിരുന്നു. അവരുടെ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. മറ്റെല്ലാ കാര്യത്തിലുമെന്നപോലെ അനാഥ സംരക്ഷണത്തിന്റെ കാര്യത്തിലും നബി ﷺ നമുക്ക് മാതൃകയാണ്...
ഈ ലോകത്ത് അനുഗ്രഹീതമായ വീട് അനാഥർക്ക് ആദരവ് നൽകുന്ന വീടണെന്ന് പറഞ്ഞ നേതാവ്...
അനാഥ സംരക്ഷണം കൊടുക്കുന്നവർ എന്നോടൊപ്പം സ്വർഗ്ഗത്തിലാണെന്നു പറഞ്ഞ നേതാവ്...
യതീം മക്കളുടെ മുന്നിൽ വെച്ച് സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കരുത് എന്ന് പറഞ്ഞ നേതാവ്...
അനാഥ ശിശുക്കളുടെ തലയിൽ വാൽസല്യത്തോടെ തടവുമ്പോൾ കൈ സ്പർശിക്കുന്ന മുടിയിഴകളുടെ എണ്ണമനുസരിച്ച് പുണ്യം ലഭിക്കുമെന്ന പഠിപ്പിച്ച നേതാവ്...
മുത്തുനബിﷺയോളം യതീം മക്കളെ സ്നേഹിച്ച മറ്റൊരു നേതാവ് ലോകത്തുണ്ടായിട്ടില്ല. ആ നേതാവിനെ സ്നേഹിക്കുന്ന ഒരു അനുയായിക്കു യതീമിനോട് അനാദരവ് കാണിക്കാൻ കഴിയുകയുമില്ല.
ഒരു പെരുന്നാൾ ദിവസം നമസ്കാരത്തിനായി പള്ളിയിലേക്ക് പോകുമ്പോൾ വഴിയിൽ ഒരു കുട്ടി നിന്ന് കരയുന്നത് കണ്ടു. കീറിയ വസ്ത്രങ്ങൾ ആയിരുന്നു ആ കുട്ടി ധരിച്ചിരുന്നത്. റസൂൽ ﷺ ആ കുട്ടിയുടെ അരികിൽ ചെന്ന് കരയുന്നതിന്റെ കാരണം തിരക്കി. ബാലൻ അനാഥനാണെന്നറിഞ്ഞപ്പോൾ നബിﷺതങ്ങളുടെ മനസ്സ് വേദനിച്ചു...
ആ കുഞ്ഞിനെ എടുത്ത് ഉമ്മ കൊടുക്കുകയും തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ആയിശ (റ) കുഞ്ഞിനെ കുളിപ്പിച്ച് പുതു വസ്ത്രം ധരിപ്പിച്ചു. പുതുവസ്ത്രങ്ങളണിഞ്ഞ് സുന്ദരനായ ആ കുട്ടിയോടൊപ്പമാണ് നബി ﷺ നമസ്കാരത്തിന് പോയതും പള്ളിയിൽനിന്നും തിരിച്ചു വന്നു ഭക്ഷണം കഴിച്ചതും. യതീം കുട്ടികളോട് നബി ﷺ പെരുമാറുന്ന രീതിയാണിത്. ഈ രീതിയാണ് നമ്മൾ പിന്തുടരേണ്ടതും...
അറിയൂ സഹോദരങ്ങളെ, ഞാനും നീയും യത്തീമാകാതിരുന്നത് നമ്മളുടെ മിടുക്ക് കൊണ്ടല്ല. അല്ലാഹുﷻവിന്റെ കാരുണ്യം ഒന്നുകൊണ്ട് മാത്രമാണ്. യതീം, അനാഥൻ... നാളെ നമ്മുടെ മക്കളുടെ വിളിപ്പേരും ഒരുപക്ഷേ അങ്ങനെയാകാം...
അതുകൊണ്ടുതന്നെ നമുക്ക് ചുറ്റുമുള്ള യതീം മക്കളുടെ വേദന നാം കണ്ടില്ലെന്ന് നടിക്കരുത്. കനിവിനായി നമ്മുടെ നേർക്കു നീളുന്ന അവരുടെ നോട്ടത്തെ പുച്ഛിച്ച് തള്ളരുത്. അവർക്ക് അർഹതപ്പെട്ടത് കൊടുക്കാനുള്ള മനസ്സ് നമുക്കുണ്ടാകണം. ഭക്ഷണത്തിനും വസ്ത്രത്തിനും അപ്പുറം പരിഗണനയായിരിക്കും അവർക്കാവശ്യം. കാരുണ്യത്തോടെയുള്ള ഒരു നോട്ടത്തിനായിരിക്കും അവരുടെ മനസ്സ് ആഗ്രഹിക്കുന്നത്.
അനാഥരെ സ്നേഹിക്കുന്നവനും ഞാനും നാളെ നാഥന്റെ സവിധത്തിൽ ഇതുപോലെ സമീപസ്ഥരാണെന്ന് രണ്ടു വിരലുകൾ ചേർത്തുവച്ച് പറഞ്ഞ നമ്മുടെ മുത്ത് ഹബീബ്ﷺക്കൊപ്പം നാളെ സ്വർഗ്ഗത്തിൽ ഒത്തുകൂടാനുള്ള ഭാഗ്യമാണ് ആ യതീം മക്കളെ സ്നേഹിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്. അല്ലാഹു ﷻ അതിനുള്ള തൗഫീഖ് നമുക്ക് നൽകട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ