അലങ്കാരത്തിനും സൗന്ദര്യത്തിനും വേണ്ടി ഇന്നു നാം സർവ്വസാധാരണമായി ഉപയോഗിച്ചു വരുന്ന പല കൃതിമ അലങ്കാര വസ്തുക്കളുടെയും കർമ്മ ശാസ്ത്രം നാം മനസ്സിലാക്കിയേ തീരൂ... അല്ലായെങ്കിൽ അത് നമ്മുടെ ജീവിത വിജയത്തെത്തന്നെ പ്രതികൂലമായി ബാധിച്ചേക്കും. നമ്മുടെ പല ആരാധനകളും അസാധുവാക്കിക്കളയും...
മുടി കറുപ്പിക്കൽ
മൈലാഞ്ചിയിടൽ
താടി വടിക്കൽ
പുരികം കത്രിക്കൽ
വെപ്പുമുടി അണിയൽ
പല്ല്, നഖം എന്നിവയിലെ അലങ്കാരങ്ങൾ
ടൈറ്റ് ഫിറ്റും ആഭരണങ്ങളും
മുടി കറുപ്പിക്കൽ:
യുദ്ധാവശ്യത്തിനു വേണ്ടിയല്ലാതെ തലമുടി, താടി രോമം എന്നിവ കറുപ്പിക്കൽ നിഷിദ്ധമാണ്. ഇബ്നു അബ്ബാസ് (റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ ﷺ പറഞ്ഞു: (തലമുടിക്കും താടി രോമത്തിനും) കറുപ്പ് ചായം പിടിപ്പിക്കുന്ന ഒരു വിഭാഗം അവസാനകാലം ഉണ്ടാകും. അവർക്ക് സ്വർഗ്ഗത്തിന്റെ പരിമണം പോലും ലഭിക്കുകയില്ല...
(അബൂ ദാവൂദ്, ഹാകിം)
വെള്ളം ചേരുന്നതിനെ തടയുന്ന ചായം എന്നോ അല്ലാത്തതെന്നോ ഇവിടെ വിത്യാസമില്ല. ഏതു വിധത്തിലുള്ള വസ്തുകൊണ്ട് കറുപ്പിക്കലും ഹറാമാണ്. വെള്ളം ചേരുന്നതിനെ തടയുന്ന രീതിയിലുള്ള ചായം കൊണ്ട് തലമുടിയോ മീശയോ താടിരോമമോ കറുപ്പിച്ചാൽ (ഇന്ന് വിപണിയിലുള്ളത് അത്തരത്തിലുള്ളതാണെന്ന് പറയപ്പെടുന്നു) നിഷിദ്ധമായ ഒരു കാര്യം ചെയ്തു എന്നതിലുപരി ഒട്ടേറേ അപകടങ്ങൾ അതുമൂലം സംഭവിക്കുന്നു. അങ്ങനെ അനവധി നിഷിദ്ധ കാര്യങ്ങൾ വന്നു ചേരുന്നു...
അവന്റെ വുളൂഅ്, കുളി തുടങ്ങിയവയൊന്നും സാധുവാകുകയില്ല. കുളി നിർബന്ധമായവന്റെ ശുചീകരണം ശരിയാവാതെ വരുമ്പോൾ വലിയ അശുദ്ധി നിലനിൽക്കുന്നു. അതിനാല് പള്ളിയിൽ പ്രവേശിക്കൽ നിഷിദ്ധമാകുന്നു. പള്ളിയിൽ ചെലവഴിച്ച അത്രയും സമയം നിഷിദ്ധം ചെയ്ത കുറ്റം ലഭിക്കുന്നു. ജുമഅയോ ജമാഅത്തോ നിസ്കാരം പോലുമോ ലഭിക്കുന്നില്ല.
വിവാഹിതയായ സ്ത്രീക്ക് ഭർത്താവിന്റെ സമ്മതത്തോടുകൂടി കറുപ്പിക്കാവുന്നതാണ്. അവൾ അഴകും സൗന്ദര്യവും ഭർത്താവിന്റെ മുമ്പിൽ പ്രകടമാക്കൽ അവന്റെ ആവശ്യമാണല്ലോ. ഇമാം ശിഹാബുദ്ധീൻ റംലി (റ) വും ഈ കാര്യം പ്രസ്താവിച്ചിട്ടുണ്ട്...
(ശർവാനി: 9/375, ഇആനത്ത്: 2/331)
വെള്ളം ചേരുന്നതിനെ തടയുന്ന രീതിയിലുള്ളതുകൊണ്ടാണവൾ മുടി കറുപ്പിച്ചതെങ്കിൽ ശുചീകരണ വേളയിൽ അത് നീക്കം ചെയ്യൽ നിർബന്ധമാണ്.
നരച്ച താടിരോമത്തിനും തലമുടിക്കും ചുകപ്പു വർണത്തിലുള്ള ചായം കൊടുക്കൽ സുന്നത്താണ്. നരച്ച താടിരോമത്തിന് പലരും മൈലാഞ്ചിയിടുന്നത് ഈ അടിസ്ഥാനത്തിലാണ്.
മൈലാഞ്ചിയിടൽ:
പുരുഷന്മാർ അലങ്കാരത്തിനുവേണ്ടി കൈകാലുകളിൽ മൈലാഞ്ചിയിടൽ നിഷിദ്ധമാണ്. എന്നാൽ രോഗം പോലുള്ള അനിവാര്യ കാര്യങ്ങൾക്കുവേണ്ടി അനുവദനീയമാകും. സ്ത്രീ ഭർതൃമതിയെങ്കിൽ കൈകാലുകളിൽ മൈലാഞ്ചി അണിയൽ സുന്നത്തും ഭർതൃമതി അല്ലെങ്കിൽ കറാഹത്തുമാണ്. ഭർത്തൃമതിയായ സ്ത്രീക്കുതന്നെ മൈലാഞ്ചി കൊണ്ടുള്ള ചിത്രപ്പണിയും വിരൽതലപ്പുകളിൽ മാത്രം കറുപ്പു വർണം ചേർത്ത അലങ്കാരപ്പണിയും ഭർത്താവിന്റെ സമ്മതം ഉണ്ടെങ്കിലും സുന്നത്തില്ല. മാത്രമല്ല കറാഹത്തുമാണ്. ഭർത്താവിന്റെ സമ്മതമോ ഇഷ്ടമോ ഇല്ലാതെ ഭർതൃമതി ഇപ്രകാരം അലങ്കരിക്കൽ നിഷിദ്ധമാണ്. ഭർത്താവിന്റെ മരണംമൂലം ഇദ്ധ ഇരിക്കുന്നവർ മൈലാഞ്ചി അണിയൽ ഹറാമാകുന്നു. പ്രായം തികയാത്ത ആൺകുട്ടികൾ മൈലാഞ്ചി ഇടുന്നത് തടയൽ രക്ഷിതാവിന് നിർബന്ധമില്ല...
(തുഹ്ഫ,ശർവാനി: 2/218, 4/59, 9/375)
താടി വടിക്കൽ:
പുരുഷൻ താടി രോമം വടിക്കൽ ഹറാമാണ് എന്ന് ഫത്ഹുൽ മുഈനിൽ വ്യക്തമാക്കിയിട്ടുണ്ട്. കറാഹത്താണെന്നാണ് പണ്ഡിതന്മാരിൽ ചിലരുടെ പക്ഷം. തലമുടി താടിരോമം എന്നിവയിൽനിന്നും നരച്ചമുടി പറിക്കലും കറാഹത്താണ്. സ്ത്രീക്ക് താടിരോമം മുളച്ചാൽ അത് നീക്കം ചെയ്യാം. ചുണ്ടിന്റെ തെല്ല് വെളിവാക്കും വിധം മീശ വെട്ടൽ സുന്നത്താണ്. മീശ വടിക്കാതിരിക്കലാണ് സുന്നത്ത്.
പുരികം കത്രിക്കൽ:
സൗന്ദര്യവർദ്ധനവിന് വേണ്ടി വെട്ടിയോ വടിച്ചോ പൂർണ്ണമായോ ഭാഗികമായോ പുരികം നീക്കുന്നത് നിഷിദ്ധമാണ്. പുരികം നീക്കുന്നവരെയും നീക്കികൊടുക്കുന്നവരെയും അല്ലാഹു ﷻ ശപിച്ചിരിക്കുന്നു എന്ന് പ്രവാചകൻ ﷺ പറഞ്ഞിട്ടുണ്ട്...
(മുസ്ലിം: 2/205)
എന്നാൽ വിവാഹിതയായ സ്ത്രീക്ക് ഭർത്താവിന്റെ അനുവാദത്തോടുകൂടി സൗന്ദര്യവർദ്ധനവിന് വേണ്ടി പുരികങ്ങൾ വെട്ടി അലങ്കാരം നടത്താവുന്നതാണ്...
(ശർവാനി: 2/128).
മുഖവിശാലതക്കും സൗന്ദര്യത്തിനുംവേണ്ടി കഴനെറ്റിയുടെ അടുത്തുള്ള മൃദുലമായ രോമങ്ങൾ നീക്കുന്ന പതിവ് ചില സ്ത്രീകൾക്കുണ്ട്. അറബ് നാടുകളിലാണത്രേ ഇത് കൂടുതലായി കാണപ്പെടുന്നത്. ഭർതൃമതിക്കു മാത്രമേ ഇതും അനുവദനീയമാവൂ. അതുതന്നെ അയാളുടെ സമ്മതത്തോടെ മാത്രം...
(ശർവാനി: 2/128).
വെപ്പുമുടി അണിയൽ:
നജസായ മുടിയോ, മനുഷ്യരുടെ മുടിയോ തന്റെ മുടിയോട് കൂട്ടിച്ചേർത്തു വെക്കൽ സ്ത്രീപുരുഷഭേദമന്യേ ഹറാമാണ്. സ്വന്തം തലയിൽ നിന്ന് വേർപെട്ട മുടി തന്നെയായ
ാലും അത് കുഴിച്ചുമൂടാനാണ് കൽപ്പന. മനുഷ്യ മുടി വിൽപന നടത്തൽ അനുവദനീയമല്ല. മനുഷ്യരുടെതല്ലാത്ത ശുദ്ധമായമുടി അല്ലെങ്കിൽ മുടിയോട് തുല്യമായ കൃതിമമായ മുടി ഭർത്താവിന്റെ അനുമതിയോടെ ഭാര്യക്ക് തന്റെ തലമുടിയോട് കൂട്ടിച്ചേർത്ത് വെക്കാവുന്നതാണ്...
(ശർവാനി: 2/128, ഇആനത്ത്: 2/33)
കഷണ്ടിത്തലയുള്ളവൻ വെപ്പു മുടി വെച്ച് അലങ്കാരം നടത്തുന്ന സമ്പ്രദായം ഇന്ന് വ്യാപകമായിട്ടുണ്ട്. മനുഷ്യരുടെ മുടിയോ നജസായ മുടിയോ ആണ് വെപ്പുമുടി എങ്കിൽ അത് നിഷിദ്ധമാണ്. മനുഷ്യരുടെതല്ലാത്ത ശുദ്ധമായ മുടിയോ മറ്റു ശുദ്ധമായ കൃത്രിമ മുടിയോ വെക്കുന്നവർ തലയുടെ തൊലിയിലേക്ക് വെള്ളം ചേരുമോ ഇല്ലയോ എന്ന കാര്യം ശ്രദ്ധിക്കണം...
രണ്ട് രൂപത്തിൽ വെപ്പുമുടി പിടിപ്പിക്കലുണ്ടെന്നാണ് പറയപ്പെടുന്നത്. ഇഷ്ടാനുസരണം തലയിൽ നിന്ന് എടുത്തുമാറ്റാൻ പറ്റുന്ന വിധവും പറ്റാത്ത വിധവും. എടുത്തു മാറ്റാൻ സാധിക്കുന്നതാണെങ്കിൽ കുളിക്കുമ്പോൾ എടുത്തുമാറ്റുന്ന പക്ഷം വെള്ളം ചേരാത്ത പ്രശ്നം ഉദിക്കുന്നില്ല. എന്നാൽ എടുത്തു മാറ്റാൻ കഴിയാത്തവിധം പിടിപ്പിക്കുന്നത് തലയുടെ രോമ കുത്തിൽ ഉറപ്പിച്ചുകൊണ്ടാണത്രെ ചെയ്യുന്നത്. ഇങ്ങനെയുള്ള മുടിവെപ്പിൽ ഓരോ രോമകുത്തിലേക്കും വെള്ളം ചേർന്നിട്ടില്ലെങ്കിൽ കുളി സാധുവല്ല. അതുമൂലം മുകളിൽ വിവരിച്ച അപകടങ്ങളെല്ലാം ഇവിടെയും സംഭവിക്കുന്നു. അതുകൊണ്ട് വെപ്പുമുടി ശരീരത്തിലെ ഒരു ഭാഗമായി ഒരിക്കലും പരിഗണിക്കപ്പെടില്ല.
പല്ല്, നഖം എന്നിവയിലെ അലങ്കാരങ്ങൾ:
ചന്തമുണ്ടാക്കാൻവേണ്ടി പല്ലുകൾ രാകി മൂർച്ച കൂട്ടുന്നതും പല്ലുകൾക്കിടയിൽ അകൽച്ച ഉണ്ടാക്കുന്നതും ഭർതൃമതി അല്ലാത്ത സ്ത്രീകൾക്ക് ഹറാമാണ്. ഭർതൃമതിക്ക് ഭർത്താവിന്റെ സമ്മതമുണ്ടെങ്കിൽ ഹറാമല്ല...
(ശർഹു ബാഫൾല്)
പല്ലിന്റെ ന്യൂനത തീർക്കാൻ വേണ്ടി കമ്പിയിട്ട് കെട്ടൽ, ഇളകിയ പല്ല് സ്വർണ്ണനൂൽ കൊണ്ടോ മറ്റു വല്ലതും കൊണ്ടോ കെട്ടൽ, സ്വർണ്ണ പല്ലുകൾ ഉപയോഗിക്കാൻ എന്നിവ എല്ലാവർക്കും അനുവദനീയമാണ്...
(തുഹ്ഫ: 3/275)
നഖങ്ങളിൽ ചില സ്ത്രീകൾ ക്യൂട്ടെക്സ് ഉപയോഗിക്കാറുണ്ട്. കട്ടിയുള്ള പോളിഷ് നടത്തുകയാണ് ചെയ്യുന്നത്. അതുകാരണം വുളൂഉം കുളിയും സാധുവാകുകയില്ല.
ടൈറ്റ് ഫിറ്റും ആഭരണങ്ങളും:
ഇടുങ്ങിയ വസ്ത്രം ധരിക്കൽ സ്ത്രീകൾക്ക് കറാഹത്താണ്...
(ഇആനത്ത്: 1/108)
സ്വർണ്ണം വെള്ളി പോലോത്ത ആഭരണങ്ങൾ ഉപയോഗിക്കൽ പുരുഷന് നിഷിദ്ധമാണ്. എന്നാൽ വെള്ളിയുടെ ഒരു മോതിരമണിയൽ പുരുഷന് അനുവദനീയം മാത്രമല്ല സുന്നത്തും കൂടിയാണ്. ആൺകുട്ടികൾക്ക് പ്രായം തികയുന്നതുവരെ ഏതുതരം ആഭരണങ്ങളും ധരിക്കാവുന്നതാണ്...
(തുഹ്ഫ: 3/379)
സാധാരണഗതിയിൽ അമിതമാവാത്ത എല്ലാവിധ ആഭരണങ്ങളും മൈലാഞ്ചിയും അഴകിന് വേണ്ടി സ്ത്രീകൾക്ക് സകാത്തില്ലാതെ ധരിക്കാം...
(തുഹ്ഫ: 3/272)
എം.എ ജലീൽ സഖാഫി പുല്ലാര