"ഒരു ആൺകുട്ടിയെ വിദ്യ അഭ്യസിപ്പിക്കുന്നുവെങ്കിൽ നിങ്ങൾ ഒരു വ്യക്തിയെയാണ് വിദ്യ അഭ്യസിപ്പിക്കുന്നത്. ഒരു പെൺകുട്ടിയെയാണ് വിദ്യ അഭ്യസിപ്പിക്കുന്നതെങ്കിൽ നിങ്ങൾ ഒരു കുടുംബത്തെയാണ് വിദ്യ അഭ്യസിപ്പിക്കുന്നത്..."
(വില്യം ഷേക്സ്പിയർ)
സ്ത്രീ വിദ്യാ സമ്പന്നയാകണം. അറിവ് നേടുമ്പോഴാണ് അവൾ മാന്യയാകുന്നത്. ഉൽകൃഷ്ട സ്വഭാവത്തിന് ഉടമയായിത്തീരുന്നത് മത-ധാർമിക ബോധം കൈവരുന്നത് വിജ്ഞാനം കൊണ്ട് മാത്രമാണ്. വിദ്യാഭ്യാസവും മതബോധവുമുള്ളവൾ വീടിന്റെ വിളക്ക് തന്നെയാണ്. അതിന്റെ പ്രകാശകിരണങ്ങൾ മറ്റുള്ളവരിൽ കൂടി ചെന്നെത്തുന്നു. അവർക്ക് വെളിച്ചമേകുന്നു ചുറ്റുപാടും തിങ്ങിക്കൂടിയ ഘനാന്ധകാരത്തെ അത് ഇല്ലാതാക്കുന്നു. സന്താനങ്ങൾക്ക് ധാർമിക ശിക്ഷണം ലഭിക്കണമെങ്കിൽ സ്ത്രീ വിദ്യാസമ്പന്നയാകേണ്ടത് അനിവാര്യമാണ്.
ശരിയായ ധാർമിക ശിക്ഷണം കുട്ടികൾക്ക് നൽകാൻ ഇസ്ലാം കൽപിച്ചിട്ടുണ്ട്. ജനനം മുതൽ തന്നെ അതിന് വേദിയൊരുക്കണം. അതിനുള്ള മാർഗ്ഗങ്ങൾ ഇസ്ലാം നിശ്ചയിച്ച് തന്നിട്ടുണ്ട്. ചെറുപ്പം മുതൽ ശിക്ഷണം നൽകിയിട്ടില്ലെങ്കിൽ ഭാവി അപകടത്തിലാകും...
കുഞ്ഞ് ജനിച്ചാൽ ഉടനെ ബാങ്കും ഇഖാമത്തും വിളിക്കുക, നല്ല പേരിടുക, യഥാസമയം വിദ്യ അഭ്യസിപ്പിക്കുക, ധാർമികതയിലൂടെ വളർത്തുക തുടങ്ങിയവയെല്ലാം സന്താനങ്ങളുടെ ഭാവിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. എന്നാൽ ഇവയൊക്കെ വേണ്ടവിധത്തിൽ ശ്രദ്ധിക്കാൻ വിദ്യാസമ്പന്നയായ മാതാവിനേ കഴിയൂ. സന്താന ശിക്ഷണത്തിൽ അലംഭാവം കാട്ടിയാൽ ചുട്ടുപൊള്ളുന്ന നരകാഗ്നിയാണ് കാത്തിരിക്കുന്നത്. ഈ ബോധം തികച്ചും അവളിലുണ്ടാവും. അതാണവളെ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.
സത്യവിശ്വാസികളെ, നിങ്ങളുടെയും ഭാര്യസന്താനങ്ങളുടെയും ദേഹത്തെ നരകാഗ്നിയിൽ നിന്ന് നിങ്ങൾ സംരക്ഷിക്കുക (സൂറത്തുൽ : തഹ്രീം66:6)
കുടുംബം, മതം, വിദ്യാലയം എന്നിവ കുട്ടികളെ പരമ്പരാഗതമായി നിയന്ത്രിച്ചിരുന്ന സ്ഥാപനങ്ങളാണ്. എന്നാൽ മതബോധം നമ്മുടെ കുട്ടികളിൽ ഇന്ന് തീരെ കുറഞ്ഞു വരുന്നു. സദാചാരം പഠിപ്പിക്കേണ്ട വിദ്യാലയങ്ങളാകട്ടെ മതരഹിതരുടെ താവളങ്ങളാണ്. ലൈംഗികതയും അധാർമിക പാഠങ്ങളുമാണവിടെ ചിലർ പഠിപ്പിക്കാൻ തുനിയുന്നത്.
പിന്നെ കുടുംബാന്തരീക്ഷമാണ്. അത് പറയാതിരിക്കലാണ് ഭേദം. ഇത്തരമൊരു സാഹചര്യത്തിലാണ് നമ്മുടെ മക്കൾ വളരുന്നത്. തികച്ചും ശോചനീയമായ അവസ്ഥയിൽ ഇവിടെ മതവിജ്ഞാനവും അവബോധവുമുള്ള കുടുംബിനിക്ക് ഇവ തടയാനാകും. മോശമായ ഭവന സാഹചര്യങ്ങളെ സംസ്കരിച്ചെടുക്കാനാകും അശ്ലീലതയെ അകറ്റി നിർത്തി ആത്മീയതയിലേക്ക് മക്കളെ വഴിതിരിച്ച് വിടാനാകും വിജ്ഞാന സമ്പാദനം വഴി. ബാധ്യതകൾ അവൾ തിരിച്ചറിഞ്ഞിരിക്കുന്നു വിദ്യാഭ്യാസമുള്ള ഉത്തമകുടുംബിനിക്ക് മാത്രമേ ഇവിടെ സാഹചര്യങ്ങളെ തിരുത്തിക്കുറിക്കാനാകൂ...
ചെറുപ്പത്തിൽ തന്നെ സന്താനങ്ങൾക്ക് ശിക്ഷണം നൽകേണ്ടതുണ്ട്. ചെറുപ്പത്തിലെ ശിക്ഷണത്തിന്റെ അഭാവം അവരെ ദുഷിപ്പിക്കും. പാശ്ചാത്യരുടെ അധഃപതനത്തിന്റെ പ്രധാനകാരണം ഇതുതന്നെയാണ്. മാതാവിന്റെ സ്നേഹം, വാത്സല്യം, ശിക്ഷണം ഒന്നും അനുഭവിക്കാൻ അവരുടെ കുട്ടികൾക്കാവുന്നില്ല. അതുകൊണ്ട് തന്നെ മക്കൾ ദുഷിച്ച് കുറ്റകൃത്യങ്ങളിലും അരുതായ്മകളിലും ചെന്നെത്തുന്നു. അമേരിക്കയിൽ ഓരോ സെക്കന്റിലും ഓരോ വലിയ കുറ്റകൃത്യം നടക്കുന്നവത്രെ... ഓരോ 23 മിനിറ്റിലും കൊലപാതകവും നടക്കുന്നു. ഓരോ 6 മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു. അവിടെ സമൂഹം എന്തുമാത്രം അധഃപതിച്ചിരിക്കുന്നു.
പിതാവിനെ അപേക്ഷിച്ച് മാതാവിനാണ് കുട്ടികളുടെ വളർച്ചയിൽ കൂടുതൽ പങ്ക് വഹിക്കാനാവുക. നമ്മുടെ കുട്ടികൾ മിക്ക സമയവും മാതാവിനോടൊട്ടി നിൽക്കുന്നവരാണ്. മാതാവിന്റെ പ്രവൃത്തികൾ അവർ കാണുന്നു അനുകരിക്കുന്നു. ഇവിടെ മാതാവ് കൂടുതൽ കരുതലോടെ പെരുമാറണം. നല്ല മാതൃകകൾ സൃഷ്ടിക്കണം. മതവിദ്യ നേടിയ കുടുംബിനിക്ക് തീർച്ചയായും അതിന് കഴിയും.
അതുപോലെ കുട്ടികളുടെ പഠനത്തിൽ സഹായിക്കാനും ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കാനും വിദ്യാസമ്പന്നർക്ക് സാധിക്കും. ചുരുക്കത്തിൽ കുട്ടികളുടെ ഗതി-വിഗതികൾ നിയന്ത്രിക്കാൻ കുടുംബിനിക്ക് അറിവ് നേടൽ അനിവാര്യമാണ്. നമ്മുടെ പെൺമക്കൾക്ക് ആവശ്യമായ മതവിജ്ഞാനം നേടിക്കൊടുക്കാൻ നാം ശ്രദ്ധിക്കണം.
വിജ്ഞാന സമ്പാദനത്തിൽ നമ്മുടെ മങ്കമാർക്ക് മുൻഗാമികളിൽ വലിയ മാതൃകയുണ്ട്. ആഇശ (റ) വിശുദ്ധ ഖുർആൻ, ഹദീസ്, ചരിത്രം, കവിത തുടങ്ങിയവയിൽ മികവ് പുലർത്തിയിരുന്നു. മാത്രമല്ല നല്ല ഒരു അധ്യാപികയുമായിരുന്നു.
നഫീസത്തുൽ മിസ്രിയ്യ (റ) ഉന്നത പണ്ഡിതയായിരുന്നു. ഇമാം ശാഫിഈ (റ) പോലും മഹതിയിൽ നിന്ന് വിദ്യ അഭ്യസിച്ചിട്ടുണ്ട്. മാലികീ മദ്ഹബിന്റെ ഇമാമായ മാലിക്ബ്നു അനസിന്റെ പുത്രിയും വിജ്ഞാനരംഗത്ത് അതിനിപുണയായിരുന്നു. തന്റെ വീട്ടിൽ നടത്തപ്പെടുന്ന വിജ്ഞാന സദസ്സുകളിൽ നിരവധി പണ്ഡിതരെത്തിയിരുന്നു. അദ്ദേഹം രചിച്ച വിശ്വപ്രസിദ്ധ ഹദീസ് ഗ്രന്ഥമായ മുവത്വ വിദ്
യാർത്ഥികളായ പണ്ഡിതന്മാർ മാലികി (റ) വിന് ചൊല്ലിക്കൊടുക്കുക പതിവാണ്. ഓതുന്നവന് വല്ലപിഴവും സംഭവിച്ചാൽ മാലിക് (റ)വിന്റെ മകൾ വാതിലിൽ മുട്ടും. ഉടൻ പിതാവ് മാലിക് (റ)പറയും, നീ മടക്കി ഓതുക നിനക്കവിടെ തെറ്റ് പറ്റിയിട്ടുണ്ട്. എന്റെ മകൾ അതാണറിയിച്ചത്...
(മദ്ഖൽ 1/215)
ആഇശ (റ) പറയുന്നു: " ഏറ്റവും നല്ല സ്ത്രീകൾ മദീനാ നിവാസികളാണ്. ദീനീ വിഷയങ്ങൾ പഠിക്കാനവർക്ക് ലജ്ജ പ്രതിബന്ധമായിരുന്നില്ല ..."
(മുസ്ലിം)