സമൂഹത്തിൽ പൊതുവെ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരികയാണിന്ന്. വളർന്നു വരുന്ന തലമുറയും ഇതിൽ നിന്ന് ഒട്ടും പിറകിലല്ല. നമ്മുടെ ചുറ്റുപാടും നടന്ന് കൊണ്ടിരിക്കുന്ന അരുതായ്മകളിൽ കാര്യമായൊരു പങ്ക് നമ്മുടെ കുട്ടികൾക്കുണ്ട്. അത് അനുദിനം വളർന്ന് വലിയ കുറ്റകൃത്യങ്ങളിൽ വരെ എത്തി നിൽക്കുന്നു...
ലൈംഗിക വേഴ്ച, മോഷണം, പിടിച്ചു പറി, കൊലപാതകം തുടങ്ങിയവയെല്ലാം അവർ വളരെ ലാഘവത്തോടെ നിർവ്വഹിക്കുന്നു. ഇത്തരത്തിലുള്ള വമ്പൻ റാക്കറ്റുകളുടെ പിടിയിലമർന്ന് കുറ്റകൃത്യങ്ങൾ നിത്യതൊഴിലാക്കിയവരും പുതു തലമുറയിലുണ്ട്. മുംബൈ പോലുള്ള നഗരങ്ങളിൽ അധോലോക സംഘങ്ങൾ കുട്ടികളെ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നത് പുതിയ വാർത്തയല്ല, എങ്കിലും നമ്മുടെ കുട്ടികൾ ഇത്തരം കുറ്റകൃത്യങ്ങളിൽ അകപ്പെടുന്നുവെന്നത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കാൻ പോന്നതാണ്.
സഹപാഠിയുടെ പേനയും പെൻസിലുമെല്ലാം തരപ്പെടുത്തിയെടുക്കുക, അറിയാതെ ഒരു നുള്ള് വെച്ച് കൊടുക്കുക, പരിധിവിട്ടാൽ ഒരു ഇഞ്ചിക്കുത്ത് നൽകുക... ഇതൊക്കെയായിരുന്നു പഴയകാല വികൃതികൾ ചെയ്തിരുന്ന വലിയ അക്രമ പ്രവർത്തനങ്ങൾ... എന്നാൽ ഇന്ന് സഹപാഠിയെ വെടിവെച്ച് കൊല്ലുക, ലൈംഗിക വേഴ്ച്ചക്കിരയാക്കുക തുടങ്ങിയ ഗുരുതരവും ക്രൂരവുമായ ചെയ്തികളിലെത്തിയിരിക്കുന്നു കാര്യങ്ങൾ...
പതിനൊന്നുകാരൻ അമ്മയെയും സഹോദരിയെയും വെട്ടിക്കൊലപ്പെടുത്തി, എട്ടാം ക്ലാസ് വിദ്യാർത്ഥി അധ്യാപികയെ കാമ പൂർത്തികരണത്തിനിരയാക്കി, പതിമൂന്നുകാരി അമ്മയായി ... തുടങ്ങിയ വാർത്തകൾ നാം പലതവണ കേട്ടു. പലർക്കുമിത് കാര്യമായ അലോസരമുണ്ടാക്കിയില്ല. എന്തുകൊണ്ടാണിത്..?
നമ്മുടെ കാതുകൾ ഇത്തരത്തിലുള്ള എത്രയോ വാർത്തകൾ കേട്ട് മരവിച്ചിരിക്കുന്നു. കേരളത്തിൽ മാത്രമല്ല ലോകത്തെവിടെയും കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരികയാണ്. ഇന്റർനെറ്റിന്റെ ലോകത്ത് പോലും ഇവർ ഭീഷണി സൃഷ്ടിക്കുന്നുവെന്നാണ് വാർത്ത.
2002-ൽ കാനഡയിൽ ഒരു 14 കാരൻ ബേങ്കിനെ കബളിപ്പിച്ചു മില്യൻ ഡോളർ തന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തത് വലിയ വാർത്തയായിരുന്നു. അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ ഇരുപതുകാരനായ ജേസനും പതിഞ്ചുകാരിയായ ജേൻമേരിയും 41 കാരിയായ നൊന്തുപെറ്റ സ്വന്തം അമ്മ ജേൻമാരി ബാറ്റിസയെ കൊലപ്പെടുത്തുകയുണ്ടായി. അമ്മയെ കഷ്ണം കഷ്ണമാക്കി ഒരു ബാഗിൽ കുത്തി നിറച്ച് ഹൈവേക്ക് സമീപം കൊണ്ടുപോയി തള്ളുകയായിരുന്നു...
വളരുന്ന തലമുറക്ക് കുറ്റകൃത്യങ്ങളിൽ അകപ്പെടാനുള്ള എല്ലാ സഹാചര്യവും ഇന്ന് നിലവിലുണ്ട്. നമ്മുടെ സാമൂഹികാന്തരീക്ഷം അത്രക്ക് മലീമസമായിരിക്കുന്നു. സ്വന്തം വീട്ടുമുറ്റത്ത് കുഞ്ഞുടുപ്പിട്ട് ചെടികളോടും പൂക്കളോടും കിന്നാരം പറഞ്ഞു നിൽക്കുന്ന പിഞ്ചു ബാലിക, പ്രായാധിക്യത്താൽ നടു വളഞ്ഞ വയോവൃദ്ധ, എന്നുവേണ്ട എല്ലാവരും ബലാൽക്കാരത്തിനരയാകുന്ന ദുരവസ്ഥയാണിന്ന്. നടുറോഡിൽ വെച്ചും, സുരക്ഷിതമെന്ന് കരുതുന്ന സ്വന്തം വീട്ടിൽ വെച്ചു പോലും നിർബാധം കൊലചെയ്യപ്പെടുന്നു. ഇത്തരം സാമൂഹികാന്തരീക്ഷത്തിലാണ് നമ്മുടെ കുട്ടികൾ വളരുന്നത്. ഈ ചുറ്റുപാടിൽ നിന്ന് ഇവർ അരുതായ്മകളുടെ ബാലപാഠങ്ങൾ പഠിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ...
സിനിമകളെയും സീരിയലുകളെയും ഒരിക്കലും നിസ്സാരമായി കാണാനാവില്ല. സമൂഹത്തിൽ ഏറി വരുന്ന കുറ്റകൃത്യങ്ങളിൽ അവ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്. ഏഴുപേരെ തലക്കടിച്ചു കൊന്ന മധ്യകേരളത്തിലെ മാള സ്വദേശിയെ കുറിച്ച് നാം പത്രങ്ങളിൽ വായിച്ചു. അത്രതന്നെ പേരെ തലക്കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു ഇയാൾ. ചോദ്യം ചെയ്യലിനിടയിൽ ഇയാൾ വെളിപ്പെടുത്തിയത് നമ്മെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കേണ്ടതുണ്ട്. ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് എന്ന സിനിമയിൽ ഐ.പി.എസ് സേതുരാമയ്യരുടെ വേഷമിട്ട മമ്മൂട്ടിയാണത്രെ ഇയാൾക്ക് ഈ കൊടും ക്രൂരതക്ക് പ്രചോദനമേകിയത് ...
ചേലേമ്പ്രയിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന ബാങ്ക് കൊള്ളയും മറ്റൊന്നല്ല പറഞ്ഞു തന്ന സന്ദേശം. 87 കിലോ സ്വർണം കവരാൻ തുണയായത് ധൂം എന്ന സിനിമയിലെ രംഗങ്ങളാണത്രെ... അപ്പോൾ സദാ ടെലിവിഷൻ തുറന്ന് പ്രവർത്തിക്കുന്ന നമ്മുടെ വീടുകളും കുറ്റവാളികളെ സൃഷ്ടിക്കുകയല്ലേ ചെയ്യുന്നത്. കണ്ടതും കേട്ടതും അപ്പടി മനസ്സിൽ പതിയുന്ന കുട്ടികളുടെ കാര്യം പിന്നെ പറയേണ്ടതുണ്ടോ..?
ഭവന സാഹചര്യങ്ങളും അവിടെ നിന്നുണ്ടാകുന്ന തിക്താനുഭവങ്ങളുമൊക്കെയാണ് ഒരാളെ ക്രൂരനാക്കുന്നത്. സ്വന്തം വീട്ടിൽ നിന്ന് തന്റെ പകയുടെയും വിദ്വാേഷത്തിന്റെയും മാതൃകകൾ ചിലർക്ക് ലഭിക്കുന്നു. കുടുംബ വഴക്കുകളും അതിരു തർക്കങ്ങളും കുട്ടികളുടെ ഇളം മനസ്സിൽ പ്രതികാരത്തിന്റെ കനൽപാകുന്നു. മുതിർന്നവരുടെ ഇത്തരം ഘട്ടങ്ങളുടെ സമീപനമാണിവിടെ കുട്ടികളുടെ ഭാവി നിർണ്ണയിക്കുന്നത്...
അതുപോലെ വീട്ടിൽ മതിയായ പരിഗണന ലഭിക്കാത്ത കുട്ടികളും അക്രമത്തിന്റെ പാത തെരെഞ്ഞെടുക്കാൻ സാധ്യതയേറെയാണ്. നന്മകളാണ് നമ്മുടെ വീടുകളിൽ മുളപൊട്ടേണ്ടത്. അതുവഴി നല്ല മാതൃകകൾ നമ്മുടെ കുട്ടികൾക്ക് ലഭിക്കണം. സാഹചര്യമാണ് ഒരുവനെ ക്രൂരനാക്കുന്നത് തിരുമൊഴി ഇവിടെ പ്രസ്ക്തമാണ് ഒരു ദുർഗുണ പരിഹാരപാഠശാലയാവണം നമ്മുടെ വീടുകൾ.
അഗ്നിച്ചിറകുകൾ എന്ന ഗ്രന്ഥത്തിൽ എ.പി.ജെ അബ്ദുൽ കലാം ഇങ്ങനെ എഴുതി : എല്ലാ കുട്ടിയും ജനിച്ചു വീഴുന്നത് മാതാപിതാക്കളിൽ നിന്നും കുറച്ച് സ്വഭാവങ്ങൾ പാരമ്പര്യമെടുത്താണ്. പ്രത്യേകമായ സാമൂഹിക സാമ്പത്തിക സ്ഥിതികളിലേക്കും വൈകാരിക സാഹചര്യങ്ങളിലേക്കുമാണ് അവന്റെ നിയന്ത്രിക്കപ്പെടുന്ന പരിതസ്ഥിതിക്കനുസരിച്ച് സ്വഭാവങ്ങൾ തിരിഞ്ഞ് പോവുന്നത്. അപ്പോൾ ഒരാൾ ഏതൊരു വീട്ടിലാണോ പിറന്നു വീഴുന്നത് അവിടെയുള്ള ആചാരനുഷ്ഠാനങ്ങളെല്ലാം അവന്റേതുമാണ്. ആ വീട്ടുകാരുടെ ഭാഷ അവന്റെ കൂടി ഭാഷയാണ്. അവരുടെ മതമാണ് അവന്റെയും മതം. അവർ എന്തിനെയെല്ലാം അനുകൂലിക്കുന്നുവോ അവയെല്ലാം അവനും അനുകൂലിക്കുന്നു... അതാണ് നബി ﷺ പറഞ്ഞത് "എല്ലാ കുഞ്ഞും ശുദ്ധ പ്രകൃതിക്കാരനായാണ് ജനിക്കുന്നത്. മാതാപിതാക്കളാണ് അവനെ ക്രിസ്ത്യാനിയും ജൂതനും തീയാരാധകനുമാക്കുന്നത്
അപ്പോൾ കുട്ടികൾ കുറ്റകൃത്യങ്ങളിൽ അകപ്പെടുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം മാതാപിതാക്കൾക്കാണ്. സ്വന്തം ഭവന സാഹചര്യങ്ങൾ സംസ്കരിക്കപ്പെടേണ്ടത് അനിവാര്യമാണിവിടെ. അതുപോലെ കുട്ടികളുടെ കൂട്ടുകെട്ടുകളും ശ്രദ്ധിക്കപ്പെടേണ്ടത് തന്നെ. കൂട്ടുകെട്ടുകളാണ് പലപ്പോഴും അരുതായ്മകളിലേക്ക് വഴി നടത്തുന്നത്. സാഡിസം പകർന്ന് കിട്ടുന്നത് ഇത്തരം കൂട്ടുകെട്ടുകളിൽ നിന്നാണ്. കുറ്റകൃത്യങ്ങളിൽ അകപ്പെട്ടു പോയവർക്ക് കൗൺസിലിംഗ് നൽകിയാൽ അവരെ നേർജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കും. വേണ്ട മതവിജ്ഞാനം നൽകുക അതാണ് കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കാനുള്ള പ്രധാന പോംവഴി. അതിൽ ഒരിക്കലും ഉപേക്ഷ കാണിച്ചുകൂടാ...
മക്കളുടെ വഴിവിട്ട സഞ്ചാരത്തിന് നാം തന്നെയായിരിക്കും നാഥന് മുമ്പിൽ മറുപടി പറയേണ്ടത്.
റഹ്മാനായ റബ്ബ് നമ്മളെ കാക്കട്ടെ..,
നമ്മുടെ സന്താനങ്ങളെ റഹ്‌മാനായ റബ്ബിന്റെ പൊരുത്തത്തിൽ ജീവിച്ചു മരിക്കുന്ന, വീടിനും നാടിനും ഉപകരിക്കുന്ന സന്താനങ്ങൾ ആക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീന്‍