മറയുള്ള സ്ഥലത്തായിരിക്കണം കുളിപ്പിക്കുന്നത്. കുളിമുറിയേക്കാള്‍ നല്ലത്, പുറത്ത് മേല്‍ഭാഗവും ചുറ്റുഭാഗവും മറച്ച താല്‍ക്കാലിക കുളിപ്പുരയാണ്. കട്ടിലുപോലെ ഉയരമുള്ള ഒരിടം വേണം. രണ്ട് ബെഞ്ചുണ്ടായാലും മതി. കുളിപ്പിക്കുന്നവനും സഹായിയുമല്ലാതെ മറ്റാരും അതിനകത്തുണ്ടാവരുത്. തണുത്ത വെള്ളമാണ് ഉത്തമം. ഉപ്പുവെള്ളം കൊണ്ട് - (സ്വാഭാവികമായി ഉപ്പുരസമുള്ളത്) - കുളിപ്പിക്കുന്നത് ഉത്തമമാണെന്ന് ഫുഖഹാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അഴുക്കു നീങ്ങാന്‍ വേണമെങ്കില്‍ ചൂടുവെള്ളം ഉപയോഗിക്കാം. വെള്ളത്തില്‍ കര്‍പ്പൂരം ചേര്‍ക്കല്‍ സുന്നത്തുണ്ട്.
മയ്യിത്തിന്റെ നഗ്നത മറച്ചുവേണം കുളിപ്പിക്കാന്‍. ഗുഹ്യഭാഗങ്ങള്‍ തൊടലും നോക്കലും നിഷിദ്ധമാണ്. കുളിപ്പിക്കുന്നതിനുമുമ്പ് മയ്യിത്തിന്റെ മുഖം മറക്കണം. ശരീരഭാഗങ്ങള്‍ ആവശ്യമില്ലാതെ തൊടുന്നതും നോക്കുന്നതും വര്‍ജ്ജിക്കണം. അതിനാല്‍, മൃദുവായ തുണിക്കഷ്ണം കയ്യില്‍ ചുറ്റി അതുകൊണ്ട് കുളിപ്പിക്കുക. മയ്യിത്തിന്റെ തല അല്‍പം ഉയര്‍ത്തിവെച്ച് കിടത്തണം. ആദ്യമായി മയ്യിത്തിനെ ഇരുത്തുകയും വയറിന്മേല്‍ അമര്‍ത്തിത്തടവുകയും ചെയ്യുക. ഒന്നു രണ്ടു തവണ ചെയ്താല്‍ വയറ്റില്‍ അവശേഷിക്കുന്ന മാലിന്യങ്ങള്‍ പുറത്തുപോകും. മാലിന്യങ്ങളുണ്ടെങ്കില്‍ ധാരാളം വെള്ളം ഉപയോഗിച്ച് വൃത്തിയാക്കണം. തുടര്‍ന്ന് മലര്‍ത്തിക്കിടത്തി ഇടതു കയ്യില്‍ തുണിക്കഷ്ണം ചുറ്റി ഗുഹ്യഭാഗങ്ങള്‍ വൃത്തിയാക്കുക. ആ ശീല മാറ്റി പുതിയത് ചുറ്റി വായയും പല്ലും മൂക്കിന്റെ ദ്വാരങ്ങളും വൃത്തിയാക്കുകയാണ് പിന്നെ ചെയ്യേണ്ടത്...
നിയ്യത്തു നിര്‍ബന്ധം.
അടുത്തതായി വുളൂഅ് ചെയ്തുകൊടുക്കാം. വുളൂഅ് സുന്നത്താണ്. പക്ഷേ, അതു സാധുവാകാന്‍ വുളൂഅ് ചെയ്തുകൊടുക്കുന്ന ആള്‍ നിയ്യത്തു ചെയ്യല്‍ നിര്‍ബന്ധമാണ്...
വുളൂഅ് ചെയ്ത ശേഷം താളിയോ സോപ്പോ ഉപയോഗിച്ച് തലയും താടിയും കഴുകണം. തല കഴുകിയ ശേഷം മുന്‍ഭാഗത്തു നിന്ന് വലതുഭാഗവും ഇടതുഭാഗവും ചെരിച്ചുപിടിച്ച് കഴുകണം. ശേഷം ഇടതുഭാഗം ചെരിച്ചുപിടിച്ച് പിന്‍ഭാഗത്തു നിന്ന് വലതുഭാഗം കഴുകുകയും, വലത്തോട്ടു ചെരിച്ചുകിടത്തി ഇടതുഭാഗവും മുതുകും കഴുകുകയും വേണം...
ചെരിച്ചുപിടിച്ച് കഴുകുമ്പോള്‍ മൃതദേഹം കമിഴ്ന്നു വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മുഖം മൂടും വിധം മയ്യിത്ത് കമിഴ്ന്നു വീഴുന്നത് ഹറാമാണ്...
ചേലാകര്‍മ്മം ചെയ്യാത്തവരെ കുളിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കുക:
അഗ്രചര്‍മ്മം മേല്‍പ്പോട്ട് കയറ്റി ഉള്‍വശം കഴുകണം. അതിനു തടസ്സമുണ്ടെങ്കില്‍ ആ ഭാഗത്തിനുവേണ്ടി തയമ്മും ചെയ്യണം. അഗ്രചര്‍മ്മം നീക്കി കുളിപ്പിക്കാന്‍ കഴിയാതെ വന്നാല്‍ അഗ്രചര്‍മ്മം മുറിച്ചു മാറ്റല്‍ ഹറാമാണ്. ചര്‍മ്മത്തിനു താഴെയുള്ള അഴുക്ക് നീക്കാന്‍ കഴിയാതെ വരികയും തയമ്മും ചെയ്യാതിരിക്കുകയും ആണെങ്കില്‍ കുളി അപൂര്‍ണമാകും. ഇക്കാര്യം കുളിപ്പിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. അഗ്രചര്‍മ്മം തിരുമ്മി അങ്ങോട്ടുമിങ്ങോട്ടും അനക്കി വെള്ളമൊഴിച്ചാല്‍ മതിയാവുകയില്ലെന്നു ഓര്‍ക്കുക. മാലിന്യം നീങ്ങാത്ത സാഹചര്യത്തില്‍ തയമ്മും സാധുവാകുമോ എന്നുപോലും പണ്ഢിതന്മാര്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. അതുകൊണ്ട് ഈ വിഷയം നിസ്സാരമായിക്കാണുന്നത് പരേതാത്മാവിനോട് ചെയ്യുന്ന കടുത്ത അപരാധമായിരിക്കും...
പൂര്‍ണമായി ഒരു തവണ കുളിപ്പിച്ച ശേഷം രണ്ടു തവണ കൂടി കഴുകല്‍ സുന്നത്തുണ്ട്.
മയ്യിത്തിന്മേലുള്ള മാലിന്യങ്ങള്‍ നീങ്ങുംവിധം ഒരു പ്രാവശ്യം ശരീരം മുഴുവന്‍ കഴുകുന്നതേ നിര്‍ബന്ധമുള്ളൂ. അവസാന തവണയിലെ വെള്ളത്തില്‍ കര്‍പ്പൂരം ചേര്‍ക്കല്‍ പ്രബലമായ സുന്നത്താണ്. വെള്ളം പകര്‍ച്ചയാകുന്ന തരത്തില്‍ കര്‍പ്പൂരം ചേര്‍ക്കരുത്...
ജീവിതകാലത്ത് നിര്‍ബന്ധ കുളി കുളിക്കുമ്പോൾ വെള്ളം ചേരല്‍ നിര്‍ബന്ധമായ എല്ലാ സ്ഥലത്തും മയ്യിത്ത് കുളിപ്പിക്കുമ്പോള്‍ വെള്ളം എത്തിക്കണമെന്ന് പ്രത്യേകം ഓര്‍മ്മിക്കുക...
മയ്യിത്തിന്റെ മുടി, നഖം, പല്ല് എന്നിവ നീക്കം ചെയ്യല്‍ കറാഹത്താണ്. തല കഴുകുമ്പോള്‍ പിഴുതുപോരുന്ന മുടി കഫന്‍ പുടവയില്‍ വെക്കുന്നതിനു മാറ്റി വെക്കണം.
കുളിപ്പിച്ചതിനുശേഷം മയ്യിത്തില്‍ നിന്നും വല്ല മാലിന്യവും പുറത്തു വന്നാല്‍ കുളിയും വുളൂഉം ആവര്‍ത്തിക്കേണ്ടതില്ല. മാലിന്യം നീക്കി ആ ഭാഗം ശുദ്ധിയാക്കിയാല്‍ മതി...
മയ്യിത്തിനു ഉണ്ടാക്കിക്കൊടുക്കുന്ന വുളൂഅ് ഒരു കാരണവശാലും മുറിയുന്നതല്ല.
കഫന്‍ ചെയ്തശേഷമാണ് മാലിന്യം പുറപ്പെടുന്നതെങ്കില്‍ അഴിച്ചുമാറ്റി വൃത്തിയാക്കേണ്ടതില്ല. കുളിപ്പിച്ചു കഴിയുന്നതുവരെ സുഗന്ധം പുകയ്ക്കല്‍ സുന്നത്താണ്...
തൊടാന്‍ പറ്റാത്തവിധം അഴുകിയതോ കത്തിക്കരിഞ്ഞതോ ആയ മയ്യിത്ത് കുളിപ്പിക്കേണ്ടതില്ലാ... പകരം തയമ്മും ചെയ്തു കൊടുത്താല്‍ മതി...
പോസ്റ്റുമോര്‍ട്ടം ചെയ്ത മയ്യിത്തിന്റെ പ്രത്യക്ഷത്തില്‍ കാണാവുന്ന ഭാഗം കഴുകുകയും മറ്റു ഭാഗങ്ങള്‍ക്കു വേണ്ടി തയമ്മും ചെയ്യുകയും വേണം. കുളിപ്പിച്ചു കഴിഞ്ഞാല്‍ മയമുള്ള തുണികൊണ്ട് വെള്ളം ഒപ്പിയെടുക്കണം ...