Wednesday - 22 April, 2026 4-Dhu al-Qadah-1447

ആരു കുളിപ്പിക്കും ...?

മയ്യിത്ത് പുരുഷന്റേതാണെങ്കില്‍ കുളിപ്പിക്കാന്‍ ഏറ്റവും അര്‍ഹത മയ്യിത്തിന്റെ പിതാവിനാണ്. പിന്നെ പിതാമഹന്‍, മകന്‍, മകന്റെ മകന്‍, സഹോദരന്‍, സഹോദരന്റെ മകന്‍, പിതൃവ്യന്‍ എന്നിങ്ങനെയാണു മുന്‍ഗണന. പിന്തുടര്‍ച്ചാവകാശമുള്ളവരുടെ മുന്‍ഗണന കഴിഞ്ഞാല്‍ കുടുംബബന്ധമുള്ള പുരുഷന്മാര്‍, അന്യപുരുഷന്മാര്‍, ഭാര്യ, മയ്യിത്തുമായി വിവാഹബന്ധം നിഷിദ്ധമായ സ്ത്രീകള്‍ എന്നീ ക്രമത്തിലാണ് കുളിപ്പിക്കേണ്ടത് ... 


മയ്യിത്ത് സ്ത്രീയുടേതാണെങ്കിലും ആദ്യം കുടുംബബന്ധമുള്ള സ്ത്രീകള്‍, പിന്നെ അന്യസ്ത്രീകള്‍, ഭര്‍ത്താവ്, വിവാഹബന്ധം പാടില്ലാത്ത പുരുഷന്മാര്‍ എന്നിവരാണ് കുളിപ്പിക്കേണ്ടത്. ആര്‍ത്തവമുള്ളവള്‍ക്കും പ്രസവരക്തം സ്രവിക്കുന്നവള്‍ക്കും കുളിപ്പിക്കാം ...


പുരുഷനെ കുളിപ്പിക്കാന്‍ അന്യസ്ത്രീകളും സ്ത്രീയെ കുളിപ്പിക്കാന്‍ അന്യപുരുഷന്മാരും മാത്രമേ ഉള്ളൂവെങ്കില്‍, ശരീരം സ്പര്‍ശിക്കാതെ കുളിപ്പിക്കാന്‍ മാര്‍ഗമുണ്ടോ എന്നു നോക്കണം. നിവൃത്തിയില്ലെങ്കില്‍ പരസ്പരം സ്പര്‍ശിക്കാത്ത വിധം തയമ്മും ചെയ്തു മതിയാക്കണം. സാധാരണപോലെ അന്യസ്ത്രീപുരുഷന്മാര്‍ പരസ്പരം കുളിപ്പിക്കാന്‍ പാടില്ല ... (മിന്‍ഹാജ്, തുഹ്ഫ).

ഭാര്യക്ക് ഭര്‍ത്താവിന്റെയും ഭര്‍ത്താവിന് ഭാര്യയുടെയും ജനാസ കുളിപ്പിക്കാം...


അസ്മാഅ് (റ)യെ അവരുടെ ഭര്‍ത്താവ് കുളിപ്പിച്ചതായും അബൂബക്കര്‍ സ്വിദ്ദീഖ് (റ) സ്വന്തം മയ്യിത്ത് കുളിപ്പിക്കാന്‍ ഭാര്യയോട് വസ്വിയ്യത്ത് ചെയ്തതായും ചരിത്രത്തില്‍ കാണാം... 


എന്റെ മുമ്പ് നീ മരിക്കുകയാണെങ്കില്‍ നിന്റെ മയ്യിത്ത് ഞാന്‍ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും ചെയ്യുമായിരുന്നു എന്നു നബി (സ്വ) ആഇശാ ബീവി (റ)യോട് പറഞ്ഞതായി ഇബ്നുമാജയും മറ്റും നിവേദനം ചെയ്തിട്ടുണ്ട്...

             

ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യക്കു മയ്യിത്ത് കാണാന്‍ പാടില്ല എന്ന ധാരണ തെറ്റാണ്. ജീവിതകാലത്തു കാണല്‍ അനുവദനീയമായവരുടെ മയ്യിത്തും കാണാം. കുളിപ്പിക്കാം. ജീവിതകാലത്തു കാണല്‍ ഹറാമായവര്‍ മരിച്ചാല്‍ അവരുടെ മയ്യിത്ത് കാണലും സ്പര്‍ശിക്കലും നിഷിദ്ധം തന്നെ...

             

പല സ്ഥലങ്ങളിലും മയ്യിത്ത് കുളിപ്പിക്കാന്‍ സ്ഥിരം ആളുകളെ കാണാം. മയ്യിത്തിന് ഏറ്റവും ബന്ധപ്പെട്ടവര്‍ തന്നെ കുളിപ്പിക്കണം. മയ്യിത്തിനോട് ഏറ്റവും അടുപ്പവും സ്നേഹബന്ധവും ഉള്ളവര്‍ കുളിപ്പിക്കുന്നതാണ് ഉചിതവും യുക്തവും. അല്‍പം മനസ്സാന്നിദ്ധ്യമുണ്ടെങ്കില്‍ ഇക്കാര്യം എല്ലാവര്‍ക്കും നിര്‍വഹിക്കാം...


  കുളിപ്പിക്കേണ്ട വിധം ഇനി പറയാം...


Similar Posts

മയ്യിത്തുകുളിപ്പിക്കല്‍ നിര്‍ബന്ധമാണ്
മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
രക്തസാക്ഷികള്‍
മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?
മാംസപിണ്ഡം
മയ്യിത്ത് മറവു ചെയ്യപ്പെടുന്നതിന് മുമ്പ് മയ്യിത്ത് നിലകൊള്ളുന്ന പ്രദേശത്തിന് പുറത്തുള്ളവര്‍ക്ക് പ്രസ്തുത മയ്യിത്തിന്‍റെ പേരില്‍ നമസ്കരിക്കാന്‍ പറ്റുമോ ..?
വലിയ അശുദ്ധി ഉള്ള സ്ത്രീകള്‍ക്ക് മയ്യിത്ത് പരിപാലനത്തില്‍ പങ്കെടുക്കാമോ ..?
മയ്യിത്ത് കുളിപ്പിക്കുന്നതെങ്ങനെ ...?
അപവാദം അരുത്