Wednesday - 22 April, 2026 4-Dhu al-Qadah-1447

കുട്ടികളിൽ പിതൃലാളനയുടെ സ്വാധീനം

കുഞ്ഞുങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടാൻ പിതാവിന്റെ സാമീപ്യം കാരണമാകുമെന്ന് പുതിയ കണ്ടെത്തൽ...


  കുഞ്ഞുങ്ങളെ ഓമനിക്കാനും താരാട്ടു പാടാനും ഉപ്പമാരും ഇനി മുതൽ സമയം കണ്ടെത്തണമെന്നർത്ഥം. കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തിന് മാത്രമല്ല; അവരിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും മാതാവിനേക്കാൾ പിതാവിനാണ് പങ്ക് വഹിക്കാനുള്ളതെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ...


 3,000ത്തിൽ പരം കുട്ടികളിലും അവരുടെ മാതാപിതാക്കളിലും വർഷങ്ങളോളം നടത്തിയ പഠന നിരീക്ഷണങ്ങളുടെ വെളിച്ചത്തിലാണ് ഇങ്ങനെയൊരു നിഗമനത്തിൽ ഗവേഷകർ എത്തിച്ചേർന്നിരിക്കുന്നത്. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് ഇങ്ങനെ ഒരു പരീക്ഷണത്തിന് മുൻകൈയ്യെടുത്തത്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ നിർണായക സ്വാധീനം ചെലുത്തിയവരെന്ന് അവർ കണ്ടെത്തിയ അച്ഛന്മാർ വീട്ടുജോലികളിലേർപ്പെടുന്നവരും, സ്കൂളിൽ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ട് വരികയും, കുടുംബ സമേതം സായാഹ്നസവാരി പതിവാക്കുകയും ചെയ്തവരുമായിരുന്നത്രെ. അവധി ദിവസങ്ങളിൽ കുട്ടികളോടൊത്ത് മൂന്ന് മണിക്കൂറിലേറെ സമയം ചെലവഴിക്കുന്നവരായിരുന്നു ഇവരെന്നും ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു... 


 പിതാവിന്റെ വീട്ടുജോലി കുഞ്ഞുങ്ങളിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് അവർ പ്രത്യേകം പരാമർശിക്കുന്നുണ്ട്. മാതാപിതാക്കൾ ഒരുമിച്ച് വീട്ടുജോലികൾ ചെയ്യുന്നത് കണ്ട് വളരുന്ന കുഞ്ഞുങ്ങൾ മറ്റുള്ളവരേക്കാൾ ബൗദ്ധിക നിലവാരം പുലർത്തുന്നുണ്ട്. മാതാപിതാക്കളുടെ ഈ സഹകരണം കാണുന്ന കുഞ്ഞുങ്ങളിൽ ചെറുപ്പത്തിൽ തന്നെ സഹകരമനോഭാവവും സഹായപരതയും മറ്റുള്ളവരേക്കാൾ കൂടുതലായി കാണപ്പെടുന്നുണ്ടത്രെ. സ്ത്രീകളെ വീട്ടുജോലികളിൽ സഹായിക്കാത്ത പുരുഷന്മാരെ കുറിച്ച് അവർ പരിതപിക്കുന്നുമുണ്ട്. വീട്ടുജോലികളെല്ലാം സ്ത്രീകൾക്ക് വിട്ടു കൊടുക്കുന്നതിലൂടെ ഇളം മനസ്സിൽ ലിംഗ വിവേചനമുണ്ടാക്കുകയാണ് നാം ചെയ്യുന്നത് എന്നിട്ട് സ്ത്രീ പുരുഷ സമത്വത്തെ പറ്റിപഠിപ്പിക്കുകയും ചെയ്യും ഗവേഷണത്തിന് നേതൃത്വം നൽകിയ സ്കോട്ട്കോൽ ട്രെയിന്റേതാണീ വാക്കുകൾ...


 പിതാവിന്റെ ഇത്തരം നടപടികൾ വീട്ടുജോലികളോട് കുഞ്ഞുങ്ങൾക്ക് വെറുപ്പുളവാക്കാനും ചിലതൊഴിലുകൾ മാന്യതക്ക് ചേർന്നതല്ലെന്ന മനോഭാവം വളർത്താനും കാരണമാകുമത്രെ. സ്ത്രീകളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കാനും അതുവഴി ആഹ്ലാദകരമായ ലൈംഗിക ജീവിതം ദീർഘകാലം തുടരാനും വീട്ടുജോലികൾ പങ്കുവെക്കുന്നതിലൂടെ കഴിയും. ഏറ്റവും വലിയ സ്നേഹ പ്രകടനമായി സ്ത്രീകൾ ഈ സഹായത്തെ കാണുന്നതായും ആകർഷകമായ പെരുമാറ്റത്തിന്റെ മാതൃകയാക്കി കുട്ടികൾ മാതാപിതാക്കളെ അംഗീകരിക്കുന്നതായും പഠനസംഘം വെളിപ്പെടുത്തുന്നു.


 അമേരിക്കൻ സമൂഹത്തിൽ കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയവരാണ് ഈ കണ്ടെത്തലിലേക്ക് എത്തിച്ചേർന്നത്. പകൽ മുഴുവൻ ജോലി ചെയ്ത് ക്ഷീണിച്ച പുരുഷന് വീട്ടുജോലികളിലേർപ്പെടുന്നതിലൂടെ മാനസികവും ശാരീരികവുമായ ഭാരം ലഘൂകരിക്കാൻ കഴിയുമെന്നും ഗവേഷകർ ഓർമ്മിപ്പിക്കുന്നു...


 വീട്ടുജോലികളിലേർപ്പെടുന്നതും കുട്ടികളെ ലാളിക്കുന്നതും സ്റ്റാറ്റസിന് നിരക്കാത്ത ഏർപ്പാടായിട്ടാണ് സമൂഹമിന്ന് കാണുന്നത്. സ്ത്രീകൾ പോലും ഈ മനഃസ്ഥിതി വെച്ചു പുലർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളെ ആയമാരെ ഏൽപിക്കുന്ന സമ്പ്രദായം വർദ്ധിച്ചു വരികയും ചെയ്യുന്നു. തന്നിമിത്തം മാതാപിതാക്കളുടെ വിരൽ തുമ്പിൽ തൂങ്ങി നടക്കുകയും അവരോടൊത്ത് കുസൃതികൾ കാണിക്കുകയും ചെയ്യേണ്ട ബാല്യം അവർക്ക് നഷ്ടമാവുന്നു. അനിവാര്യമായും ലഭിക്കേണ്ട ഇത്തരം അവസരങ്ങൾ നിഷേധിക്കുന്ന മാതാപിതാക്കൾ യഥാർത്ഥത്തിൽ അവരോട് കാട്ടുന്നത് ഏറ്റവും വലിയ  ക്രൂരതയാണെന്നോർക്കുക. കുഞ്ഞുങ്ങളുടെ ശോഭനമായ ഭാവിയാണ് അവരിതുമൂലം നശിപ്പിക്കുന്നത്. മാതാപിതാക്കൾ ഇക്കാര്യത്തിൽ ആവശ്യമായ ശ്രദ്ധപതിപ്പിക്കേണ്ടത് അനിവാര്യമാണ്...


 ഇളം പ്രായത്തിൽ അവർക്ക് ആവശ്യമായത് മാതാപിതാക്കളുടെ കളങ്കമറ്റ സ്നേഹമാണ്. അത് മാതാപിതാക്കളിൽ നിന്ന് പ്രകടമാകുമ്പോഴേ, അവർ നിർവൃതി കൊള്ളുകയുള്ളൂ. അവരുടെ ഇഷ്ടത്തിനൊത്ത് ദിവസവും അൽപസമയമെങ്കിലും ചെലവഴിക്കുമ്പോഴാണ് സ്നേഹം പ്രകടമാകുന്നത്. ആവശ്യമായ സ്നേഹം ലഭിച്ച കുഞ്ഞുങ്ങൾ ഭാവിയിൽ അത് തിരിച്ച് തരുമെന്നതിൽ സംശയമില്ല. വേണ്ടപ്പെട്ടവരുടെ സ്നേഹത്തിന് അമിതമായി കൊതിക്കുന്ന വാർദ്ധക്യകാലത്ത് അത് ആശ്വാസത്തിന് വകനൽകുന്നുവെന്നത് ഏറെ മനസ്സിരുത്തേണ്ടതാണ്. ആവശ്യമായ സ്നേഹവും പരിലാളനയും അനുഭവിക്കാൻ ഭാഗ്യം ലഭിക്കാത്ത കുഞ്ഞുങ്ങളിൽ നിന്നു സ്നേഹം കിട്ടുമെന്ന് പ്രതീക്ഷിക്കുക വയ്യ. വൃദ്ധ സദനങ്ങളെ കുറിച്ചും മറ്റും നാം പരിഭവിക്കുമ്പോഴും അതിന്റെ പിന്നാമ്പുറങ്ങളിലേക്ക് നാം കണ്ണോടിക്കാറില്ല. ഒരു പക്ഷെ, കുഞ്ഞുനാളിൽ ആവശ്യമായ സ്നേഹം ലഭിച്ചിട്ടില്ലാത്തവരായിരിക്കാം മാതാപിതാക്കളെ വൃദ്ധ സദനങ്ങളിൽ കൊണ്ടുപോയി തള്ളുന്നത്...   


 ഇതുപോലെ കുട്ടികൾക്ക് ചെറിയ ചെറിയ വീട്ടുജോലികൾ നൽകുന്നതും അവരിൽ വലിയ സ്വാധീനം ചെലുത്തും. അതു തങ്ങളോടുള്ള സ്നേഹ പ്രകടനമായാണ് അവർ കാണുന്നത്. മാതാവും പിതാവും കുഞ്ഞുങ്ങളുമെല്ലാം ഒരുമിച്ച് വീട്ടുജോലികളിൽ പങ്കാളിത്തം വഹിക്കുമ്പോൾ പരസ്പരം അകറ്റി നിർത്താനാവാത്ത സ്നേഹത്തിന്റെ വലിയ കണ്ണികളാണ് അവിടെ രൂപപ്പെടുന്നത്. മാതാപിതാക്കളുടെ ഇത്തരം പ്രവൃത്തിയിലെ മനപ്പൊരുത്തം കുട്ടികൾക്ക് അവരോടുള്ള മമത വർദ്ധിപ്പിക്കാൻ കാരണമാകുമെന്നതിൽ സംശയമില്ല...


 മാതാപിതാക്കൾക്ക് വേണ്ടി എന്ത് ത്യാഗത്തിനും  സന്നദ്ധരാവാനുള്ള ഒരു മനഃസ്ഥിതി കുട്ടികളിൽ ഉടലെടുക്കാൻ അത് കാരണമാകും. ഇങ്ങനെ ഏതെങ്കിലും നിലക്ക് കുട്ടികളുമായി അൽപസമയം ചെലവഴിക്കാൻ പിതാവ് തയ്യാറായാൽ അത് അവരിൽ ചെലുത്തുന്ന സ്വാധീനം ഏറെ വലുതായിരിക്കും...