Wednesday - 22 April, 2026 4-Dhu al-Qadah-1447

അവർക്ക് മുന്നിലും ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടുക

     നമ്മുടെ നാട്ടിലെ പല കുടുംബങ്ങളിലും പിതൃസഹോദരീ സഹോദരന്മാരുടെയും മാതൃസഹോദരീ സഹോദരന്മാരുടെയും മക്കൾ സ്വന്തം സഹോദരീ സഹോദരന്മാരെപ്പോലെയാണ് ഇടപഴകാറുള്ളത്. ആൺകുട്ടികളും പെൺകുട്ടികളും തനിച്ച് ഒന്നിച്ചു താമസിക്കുന്നു. ഒന്നിച്ചു യാത്ര ചെയ്യുന്നു. തൊട്ടുരുമ്മി ഒന്നിച്ച് ജീവിക്കുന്നു. ഭർതൃ സഹോദരീ സഹോദരന്മാരോടും ഇതേസമീപനം സ്വീകരിക്കുന്നവരും വിരളമല്ല...


 പിതൃസഹോദരീ സഹോദരന്മാരുടെയും മാതൃസഹോദരന്മാരുടെയും മക്കളുടെ മുമ്പിൽ ഇസ്ലാമിക വസ്ത്രധാരണ മര്യാദകൾ പാലിക്കുന്നവര് കുറഞ്ഞു കൊണ്ടേയിരിക്കുകയാണ്. അതോടൊപ്പം, പെൺകുട്ടികളിന്ന് ഏറ്റവും കൂടുതൽ പീഢിപ്പിക്കപ്പെടുന്നത് ഇത്തരക്കാരിൽനിന്ന് സ്വന്തം വീടുകളിൽവെച്ചാണ്. അതും ഏറ്റവും അടുത്തബന്ധുക്കൾ. ആരും സംശയിക്കാത്തതിനാൽ ഇത്തരക്കാരുടെ ഇടപെടലുകൾ തെറ്റുകളിലേക്ക് നയിക്കപ്പെടുന്നു..!!


 യഥാർത്ഥത്തിൽ ഇസ്ലാം ഇത്തരം അപകടങ്ങൾ സംഭവിക്കാതിരിക്കാൻ ശക്തമായ മുൻകരുതലുകൾ സ്വികരിച്ചിട്ടുണ്ട്. ഒട്ടും അകലം പാലിക്കേണ്ടതില്ലാത്തവർ വിവാഹം നിഷിദ്ധമായവർ മാത്രമാണ്. അവർ ആരെന്ന് ഖുർആൻ അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.


  നിങ്ങളുടെ മാതാക്കൾ, 

പുത്രിമാര്, 

സഹോദരിമാര്, 

പിതൃസഹോദരിമാര്, മാതൃസഹോദരിമാര്, 

സഹോദരപുത്രിമാര്, സഹോദരീപുത്രിമാര്, 

നിങ്ങളെ മുലയൂട്ടിയ പോറ്റമ്മമാർ,

മുലകുടിബന്ധത്തിലെ സഹോദരിമാർ,

നിങ്ങളുടെ ഭാര്യാമാതാക്കൾ... എന്നിവരെ വിവാഹം ചെയ്യൽ നിങ്ങൾക്ക് നിഷിദ്ധമാക്കിയിരിക്കുന്നു.


 നിങ്ങളുടെ ഭാര്യമാരുടെ, നിങ്ങളുടെ സംരക്ഷണത്തിലുള്ള, വളർത്തു പുത്രിമാരെയും നിങ്ങൾക്ക് വിലക്കിയിരിക്കുന്നു.


 നിങ്ങളുടെ ബീജത്തിൽ ജനിച്ച പുത്രന്മാരുടെ ഭാര്യമാരെയും നിങ്ങൾക്ക് നിഷിദ്ധമാക്കിയിരിക്കുന്നു.


 രണ്ടുസഹോദരിമാരെ ഒരുമിച്ച് ഭാര്യമാരാക്കുന്നതും വിലക്കപ്പെട്ടതുതന്നെ. നേരത്തെ സംഭവിച്ചതൊഴികെ. അല്ലാഹു ﷻ ഏറ്റവും പൊറുക്കുന്നവനും ദയാപരനുമാകുന്നു. (4:23) 


 ഇവരിൽ തന്നെ ഏതെങ്കിലും കാരണത്താൽ അനുവദനീയമാകുന്നവർ തീർത്തും അന്യരാണ്.


 വസ്ത്രധാരണത്തിലും ഇടപെടലിലും അന്യപുരുഷന്മാരോടുള്ള സമീപനം തന്നെയാണ് അവരോടും സ്വീകരിക്കേണ്ടത്.


 വിവാഹമോചനത്തിലൂടെയോ മരണത്തിലൂടെയോ വിവാഹം അനുവദനീയമായിത്തീരുന്ന ഭാര്യാസഹോദരിയാണ് ഉദാഹരണം.


 ഖുർആൻ ഇത്രയും പറഞ്ഞ് നിർത്താതെ ആരുടെയൊക്കെ മുമ്പിൽ സൗന്ദര്യം വെളിവാക്കാമെന്ന് വ്യക്തമാക്കുന്നുണ്ട്. അവരുടെ അടുത്തല്ലാത്തവരുടെ മുമ്പിലെല്ലാം ഇസ്ലാമിക വസ്ത്രധാരണരീതി പാലിക്കാൻ വിശ്വാസിനികൾ ബാധ്യസ്ഥരാണ്. പെരുമാറ്റത്തിലും ഇടപഴകലിലും ഇസ്ലാമിക മര്യാദകൾ പാലിക്കണം.


  നീ സത്യവിശ്വാസിനികളോടു പറയുക. അവരും തങ്ങളുടെ ദൃഷ്ടികൾ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങൾ കാത്തുസൂക്ഷിക്കണം. തങ്ങളുടെ ശരീര സൗന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ.


 ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം.


 തങ്ങളുടെ ഭർത്താക്കന്മാര്, പിതാക്കന്മാര്, പുത്രന്മാർ, ഭർതൃപുത്രന്മാര്, സഹോദരങ്ങള് സഹോദരപുത്രന്മാർ, സഹോദരീപുത്രന്മാര്, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകൾ, വലംകൈ ഉടമപ്പെടുത്തിയവർ, ലൈംഗികാസക്തിയില്ലാത്ത പുരുഷ പരിചാരകർ, സ്ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികൾ എന്നിവരുടെ മുന്നിലൊഴികെ അവർ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധതിരിക്കാനായി കാലുകൾ നിലത്തടിച്ചു നടക്കരുത്. (24:31) 


 ഇപ്പറഞ്ഞ അടുത്ത ബന്ധുക്കൾക്കിടയിൽ എന്തായിരിക്കണം സ്ത്രീയുടെ വസ്ത്രധാരണം..?


 മുഖവും മുൻകൈയുമൊഴിച്ചുള്ള ഭാഗങ്ങൾ അവർക്കുമുന്നിലും മറക്കണമെന്നുപറഞ്ഞ ചിലരുണ്ട്. എന്നാൽ, അതിനു തെളിവൊന്നുമില്ല.


 ഭാര്യാസഹോദരി, അസ്മാ ബിൻത് അബീബക്കറിനോട് പ്രവാചകൻ ﷺ പറഞ്ഞതാണ് തെളിവായി ഉദ്ധരിക്കാറുള്ളത്. അവർ നേരിയ വസ്ത്രം ധരിച്ച് പ്രവാചകന്റെ (ﷺ) മുമ്പിൽ വന്നപ്പോൾ അവിടുന്ന് (ﷺ) അരുൾ ചെയ്തു.


  അസ്മാ.., സ്ത്രീ പ്രായപൂർത്തിയായാൽ അവളുടെ മുഖവും മുൻകൈയുമല്ലാതെ മറ്റൊന്നും കാണാൻ പാടില്ല.  

  (അബൂദാവൂദ്) ഇത് ഭാര്യാസഹോദരിയുടെ കാര്യത്തിലാണ്. ഇത് ശരീരസൗന്ദര്യം വെളിവാക്കരുതെന്ന കൽപനയിൽ നിന്ന് ഖുർആൻ ഒഴിവാക്കിയവരുടെ കാര്യത്തിൽ ബാധകമാക്കുന്നത് ഒട്ടും ശരിയല്ല.


 മറ്റൊരു തെളിവായി പറയാനുള്ളത് ഭാര്യ ആയിശയുടെ മാതാവൊത്ത സഹോദരന്റെ മകളുടെ കാര്യത്തിലാണ്, ആയിശ(റ)യുടെ മാതാവൊത്ത സഹോദരൻ അബ്ദുല്ലാഹിബ്നു തുഫൈലിന്റെ മകൾ അവരുടെ അടുത്തുണ്ടായിരുന്നു. അപ്പോൾ അവിടെയെത്തിയ നബിതിരുമേനി ﷺ മുഖംതിരിച്ചു. ഇതെന്റെ സഹോദരപുത്രിയാണെന്ന് ആയിശ(റ) പറഞ്ഞപ്പോൾ പ്രവാചകൻ അരുൾചെയ്തു. സ്ത്രീ പ്രായപൂർത്തിയായാൽ മുഖവും കൈയുമല്ലാതെ പുറത്തുകാണിക്കരുത് . തന്റെ കണങ്കയ്യിൽ പിടിച്ച് തിരുമേനി ﷺ തന്നെ അതുകാണിച്ചുതന്നു. തിരുമേനി ﷺ പിടിച്ച സ്ഥലത്തിന്റെയും മണികണ്ഠത്തിന്റെയും ഇടയിൽ ഒരുപിടി കൂടി ഇടമുണ്ടായിരുന്നു.


 ഇതും അടുത്തബന്ധുക്കളുടെ കാര്യത്തിൽ ബാധകമാക്കുന്നത് തീർത്തും ദുർവ്യാഖ്യാനമാണ്.


 ഭാര്യാസഹോദരിയെക്കാൾ അകന്നവരാണല്ലോ ഭാര്യാസഹോദരപുത്രി. യഥാർത്ഥത്തിൽ ഇതെല്ലാം സ്ത്രീ അന്യപുരുഷന്മാരുടെ മുമ്പിൽ സ്വീകരിക്കേണ്ട വസ്ത്രധാരണത്തിലുള്ള നിർദേശമാണ്.


 സൗന്ദര്യം വെളിവാക്കാൻ പാടില്ലെന്ന കൽപനയിൽനിന്ന് ഖുർആൻ ഒഴിവാക്കിയവരുടെ കാര്യത്തിൽ സ്വീകരിക്കേണ്ട നിലപാട് ശഹീദ് സയ്യിദ് ഖുത്വുബ് ഇങ്ങനെ വ്യക്തമാക്കുന്നു.


  ഇപ്പറഞ്ഞ വിഭാഗത്തിൽ പെട്ടവരൊക്കെയും - ഭർത്താവൊഴികെ - സ്ത്രീയുടെ അർധനഗ്നമേനി കണ്ടുപോയതുകൊണ്ടു കുഴപ്പമൊന്നുമില്ല. എന്നാൽ, സ്ത്രീയുടെ പൂർണ നഗ്നത അവളുടെ ഭർത്താവ് മാത്രമേ കാണാൻ പാടുള്ളൂ. കർമ്മശാസ്ത്രപണ്ഡിതന്മാർ ഇതിനെ നിർണയിച്ചത് കഴുത്തിന്റെയും മുട്ടിന്റെയും ഇടയിലുള്ള ഭാഗം എന്നാണ്. അതൊഴിച്ചുള്ളവ കാണാവുന്നതാണ്.


 കുറെകൂടി ഇളവു നൽകിയ പണ്ഡിതന്മാരുമുണ്ട്.


 എന്നാൽ, പിതൃസഹോദരന്മാരുടെയും മാതൃസഹോദരന്മാരുടെയും പുത്രന്മാരുടെ മുമ്പിൽ മുഖവും മുൻകൈയുമൊഴിച്ചുള്ള ശരീരഭാഗങ്ങൾ മറക്കേണ്ടതാണ്. അവരോട് അസമയങ്ങളിലുള്ള സംസാരം, പെരുമാറ്റം എന്നിവ നിയന്ത്രിക്കണം.


 ഒരുമിച്ചുകഴിയുന്നതിലും തൊട്ടുരുമ്മുന്നതിലും പെരുമാറ്റത്തിലും സമീപനത്തിലുമെല്ലാം ഈ സൂക്ഷ്മത പുലർത്തൽ നിർബന്ധമാണ്.


 സഹോദരീ ഭർത്താവിന്റെ കാര്യത്തിലും ഈ പരിധി പാലിക്കണം. ഈ ഇസ്ലാമിക പരിധികൾ പാലിക്കുന്നത് വീടുകളിലെ ഒട്ടേറെ അനിഷ്ടസംഭവങ്ങൾക്ക് അറുതി വരുത്താൻ അനിവാര്യമത്രെ. ഇത്രയും അടുത്ത ബന്ധുക്കളാവുമ്പോൾ പേടിക്കേണ്ടതില്ല എന്ന ചിന്തയാണ് പല പെൺമക്കളുടെയും മാതാപിതാക്കൾക്ക്. പക്ഷെ ഇത് അതിരുവിട്ട ബന്ധങ്ങളിലേക്ക് എത്തിച്ചേരുന്നതായി കണക്കുകൾ തെളിയിക്കുന്നു.