വിവാഹം തിരുസുന്നത്തില്‍പെട്ട ചര്യയാണല്ലോ. വ്യക്തിജീവിതത്തിലെ പ്രധാന കാല്‍വെപ്പുമാണത്. മനുഷ്യനെ തെറ്റില്‍ നിന്നു തടയാനും വ്യവസ്ഥാപിതമായ കുടുംബ ജീവിതം സ്ഥാപിക്കാനും വൈവാഹിക ജീവിതം സഹായിക്കുന്നു. മതം നിഷ്കര്‍ഷിക്കുന്ന ചട്ടക്കൂടിലായിരിക്കണം അതു നടത്തേണ്ടത്...
ഈ കുറിപ്പുകാരന്‍ ഒരു കല്ല്യണവീട്ടില്‍ ബുര്‍ദക്കു ചെന്നു. വീട്ടിലെത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ക്കു പന്തികേടുതോന്നി. നിരത്തിയ കസേരകളില്‍ സ്ത്രീ ബാഹുല്യവും സംഗീത ഉപകരണങ്ങളുടെ സാന്നിധ്യവും. വീട്ടുകാരനോട് കാര്യം തിരക്കിയപ്പോള്‍ മറുപടി ഇപ്രകാരം - അത് ചെറിയ പെണ്‍കുട്ടികളുടെ ഒപ്പനയാണ്. ‘കുട്ടികളു’ടെ വയസ്സെത്രയെന്നല്ലേ..? പതിനഞ്ച്..!
വിവാഹം പോലോത്ത പവിത്രമായ ചടങ്ങുകളില്‍ ഇത്തരം നിഷിദ്ധമായ സംഗതികളുടെ ഗൗരവം വിശദീകരിച്ചു കൊടുത്തു. നന്മയെ തിന്മകൊണ്ട് വികൃതമാക്കരുതെന്നുണര്‍ത്തി. ഒന്നുകില്‍ ബുര്‍ദ, അല്ലെങ്കില്‍ ഒപ്പന. രണ്ടിലൊന്ന് തീരുമാനിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം ബുര്‍ദ ആലപിക്കാന്‍ പറഞ്ഞു...
ബുര്‍ദക്കും ഇശലുകള്‍ കോര്‍ത്തിണക്കിയ മദ്ഹുകള്‍ക്കും ശേഷം ദുആക്ക് മുമ്പായി അമീര്‍ എഴുന്നേറ്റു. വിവാഹം പവിത്രമായ കര്‍മ്മമാണ്. അത് നടക്കേണ്ടത് ആഭാസങ്ങളുടെ അകമ്പടിയോടെയല്ല. ആധുനിക ലോകത്തെ വിവാഹങ്ങളിലെ അനാചാരങ്ങളെക്കുറിച്ചും മറ്റും അമീര്‍ വാചാലനായി. സദസ്സിലെ പലരുടെയും മുഖങ്ങള്‍ അപ്പോള്‍ വിവര്‍ണമാകുന്നുണ്ടായിരുന്നു. ഗ്രഹനാഥന്‍റെ കവിള്‍തടം ചുവന്നു തുടുത്തതായി കണ്ടു. ഭൗതിക ലോകത്ത് നന്മ കല്‍പ്പിക്കലും തിന്മ വിരോധിക്കലുമാണ് വിശ്വാസിയുടെ ഉത്തരവാദിത്തമെന്നോര്‍ത്ത് അതൊന്നും ഗൗനിച്ചില്ല. ഉപദേശം മുഅ്മിനീങ്ങള്‍ക്ക് ഫലിക്കുമെന്ന ഖുര്‍ആന്‍ വാക്യത്തോടെ പ്രസംഗം അവസാനിപ്പിച്ചു...
ഭക്ഷണത്തിനുവേണ്ടി തിരിഞ്ഞു. പക്ഷേ, അത് വായിലെത്തും മുമ്പ് തന്നെ ഗാനമേളയുടെ അലയടികള്‍ ആരംഭിച്ചിരുന്നു. മനസ്സില്ലാ മനസ്സോടെ അല്‍പ്പം കഴിച്ചെന്നുവരുത്തി എഴുന്നേറ്റു. പുറത്തേക്ക് മറ്റൊരു വഴി ഇല്ലാത്തതിനാല്‍ ഗാനമേള സദസ്സിലൂടെത്തന്നെ ഞങ്ങള്‍ക്ക് പോകേണ്ടി വന്നു. നേരത്തെ മുഖം വിവര്‍ണമായവരുടെ മുഖങ്ങള്‍ ചെറു പുഞ്ചിരിയോടെ ഞങ്ങളെ നോക്കുന്നു. പണത്തിന്‍റെയും പത്രാസിന്‍റെയും പിന്‍ബലത്തില്‍ ഞങ്ങളുദ്ദേശിച്ചത് നടത്തുമെന്ന ധ്വനി ആ നോട്ടത്തില്‍ പ്രകടമായിരുന്നു. വണ്ടിയില്‍ കയറും മുമ്പ് ഗൃഹനാഥനും മകനും എത്തി പ്രസംഗത്തെക്കുറിച്ച് വിഷമം പ്രകടിപ്പിച്ചു. മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇത്തരം പരിപാടി സംഘടിപ്പിച്ചതെന്നായി ന്യായം. പറഞ്ഞുവന്നപ്പോള്‍ നടേ പരാമര്‍ശിച്ച കുട്ടികളുടെ ഒപ്പന എന്ന നിലവാരത്തില്‍ നിന്ന് ഗാനമേള എന്ന തസ്തികയിലേക്ക് വളര്‍ന്നിരുന്നു കാര്യങ്ങള്‍...
പ്രസ്തുത സംഭവം ചില മഹല്ല് കാരണവന്മാരുടെ ദുരവസ്ഥ ഓര്‍മിപ്പിക്കുന്നതാണ്. മഹല്ല് കമ്മറ്റിയിലും മത സംഘടനകളിലും ഉന്നത സ്ഥാനങ്ങള്‍ വഹിക്കുകയും നാട്ടിലെ മതപരമായ മുന്നേറ്റങ്ങളില്‍ പുലിയായി തിളങ്ങുകയും സ്വന്തം വീട്ടില്‍ ഒരു എലിയായി മാറുകയും ചെയ്യും ചിലര്‍. ഇത്തരം ആഭാസങ്ങള്‍ക്കെതിരെ മഹല്ല് കമ്മറ്റികളും മത സംഘടനകളും ഒറ്റക്കെട്ടായി രംഗത്ത് വരേണ്ടതുണ്ട്...
കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണ ആൽബം നോക്കുന്നതിനിടയിലാണ് കുറച്ച് ഫോട്ടോസ് ശ്രദ്ധയിൽ പെട്ടത്...
മഞ്ഞയിൽ മുങ്ങിയ ഒരു കൂട്ടം മനുഷ്യർ. അതിന്റെ നടുവിൽ മഞ്ഞയിൽ തന്നെ പൊതിഞ്ഞ മണവാളനും മണവാട്ടിയും...
"ആഹാ നല്ല രസമുള്ള കാഴ്ച്ച..!!"
അവനോട് അതിനെ കുറിച്ച് അന്വേഷിച്ചു... അപ്പോഴാണ് നമ്മുടെ നാട്ടിൽ നിലവിൽ വന്ന പുതിയ ആചാരത്തെ കുറിച്ച് ഞാനറിയുന്നത്.
വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ആഡംഭരങ്ങളെ കുറിച്ച് സമൂഹം ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.
പ്രത്യേകിച്ച് മുസ്ലിം സമുദായത്തില്‍.
അതില്‍ പ്രധാനപ്പെട്ട ഒന്നാണ്
വിവാഹത്തിന്റെ ദിവസം ഉപയോഗിക്കുന്ന വില കൂടിയ വസ്ത്രം. പിന്നീട് വളരെ അപൂർവ്വം മാത്രം ഉപയോഗിച്ചേക്കാവുന്ന ഈ വസ്ത്രത്തിന്റെ വില ഊഹിക്കാവുന്നതിനും അപ്പുറമാകും...
അത് കൂടാതെ മൈലാഞ്ചി കല്ല്യാണമെന്ന മറ്റൊരു ചടങ്ങ്...
ഇപ്പോളിതാ പുതിയ ചടങ്ങ് കൂടി ഹെല്‍ദി കല്യാണം...
വിവാഹത്തിന്റെ മൂന്നൊ നാലൊ ദിവസം മുന്നേയാണ് ഇത് നടക്കുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ കുടുംബം. ആഘോഷ പൂർവ്വം മഞ്ഞളില്‍ മുക്കി വധൂ വരൻമാരെ അനുഗ്രഹിക്കുന്ന രീതി...
ഉത്തരേന്ത്യൻ സംസ്ക്കാരവുമായി ബന്ധപ്പെട്ട ഈ ആചാരം തമിഴ്നാട്ടിലും കണ്ട് വരുന്നുണ്ട്. ഇപ്പോളിതാ നമ്മുടെയിടയിലും...
ഇതിന്റെയെല്ലാം ഭാരിച്ച ചിലവ് വഹിക്കുന്നത് പെണ്‍വീട്ടുകാരാണ്.
നമുക്ക് വേണമെങ്കില്‍ പറയാം" അത് അവരുടെ ഇഷ്ടമല്ലേന്ന് "
ശരിയാണ്...
അതവരുടെ ഇഷ്ടമാണ്. അവരുടെ പണമാണ്. പക്ഷെ അവർ സമൂഹത്തിലേക്ക് പടർത്തി വിടുന്നത് പുതിയൊരു രോഗത്തേയാണ്.., പുതിയൊരു സംസ്ക്കാരത്തേയാണ്...
ഇത് പോലെ ആരൊ കുറച്ച് പേർ തുടങ്ങിയ ഒരാചാരമാണ് സ്ത്രീധനം.
ഇതിന്നില്ലാതെ ഒരു പെണ്‍ കുട്ടിയും വീട് വിട്ടിറങ്ങാതെയായി. പുര നിറഞ്ഞു നില്‍ക്കുന്ന എത്രയോ സഹോദരിമാർ പറഞ്ഞ തുക കൊടുക്കാതെ ഇടയ്ക്ക് വെച്ചവസാനിപ്പിക്കുന്ന ബന്ധങ്ങള്‍...
ഇത് പോലെ സമൂഹത്തിലേക്ക് പടർത്തി വിടുന്ന പുതിയൊരു ആചാരമാണ് ഹെല്‍ദി പോലുള്ള ചടങ്ങുകള്‍...
തന്റെ മകള്‍ ഹെല്‍ദി കല്യാണമില്ലാതെ വിവാഹിതയാകുകയെന്നാല്‍ ഓരോ പിതാവിനും അഭിമാന പ്രശ്നമായി മാറുന്ന ഒരു ദിവസം വരില്ലെന്നാരു കണ്ടു...!!
തന്റെ വധു ഹെല്‍ദി ചടങ്ങില്ലാതെയാണ് വരുന്നതെന്ന് വീട്ടുകാരും, നാട്ടുകാരും കളിയാക്കുന്ന ഒരു ദിനം വരില്ലെന്നാരു കണ്ടു...!!
ഒരു വലിയ സമൂഹ്യ വിപത്തിനെ തുടക്കത്തിലെ എതിർക്കുക
ഇസ്ലാമീക വീക്ഷണം തന്നെ വിവാഹ ചടങ്ങുകള്‍ ലളിതമാക്കുക എന്നതാണ്...
ധനം അധികമുള്ളവർ ഒരു സാധു പെണ്‍കുട്ടിയുടെ വിവാഹം നടത്തി അന്നത്തെ ദിവസം മനോഹരമാക്കട്ടെ...
മുഹമ്മദ് റാഷിദ് പള്ളിക്കല്‍