Wednesday - 22 April, 2026 4-Dhu al-Qadah-1447

പേരിടലിലും ഒരുപാട് കാര്യങ്ങളുണ്ട്

 മദ്‌റസയില്‍നിന്ന് പാസ്സായി കോളേജില്‍ അഡ്മിഷന്‍ ലഭിച്ച കുട്ടിയുടെ പേര് രജിസ്റ്ററില്‍ ചേര്‍ക്കുന്ന സമയത്താണ് അധ്യാപകന്‍ ശ്രദ്ധിച്ചത്, മുഫ്‌സിദ് (പ്രശ്‌നക്കാരന്‍) എന്നായിരുന്നു ആ കുട്ടിയുടെ പേര്. മുഫ്‌സിദ് എന്നതിനു പകരം മുര്‍ശിദ് (നേര്‍മാര്‍ഗ്ഗി) എന്നാക്കി രജിസ്റ്ററില്‍ പേരു ചേര്‍ക്കാന്‍ രക്ഷിതാവിനോട് ആവശ്യപ്പെടുകയുണ്ടായി. ഇങ്ങനെ പല സംഭവങ്ങള്‍ക്കും സാക്ഷികളായവരുണ്ടാവും...


എന്തിനീ നാമകരണം..?


   മനുഷ്യകുലത്തില്‍ ജനിച്ചു വീഴുന്ന മുഴുവനാളുകള്‍ക്കും ആണ്‍, പെണ്‍ വ്യത്യാസമന്യേ മത, ദേശ, ഭാഷ വ്യത്യാസമില്ലാതെ പേരു വിളിക്കാറുണ്ട്. സത്യത്തില്‍ എന്തിനാണീ നാമകരണമെന്നതു നാം ചിന്തിക്കാറുണ്ടോ? ഒരു വ്യക്തിയുടെ പേര് അദ്ദേഹത്തിന്റെ മതം, സംസ്‌കാരം, തറവാട്, സ്വഭാവം എന്നീ പല മേഖലകളെയും സ്വാധീനിക്കുന്നുണ്ട്. പേര് കേള്‍ക്കുമ്പോള്‍തന്നെ അവന്റെ മുഴുവന്‍ കാര്യങ്ങളും നമുക്കൂഹിക്കാവുന്നതാണ്. അതു കൊണ്ടാണ് മക്കള്‍ക്ക് മഹത്തുക്കളുടെ നാമങ്ങള്‍ നല്‍കണമെന്ന് ഇസ്‌ലാം നിര്‍ദ്ദേശിച്ചത്...


 തന്റെ മകന്‍, പിതാവായ എന്നോട് മര്യാദയോടെ പെരുമാറുന്നില്ലെന്നു പരാതി പറഞ്ഞ പിതാവിന്റെ മുന്നില്‍ വെച്ച് ആ മകനെ ഉപദേശിച്ച ഉമർ(റ)വിനോട്  മകന്‍ ചോദിച്ചു: പിതാവിന് മക്കളോട് വല്ല ബാധ്യതകളുമുണ്ടോ..? നല്ല ഉമ്മയെ കണ്ടെത്തലും നല്ല പേര് വെക്കലുമൊക്കെ ഒരു പിതാവ് മക്കളോട് ചെയ്യേണ്ട പ്രഥമ കടമകളാണെന്ന് ഉമര്‍ (റ) പ്രതികരിച്ചു. അന്നേരം ആ മകന്‍ പിതാവിന്റെ മുന്നില്‍ വച്ച് പറഞ്ഞു: എന്നാല്‍, പിതാവെന്ന നിലക്ക് ചെയ്യാനുള്ള ആദ്യകടമകള്‍ പോലും ഇദ്ദേഹം നിര്‍വഹിച്ചിട്ടില്ല. കാഷ്ടവണ്ട് എന്നര്‍ത്ഥം വരുന്ന നാമമാണ് അദ്ദേഹം എനിക്ക് നല്‍കിയിട്ടുള്ളത്. ഇതു കേട്ട ഖലീഫ അദ്ദേഹത്തെ ശാസിച്ചു വിടുകയായിരുന്നുവെന്ന് ഹദീസില്‍ കാണാം...


പിതാവ് മക്കളോട് ചെയ്യേണ്ട മൂന്ന് ബാധ്യതകളുണ്ട്...


ഒന്ന്: നല്ല പേരിട്ടുകൊടുക്കുക, 

രണ്ട്: നല്ല മതബോധമുള്ള സ്ത്രീയെക്കൊണ്ട് മുലയൂട്ടുക, 

മൂന്ന്: ഇസ്‌ലാമിക ചിട്ടയോടെ അവനെ വളര്‍ത്തിയെടുക്കുക...

  (ബൈഹഖി)


   തന്റെപക്കല്‍ വന്ന് മുസ്‌ലിമാകുന്നവരുടെ നാമങ്ങള്‍ മോശമായിരുന്നെങ്കില്‍ അതു മുഴുവന്‍ മാറ്റി ഇസ്‌ലാമിക നാമങ്ങള്‍ നല്‍കാന്‍ നബി ﷺ തങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു. ചരിത്രത്തില്‍, നിരവധി ഉദാഹരണങ്ങള്‍ കാണാം. നിന്റെ നാമത്തില്‍ നിന്ന് നിന്റെ പിതാവിനെ എനിക്കു മനസ്സിലാക്കുവാന്‍ സാധിക്കുമെന്ന അര്‍ത്ഥം സൂചിപ്പിക്കുന്ന വിഖ്യാതമായ ഒരു അറബിവാക്യം തന്നെയുണ്ട്.


 മക്കള്‍ക്ക് മഹത്തുക്കളുടെ നാമം നല്‍കിയാല്‍ ആ നാമം ഉച്ചരിക്കുന്നതിലൂടെ  ആ പുണ്യാത്മാക്കളുടെ പുണ്യസ്മരണകള്‍ നിലനിര്‍ത്തുവാനുതകുന്നു. എന്നാല്‍ സിനിമാതാരങ്ങളുടെയും കളിഭ്രാന്തന്‍മാരുടേയും മറ്റു തെമ്മാടികളുടെയും പേരുകളിടുന്നതിലൂടെ അവരുടെ സ്മരണകളാണു നാം ജീവിപ്പിക്കുന്നത്. ഇത് എത്രമാത്രം അനിസ്‌ലാമികമാണെന്നു നാം ചിന്തിക്കുക...


 നമ്മുടെയിടയില്‍ ജീവിക്കുന്ന പല മുസ്‌ലിം കുട്ടികളുടെയും പേരുകള്‍ ശ്രദ്ധിച്ചാല്‍ പല രക്ഷിതാക്കളുടെയും മതബോധം അളക്കുവാന്‍ സാധിക്കും. ആ പേരുകളുടെ അര്‍ത്ഥമാലോചിച്ചാല്‍ അതിലേറെ രസകരവുമായിരിക്കും. ഇതിലൊക്കെ ഗൗരവും നമുക്ക് നഷ്ടമാവുന്നു. വേശ്യ, മൂലക്കുരു എന്നൊക്കെ അര്‍ത്ഥങ്ങള്‍ സൂചിപ്പിക്കുന്ന നാമങ്ങള്‍ പോലും ഇന്ന് സാര്‍വത്രികമാണല്ലോ. രണ്ടോ മൂന്നോ അക്ഷരങ്ങള്‍ കൂട്ടിയിണക്കി എന്തോ ഒരു നാമം ഉച്ചരിക്കപ്പെടണമെന്നതിലുപരി, തന്റെ മക്കളുടെ പേര് ഇസ്‌ലാമികമാക്കണമെന്നത് രക്ഷിതാവെന്ന നിലയില്‍ തന്റെ നിര്‍ബന്ധ ബാധ്യതയാണെന്നു പോലും നമ്മില്‍ പലരും മനസ്സിലാക്കുന്നില്ല.


  പേരിലെന്തിരിക്കുന്നു എന്ന റെഡിമെയ്ഡ് ഉഴപ്പന്‍ ചോദ്യവും അവന്‍ തട്ടിവിട്ടേക്കും. സത്യത്തില്‍, പേരില്‍ പലതുമിരിക്കുന്നുണ്ടെന്ന നഗ്നയാഥാര്‍ത്ഥ്യം നാം വിസ്മരിച്ചുകൂടാ...


 കുട്ടി ജനിച്ചു കഴിഞ്ഞാല്‍ രക്ഷിതാവ് നിര്‍വഹിക്കേണ്ട പ്രാഥമിക നിര്‍ബന്ധ ബാധ്യതയിലൊന്നാണ് തന്റെ കുഞ്ഞിന്  ഇസ്‌ലാമിക നാമം നല്‍കുകയെന്നത്. കുട്ടി ജനിച്ച് ഏഴാം ദിവസം അഖീഖത്ത് അറുക്കുന്നതിനു മുമ്പ് പേരിടലും ആ പേര് ഇസ്‌ലാമികമാക്കലും പ്രത്യേകം സുന്നത്താണ്...

  (തുഹ്ഫ,  കിതാബുല്‍ അഖീഖ-ഫത്ഹുല്‍ മുഈന്‍)


 നാളെ മഹ്ശറയില്‍ നിങ്ങള്‍ നിങ്ങളുടെയും നിങ്ങളുടെ പിതാക്കളുടെയും പേരു കൊണ്ട് വിളിക്കപ്പെടും. അതു കൊണ്ട് നിങ്ങള്‍ നല്ല പേരുകള്‍ സ്വീകരിക്കണമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. ജനിച്ച ദിവസമോ അല്ലെങ്കില്‍ ഏഴിനോ പേരിടലാണ് സുന്നത്തെന്ന് ഹദീസുകളുദ്ധരിച്ച് ഇമാം നവവി (റ) അദ്കാറില്‍ പറയുന്നു. അഖീഖത്ത് അറുക്കാനുദ്ദേശിക്കാത്തവര്‍ക്ക് ജനിച്ച ദിവസവും അറുക്കുന്നവര്‍ക്ക് ഏഴിനുമാണ് പേരിടല്‍ സുന്നത്തെന്ന് ഈ രണ്ട് ഹദീസുകള്‍ ജംഅ് ചെയ്ത് ഇമാം ബുഖാരി (റ) പറഞ്ഞതായി ബാജൂരി ഇമാം (റ) ഉദ്ധരിക്കുന്നുണ്ട്...

  (ഇആനത്ത്) 


 പേരിടുമ്പോള്‍ നല്ല പേര് വിളിക്കണമെന്ന് ഫുഖഹാക്കള്‍ പ്രത്യേകം നിര്‍ദേശിക്കുന്നത് ഗ്രന്ഥങ്ങളില്‍ കാണാം. കുട്ടിയുടെ സംരക്ഷണമേറ്റെടുക്കേണ്ട പിതാവ്, പിതാവില്ലെങ്കില്‍ പ്രപിതാവ് എന്നിവര്‍ക്കാണ് ഈ ബാധ്യതയുള്ളത്...

  (അലിയ്യുശ്ശിബ്‌റാമുല്ലസി)


 അഖീഖത്ത് അറുക്കുന്നതിനു മുമ്പാണ് പേരിടേണ്ടത്...

  (ഇആനത്ത്)


 പേരിട്ടു കഴിഞ്ഞ് ആ കുട്ടിക്ക് വേണ്ടിയാണ് മൃഗത്തെ അറുക്കുന്നത്. ആദ്യം പേരിടുകയും പിന്നെ അഖീഖ അറുക്കുകയും ശേഷം മുടികളയുകയുമാണ് വേണ്ടതെന്ന് കര്‍മശാസ്ത്രം വിശദീകരിക്കുന്നു.  കുട്ടിയുടെ തലയിലും മൃഗത്തിന്റെ കഴുത്തിലും ഒരേ സമയത്ത് കത്തിവയ്ക്കണമെന്ന ചില മൂഢധാരണകള്‍ നമ്മുടെ നാടുകളില്‍ പ്രചരിക്കുന്നത് തീരെ മതകീയമല്ല...


 പേരിടുമ്പോള്‍ നല്ല നാമങ്ങളായിരിക്കണമെന്നു നാം സൂചിപ്പിച്ചുവല്ലോ... ഇന്നു പലയാളുകളും ചെയ്യുന്നത് രണ്ടോ മൂന്നോ അക്ഷരങ്ങള്‍ കൂട്ടി എന്തെങ്കിലും പേരുണ്ടാക്കി അതിന് അര്‍ത്ഥം കണ്ടെത്താന്‍ പള്ളിയിലെ ഉസ്താദിനെ ഏല്‍പ്പിക്കുകയാണ്. അര്‍ത്ഥമില്ലെന്ന് ഉസ്താദ് പറഞ്ഞാല്‍ അദ്ദേഹം വിവരമില്ലാത്തവനെന്നു വിലയിരുത്തപ്പെടുകയും ചിലപ്പോള്‍ പുറത്താക്കലിലേക്കു വരെ കാര്യം ചെന്നെത്തുകയും ചെയ്യും. ഈ വിഷയത്തില്‍ മഹല്ല് നിവാസികളെ ഉത്‌ബോധിപ്പിക്കേണ്ട കാലം അതിക്രമിച്ചിട്ടുണ്ടെന്ന്   മനസ്സിലാക്കുന്നത് നന്നാകും. ഇനിയും ഈ വങ്കത്തം തുടരുകയാണെങ്കില്‍ തുടക്കത്തില്‍ ഉന്നയിച്ച അമളികള്‍ നമ്മുടെ ഓരോ കുടുംബത്തിലെയും നിത്യസംഭവമാകുമെന്നതില്‍ സന്ദേഹമില്ല...


 അബ്ദുല്ലാഹ്, അബ്ദുര്‍റഹ്മാന്‍ എന്നീ രണ്ടു നാമങ്ങളാണ് ഏറ്റവും പുണ്യമായ നാമങ്ങള്‍. മുസ്‌ലിം (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം: അല്ലാഹുﷻവിന് ഏറ്റവും പ്രിയമുള്ള നാമങ്ങള്‍ അബ്ദുല്ലാഹ്, അബ്ദുര്‍റഹ്മാന്‍ എന്നിവയാണ്. ഇതുപോലെ അല്ലാഹുﷻവിന്റെ നാമങ്ങളിലേക്ക് ഉബൂദിയ്യത്തിനെ (അടിമത്വം) ചേര്‍ത്തുള്ള നാമങ്ങള്‍- (അബ്ദുര്‍റസാഖ്, അബ്ദുല്‍ഖാലിഖ് പോലെ) മുഴുവന്‍ പുണ്യമാണ്...

  (ഇആനത്ത്)


 മലക്കുകളുടെയും പ്രവാചകരുടെയും നാമങ്ങള്‍ മക്കള്‍ക്കിട്ടുകൊടുക്കുന്നതിനു യാതൊരു പ്രശ്‌നവുമില്ല. മാത്രവുമല്ല, മുഹമ്മദ് എന്ന നാമകരണത്തിന്റെ മഹത്വം വിശദീകരിച്ചു ഒരുപാട് ഹദീസുകള്‍ നമുക്ക് കാണാവുന്നതാണ്...


മുഹമ്മദീയ നാമങ്ങളുടെ ശ്രേഷ്ഠതകള്‍


   നമ്മുടെ മക്കള്‍ക്ക് തിരുമേനിﷺയുടെ നാമങ്ങള്‍ ഇട്ടുകൊടുക്കുന്നതില്‍ കൂടുതല്‍ മഹത്വങ്ങളുള്ളതായി ഹദീസുകളില്‍നിന്ന് ഗ്രഹിക്കാവുന്നതാണ്. നാലു മക്കളുണ്ടായിട്ട് അതില്‍ ഒരാള്‍ക്കുപോലും മുഹമ്മദെന്ന നാമം വച്ചില്ലെങ്കില്‍ അവന്റെ ഹൃദയത്തില്‍ മുഹമ്മദ്‌നബിﷺയോടുള്ള പ്രേമം കുടികൊള്ളുകയില്ലെന്ന് ഹിശാമുബ്‌നു യഹ്‌യല്‍മിഖ്ദാം തന്റെ പിതാവ് വഴി നബിﷺയില്‍നിന്നുദ്ധരിക്കുന്ന ഹദീസില്‍ പറയുന്നുണ്ട്. അബൂസഈദില്‍ഖുദ്‌രി (റ) പറയുന്നു: അഹ്മദ്, മുഹമ്മദ്, അബ്ദുല്ലാഹ് എന്നീ മൂന്ന് നാമങ്ങളുള്ള ഒരു വീട്ടില്‍  ദാരിദ്ര്യം ഉണ്ടാവുകയില്ല.  


 ഇബ്‌നു മസ്ഊദ് (റ) പറയുന്നു: ആരെങ്കിലും എന്നോടുള്ള മുഹബ്ബത്ത് കാരണം തന്റെ മകന് എന്റെ നാമം വച്ചാല്‍ അവനും അവന്റെ മകനും എന്റെകൂടെ സ്വര്‍ഗത്തിലായിരിക്കും.


 മുഹമ്മദ് എന്ന നാമമുള്ള ആളുകള്‍ നാളെ മഹ്ശറയില്‍ വിചാരണകൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കുന്നവരിലുണ്ടാകുമെന്നും ഹദീസില്‍ കാണാം. ഇത്രയേറെ മഹത്വമുള്ള ഈ സല്‍പേരുകളൊഴിവാക്കിയാണ് പരിഷ്‌കാരത്തിന്റെ പേരില്‍ ചിലര്‍ അപരിഷ്‌കൃതനാമങ്ങളുടെ പിന്നാലെ ചലിക്കുന്നത്...


 അബ്ദുല്ലാഹ്, അബ്ദുര്‍റഹ്മാന്‍ എന്നീ നാമങ്ങള്‍ക്കു ശേഷം അല്ലാഹുﷻവിലേക്ക് ചേര്‍ക്കപ്പെടുന്ന മറ്റു നാമങ്ങളും ശേഷം അമ്പിയാക്കളുടെ നാമങ്ങളുമാണ് മഹത്തരമായത്. പിന്നീട് സ്വഹാബികള്‍, താബിഉകള്‍, ഔലിയാക്കള്‍ തുടങ്ങിയ പുണ്യാത്മാക്കളുടെ നാമങ്ങളാണ് മുന്തിക്കപ്പെടേണ്ടത്. മുന്‍ഗാമികള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധചെലുത്താറുണ്ടായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. സുബൈറ്ബ്‌നുല്‍അവ്വാം (റ) തന്റെ ഒമ്പതു മക്കള്‍ക്കും ബദ്‌രീങ്ങളുടെ നാമങ്ങളാണ് നല്‍കിയിരുന്നതെന്ന് ചരിത്രത്തില്‍ വന്നിട്ടുണ്ട്. 


നിഷിദ്ധമായ നാമങ്ങള്‍


   ചില നാമങ്ങള്‍ സ്വീകരിക്കുന്നത് തന്നെ ഇസ്‌ലാം വിരോധിച്ചിട്ടുണ്ട്. അല്ലാഹുﷻവല്ലാത്ത വസ്തുക്കളിലേക്ക് ഉബൂദിയ്യത്തിനെ ചേര്‍ത്തിയുള്ള നാമങ്ങള്‍ വയ്ക്കാന്‍ പാടില്ലെന്നു മതം പഠിപ്പിക്കുന്നു. അബ്ദുശ്ശംസ്, അബ്ദുര്‍റസൂല്‍, അബ്ദുല്‍അമീര്‍, അബ്ദുഅലി എന്നിവ ചില ഉദാഹരണങ്ങള്‍. അബ്ദുല്‍ ഉസ്സ, അബ്ദുല്‍കഅ്ബ, അബ്ദുല്‍ഹാരിസ് എന്നീ നാമങ്ങള്‍ നബി ﷺ മാറ്റിയതായി ചരിത്രം വ്യക്തമാക്കുന്നു...


 ഖാലിഖ്, ബാരിഅ്, തുടങ്ങിയ ദൈവികനാമങ്ങള്‍ മാത്രം നല്‍കലും നിഷിദ്ധമാണ്. കാഫിറുകള്‍ മാത്രം സ്വീകരിച്ചു പോരുന്ന അനറബി നാമങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് ഇസ്‌ലാം നിഷ്‌കര്‍ശിക്കുന്നു. ലാത, ഉസ്സ, മനാത തുടങ്ങി ആരാധ്യ വസ്തുക്കളായി കണക്കാക്കപ്പെട്ടിരുന്ന വസ്തുക്കളുടെ നാമങ്ങള്‍ ഇടുന്നതും നിഷിദ്ധമാക്കപ്പെട്ടിട്ടുണ്ട്. മോശം അര്‍ത്ഥങ്ങള്‍ സൂചിപ്പിക്കുന്ന പേരുകള്‍ കറാഹത്താണെന്ന് തുഹ്ഫയില്‍ പ്രത്യേകം വ്യക്തമാക്കുന്നു. രാജാധിരാജന്‍ എന്നര്‍ത്ഥത്തിലുള്ള മലികുല്‍ മുലൂക്, ശാഹിന്‍ശാഹ് എന്നീ പേരുകള്‍ വയ്ക്കല്‍ ഹറാമാണ്...

  (ശര്‍വാനി)


 നാം മുസ്‌ലിംകള്‍ മറ്റുള്ളവരുടെ സംസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി, അവര്‍ മക്കള്‍ക്ക് നല്‍കുന്ന നാമങ്ങള്‍ നമ്മുടെ മക്കള്‍ക്കും നല്‍കുന്നു. നേരെമറിച്ച് ഇസ്‌ലാമേതര മതസ്ഥരാരും നമ്മുടെ നാമങ്ങള്‍ മോഡേണിസത്തിന്റെ ഭാഗമായി അവരുടെ മക്കള്‍ക്ക് നല്‍കുന്നില്ല. ഇവിടെ ഇസ്‌ലാമെന്ന സാര്‍വകാലിക സാര്‍വജനീനമായ സുന്ദരമതത്തിന്റെ പ്രസക്തിയെ നാംതന്നെ അംഗീകരിക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യം നാം മറന്നു പോകരുത്. ഇസ്‌ലാമിന്റെ അന്തസ്സത്ത നിലനിര്‍ത്തേണ്ടത് ഓരോ മുസ്‌ലിമിന്റെയും നിര്‍ബന്ധബാധ്യതയാണ്. ചുരുക്കത്തില്‍, പേരില്‍ പലതുമിരിക്കുന്നുണ്ടെന്നര്‍ത്ഥം. നമ്മുടെ മക്കളിലൂടെ സ്വാലിഹീങ്ങളുടെ പുണ്യസ്മരണകള്‍ അയവിറക്കപ്പെടാന്‍ നാം കാരണക്കാരനായാല്‍ അതിന്റെ പുണ്യം നമുക്ക് പാരത്രികലോകത്ത് ലഭിക്കുമെന്നതില്‍ പക്ഷാന്തരമില്ല...


 ഇന്ന് നമുക്കിടയില്‍ പ്രചുരപ്രചാരം നേടിയ ആചാരമാണ് എല്ലാവരേയും ഇരട്ടപ്പേര് (ടൈറ്റ്) വിളിക്കുകയെന്നത്. വളരെ മോശമായ അര്‍ത്ഥങ്ങളും ദുസ്സൂചനകളുമുള്ളതായിരിക്കും ഇവയിലധികവും. മാതാപിതാക്കള്‍ ഇട്ടുകൊടുത്ത സുന്ദരനാമങ്ങള്‍ ഒഴിവാക്കിയാണ് ഈ തെമ്മാടിത്തരത്തിന് നാം മുതിരുന്നത്. വിശുദ്ധഖുര്‍ആന്‍ നിഷിതമായി വിമര്‍ശിച്ച കാര്യമാണിത്. ഹാസ്യനാമങ്ങളിലൂടെ ചിലരെ പരിഹാസ്യപാത്രങ്ങളാക്കുകയെന്നത് ആധുനികതയുടെ നവീകരിച്ച ട്രന്റാണ്...


 അല്ലാഹു ﷻ പറയുന്നു:

  സത്യവിശ്വാസികളേ, ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരേക്കാള്‍ നല്ലവരാണെന്നു വന്നേക്കാം. ചില സ്ത്രീകള്‍ മറ്റു സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍ മറ്റുള്ളവരേക്കാള്‍ നല്ലവരാണെന്നു വന്നേക്കാം. നിങ്ങള്‍ തമ്മില്‍ കുത്തുവാക്ക് പറയരുത്. ചീത്തപേരുകള്‍ കൊണ്ട് നിങ്ങള്‍ തമ്മില്‍ വിളിക്കരുത്. ആ പേരുകള്‍ ഉപയോഗിക്കല്‍ വളരെ മോശം തന്നെ. സത്യവിശ്വാസത്തിനു ശേഷം ദുഷ്ടത കൈവരിക്കല്‍ ആക്ഷേപാര്‍ഹമാണ്. വല്ലവരും പശ്ചാതപിക്കുന്നില്ലെങ്കില്‍ അവര്‍ അക്രമികള്‍ തന്നെ..."

  (സൂറതുല്‍ ഹുജുറാത് 10)


 ഹാസ്യനാമങ്ങള്‍ ഉപയോഗിക്കുന്നതിനെയാണ് ഇവിടെ വിമര്‍ശിച്ചത്. ഉയര്‍ച്ചയെയോ സ്‌നേഹത്തെയോ സൂചിപ്പിക്കുന്ന നാമങ്ങള്‍ ഉപയോഗിക്കുന്നതിന് വിരോധമൊന്നുമില്ല. നബി ﷺ പറയുന്നു: സത്യവിശ്വാസി കുത്തിപ്പറയുന്നവനോ ശപിക്കുന്നവനോ ദുഷ്ടനോ അസഭ്യം പറയുന്നവനോ ആയിരിക്കുകയില്ല.

  (തിര്‍മുദി, ബൈഹഖി)


 എന്നാല്‍, നല്ല മഹത്തുക്കളുടെ പേരും സ്വീകരിച്ച് സര്‍വ തെമ്മാടിത്തരങ്ങളുടെയും അംബാസഡറായി കറങ്ങിത്തിരിഞ്ഞ് നടക്കുകയാണെങ്കില്‍ അതു കൊണ്ട് പ്രത്യേക നേട്ടമില്ലെന്ന് നമുക്ക് സുവ്യക്തമാണല്ലോ...

ദിനേന നാം വായിക്കുന്ന, കണ്ടും കേട്ടുമിരിക്കുന്ന പത്ര, ദൃശ്യ മാധ്യങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മിക്ക ക്രിമിനല്‍ കേസുകളിലെയും പ്രതികള്‍ മുഹമ്മദ്, അഹ്മദ് തുടങ്ങിയ സല്‍പേരുകളുള്ള വ്യക്തിത്വങ്ങളാണെന്നത് നമ്മുടെ കണ്ണു തുറപ്പിക്കേണ്ടവയാണ്...


 തീരേ മതബോധമില്ലാതെ ജീവിക്കുന്ന വ്യക്തിക്ക് ജമാലുദ്ദീന്‍ (ദീനിന്റെ ശോഭ) എന്നു നാമം വച്ചത്, ദിശയറിയാതെ വഴിതെറ്റിപ്പോകാന്‍ കൂടുതല്‍ സാധ്യതയുള്ള മരുപ്രദേശത്തിന് അറബി ഭാഷയില്‍ മഫാസത് (രക്ഷാകേന്ദ്രം) എന്ന പദം ഉപയോഗിക്കപ്പെടുന്നത് പോലെയാണ് എന്ന കാവ്യാര്‍ത്ഥം എത്രമാത്രം അര്‍ത്ഥവത്താണ്.