മുടി വെട്ടണം, ബാർബർ ഷോപ്പിൽ കയറിനോക്കി തിരക്കോട് തിരക്ക്... ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു സീറ്റ് തരപ്പെട്ടത്. തൊട്ടടുത്ത ചെയറിൽ ഒരു ചെറിയ കുട്ടി ഇരിക്കുന്നു. ഏകദേശം മൂന്ന് വയസ്സ് തോന്നിക്കും. അവനടുത്തായി പർദ്ദയിട്ട, മുഖാവരണമണിഞ്ഞ ഒരു യുവതി നിൽക്കുന്നു...
ഏതു തരം കട്ടിങ്ങാണെന്ന ചോദ്യഭാവത്തിൽ ബാർബർ യുവതിയിലേക്ക് തിരിഞ്ഞു അപ്പാച്ചി മതി യാതൊരു ഭാവഭേദവും കൂടാതെയാണ് യുവതി പ്രതികരിച്ചത്; അസ്വാഭാവികമായി ഒന്നുമില്ലെന്ന മട്ടിൽ ബാർബർ മുടിവെട്ടാൻ തുടങ്ങി. അപ്പോൾ നിഷ്കളങ്കനായ ആ കുട്ടി അടിച്ചമർത്തലുകൾക്ക് വിധിക്കപ്പെട്ട് നിസ്സഹായനായി തല താഴ്ത്തിക്കൊടുക്കുന്നത് പോലെ തോന്നിപ്പോയി...
മക്കൾ നമുക്കേറെ പ്രിയപ്പെട്ടവരാണ്. അവരുടെ കാര്യത്തിലാണ് ഏറെ സമയവും നാം വേവലാതിപ്പെടുന്നത്. മക്കളെ ലാളിക്കുന്നത് പ്രത്യേകമായൊരു അനുഭൂതി നമുക്ക് നൽകുന്നു. അവരോട് കിന്നരിക്കുന്നതും കൊഞ്ചിക്കുഴയുന്നതും നമ്മിൽ വല്ലാത്തൊരു ആനന്ദം പകരുന്നു. സ്വന്തം മക്കളോട് കൂടെ ചെലവിടുന്ന ഏതൊരു നിമിഷവും സന്തോഷപ്രദമായിരിക്കും. എന്തെന്നില്ലാത്ത ഒരു ഹൃദയ ബന്ധം നമുക്കവരോടുണ്ട്. സ്വന്തം കുട്ടികൾക്ക് നന്മവരണം എന്നാണ് ഏതൊരു ഉമ്മയും ആഗ്രഹിക്കുന്നത്. അവർ വളർന്നു വലുതാവണം. നമുക്കും അവരെക്കൊണ്ട് ഉപകാരം കിട്ടണം. സമൂഹത്തിനും നാട്ടാർക്കും അവൻ പ്രിയങ്കരനാവണം. ഇതൊക്കെയാണ് രക്ഷിതാക്കൾ പ്രതീക്ഷിക്കുന്നത്. എന്നാൽ പ്രതീക്ഷകൾക്ക് ഘടക വിരുദ്ധമായ പ്രവർത്തനങ്ങളാണ് രക്ഷിതാക്കളിൽ നിന്നുണ്ടാവുന്നതെങ്കിലോ..?
മക്കൾ വഴിപിഴക്കും. നമ്മുടെ പ്രതീക്ഷകൾ തകരും. അവരുടെ ഭാവി അവതാളത്തിലാകും. അപ്പോൾ നാം ആരെയാണ് കുറ്റപ്പെടുത്തുക. ഈ മക്കളെയോ..? അതല്ല; അവർക്ക് നേർവഴി കാണിക്കാൻ അറച്ചു നിന്ന രക്ഷിതാക്കളെയോ..?
രക്ഷിതാക്കൾ മക്കളുടെ ഗുണകാംക്ഷികളാകണം. അവരെ നന്മയിലേക്ക് വഴി നടത്തേണ്ടത് രക്ഷിതാക്കളാണ്. തിന്മയിൽ നിന്ന് അകറ്റി നിറുത്തേണ്ടതും നിഷ്കളങ്ക മനസ്സിന്റെ ഉടമകളാണ്. കുട്ടികൾ മാതാപിതാക്കൾ എന്ത് കാണിച്ചു കൊടുക്കുന്നുവോ അതാണവർ സ്വീകരിക്കുന്നത്. നന്മകൾ പ്രേരിപ്പിക്കാത്ത പര രക്ഷിതാക്കളും തിന്മകൾക്ക് പ്രേരിപ്പിക്കുന്നത് നമുക്ക് കാണാനാകും. മാത്രമല്ല അവരിൽ ഉടലെടുക്കുന്ന നന്മകളെ ചിലർ മുളയിൽ നുള്ളിക്കളയുകയും ചെയ്യുന്നു. മക്കൾ എന്താവണമെന്നാണ് ഇവർ ആഗ്രഹിക്കുന്നത്. ഉമ്മയുടെ മടിത്തട്ടാണ് ഒരു കുട്ടിയുടെ പ്രഥമ പാഠശാല. അവന്റെ ഭാവിജീവിതത്തെ അതേറെ സ്വാധീനിക്കും...
"ചൊട്ടയിലെ ശീലം ചുടലവരെ" എന്നാണല്ലോ പഴമൊഴി. കുട്ടിക്കാലത്തെ അനുഭവങ്ങൾ കല്ലിൽ കൊത്തിവെക്കപ്പട്ടത് പോലെ മനസ്സിൽ പതിയും. ശീലങ്ങളും ആചാരങ്ങളും നന്മയിലേക്ക് തിരിച്ചു വിടണം. അതിനുപറ്റിയ ഏറ്റവും നല്ല അവസരമാണ് കുട്ടിക്കാലം. അതിനാൽ അവനു ചുറ്റും നല്ല അന്തരീക്ഷം വളർന്നു വരണം. ചീത്ത അന്തരീക്ഷം സൃഷ്ടിക്കപ്പെടാൻ അവസരമൊരുങ്ങരുത്. മാതാപിതാക്കൾ ഏറെ ശ്രദ്ധ ചെലുത്തേണ്ട സമയമാണിത്. ചെറിയ ഒരു പാളിച്ച മതി ഭാവിജീവിതം താളം തെറ്റാൻ...
മദ്റസയിൽ നിന്ന് കുട്ടികൾ നന്മ മാത്രം പകർത്തിയെടുക്കുന്നു. എന്നാൽ പലപ്പോഴും അതിന് വിപരീതമാണ് മാതാപിതാക്കളിൽ നിന്ന് കാണുന്നത്. ചാനലുകളുടെ അതിപ്രസരമാണ് ഏതൊരു വീട്ടിലും. ലൈവായി പുതിയ സംസ്കാരങ്ങൾ ഇറക്കുമതി ചെയ്യപ്പെടുന്നു. മാതാപിതാക്കൾ അവ അപ്പടി പിടിച്ചുവെക്കുന്നു. എന്നിട്ട് സ്വന്തം മക്കളിലൂടെ അവ പ്രയോഗ വത്കരണം നടത്തുന്നു...
വേഷവിധാനങ്ങളുടെ ലോകം കുട്ടികൾക്ക് മുമ്പിൽ ആദ്യം തുറന്നിടുന്നത് രക്ഷിതാക്കളാണ്. അനുകരണീയമല്ലാത്ത വസ്ത്രധാരണം പലപ്പോഴും കുട്ടികളെ ശീലിപ്പിക്കുന്നു. സ്ലീവ് ലെസ്സ് ഷർട്ടുകളും ശരീരത്തിന്റെ നിറം കാണുന്ന നേരിയ വസ്ത്രങ്ങളും രക്ഷിതാക്കളാണ് സെലക്ട് ചെയ്തു കൊടുക്കുന്നത്. കുട്ടികളിൽ വേണ്ടാത്ത അനുകരണങ്ങൾ കാണുമ്പോൾ തിരുത്തേണ്ടവരാണ് രക്ഷിതാക്കൾ...
ഒരു സംഭവം കാണുക :
ഒരിക്കൽ ആഇശ (റ)യെ കാണാൻ അവരുടെ സഹോദരപുത്രി ഹഫ്സ (റ) വന്നു. നേരിയ ഒരു മക്കനയാണ് ഹഫ്സ (റ) ധരിച്ചിരിക്കുന്നത്. ഇതു കണ്ടപ്പോൾ ആഇശ ബീവിക്ക് ദേഷ്യം വന്നു. അവർ ആ മക്കന വലിച്ചുകീറി എന്നിട്ട് ചോദിച്ചു : ഹഫ്സാ സൂറത്തുന്നൂറിൽ അല്ലാഹു ﷻ എന്താണ് പറഞ്ഞതെന്ന് നിനക്കറിയില്ലേ..? എന്നിട്ട് അവർ ഹഫ്സ്വക്ക് കട്ടികൂടിയ മറ്റൊരു മക്കന വാങ്ങിക്കൊടുത്തു...
പ്രവാചകൻ ﷺ യുടെ അടുക്കലേക്ക് ഒരിക്കൽ ഒരു സ്വഹാബി മകനെയും കൂട്ടി വരികയുണ്ടായി. പിതാവിന്റെ വിരൽതുമ്പിൽ തൂങ്ങിപ്പിടിക്കുന്ന ആ പിഞ്ചോമനയുടെ തലയിലേക്ക് പ്രവാചകന്റെ ദൃഷ്ടി പതിഞ്ഞപ്പോൾ കുട്ടിയുടെ തലമുടി പകുതി വെട്ടിയ നിലയിൽ കാണപ്പെട്ടു. എന്തപരാധം ചെയ്തിട്ടാണ് കുട്ടിയുടെ മുടി പകുതി വെട്ടി മാറ്റിയത്..? മുടി മുറിക്കുകയാണെങ്കിൽ ഒരേ വലിപ്പത്തിൽ മാത്രം നിങ്ങൾ മുറിക്കുക എന്നായിരുന്നു നബിﷺയുടെ പ്രതികരണം.
ഇബ്നു ഉമർ (റ)വിനോട് ഒരാൾ ചോദിച്ചു: ഏത് വസ്ത്രമാണ് ഞാൻ ധരിക്കേണ്ടത്..? വിഡ്ഢികൾ പരിഹസിക്കാത്തതും വിവരമുള്ളവർ ആക്ഷേപിക്കാത്തതുമായ വേഷം സ്വീകരിക്കുക. അദ്ദേഹം പ്രതികരിച്ചു (ത്വബ്റാനി ) വസ്ത്രം നന്നാവണം പക്ഷെ അത് വർണ്ണപ്പകിട്ടുള്ളതാവരുത് കാരണം വസ്ത്രങ്ങൾ പലപ്പോഴും മനുഷ്യസ്വഭാവം വെളിപ്പെടുത്തുന്നു - എന്നാണ് ഷേക്സ്പിയർ പറഞ്ഞത്...
സന്താനങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ടത് തെറ്റുകൾക്ക് പ്രചോദനം നൽകിയല്ല. ഇസ്ലാമിക വിധിവിലക്കുകൾ ശീലിപ്പിച്ചു കൊണ്ടാണ്. അന്ത്യനാളിൽ സ്വന്തം മക്കൾ എതിരാവുന്ന സ്ഥിതി വിശേഷമുണ്ടാവരുത്. അതിന് വഴിവെക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് രക്ഷിതാക്കൾ അകന്നു നിൽക്കണം.