മതപഠനത്തിന് മാർഗ്ഗനിർദേശവും പ്രോത്സാഹനവും നൽകേണ്ടവരാണ് രക്ഷിതാക്കൾ. എന്നാൽ അവർതന്നെ മക്കളുടെ മതവിദ്യാഭ്യാസത്തിന് വിലങ്ങുതടിയാകുന്ന കാഴ്ചയാണ് എങ്ങും കാണാൻ സാധിക്കുന്നത്...
മദ്റസയിലോ ദർസിലോ പോകാൻ താൽപര്യവും ഉത്സാഹവുമുള്ള കുട്ടികളെപോലും രക്ഷിതാക്കൾ പല കാരണങ്ങളും നിരത്തി തടഞ്ഞുവെക്കുന്നു. മതം പഠിച്ചതുകൊണ്ട് അന്നം ഒപ്പിക്കാൻ സാധിക്കില്ലെന്ന തെറ്റായ ചിന്ത രക്ഷിതാക്കൾ മക്കളിലേക്ക് പകരുന്നു...
വർഷങ്ങളോളം മതം പഠിച്ചാൽ കിട്ടുന്നത് കേവലം എട്ടായിരമോ എട്ടായിരത്തി അഞ്ഞൂറോ ആണ്. മാത്രമല്ല സമൂഹത്തിന്റെ മുഖ്യധാരയിൽ ഇടം ലഭിക്കണമെങ്കിൽ ഭൗതികമായുള്ള മുന്നേറ്റം കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ ഇത്തരം ചിന്തികൾ രക്ഷിതാക്കളിൽ നിന്നുതന്നെ മക്കൾക്ക് പകർന്നുകിട്ടുന്നു.
പരലോക ജീവിതത്തെയും മറ്റും തിരസ്കരിച്ചുകൊണ്ടാണ് രക്ഷിതാക്കൾ പുതിയ ചിന്തകൾ കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കുന്നത്. സാമാന്യബോധവും ബുദ്ധിയുമുള്ള രക്ഷിതാവ് വാസ്ഥവത്തിൽ ശ്രദ്ധിക്കേണ്ടത് പരലോകത്ത് ഉപകരിക്കുന്ന സന്താനത്തെക്കുറിച്ചാണ്. മതപരമായ അറിവ് നിഷേധിക്കപ്പെടുന്ന മക്കളിൽ നിന്ന് അത്തരത്തിലൊരു പ്രയോജനം പ്രതീക്ഷിക്കാവതല്ലല്ലോ..?
അറിവ് നിഷേധിക്കപ്പെടുന്നവരിൽ കൂടുതലും പെൺകുട്ടികളാണ്. ആകാര വലിപ്പവും മറ്റും പറഞ്ഞാണ് അവരുടെ പഠിപ്പ് മുടക്കി വീട്ടിലിരുത്തുന്നത്. എന്നാൽ അതേ കുട്ടികൾക്ക് അങ്ങകലെയുള്ള സ്കൂളിലേക്കും കോളേജിലേക്കും പോകുമ്പോൾ ആകാര വലുപ്പം തടസ്സമേ അല്ല. എന്തുമാത്രം വിചിത്രമാണിത്...
പുതുവർഷത്തിൽ മദ്റസയിൽ എത്താതിരുന്ന കുട്ടികളെ അന്വേഷിച്ചപ്പോൾ പലപ്പോഴും ഈയുള്ളവന് തന്നെ കിട്ടിയ മറുപടി ഇങ്ങനെ : " അവളെ ഇനി മദ്റസയിലേക്കയക്കാൻ പേടിയാ... അവൾ വല്യ പെണ്ണായില്ലേ..?" ഇതൊക്കെയാണ് രക്ഷിതാക്കളുടെ അവസ്ഥ. ട്യൂഷന്റെയും മറ്റും പേര് പറഞ്ഞ് മദ്റസ അവസാനിപ്പിക്കുന്നതും ഈ രക്ഷിതാക്കൾ തന്നെയാണ്. മതപഠനത്തോട് വിരക്തി തോന്നാനും അകന്നുപോകാനും ഇതൊക്കെ വലിയ കാരണങ്ങളായിട്ടുണ്ട്. അതുകൊണ്ട് തന്നെ ദിനം പ്രതി മദ്റസയിൽ വിദ്യാർത്ഥികൾ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. അതായത് മതപഠനത്തിൽ നിന്ന് സമൂഹം അകന്നുകൊണ്ടിരിക്കുന്നുവെന്നർത്ഥം.
മുതിർന്ന ക്ലാസുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ഏഴാം ക്ലാസിനപ്പുറം പതിനഞ്ച് ശതമാനം കുട്ടികൾ പോലും പഠനം തുടരുന്നില്ല. ഒന്നാം തരത്തിൽ 100 കുട്ടികൾ എത്തുമ്പോൾ പത്താം തരത്തിൽ 10 -12 കുട്ടികൾ മാത്രമാണെത്തുന്നത്.
മതപഠനം വെറും ചടങ്ങ് മാത്രമായി നിർവഹിക്കപ്പെടുമ്പോൾ, അത് ഉൾക്കൊള്ളാനും ജീവിതത്തിൽ പകർത്താനും സാധിക്കാതെ വരുന്നു. മതവിദ്യ ലഭിച്ചു എന്നതുകൊണ്ടു മാത്രം ഒരാൾ നന്മയിലധിഷ്ഠിമായി ജീവിച്ചു കൊള്ളണമെന്നില്ല. കാരണം മറ്റൊന്നുമല്ല, മതവിദ്യ വേണ്ടതുപോലെ ഉൾക്കൊള്ളുമ്പോഴേ അവയുടെ പ്രായോഗികവൽകരണത്തിന് മനസ്സും ശരീരവും പാകപ്പെടുകയുള്ളൂ...
നിങ്ങളുടെ തലച്ചോറിൽ കിടന്ന് അജീർണം പിടിച്ച് ജീവിത കാലം മുഴുവൻ കലമ്പൽ കൂട്ടുന്ന ഒരു കൂട്ടം അറിവല്ല വിദ്യാഭ്യാസം. നമുക്ക് വേണ്ടത് ജീവിതത്തെ വിരമിപ്പിക്കുന്ന മനുഷ്യത്വ വിഭായകമായ സ്വഭാവ വിശുദ്ധി വളർത്തുന്ന ആശയങ്ങളുടെ സ്വാംശീകരണമാണ്...
"അറിവിന്റെ ഭാരം തലയിലേറ്റുകയും, അതിന്റെ മൂല്യമറിയാതിരിക്കുകയും ചെയ്യുന്ന അഭ്യസ്ഥവിദ്യൻ ചന്ദനം ചുമക്കുന്ന കഴുത പോലെയാണ് "
(സ്വാമി വിവേകാനന്ദൻ)