Wednesday - 22 April, 2026 4-Dhu al-Qadah-1447

അബോർഷൻ ചെയ്യുന്നവരെയോർത്ത് ലജ്ജിക്കുക

മക്കളില്ലാതെ വിഷമിക്കുന്ന എത്രയോ ദമ്പതികളെ നമുക്കേവര്‍ക്കുമറിയാം.. അവര്‍ക്കല്ലാഹു ﷻ സ്വാലിഹീങ്ങളായ സന്താനങ്ങളെ നല്‍കുമാറാകട്ടെ... (ആമീൻ)


 അല്‍ഹംദുലില്ലാഹ്... മക്കളെ ലഭിച്ചവർക്ക് അവരെ അല്ലാഹുﷻവിന്റെ നിയമങ്ങള്‍ പാലിക്കുന്ന, നമുക്കെല്ലാം ഇഹത്തിലും പരത്തിലും ഉപകരിക്കുന്ന കണ്‍കുളിര്‍മയുള്ള മക്കളാക്കി മാറ്റട്ടെ... (ആമീൻ)


 സ്വാലിഹീങ്ങളായ മക്കള്‍ അല്ലാഹുﷻവിന്‍റെ അനുഗ്രഹമാണ്. അവരെ സന്മാര്‍ഗത്തിലും സല്‍സ്വഭാവത്തിലും വളര്‍ത്തുകയെന്നുള്ളത്‌ ഏറെ പ്രതിഫലാര്‍ഹാമായ കാര്യമാണ്...


 സന്താനനിയന്ത്രണം വേണം എന്ന ചിന്ത  യഥാര്‍ത്ഥത്തില്‍ ലോകത്ത് കൊണ്ടുവന്നത് സോഷ്യലിസ്റ്റുകളും കാപ്പിറ്റലിസ്റ്റുകളുമാണ്. കാരണം രണ്ടുകൂട്ടരും ബദ്ധവൈരികളാണെങ്കിലും മനുഷ്യന്‍റെ ആധിക്യവും വിഭവങ്ങളുടെ കുറവുമാണ് സാമ്പത്തിക രംഗത്തെ പ്രതിസന്ധിക്ക് കാരണം എന്ന തത്വത്തില്‍ അവര്‍ ഒരേ അഭിപ്രായക്കാരാണ്...


 എന്നാല്‍ ഇസ്‌ലാം പറയുന്നത് സകലമനുഷ്യര്‍ക്കുമുള്ള വിഭവങ്ങള്‍ അല്ലാഹു ﷻ ഭൂമിയില്‍ ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വിഭവങ്ങളിലുള്ള കുറവല്ല സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. മറിച്ച് അവയെ ഉപയോഗപ്പെടുത്തുന്ന മനുഷ്യന്‍റെ സ്വഭാവ രംഗത്തുള്ള പിഴവാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. അതുകൊണ്ടുതന്നെ വിഭവങ്ങളെ ഉപയോഗപ്പെടുത്തുന്നിടത്തുള്ള അവന്‍റെ ഇടപെടലുകളാണ്  നിയന്ത്രിക്കപ്പെടേണ്ടത്. അല്ലാതെ മനുഷ്യന്‍റെ സന്താനോല്പാദനത്തെയല്ല...


 ഏതായാലും ഇസ്‌ലാം സന്താനോല്പാദനത്തെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ശറഇയായി അനുവദിക്കപ്പെട്ട കാരണങ്ങള്‍ കൊണ്ടല്ലാതെ അത് നിയന്ത്രണവിധേയമാക്കുക എന്നത് മതപരമായ താല്പര്യത്തോട് യോജിക്കുന്നില്ല...


 അബോര്‍ഷന്‍, D&C തുടങ്ങിയ പേരുകളില്‍ ജീവനുള്ള രക്തം തുടിക്കുന്ന സന്താനങ്ങളെ കൊന്നൊടുക്കുന്നവര്‍ ഇന്നുമുണ്ട്. ദാരിദ്ര്യഭയത്താല്‍ മക്കളെ കൊല ചെയ്യുന്നതിനെപ്പറ്റി അല്ലാഹു ﷻ പറയുന്നു:


 "ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് ഭീമമായ അപരാധമാകുന്നു..."

  (ഇസ്റാഅ്: 31)


 മക്കളെ കൊല്ലാന്‍ പാടില്ല എന്നത് മനസ്സിലാക്കുന്നതോടൊപ്പം ഈ ആയത്തില്‍ നിന്നും മനസ്സിലാക്കേണ്ട ഒരു സുപ്രധാനകാര്യമുണ്ട്. അല്ലാഹു ﷻ പറയുന്നു: "നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്." അതുകൊണ്ട് മക്കള്‍ കാരണം തനിക്ക് പ്രയാസം ഉണ്ടാകുമെന്ന് ഒരാളും കരുതാന്‍ പാടില്ല. തന്നാലാവുന്നത് അവര്‍ക്ക് വേണ്ടി ചെയ്യുകയും അല്ലാഹുﷻവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്. അതായത് മക്കളെ വളര്‍ത്താന്‍ പ്രയാസപ്പെടും എന്നോര്‍ത്ത് ആരും സന്താനങ്ങളെ നിയന്ത്രിക്കുകയോ, സന്താനങ്ങളുണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയോ ചെയ്യേണ്ടതില്ല എന്നര്‍ത്ഥം...


 നമുക്കാര്‍ക്കും ഭാവി പ്രവചിക്കാന്‍ കഴിയില്ല. നമ്മുടെ മക്കള്‍ നമുക്കൊപ്പം ഉണ്ടാകുമോ, അതോ അവര്‍ നമുക്ക് മുന്‍പേ പിരിഞ്ഞ് പോകുമോ എന്നൊന്നും പറയാന്‍ സാധിക്കില്ലല്ലോ... അതുപോലെ നാം ഉദ്ദേശിക്കുമ്പോള്‍ മക്കളെ ഉണ്ടാക്കുവാനും സാധിക്കില്ല. വൈദ്യശാസ്ത്രപരമായി യാതൊരു കുഴപ്പവും ഇല്ലാത്ത എത്രയെത്ര ദമ്പതികളാണ് കുഞ്ഞുങ്ങളില്ലാതെ നമുക്ക് മുന്നില്‍ ജീവിക്കുന്നത്...


 ആരോഗ്യപരമായുള്ള കാരണങ്ങളാല്‍ സ്ത്രീക്ക് അല്പം വിശ്രമം ആവശ്യമാണ്‌ എങ്കില്‍ അവിടെ താല്‍ക്കാലികമായ ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ഗര്‍ഭനിരോധന ഗുളികകള്‍, കോപ്പര്‍ ട്ടി തുടങ്ങിയവക്ക് ദോഷകരമായ പാര്‍ശ്വഫലങ്ങള്‍ ഉള്ളതിനാല്‍ Coitus interruptus അഥവാ സ്ഖലന സമയത്ത് ഗുഹ്യ സ്ഥാനം തെറ്റിക്കുന്ന രീതിയാണ് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത രീതി...


 ജാബിര്‍ (റ) വില്‍ നിന്നും നിവേദനം:

 "നബിﷺയുടെ കാലത്ത് വിശുദ്ധഖുര്‍ആന്‍ അവതരിച്ചുക്കൊണ്ടിരിക്കെ ഞങ്ങള്‍  Coitus interruptus ചെയ്യാറുണ്ടായിരുന്നു..."

  (സ്വഹീഹുല്‍ ബുഖാരി)


 അതായത്, നബിﷺക്ക് വഹ് യ് ഇറങ്ങിക്കൊണ്ടിരുന്ന കാലത്ത് ഞങ്ങള്‍ Coitus interruptus  ചെയ്യാറുണ്ടായിരുന്നു. അതെങ്ങാനും നിഷിദ്ധമായിരുന്നുവെങ്കില്‍ അത് വിലക്കിക്കൊണ്ടുള്ള വഹ് യ് ഇറങ്ങുമായിരുന്നു. അതുകൊണ്ടുതന്നെ Coitus interruptus നിഷിദ്ധമല്ല എന്ന് മനസ്സിലാക്കാം.