പ്രസവം കഴിഞ്ഞ് എത്ര ദിവസങ്ങള്‍ക്കു ശേഷമാണ് ഭാര്യയുമായി ഭര്‍ത്താവിന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുക എന്നത് പലർക്കും സംശയം ഉള്ള കാര്യമാണ്. പ്രസവരക്തം നിലക്കാന്‍ പരമാവധി 40 ദിവസം മതിയാകും. ചിലപ്പോള്‍ അതിനുമുമ്പ് തന്നെയും പ്രസവരക്തം നിലക്കാറുണ്ട്. എന്നാല്‍ അറുപത് ദിവസത്തിന് ശേഷം മാത്രമേ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാവൂവെന്ന് പലരും പറയുന്നുണ്ട്...
പ്രവാചക കാലത്ത് നിലവിലുണ്ടായിരുന്ന രീതിയെ കുറിച്ച് ഹദീസുകളില്‍ കാണാം. പ്രസവ ശേഷം നാല്‍പതുദിവസം സ്ത്രീകള്‍ നമസ്‌കാരം, നോമ്പ്, ഖുര്‍ആന്‍ പാരായണം, കഅ്ബ ത്വവാഫ് ചെയ്യല്‍പോലുള്ള ആരാധനാകര്‍മ്മങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുന്ന പതിവ് പ്രവാചക കാലത്തുണ്ടായിരുന്നു. കൂടാതെ ഇക്കാലത്ത് അവര്‍ ലൈംഗികബന്ധത്തില്‍ നിന്നും വിട്ടു നിന്നിരുന്നു. എന്നാല്‍ നാല്പത് ദിവസം കഴിയുന്ന മാത്രയില്‍ അവര്‍ കുളിച്ച് ശുദ്ധിയായ മേല്‍പറഞ്ഞ ആരാധനാകര്‍മ്മങ്ങളും ഭര്‍ത്താവുമൊത്തുള്ള സഹശയനവും പുനരാരംഭിച്ചിരുന്നു...
പ്രവാചക കാലഘട്ടത്തില്‍ സ്ത്രീകളുടെ പ്രസവകാലഘട്ടം എങ്ങനെയായിരുന്നുവെന്ന് സൂചിപ്പിക്കുവാന്‍ വേണ്ടി മാത്രമാണ് പല പണ്ഡിതന്‍മാരും ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. അവരുടെ അഭിപ്രായത്തില്‍ ഈ റിപ്പോര്‍ട്ട് നിഫാസി(പ്രസവരക്തം)ന്റെ കാലം പരമാവധി നാല്‍പതാക്കി നിജപ്പെടുത്തുന്നില്ല. കാരണം നിഫാസ് ചിലപ്പോള്‍ നാല്‍പത് ദിവസത്തില്‍ കൂടുതലും കണ്ടേക്കാം. അതിനാല്‍ ചില പണ്ഡിതന്‍മാര്‍ നിഫാസിന്റെ (പ്രസവ രക്തം പുറത്തുവരുന്ന) കാലം അറുപത് ദിവസമായി കണക്കാക്കിയിട്ടുണ്ട്.
ഇനി അതിനു മുമ്പ് രക്തസ്രാവം നിലക്കുകയാണെങ്കില്‍ കുളിച്ച് ശുദ്ധിയായി അവര്‍ക്ക് തങ്ങളുടെ സാധാരണ ജീവിതം നയിക്കാം.
ഇത് നിഫാസിന്റെ ഏറ്റവും കൂടിയ കാലപരിധി വെളിവാക്കുന്നതാണ്. നിഫാസ് ഏറ്റവും കുറച്ച് എത്രയായിരിക്കും എന്ന കാര്യത്തില്‍ വിശുദ്ധ ഖുര്‍ആനോ ഹദീസുകളിലോ കൃത്യമായ സൂചനകളില്ല. അതിനാല്‍ നിഫാസിന് ഒരു കുറഞ്ഞ സമയപരിധി നിശ്ചയിക്കാനാകില്ല എന്നാണ് കൂടുതല്‍ പണ്ഡിതന്‍മാരുടെയും അഭിപ്രായം.ചിലപ്പോള്‍ അത് ഒരു ദിവസമാകാം ചിലപ്പോള്‍ അതില്‍ കുറവുമാകാം. ഇക്കാര്യത്തില്‍ സ്വീകര്യമായ മാനദണ്ഡം സ്ത്രീകള്‍ തങ്ങളുടെ രക്തസ്രാവം നിന്നോ ഇല്ലയോ എന്ന് തീര്‍ച്ചപ്പെടുത്തുകയെന്നതാണ്. രക്തസ്രാവം നിന്നെങ്കില്‍ നിഫാസ് നിലച്ചെന്നും കുളിച്ചു ശുദ്ധി വരുത്തുന്നതോടെ ശുദ്ധികാലമായും പരിഗണിക്കാം.
എന്നാല്‍ അതോടൊപ്പം സൂചിപ്പിക്കേണ്ട മറ്റൊരു കാര്യമിതാണ്: നാല്പത് ദിവസത്തിനു മുമ്പ് രക്തസ്രാവം നിലച്ചാല്‍ തന്നെയും ആ നാളുകളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്നാണ് അധിക പണ്ഡിതന്‍മാരും നിര്‍ദേശിക്കുന്നത്.
അതിന് രണ്ട് കാരണങ്ങളുണ്ട്.
ഒന്ന്, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക വഴി വീണ്ടും രക്തസ്രാവമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. രണ്ടാമത്തെ കാര്യം പ്രസവശേഷം ഉടനെയുള്ള ലൈംഗികബന്ധം സ്ത്രീയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. പ്രസവം മൂലം ഉണ്ടായിട്ടുള്ള ശാരീരിക വൈഷമ്യങ്ങളില്‍ നിന്ന് സുഖപ്പെടാന്‍ വേണ്ടത്ര സമയം അവള്‍ക്ക് ലഭിച്ചിട്ടുണ്ടായിരിക്കുകയില്ല. പ്രസവത്തിലൂടെ ഗര്‍ഭാശയ മുഖത്ത് ഉണ്ടായേക്കാവുന്ന മുറിവുകളും ക്ഷതങ്ങളും സുഖപ്പെടാന്‍ വേണ്ട സമയവും അവര്‍ക്ക് ആവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ വളരെ പ്രസക്തവും പരിഗണനീയവുമാണെങ്കിലും തീരുമാനം എടുക്കേണ്ടത് ദമ്പതികളാണ്. അതിനാല്‍ തന്നെ രക്തസ്രാവം നിലച്ചാലും നാല്‍പതു ദിവസത്തിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കലാണ് ഉത്തമമെന്ന് വൈദ്യരംഗത്തുള്ളവരുടെ നിര്‍ദേശം.
നിയമപരമായി രക്തസ്രാവം എപ്പോള്‍ നിലക്കുന്നുവോ (അതു നാല്പതു ദിവസത്തിനുള്ളിലാണെങ്കിലും) കുളിച്ചു ശുദ്ധിയായ ശേഷം ബന്ധപ്പെടാവുന്നതാണ്. എന്നാല്‍ മേല്‍പറഞ്ഞ അപകടങ്ങളെ കുറിച്ച് ദമ്പതികള്‍ ബോധമുള്ളവരായിരിക്കണം.